Thursday, January 25, 2007

നെല്ലിക്കപ്പുളി മരം

ഉമ്മയുടെ തറവാടിന്റെ പടിഞ്ഞാപ്പുറത്തായിരുന്നു നെല്ലിക്കപ്പുളിമരം നിന്നിരുന്നത്‌.തട്ടിന്‍പുറത്തെ ജനലിലൂടെ തൊടാന്‍ പാകത്തിലായിരുന്നു ചില കൊമ്പുകള്‍.നെല്ലിക്കയുടെ അത്ര കയ്പ്പും അത്ര ദൃഢവുമല്ലാത്തതിനാലാകാം നെല്ലിക്കപ്പുളി തിന്ന് വെള്ളം കുടിച്ചാലും മധുരിക്കാതിരുന്നത്‌.

പച്ചകായ്കള്‍ക്ക്‌ ചവര്‍പ്പ്‌ കലര്‍ന്ന പുളി രസമായിരുന്നെങ്കില്‍ ഇത്തിരി പഴുത്ത്‌ നിലത്തു വീഴുന്ന കായ്കള്‍ക്ക്‌ പുളിയും മധുരവും കലര്‍ന്ന രുചിയായിരുന്നു.രാവിലേയും വൈകീട്ടും മുറ്റമടിച്ചാലും അതിന്റെ ഇലകളും കായ്കളും ചെറു കമ്പുകളും മുറ്റം നിറച്ചും കിടപ്പുണ്ടാകും.

എന്ത്‌ കുറുമ്പ്‌ കാട്ടിയാലും ഉമ്മാക്ക്‌ ആദ്യം കയ്യില്‍ കിട്ടുക ഈര്‍ക്കിലിയേക്കാള്‍ മെലിഞ്ഞ ഈ കമ്പുകളായിരുന്നു.ഒരിക്കല്‍ ചാഞ്ഞു നിന്നൊരു കമ്പിന്മേല്‍ ഊഞ്ഞാലുകെട്ടി ആദ്യത്തെ ആട്ടത്തില്‍ തന്നെ കൊമ്പും ഞാനും ഒന്നിച്ചാണ്‌ താഴെയെത്തിയത്‌.

ആ മരം ഇന്നവിടെയില്ല.അവിടുത്തെ വെല്ലിമ്മമാരുടെ സ്നേഹം പോലെ പടിഞ്ഞാപുറത്തെ നെല്ലിക്കപ്പുളി നിറയെ കായ്ക്കളുമായി എന്റെ ഓര്‍മ്മയില്‍ പൂത്തുലഞ്ഞ്‌ നില്‍ക്കുന്നു.

Labels:

Wednesday, January 10, 2007

ഒരു കല്ലിന്റെ കഥ

അങ്ങകലെ കാണുന്ന കുന്നിന്റെ ഭാഗമായിരുന്നു ഞാന്‍.കൃത്യമായി പറഞ്ഞാല്‍ കുന്നിന്‍ ചെരിവിലുണ്ടായിരുന്ന ഒരു മരത്തിനു താഴെ.
കൊടുങ്കാറ്റിനോടൊപ്പം വന്ന ഉരുള്‍പൊട്ടലില്‍ താഴ്‌വാരത്തെത്തി. എന്റെ കൂര്‍ത്ത അഗ്രങ്ങള്‍ തട്ടി പലര്‍ക്കും വേദനിക്കുന്നത്‌ കണ്ട്‌ ഞാന്‍ ഉള്ളില്‍ ചിരിച്ചു.
ആ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല.പിന്നെ ഒരു മഴയില്‍ ഞാനീ അരുവിയിലെത്തി.പിന്നെയങ്ങാട്ട്‌ നീണ്ട യാത്രയായിരുന്നു,അതു വരെ കാണാത്ത പല കാഴ്ചകളും കണ്ട്‌.പുഴയുടെ ഭാവമാറ്റങ്ങള്‍ക്കനുസരിച്ച്‌ യാത്രക്ക്‌ വേഗം കൂടിയും കുറഞ്ഞുമിരുന്നു.അതിന്റെ ആഘാതത്തിലാകാം കൂര്‍ത്തു നിന്ന മുനകള്‍ക്കൊപ്പം എന്റെ അഹങ്കാരവും പമ്പ കടന്നു.
അധികമകലെയല്ലാതെ കടലിന്റെ ആരവം കേള്‍ക്കാം.ഞാനിപ്പോള്‍ കൂര്‍ത്ത മുനകളുള്ള കല്ലല്ല.ഒരു ചെറുതരി മാത്രം.നാളെ ഞാനും ആ മഹാസാഗരത്തിലെ അനേകം കണികകളില്‍ ഒന്നു മാത്രം.

Labels: