Wednesday, June 13, 2007

ഓര്‍മ്മയിലൊരു പുഞ്ചിരി മാത്രം

അനിയന്റെ ജനനത്തോടനുബന്ധിച്ച് മൂന്ന് മാസം ഉമ്മയുടെ തറവാട്ടില്‍ താമസിച്ചിരുന്ന സമയം.തൊട്ടടുത്തുള്ള ബാലവാടിയില്‍ അമ്മാവന്മാരുടെ മക്കളോടൊപ്പം ഞാനും പോകാന്‍ തുടങ്ങി.പത്ത് മണിക്ക് പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന ക്ലാസ്സില്‍ പടങ്ങളൊക്കെ കാണിച്ച് കാക്ക കുടത്തില്‍ നിന്ന് വെള്ളം കുടിച്ച പോലുള്ള കഥകളും ശാന്തടീച്ചര്‍ ഈണത്തില്‍ പാടിത്തരുന്ന ആംഗ്യപാട്ടുകള്‍ ഏറ്റ് പാടലുമായിരുന്നു കാര്യപരിപാടി.

പതിനൊന്ന് മണിയോടെ ടീച്ചറും സഹായത്തിനുള്ള ചേച്ചിയും ഉപ്പ്‌മാവുണ്ടാക്കുന്നതിന് വേണ്ടി അടുക്കളയില്‍ പോയാല്‍ ഞങ്ങള്‍ പലതരം കളികളില്‍ വ്യാപൃതരാകും.കയ്യൂക്കുള്ളവരെല്ലാം ആടുന്ന കുതിരയിലും അരയന്നത്തിലും സ്ഥാനം പിടിച്ചിരിക്കും.മുഷിഞ്ഞ വേഷത്തിലുള്ള ഒരു കുട്ടി കളിക്കാനൊന്നും കൂടാതെ ടീച്ചര്‍ ഉപ്പുമാവ് കൊണ്ട് വരുന്നതും കാത്ത് വാതില്‍ക്കല്‍ ചെന്ന് നില്‍ക്കുന്നത് ആദ്യദിവസങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല.ഒന്ന് രണ്ട് പ്രാവശ്യം കളിക്കാന്‍ വിളിച്ചെങ്കിലും "അവളങ്ങനെയാ ഒന്നിലും ഒരുത്സാഹവുമില്ല" എന്ന മറ്റ് കുട്ടികളുടെ വാക്ക് കേട്ട് പിന്നീടതിന് മുതിര്‍ന്നില്ല.

ഒരു ദിവസം കളി കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ ഒരു സ്ത്രീയും ഈ കുട്ടിയും ഉമ്മയോട് സംസാരിച്ചിരിക്കുന്നത് കണ്ടെങ്കിലും അയല്‍ക്കാരും കൂട്ടുകാരും ഉമ്മയുടെ നിത്യസന്ദര്‍ശകരായിരുന്നതിനാലും ഈ കുട്ടി ബാലവാടിയില്‍ വെച്ച് ലോഹ്യം കാണിക്കാത്തതിനാലും ഞാനവരെ കണ്ട ഭാവമേ നടിച്ചില്ല.കുളി കഴിഞ്ഞ് വേഷം മാറാന്‍ നോക്കുമ്പോഴാണ്, എന്റെ രണ്ട് മൂന്ന് ഉടുപ്പ് ഉമ്മ ആ കുട്ടിക്ക് കൊടുത്തെന്ന് മനസ്സിലായത്.ദേഷ്യവും സങ്കടവും തോന്നിയെങ്കിലും അന്തിനേരത്ത് കരഞ്ഞാല്‍ വല്യമ്മായിയുടെ(മൂത്ത അമ്മാവന്റെ ഭാര്യ) വകയുള്ള കണ്ണുരുട്ടല്‍ പേടിച്ച് പിറ്റേ ദിവസം ആ കുട്ടിക്കിട്ട് തീര്‍ക്കാം എന്ന് കരുതിയിരുന്നു.

പിറ്റേന്ന് ബാലവാടിയിലെത്തിയപ്പോള്‍ ഉമ്മ കൊടുത്ത ഉടുപ്പൊക്കെ അണിഞ്ഞ് ആ കുട്ടി വാതിക്കല്‍ തന്നെ ഉണ്ട്. എന്നെ കണ്ടയുടനെ പുഞ്ചിരിയോടെ വന്ന് കൈ പിടിച്ചപ്പോള്‍ അതു വരെയുണ്ടായിരുന്ന ദേഷ്യമൊക്കെ പമ്പ കടന്നു. അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ച് പോന്നത് വരെ അവളെ കൂടി ഞങ്ങളുടെ കളികളിലൊക്കെ പങ്കെടുപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു.

അവളിപ്പോ എവിടെയാണാവൊ,കണ്ട് മറന്ന ഒരു പാട് സഹപാഠികള്‍ക്കിടയില്‍ നിന്നും ആ പേരും മുഖവും ഓര്‍ത്തെടുക്കാനാകുന്നില്ലല്ലോ.

Labels:

Wednesday, June 06, 2007

ആശുപത്രി

ജീവന്റെ തുടക്കവും ഒടുക്കവും
ഇടയിലെ ഞരക്കവും.

Labels:

Sunday, June 03, 2007

തര്‍‌ജ്ജനിയില്‍

തര്‍ജ്ജനി ഓണ്‍ലൈന്‍ മാഗസിന്‍ ജൂണ്‍ ലക്കം പ്രസിദ്ധീകരിച്ച എന്റെ ചില വരികള്‍ ഇവിടെ. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.

Labels: