Friday, April 25, 2008

ഒരു കുഞ്ഞ്യേ കഥ !

ഒരു കപ്പല്‍‌യാത്രയിലായിരുന്നു ഞാന്‍. അങ്ങ് ദൂരെ തീരം ഒരു പൊട്ട് പോലെ കാണാം.

എന്റെ കൈ പിടിച്ച് ഒരാള്‍ ചോദിച്ചു, ഇനിയുള്ള ദൂരം നമുക്ക് ചാടി നീന്തിയാലോ.യാത്ര തുടങ്ങിയ ദിവസങ്ങളില്‍ തന്നെ പരിചയപ്പെട്ട മറ്റൊരു മുഖം. തയ്യാര്‍ എന്ന് മറുപടി പറയാതിരിക്കാന്‍ കഴിഞ്ഞില്ല. അവന്റെ കൂടെ ചാടിയാല്‍ നീ മറുതീരം കാണില്ലെന്ന മറ്റുള്ളവരുടെ വാക്കിന് ഞാന്‍ വില കൊടുത്തില്ല, രണ്ടും കല്‍‌പ്പിച്ച് ചാടി.

തിരമാലകളും ചുഴികളും അനേകം,കൈകോര്‍ത്ത് പിടിച്ച് തന്നെ നീന്തി.ഒരോ തീരത്ത് നിന്നും അടുത്ത തിരയില്‍ പിന്നേയും വെള്ളത്തിലേക്ക്. ഇപ്പോള്‍ പതിനൊന്നു വര്‍ഷമായി ദുബായ് തീരത്ത്.
ഇന്ന് ഞങ്ങളുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം.

Labels:

Tuesday, April 15, 2008

അപൂര്‍ണ്ണമീ അക്ഷരാഞ്ജലി

ചില കാര്യങ്ങള്‍ അങ്ങനെയാണ്. മനസ്സില്‍ പലതിന്റേയും തിരയിളക്കം, എന്നാല്‍ പകര്‍ത്താന്‍ വാക്കുകള്‍ക്ക് ക്ഷാമം. അവയെ അനന്തം,അതീതം,അനശ്വരമെന്നൊക്കെ ഒരു സമാധാനത്തിന് വിശേക്ഷിപ്പിക്കാമെന്ന് മാത്രം.


ഉമ്മ(അമ്മ),ഓര്‍മ്മപ്പൂവിലെ ആദ്യത്തെയിതള്‍.എന്നാല്‍ എല്ലായിതളിലും ഒരു നിഴല്‍‌രേഖ പോലെ എപ്പോഴും നമ്മോടൊപ്പം.അക്ഷരങ്ങളോടുള്ള പരിചയത്തിനും ഉമ്മയോളം പഴക്കം.കയ്യില്‍ കിട്ടുന്നതൊന്നും വായിക്കാതെ വിടരുതെന്ന് പഠിപ്പിച്ചതും മക്കളെ മടിയിലിരുത്തി കഥകള്‍ വായിച്ചു തന്ന ഉമ്മ. ഉമ്മയെഴുതുന്ന കത്തുകളനുകരിച്ച് വീട്ടിലെ ചുമരില്‍ വട്ടത്തില്‍ കുത്തിവരച്ച് വെല്ലിമ്മാക്ക്(വാപ്പയുടെ ഉമ്മ) കത്തെഴുതിയിരുന്ന ഞാനെന്ന മൂന്നു വയസ്സ്‌കാരി.പതിനാറ് വര്‍ഷം മുമ്പൊരു വിഷുനാള്‍,വൈകീട്ട് ടി.വിയില്‍ മുകേഷഭിനയിച്ച ഒരു ടെലിഫിലിം. നിരപരാധിയായ ഒരാള്‍ കള്ളനാക്കപ്പെടുന്നതും പിന്നീട് രക്ഷപ്പെടുന്നതുമായിരുന്നു കഥ.ഇത് കണ്ട ശേഷം മക്കള്‍ നാലു പേരോടുമായി ഉമ്മ പറഞ്ഞു,ഏതു പ്രതിസന്ധിയിലും സത്യം കൈവെടിയരുതേ എന്ന്.പിറ്റേന്ന് "വേഗം വരണേ" എന്നു പറഞ്ഞ് കോളേജിലേക്ക് എന്നെ യാത്രയയച്ച ഉമ്മ തിരിച്ചെതിരേല്‍ക്കാന്‍ ഉണ്ടായിരുന്നില്ല ഉമ്മറത്ത്.പറയാന്‍ ബാക്കി വെച്ച കഥകള്‍ക്കും നുകര്‍ന്ന് മതിയാകാത്ത സ്നേഹാമൃതത്തിനും ഈ അക്ഷരാഞ്ജലി.

ഉമ്മയെ കുറിച്ച് ഇവിടേയും ഇവിടേയും.

Labels: