ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൊച്ചാപ്പ ഒരു ഡയറി കൊണ്ടു തന്നത്.കിട്ടിയ ഉടനെ എഴുതി തുടങ്ങി,ഡയറിക്കുറിപ്പോ എന്തിന് കഥയോ കവിതയോ പോലുമല്ലായിരുന്നു,ഒരു കഥാപ്രസംഗം. സുഹറായായിരുന്നു അതിലെ നായിക.പതിനേഴുകാരിയായ അവളെ ഗള്‍ഫുകാരന്‍ കല്യാണം കഴിക്കുന്നതും അവള്‍ക്കൊരു കുഞ്ഞുണ്ടാകുന്നതും സ്ത്രീധനബാക്കി ചോദിച്ച് അമ്മായിയമ്മയുടെ ശല്യപ്പെടുത്തല്‍ സഹിക്കവയ്യാതെ അവള്‍ ആത്മഹത്യ ചെയ്യുന്നതുമായിരുന്നു ഇതിവൃത്തം.ഇന്നായിരുന്നെങ്കില്‍ അവളെ ഞാന്‍ ഒരിക്കലും മരണത്തിലേക്കെത്തിക്കില്ലായിരുന്നു.
ഇതവതരിപ്പിച്ച് കേട്ട മിക്കവരും ആവശ്യത്തിനു പരിഹസിച്ചു.അതായിരുന്നു സ്വന്തം കൃതിക്ക് കിട്ടിയ ആദ്യത്തെ പ്രതികരണം.
പിന്നീടെപ്പോഴോ മനസ്സില്‍ വന്ന
ചില വരികള്‍ എവിടേയും എഴുതിയിടാതെ പാടത്തും പറമ്പിലും മൂളി നടന്നു.
ഒമ്പതാം ക്ളാസ് മുതല്‍ ഡയറി എഴുതി തുടങ്ങിയെങ്കിലും ദിവസവും എന്തെങ്കിലും കുറിക്കുക എന്നത് ഒരുബാധ്യതയായി കൊണ്ടു നടക്കാനിഷ്ടമില്ലാത്തതിനാല്‍ നോട്ട് ബുക്കില്‍ എന്തെങ്കിലും തോന്നും പോലും കുറിക്കുക എന്നതായി ശീലം.അതിന് ഇപ്പോഴത്തെ കുട്ടികളൊക്കെ ജേര്‍ണല്‍ എന്നാണ് പറയുക എന്ന് പച്ചാന പറഞ്ഞാണ് അറിയുന്നത്.
കടമ്മനിട്ട പാടിയ പോലെ "ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും ഓര്‍ത്തുപോമോര്‍മ്മ ബാക്കിയെന്നും".
അതെ,എത്രയോര്‍ത്തിട്ടും ബാക്കിയാകുന്ന ചില ഓര്‍മ്മകളേയും ചിന്തകളേയും കുറിച്ചിടാനൊരിടം.
അതില്‍ കൈകുഞ്ഞായപ്പോള്‍ കേട്ട
ഒരീണം തൊട്ട് കല്യാണത്തോടനുബന്ധിച്ച് പറിച്ചേറിയേണ്ടി വന്ന
ചീരത്തോട്ടം വരെയുണ്ട്.
മനസ്സില്‍ തോന്നുന്ന പോലെ കൂട്ടി വെക്കുന്ന ഈ അക്ഷരക്കൂട്ടങ്ങള്‍ വെണ്ടും വിധം വായിച്ചെടുക്കുന്ന ഒരോ മനസ്സിനും നന്ദി.
ബ്ലോഗിന്റെ ഏറ്റവും വലിയ മേന്മ കമന്റുകള്‍ തന്നെയാണ്.പ്രോത്സാഹനങ്ങള്‍ക്കൊപ്പം ഒരു പക്ഷെ അതിലും കൂടുതല്‍ ആത്മാര്‍ത്ഥമായ വിലയിരുത്തലുകളും തിരിച്ചറിയലുകളും നല്‍കിയ
diappapp,
മിന്നാമിനുങ്ങ്,
ഇഡ്ഡലിപ്രിയന്‍,
കുട്ടന്‍ മേനോന്‍ ,
രാധേയന്‍,
ഇരിങ്ങല്‍ ,
അപ്പു,
മഹിമ, കരിപ്പാറ സുനില്‍ തുടങ്ങി എതിര്‍പ്പുകള്‍ തുറന്ന് പറഞ്ഞവര്‍ക്കൊരു പ്രത്യേക നന്ദി.
ബ്ലോഗിനെ കുറിച്ച് എന്റെ കാഴ്ചപ്പാട്
പണ്ടൊരിക്കല്‍ പറഞ്ഞതാണ്.അതിന്റെ കുടെ
ഈ കമന്റ് കൂടെ ചേര്‍ത്തു വെക്കുന്നു
Labels: സ്വകാര്യം