Monday, October 30, 2006

ഒരു നവംബറിന്റെ ലാഭം

അന്നൊരു വെള്ളിയാഴ്ചയായിരുന്നു.എഞ്ചിനീയറിങ്ങ്‌ കോളേജില്‍ ചേര്‍ന്നിട്ട്‌ മൂന്നാഴ്ച മാത്രം.രാവിലത്തെ ഇലക്ട്രിക്കല്‍ വര്‍ക്ക്ഷോപ്പ്‌ കഴിഞ്ഞ്‌ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ്‌ സഹപാഠി രാധ ഭക്ഷണം കൊണ്ടു വന്നിട്ടില്ല എന്നറിയുന്നത്‌.

"അതിനെന്താ നമുക്കു കാന്റീനീല്‍ പോകാം".

"അയ്യോ".

"ഞാന്‍ കൂടെ വരാം" (കാന്റീനില്‍ പോയിട്ട്‌ സ്റ്റോറിലേക്ക്‌ പോലും ഫസ്റ്റിയര്‍ പിള്ളേര്‍ തനിയെ പോകാറില്ല.ഞാനാണെങ്കില്‍ കോളേജിലെ ആദ്യ ദിവസം തന്നെ മറ്റൊരു ക്ലാസ്മേറ്റിനെ കൂട്ടി കാന്റീനില്‍ പോയി ബ്രേക്‍ഫാസ്റ്റ്‌ കഴിച്ച ധൈര്യത്തിലും)

കാന്റീനില്‍ പോയി രാധയ്ക്കൊരു ഊണും എനിയ്ക്കൊരു ചായയും ഓര്‍ഡര്‍ ചെയ്ത്‌ തല കുനിച്ചിരിക്കുമ്പോള്‍ ചുറ്റിലും പല ബഹളങ്ങളും കേട്ടു.അതിനിടയില്‍ ലോഗരിതത്തെ പറ്റി എന്തോ ചോദ്യം ചോദിയ്ക്കുന്ന ഒരു വേറിട്ട ശബ്ദം.ചെറുതായൊന്നു തല പൊക്കി നോക്കിയപ്പോള്‍ ഉത്തരം പറയാനാകാതെ ഒരു മെക്ക്‌ പയ്യനും അവനു ചുറ്റും കുറച്ച്‌ സീനിയേഴ്സും.കുറച്ച്‌ കഴിഞ്ഞ്‌ എല്ലാവരും പുറത്തിറങ്ങി പോകുന്നതും കണ്ടു.

പുറത്തിറങ്ങിയാല്‍ ആരെങ്കിലും പിടിയ്ക്കും എന്നെനിക്കുറപ്പായിരുന്നു.ഉത്തരം പറയുന്ന ആളിന്റെ ജാഡയ്ക്ക്‌ വിപരീത അനുപാത സ്റ്റാന്‍ഡേര്‍ഡിലുള്ള ചില ചോദ്യോത്തരങ്ങളല്ലാതെ 'റാഗിംഗ്‌' എന്ന ലെവലില്‍ പെടുത്താവുന്ന ഒരനുഭവവും അതു വരെ ഉണ്ടാകാതിരുന്നതിനാല്‍ എനിക്ക്‌ പ്രത്യേകിച്ച്‌ പേടിയൊന്നും തോന്നിയില്ല.ഏത്‌ ഏടാകൂടത്തിലും മുന്‍പും പിന്‍പും നോക്കാതെ എടുത്തു ചാടുക എന്നത്‌ എന്റെ പൊതുവേയുള്ള ശീലവുമാണല്ലോ.

പുറത്തിറങ്ങി അധികം നടക്കുന്നതിനു മുമ്പ്‌ തന്നെ പിറകില്‍ നിന്നു വിളി വന്നു.പേരിലും നാളിലും തുടങ്ങി കണക്കും സയന്‍സും കഴിഞ്ഞ്‌ ഖുര്‍ആനും ഹദീസും വരെയെത്തി ചോദ്യങ്ങള്‍.ഇതിലൊരു ചോദ്യമാണ്‌ ഇവിടെ ഒരു കമന്റില്‍.

ഓരോ ചോദ്യത്തിനും വലിയ കുഴപ്പമില്ലാത്ത രീതിയില്‍ ഉത്തരം പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ "നീയാളു മോശമില്ലല്ലോ" എന്നൊരു ഭാവം ആ മുഖത്ത്‌ നിന്നും ഞാന്‍ വായിച്ചെടുത്തിരുന്നു.ആ ധൈര്യത്തിലാകാം ഞാന്‍ തിരിച്ചും ചിലതെല്ലാം ചോദിച്ചു.പേര്‌ കേട്ടപ്പോഴാണ്‌ ഇങ്ങനെയൊരു റാഗിംഗ്‌ ഭീകരനെ പറ്റി ക്ലാസ്‌മേറ്റ്‌സ്‌ പലരും പേടിയോടെ പറഞ്ഞിരുന്നത്‌ ഞാനോര്‍ത്തത്‌.

തറവാടിയുടെ പോസ്റ്റില്‍ പറഞ്ഞ പോലെ ഞാന്‍ തിരിഞ്ഞ്‌ നോക്കിയിരുന്നില്ല.ഞങ്ങളവിടെ നിന്നും നടന്നപ്പോള്‍ അവര്‍ സ്കൂട്ടറില്‍ ഒന്ന് ചുറ്റി ഞങ്ങള്‍ക്കെതിരെ വന്നതാണ്‌.

പിന്നെ ആ പോസ്റ്റിലെഴുതിയ ബഹുമാനത്തെ പറ്റി:ഞാന്‍ ഇന്ന് എന്തെങ്കിലുമൊക്കെ ആണെങ്കില്‍(ദുബായില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സീനിയര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ ജോലി അത്ര വലുതല്ലായിരിക്കാം എന്നാലും) ആ പ്രതിപക്ഷ ബഹുമാനം മൂലമാണ്‌.അല്ലെങ്കിലും ഒരു സ്ത്രീ ആദ്യം അംഗീകരിയ്ക്കപ്പെടേണ്ടത്‌ സ്വന്തം വീട്ടില്‍ നിന്നു തന്നെയല്ലെ.

Labels:

38 Comments:

Blogger വല്യമ്മായി said...

തറവാടിയുടെ പോസ്റ്റ് എന്റെ വീക്ഷണത്തില്‍

10/30/2006 9:13 pm  
Blogger ലിഡിയ said...

ആവൂ..ഇതൊരു ഒന്നൊന്നര മറുപടി ആയീല്ലോ വല്യമ്മായീ, എന്നാലും “ഏയ്യ് തിരിഞ്ഞു നോക്കിയില്ല” എന്നത് “ആ മുഖത്ത് ഒരു ബഹുമാനം ഞാന്‍ വായിച്ചെടുത്തു” എന്ന കുറ്റസമ്മതത്തിലും മറ്റ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും വെറുതെയാണെന്ന് യുവര്‍ ഓണര്‍ അറിയിക്കുന്നു..

ഓം ഹ്രീം കുട്ടിച്ചാത്താ ഞാന്‍ മറഞ്ഞു.

:-))

-പാര്‍വതി.

10/30/2006 9:18 pm  
Anonymous Anonymous said...

ഭാര്യയും ഭര്‍ത്താവും പരസ്പരം പൊക്കിപ്പറയുന്നതാണല്ലെ "പ്രതിപക്ഷ ബഹുമാനം" എന്നതിന്റെ അര്‍ത്ഥം? കൊള്ളാം ;)

10/30/2006 9:29 pm  
Blogger കുറുമാന്‍ said...

ആഹാ, എന്ത് നല്ല കൂടുംബം. ഇവരെ കണ്ടുപടിക്കണം മറ്റുള്ളവര്‍. കോളേജില്‍തുടങ്ങി, തറവാടായിട്ടും പഴയ ആ സ്പോര്‍ട്സ് മാന്‍ (കം വുമണ്‍)സ്പിരിറ്റോടെ തന്നെ ഇപ്പോഴും, കടുകിട കുറയാതെ.

ബ്യാച്ചി പിള്ളാരേ, കോളേജില്‍ നിന്ന് ആരേം റാഗ് ചെയ്യാന്‍ പറ്റീല്ലാന്നു കരുതി വിഷമിക്കേണ്ട. ഇനിയും സമയമുണ്ട്. ട്രാന്‍സ്പോര്‍ട്ട് സ്റ്റാഡ്, ബസ്, ട്രെയിന്‍, കോളേജിന്റെ പരിസരം എന്നു വേണ്ട എവിടേം നിങ്ങള്‍ക്ക് ആ രണ്ടു കണ്ണുകളെ കാണാന്‍ കഴിയും. പക്ഷെ പീഡനത്തിന്റെ കാലമാണ് ഒന്നു ടേക്ക് കെയര്‍ അല്ലേല്‍ റാഗ് ചെയുന്നത് പോലീസായിരിക്കും

10/30/2006 9:34 pm  
Blogger asdfasdf asfdasdf said...

കൊള്ളാം.. വല്യമ്മായീയുടെ പോസ്റ്റിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഭാര്യക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന പോസ്റ്റ്, കുടുംബങ്ങളെ ശിഥിലമാക്കിയ പല കേസുകളും എനിക്കറിയാം. പരസ്പര ബഹുമാനവും തിരിച്ചറിവും സ്നേഹവുമാണ് ഒരു കുടുംബത്തിന്റെ കാതല്‍. അതിലേതെങ്കിലുമൊന്നിന് കോട്ടം വന്നാല്‍ പിന്നെ അതൊരു കുടുംബമാവില്ല. ബ്ലോഗുലോകത്തിന് തിരിച്ചറിവിന്റെയും സ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെ പുതിയ മാനങ്ങള്‍ പോസ്റ്റിലൂടെ അവതരിപ്പിക്കുന്ന ഈ ബ്ലോഗുകുടുംബത്തിന് എല്ലാ ആശംസകളും..
(ഓ.ടോ : വല്യമ്മായീ രണ്ടു പിള്ളേരുണ്ടായിട്ട് ഇങ്ങനെ ബ്ലോഗാന്‍ എങ്ങനെ സമയം കിട്ടുന്നു ? )

10/30/2006 9:42 pm  
Blogger K.V Manikantan said...

ബ്ലോഗിനെ, ബ്ലോഗായി ഏറ്റവുമധികം നന്നായി ഉപയോഗിക്കുന്ന വല്യമ്മായിക്ക് കൂപ്പുകൈ

10/31/2006 12:22 am  
Anonymous Anonymous said...

Sorry for the comment in English.
This blog looks very neat!

10/31/2006 5:21 am  
Blogger വല്യമ്മായി said...

അനോണികള്‍ക്ക്‌ മറുപടിയെഴുതാനിഷ്ടമല്ലെങ്കിലും , ഇത്‌ കണ്ടപ്പോളെഴുതാതിരിക്കാനാവുന്നില്ല.

പ്രിയ ആസ്റ്റ്രേലിയന്‍ അനോണി ,, 1991 മുതല്‍ 1996 വരെ തൃശ്ശൂര്‍ ഗവണ്‍മന്റ്‌ എഞ്ചിനീയറിങ്ങ്‌ കോളേജില്‍ പഠിച്ചിരുന്ന ഏകദേശം 11000 പേര്‍ക്കും , അന്ന്‌ അവിടെ പഠിപ്പിച്ചിരുന്നവരും , ഇന്നും പഠിപ്പിക്കുന്നവരുമായ , പ്രിന്‍സിപ്പല്‍ അടക്കമുള്ള എകദേശം 60ഓളം സാറന്മാര്‍ക്കും ,ഇന്ന്‌ ഇവിടെ യു.എ.യില്‍ ഉള്ള ഇതേകോളേജിന്റെ അലൂമ്നിയിലുള്ള ഏകദേശം 700 ഓളം എഞ്ചിനീയേര്‍സിനും , അവരുടെ മിക്ക കുടുംബങ്ങള്‍ക്കും , വളരെ വ്യക്തിപരമായിട്ടറിയാവുന്നതാണ്‌ ഞങ്ങളെ , എങ്ങനെയുള്ളവരെന്നും , എങ്ങനെ ജീവിക്കുന്നതെന്നും. ആ ഞങ്ങള്‍ക്കീ ബൂലോകത്ത്‌ ഒരു പോസ്റ്റിട്ടിട്ടു വേണ്ട പരസ്പരം പൊക്കാന്‍.

10/31/2006 6:28 am  
Blogger Rasheed Chalil said...

പരസ്പര ബഹുമാനമാണ് കുടുംബജീവിതത്തിന്റെ കാതല്‍. അത് വേണ്ടുവോളമുള്ള തറവാട് അഭിനവലോകത്തെ അപൂര്‍വ്വ കാഴ്ചകളിലൊന്ന് തന്നെ...

മരണം വരെ ഒത്തിരികാലവും... (ശേഷം ഒരു ലോകമുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാല്‍) അതിന് ശേഷവും ഒന്നിച്ച് ജീവിക്കാനിടവരട്ടേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.


ഓടോ : സത്യത്തില്‍ വല്ല്യമ്മയിയാണോ നോക്കിയത് അതോ തറവാടിയോ അതോ രണ്ടാളും പരസ്പരം നോക്കിയിരുന്നോ... ആകെ കണ്‍ഫ്യൂഷനായി.


വല്ല്യമ്മായി ഇത് നന്നായി.

10/31/2006 7:51 am  
Blogger സുല്‍ |Sul said...

അമ്മായി മറുപടി പ്രസംഗം കലക്കന്‍. ഇനി തറവാടിയുടെ വക കാണുമൊ ആവൊ. ആ തിരിഞ്ഞുനോക്കല്‍ ഒരു റൊമാന്റിക് മൂഡ് ക്രിയേറ്റാന്‍ വെണ്ടി ചെയ്തതായിരിക്കാം. അല്ലാതെ തറവാടി ചുമ്മ പറയൊ വല്യമ്മായി. ഏതായാലും അമ്മാവനും കൊള്ളാം അമ്മായിം കൊള്ളാം.

ഓ.ടോ. : എനിക്കുണ്ട് ഒരു കൂട്ടുകാരന്‍ ഇതുപോലെ പോളിടെക്‍ല്‍ നിന്നും കിട്ടിയ ഭാര്യയുമായി ജീവിക്കുന്നവന്‍, പേര് നജീബ്, ജോലി രണ്ടുപേര്‍ക്കും ദുബൈയില്‍ തന്നെ.

10/31/2006 8:17 am  
Blogger Adithyan said...

ഇതും കൊള്ളാം :)
നല്ല മറുപടി.

അല്ലേലും ലോകചരിത്രത്തില്‍ ഇന്നു വരെ ഒരു മഹിളയും പുരുഷനെ തിരിഞ്ഞു നോക്കി (അല്ലേല്‍ ഒളികണ്ണിട്ടു നോക്കി) എന്നത് സമ്മതിച്ചു തന്നിട്ടില്ലല്ലോ. :) ഞാന്‍ തറവാടീടെ കൂടെയാ... തിരിഞ്ഞു നോക്കീന്നു മൂന്നു തരം.

10/31/2006 8:36 am  
Blogger Mubarak Merchant said...

വല്യമ്മായീ,
കോളേജുകാലത്ത് തുടങ്ങി ഇന്നീ നിമിഷം വരെ പരസ്പരസ്നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുന്ന നിങ്ങള്‍ക്കും തറവാടിയ്ക്കും മനം നിറയെ ആശംസകള്‍ നേരുന്നു.

10/31/2006 9:18 am  
Blogger sreeni sreedharan said...

തിരിഞ്ഞു നോക്കീലെന്നുള്ളതു ആരൊക്കെ വിശ്വസിച്ചില്ലെങ്കിലും ഞാന്‍ വിശ്വസിച്ചു വല്യമ്മായി..

ഇത്തിരീ കണ്‍ഫൂഷന്‍ വേണ്ടാ, നോക്കിയതു തറവാടി തന്നായിരിക്കും, പുള്ളി ആളന്നേ ശരിയല്ലാര്‍ന്ന് :)

(വല്യമ്മായീ ആ ഒലക്ക ഒന്നെടുത്ത് മാറ്റി വച്ചേര്, എനിക്കോടാന്‍ സ്പീഡു പോര.. ;)

10/31/2006 9:27 am  
Blogger സു | Su said...

സത്യം പറഞ്ഞാല്‍ ആരാ തിരിഞ്ഞുനോക്കിയത്? എന്തെങ്കിലും ആവട്ടെ. തിരിഞ്ഞുനോക്കുമ്പോള്‍ നല്ല മധുരമായ ഓര്‍മ്മകള്‍ ഉണ്ട്. മുന്നോട്ട് പോകുമ്പോഴും മധുരമയമായ പാതകള്‍ ആവട്ടെ എന്ന് ആശംസിക്കുന്നു.

10/31/2006 9:28 am  
Blogger മുസാഫിര്‍ said...

വല്യമ്മായി,
അന്‍‌ഹോനിയെ ചൂരല്‍ കാട്ടി പേടിപ്പിച്ചു അല്ലെ ?
ഞാന്‍ വല്ല്യമ്മായിയുടെ ഭാഗത്താണ്.വല്യമായി തിരിഞ്ഞു നോക്കിയതെയില്ല.പിന്നെ കാലില്‍ മുള്ളോ മറ്റോ കൊണ്ടപ്പോള്‍ ഒന്നു നിന്നു എന്നു മാത്രം.ഈ രവി വര്‍മ്മ ചിത്രത്തിലെ ശകുന്തളയേപ്പോലെ :-)

10/31/2006 9:41 am  
Blogger പട്ടേരി l Patteri said...

സത്യായിട്ടും തറവാടി പറഞ്ഞതു പോലെ നോക്കിയില്ല എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല...;)
തിരിഞ്ഞു വിഷമിപ്പിക്കേണ്ടാ എന്നു കരുതി ആ "ബാച്ചിലര്‍ " മുന്നില്‍ വന്നതായിരിക്കാനാണു സാദ്യത...
കവിക്കും ജോഷിക്കും ബ്ലോഗില്ലേ..;) :)

10/31/2006 9:45 am  
Blogger ഷാ... said...

തറവാടിയുടെ പോസ്റ്റും വല്യമ്മായിയുടെ മറുപടിയും ബെസ്റ്റായി.........

വല്യമ്മായി ആളൊരു ജഗജില്ലിയായിരുന്നു അല്ലേ....

പക്ഷേ,“ഏയ്യ് തിരിഞ്ഞു നോക്കിയില്ല” എന്ന ഭാഗം വായിച്ചപ്പോള്‍ ഒരു ഠേ ഠേ ശബ്ദം അകലെയെവിടെ നിന്നോ കേട്ടോന്നൊരു സംശയം.....

എന്തായാലും ഞാന്‍ വല്യമ്മായിയെ വിശ്വസിച്ചു....

അഥവാ ഇനി വല്യമ്മായി തിരിഞ്ഞു നോക്കിയിട്ടുണ്ടെങ്കില്‍ പോലും അതു തറവാടിയെ അല്ല എന്നു കട്ടായം......

10/31/2006 9:57 am  
Blogger മുസ്തഫ|musthapha said...

ഈ മറുപടി പ്രതീക്ഷിച്ചിരുന്നു... ന്നാലും തിരിഞ്ഞുനോക്കിയില്ലാ എന്നത്... ങും... അറ്റ്ലീസ്റ്റ് ‘യിതാരെടൈ’ എന്ന രീതിയിലെങ്കിലും ഒരു തിരിഞ്ഞു നോക്കല്‍ :)

നിങ്ങള്‍ രണ്ട് പേര്‍ക്കും വലിയ ലാഭം സമ്മാനിച്ച ആ നവംബറിതാ വീണ്ടും വരുന്നു... ചിലവ് ചെയ്യാന്‍ പറ്റിയ സമയം :)

10/31/2006 10:00 am  
Blogger Siju | സിജു said...

ആരാ തിരിഞ്ഞുനോക്കിയതെന്നു ഞാന്‍ കണ്ടുപിടിച്ചു. വല്ല്യമ്മായിയുമല്ല, തറവാടിയുമല്ല ... പിന്നെ കൂടെ വന്ന രാധയാണു തിരിഞ്ഞുനോക്കിയതു
പച്ചാളം.. ഞാനും വരുന്നൂ...

10/31/2006 10:01 am  
Blogger Abdu said...

തിരിഞ്ഞുനൊക്കുബൊള്‍ ചിരിക്കാന്‍ കഴിയുന്ന പ്രണയമുള്ളവര്‍ ഭാഗ്യവാന്‍‌മാര്‍, ഭൂമിയിലെ സ്വര്‍ഗം അവര്‍ക്കുള്ളതാകുന്നു

10/31/2006 10:02 am  
Blogger Unknown said...

വല്ല്യമ്മായീ,
മറുപടി കലക്കി.

തിരിഞ്ഞ്നോക്കിയില്ല എന്നത് അമ്മയാണേ ഞാന്‍ വിശ്വസിയ്ക്കില്ല. അല്ലെങ്കിലും ഏത് പെണ്ണാ ഞാന്‍ അന്ന് തിരിഞ്ഞ് നോക്കി എന്ന്‍ സമ്മതിച്ചിട്ടുള്ളത്? നീ പിന്നാലെ നടന്ന് എന്നെ പണ്ടാറടക്കി എന്നേ പറയൂ (ജെനറലൈസേഷനാണ്. സോറി) :-)

10/31/2006 10:42 am  
Blogger ഇടിവാള്‍ said...

അമ്മായിയേ, കലക്കീട്ടോ.

ഞാനും പണ്ട് ഇതുപോലൊന്നു റാഗ് ചെയ്തിരുന്നു. പക്ഷേ ഫിനിഷിങ് പോയന്റില്‍ എനിക്ക് അടിതെറ്റി ( അടികിട്ടി, എന്നല്ല എഴുതിയിരിക്കുന്നത്.. ശ്രദ്ധിക്കുക)

തറവാടി: പോസ്റ്റു വായിച്ചിരുന്നു. സമയക്കുരവുമൂലം കമന്റാനൊത്തില്ല. അതും നന്നായിരിക്കുന്നു ( ഇവിടെപറഞ്ഞാലും അവിടെ പറഞ്ഞാലും പോകുന്നത് ഒരു വീട്ടിലോട്ടല്ലേ ;)

10/31/2006 10:58 am  
Blogger Sreejith K. said...

തിരിഞ്ഞുനോക്കല്‍ എന്നത് ആപേക്ഷികമാണ്. ഏത് വശത്ത് നിന്ന് നോക്കുന്നു എന്നതിന്റെ അനുസരിച്ചിരിക്കും തറവാടിയാണോ വല്യമ്മായിയാണോ തിരിഞ്ഞ് നോക്കിയതെന്നതിനുത്തരം.

രണ്ട് പേരെയും ഞാന്‍ രക്ഷിച്ചു. ഇനി തരാം എന്ന് പറഞ്ഞ കാശെട്.

10/31/2006 11:06 am  
Blogger Kalesh Kumar said...

കൊള്ളാം വല്യാന്റീ! :))
റാംഗിംഗ് കൊണ്ട് ഒരു ജീവിതമുണ്ടായ കഥ നന്നായി!

10/31/2006 1:22 pm  
Blogger Unknown said...

കലേഷേട്ടാ,
ഞാന്‍ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ.. (താനാരുവാ എന്നല്ല) ഈ കല്ല്യാണം കഴിച്ചാല്‍ മാത്രമേ ജീവിതം കിട്ടുന്നുള്ളോ? അതിന് മുമ്പ് എല്ലാരും ചത്താണോ ഇരിക്കുന്നത്? :-)

ഓടോ: ആരോടൊക്കെയോ ഉള്ള കലിപ്പ് തീര്‍ത്തതാ.പേടിയ്ക്കരുത്. :-)

10/31/2006 1:26 pm  
Anonymous Anonymous said...

ഇതിപ്പോ ഗംഭീരാക്കിയല്ലോ തിരിഞ്ഞു നോക്കല്‍, അഗ്രജാ, ഓര്‍മ്മിപ്പിച്ചതിനു നന്ദി... ഞങ്ങളിവിടെ ഒരു യൂഏഈ മീറ്റിതാ നവംബറില്‍ തന്നെ സംഘടിപ്പിക്കാനിരിക്വാണ്. നമ്മുടെ ചന്ത്വേട്ടനെ യാത്ര അയ്ക്കുന്നതായിരുന്നു പ്രധാന അജണ്ട... ഇപ്പോ ഇതാ പുതിയൊരു അജണ്ട - തറവാടിക്കുടുമ്പത്തില്‍ നിന്നും ഒരു ചിലവ് - ആ മധുര മനോഹര നവംബറിന്റെ ഓര്‍മ്മക്കായ്. അനോണിയായി കമന്റിടുന്നതില്‍ ക്ഷമിക്കണം. നേരത്തെ തറവാടിക്കും ഒരു കമന്റിട്ടിരുന്നു... അപ്പോ മീറ്റ് കഴിഞ്ഞ് വിശദമായി എഴുതാം. പുഞ്ചിരിച്ചുകൊണ്ട് തല്‍ക്കാലം ബൈ ബൈ. സീ യൂ‍ സൂണ്‍ വിത് ദ് മീറ്റ് വിശേഷംസ്...

10/31/2006 1:35 pm  
Blogger സൂര്യോദയം said...

'അല്ലെങ്കിലും ഒരു സ്ത്രീ ആദ്യം അംഗീകരിയ്ക്കപ്പെടേണ്ടത്‌ സ്വന്തം വീട്ടില്‍ നിന്നു തന്നെയല്ലെ.'

തീര്‍ച്ചയായും... :-)

10/31/2006 3:04 pm  
Anonymous Anonymous said...

നന്നായിരിക്കുന്നു ചേച്ചീടെ പോസ്റ്റും കമന്റുകാള്‍ക്കുള്ള മറുപടിയും. സ്വയം പൊക്കികളായ ദമ്പതിമാരെ ഒത്തിരികണ്ടിട്ടുള്ളതുകൊണ്ടായിരിക്കാം അത്തരത്തിലുള്ള കമന്റുകള്‍ വന്നത്‌.. ക്ഷകിക്കെന്നെ.. തങ്കളുടെ ബ്ലോഗ്ഗിലെ പലപോസ്റ്റുകളും വളരെ നല്ല നിലവാരം ഉള്ളവയാണെ( പിന്നെ ഈ തൃശ്ശൂക്കാരന്റ്‌ ചെക്കന്റെ പ്രശംസകിട്ടീട്ടു വേണ്ടെ എന്ന് മറുകുറിപ്പിടല്ലെ)

10/31/2006 3:28 pm  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

കൊള്ളാം, സംഗതി കൊഴുക്കുന്നുണ്ട്‌.
ഇനിയിപ്പോ സീരിയലുകള്‍ക്കിടയില്‍ ഏഷ്യാനെറ്റില്‍ പരസ്യം വരുമ്പോള്‍ സൂര്യയിലേയ്ക്കും സൂര്യയില്‍ പരസ്യം വരുമ്പോള്‍ തിരിച്ച്‌ ഏഷ്യാനെറ്റിലേയ്കും എന്നപോലെ തറവാടി-വല്ല്യമ്മായി-വല്ല്യമ്മായി-തറവാടി എന്നിങ്ങനെ മാറിമാറി നോക്കുകയാണ്‌.

10/31/2006 3:49 pm  
Blogger മുസ്തഫ|musthapha said...

ഹ ഹ പടിപ്പുരേ... തകര്‍പ്പന്‍ കമന്‍റ് :)

10/31/2006 4:12 pm  
Blogger thoufi | തൗഫി said...

ഇതു നന്നായി,വല്ല്യമ്മായീ
അന്നു ഇഞ്ചിനീയറിങ്ങിനു പഠിക്കണ കാലത്ത്‌ തറവാടിക്കും വല്ല്യമ്മായിക്കും ഒരേസമയം കാന്റീനില്‍ പോകണമെന്നു തോന്നിയ ആ"യാദൃശ്ചികത"യുടെ കാര്യത്തില്‍ എനിക്കെന്തോ,ഒരു വര്‍ണ്യത്തിലാശങ്ക.

ആ,പിന്നേയ്‌,തിരിഞ്ഞു നോക്കിയത്‌ രണ്ടാളുമല്ല,സുരേഷാണു.മുറ്റത്തൊരു മൈനയെ കണ്ടിട്ട്‌.പച്ചാളം മെല്ലെ ഓടെടാ..ഞാനൂണ്ട്‌

10/31/2006 4:51 pm  
Blogger Aravishiva said...

വല്യമ്മായി...ആകെ മൊത്തം രസിച്ചു.. :-)

10/31/2006 5:24 pm  
Blogger sreeni sreedharan said...

ആരൊക്കെയോ രണ്ട് പേര്‍ എന്നെയിട്ട് ഓട്ടിക്കുന്നൂ...അയ്യോ!

10/31/2006 6:11 pm  
Blogger mydailypassiveincome said...

വല്യമ്മായീ,

സഹപാഠി രാധ ഭക്ഷണം കൊണ്ടുവരാതിരുന്നതിനാലും റാഗിംഗ് വീരന്‍ കാന്റീനില്‍ വന്നതിനാലും താത്ത തിരിഞ്ഞുനോക്കാതിരുന്നതിനാലും ഞാന്‍ എന്റെ ബ്ലോഗ് തുടങ്ങിയതിനാലും നമുക്കെല്ലാവര്‍ക്കും ഇവിടെ കണ്ടുമുട്ടാന്‍ സാധിച്ചു. ;)

11/01/2006 10:02 am  
Blogger sandoz said...

ഗാര്‍ഹിക പീഡനത്തിനെതിരെ നിയമം വരുന്നുണ്ട്‌.അത്‌ കൊണ്ട്‌ പേടിക്കണ്ട.

11/01/2006 6:53 pm  
Blogger ആവനാഴി said...

വല്യമ്മായിയുടെ “ഒരു നവംബറിന്റെ ലാഭം ” വായിച്ചു. മനോഹരമായി എഴുതിയിരിക്കുന്നു.

കൂടെ വിദേശവാസത്തിനിടയില്‍ ഉണ്ടായ ഒരനുഭവം ഇവിടെ കോറിയിടാമെന്നു തോന്നി.

അന്നു ഞങ്ങള്‍‍ ആഫ്രിക്കയില്‍ത്തന്നെയുള്ള ഒരു രാജ്യത്തു ജോലി ചെയ്യുകയായിരുന്നു.

ഒരു ദീര്‍ഘകാലാവുധിക്കു ഞങ്ങള്‍ ആ രാജ്യത്തിന്റെ തലസ്ഥാനത്തെത്തി, അവിടെ ഒരു സുഹൃത്തിനോടൊപ്പം കുറച്ചു ദിവസം താമസിക്കുകയുണ്ടായി.

ഒരു ദിവസം സുഹൃത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു പാര്‍ട്ടി സംഘടിപ്പിക്കുകയും ഏതാനും പേരെ അതില്‍ സംബന്ധിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

നേരം വൈകുന്നേരം അഞ്ചു മണിയായി. അതിഥികള്‍ ഓരോരുത്തരായി വന്നു കൊണ്ടിരുന്നു. എന്റെ സുഹൃത്ത് അവരെയൊക്കെ ഞങ്ങള്‍ക്കു പരിചയപ്പെടുത്തുകയും ചെയ്തു.

അപ്പോഴതാ മധ്യവയസ്കനായ ഒരു പുമാന്‍ (മലയാളി തന്നെ)തൊഴുകൈകളോടെ അങ്ങേയറ്റം വിനയപാരവശ്യം വരുത്തി കയറി വന്നു. എന്നിട്ട് സ്വയം പരിചയപ്പെടുത്തി: “ ഇവിടുത്തെ ഒരു ചെറിയ ഹൈസ്കൂളിലെ ഒരു ചെറിയ ഡെപ്യൂട്ടി പ്രിന്‍സിപ്പലാണേ.”

അതു കേട്ട പാടെ അവിടെ ഉണ്ടായിരുന്ന ചില സ്ത്രീകള്‍ മൊഴിഞ്ഞു: “പിന്നെ! ഡെപ്യൂട്ടി പ്രിന്‍സിപ്പല്‍ എന്നു പറഞ്ഞാല്‍ അത്ര നിസ്സാര ജോലിയാണോ സാറേ? ഞങ്ങള്‍ക്കൊക്കെ ഈ ജീവിതത്തില്‍ കണികാണാന്‍ കിട്ടുമോ ഇത്രേം വല്യ പോസ്റ്റൊക്കെ?”

അപ്പോള്‍ പുമാന്‍ ഒന്നുകൂടി ഭവ്യത വരുത്തി അരുളിച്ചെയ്തു: “ഓ, അങ്ങിനെ തട്ടീം മുട്ടീം അങ്ങു കഴിഞ്ഞു പോണു.”

അതെ. ചില നേരങ്കളില്‍ ചില മനിതര്‍കള്‍!

4/26/2008 9:29 am  
Anonymous Anonymous said...

പോസ്റ്റുകളെല്ലാം വായിച്ചുകൊണ്ടേയിരിക്കുന്നു.......ABB ആയിരിക്കുമോ ലാവണം? വെറുതെ ചോദിച്ചതാണേ.....തറവാടിയുടെ relevant post ഉം വായിച്ചു. അനോണിക്കു കൊടുത്ത മറുപടി ഇഷ്ടപ്പെട്ടു.

മൊത്തത്തില്‍ കുട്ടി വിജ്ഞാനശകലങ്ങള്‍/കവിതകള്‍ ഏറെ ഇഷ്ടപ്പെട്ടു.

4/20/2010 6:02 pm  
Anonymous Anonymous said...

nice

6/22/2015 10:51 am  

Post a Comment

<< Home