Saturday, September 12, 2009

എലികള്‍

കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വയലുകള്‍ക്ക് സമീപമായിരുന്നു ആ ധാന്യപ്പുര സ്ഥിതി ചെയ്തിരുന്നത്.കൊയ്ത്തു കഴിഞ്ഞ് ധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന സമയം.ധാന്യപ്പുരയില്‍ ഒരുപാട് എലികളും ഉണ്ടായിരുന്നു.അവ ധാന്യങ്ങളൊക്കെ കഴിച്ച് സന്തോഷത്തോടെ കഴിഞ്ഞു പോന്നു.

ഒരു ദിവസം കൂട്ടത്തില്‍ ഒരെലി ധാന്യപ്പുരയിലെ വാതിലുകള്‍ക്കിടയിലൂടെ വരുന്ന പ്രകാശം കണ്ടു.അവന്‍ ഓടിപ്പോയി അതിലുടെ നോക്കിയപ്പോള്‍ ഭംഗിയുള്ള ആകാശവും വിസ്തൃതമായ വയലും കണ്ടു. ആ മനോഹരമായ കാഴ്ച കാണിച്ചു കൊടുക്കാന്‍ അവന്‍ കൂട്ടുകാരെ ക്ഷണിച്ചെങ്കിലും തീറ്റയുടെ തിരക്കില്‍ മിക്കവരും അവന്റെ വാക്കുകള്‍ കേട്ടില്ല.

ദിവസങ്ങള്‍ കടന്നു പോയി.പ്രകാശം കണ്ട എലികള്‍ വിശപ്പടക്കിയ ശേഷം അധിക സമയം വാതിലിനരികില്‍ തന്നെ ചെലവഴിക്കാന്‍ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം കുറെപ്പേര്‍ വന്ന് ധാന്യപ്പുരയുടെ വാതില്‍ തുറന്നു.പുറത്തെ കാഴ്ചകള്‍ കാണാന്‍ കൊതിച്ചിരുന്നവര്‍ വേഗം പുറത്ത് കടന്നു.പുറംലോകത്തെ പരിചയമില്ലാത്ത ഭൂരിഭാഗം എലികളും പെട്ടെന്നുണ്ടായ വെളിച്ചം താങ്ങാനാകാതെ കണ്ണുപൊത്തി അവയുടെ മാളങ്ങളിലൊളിച്ചു. ധാന്യശേഖരമെല്ലാം പുറത്തെടുത്ത ശേഷം വാതിലടച്ച് വന്നവര്‍ മടങ്ങി.

Labels: ,

Wednesday, September 02, 2009

കറക്കം

മലര്‍ന്ന് കിടന്ന് കളിക്കുന്ന കാലത്ത്
വീട്ടിലെ ക്ലോക്കായിരുന്നു ഉണ്ണീടെ കൂട്ടുകാരന്‍.
ഒരിടത്തും പോകാതെ തനിക്കു വേണ്ടിയെന്നോണം
വ്യത്യസ്ത വേഗത്തില്‍ താളം പിടിച്ച് നടന്ന മൂന്ന് കൂട്ടുകാരോട്
ഉണ്ണീടെ ഭാഷയില്‍ കൊഞ്ചി,
കൈകാലുകള്‍ നിട്ടി അവരുടെ അടുത്തേക്കാഞ്ഞു.

നിലത്തുവെച്ചുരസിയാല്‍ വേഗത്തിലോടുന്ന
കളിവണ്ടിയാണിപ്പോ ഉണ്ണിടെ കളിപ്പാട്ടം.
വണ്ടി എത്ര വേഗം പോകുമെന്ന് നോക്കാതെ
കുമ്പിട്ട് കിടന്ന് അതിന്റെ ചക്രങ്ങള്‍ തിരിയുന്നത്
കാണാനാണവനിഷ്ടം!

തളര്‍ന്ന് വീഴും വരെ കറങ്ങിയാലെ
ജീവിതം മുന്നോട്ട് നീങ്ങൂ എന്ന് അവനിപ്പോഴേ
തിരിച്ചറിയുന്നുണ്ടാകുമോ?

Labels: