Wednesday, December 01, 2010

പാക്കറ്റ് ജീവിതം

കുറച്ച് നാളുകള്‍ക്ക് മുമ്പ് എനിക്ക് വിശേഷപ്പെട്ടൊരു സമ്മാനം കിട്ടി.ഇക്കയുടെ ഓഫിസിലെ ഇന്തോനേഷ്യന്‍ സഹപ്രവര്‍ത്തകന്‍ നാട്ടില്‍ നിന്ന് കൊണ്ടു വന്ന ഒരു കോല്പ്പുളി.തരിതരിയായി പകുതി പഴുത്ത പുളി ഞങ്ങളെല്ലാവരും കൂടെ പങ്കിട്ട് കഴിച്ചു.

കരൂപ്പാടത്തെ വീട്ടുപറമ്പില്‍ വടക്കെ അതിരിലെ വേലിയോട് ചേര്‍ന്നായിരുന്നു കുടപ്പുളിമരവും കോല്‍‌പ്പുളി മരവും.ഇത് കൂടാതെ പറമ്പിന്റെ മധ്യഭാഗത്തായി തൊഴുത്തിനരികെ ഒരു ഇരുമ്പന്‍പുളി മരവും കിഴക്കെ അതിരില്‍ പാടത്തെക്ക് ചാഞ്ഞ് മറ്റൊരു കോല്പ്പുളി മരവും.

പറമ്പും മുറ്റവും ഒരെ പോലെ വെള്ളം നിറയുന്ന മഴക്കാലത്തായിരുന്നു കുടപ്പുളികള്‍ പാകമായിരുന്നത്.വളംകടി വകവെക്കാതെ ചെളിവെള്ളത്തില്‍ നടന്ന് പുളിപെറുക്കാനിറങ്ങിയിരുന്നത് അതിനകത്തുള്ള കാമ്പ് കഴിക്കാനുള്ള പൂതി കൊണ്ടായിരുന്നു.എന്താണെന്നറിയില്ല അധികകാലം കഴിയും മുമ്പേ ഒന്നാകെയുണങ്ങി കൊടപ്പുളിമരം മരിച്ചു.

വേനലവധിയുടെ സമയത്താണ് കോല്‍‌പ്പുളി പാകമാവുക.പുളി കുലുക്കിയിട്ട് തൊലി കളഞ്ഞ് വെയിലത്തിട്ടുണക്കി കുരു മാറ്റി ഉപ്പിട്ടിടിച്ച് മണ്‍കലങ്ങളില്‍ സൂക്ഷിച്ച് വെക്കും.പുളിങ്കുരു ചുട്ടും വറുത്തും കഴിക്കുന്നതിനു പുറമേ അരിയും തേങ്ങയും ശര്‍ക്കരയും കൂട്ടി ഉണ്ടാക്കുന്ന ഉണ്ടയെന്ന നാലുമണിപ്പലഹാരവും.അനുസരണക്കേടിനു തെളിവായി കയ്യിലും കാലിലും പുളിവാരലിന്റെ ചുവന്ന പാടുകള്‍.

പുളിയിലകള്‍ക്ക് നാട്ടുമരുന്നിലും ചെറുതല്ലാത്ത സ്ഥാനം.വീടിന്റെ തെക്ക് വശത്ത് പുളിമരം വേണമെന്ന് വാസ്തു.
കോല്പ്പുളിമരം കായ്ച്ചു നിന്നിരുന്ന ഒരു വേനല്‍ക്കാലത്തായിരുന്നു ഉമ്മയുടെ മരണം.മരണമറിഞ്ഞ് വന്നവരെല്ലാം തിരിച്ച് പോയത് വേണ്ടത്ര പുളിയും കൊണ്ടായിരുന്നു.അതിനടുത്ത കൊല്ലം പുളി കായ്ച്ചില്ല.അതിനടുത്ത കൊല്ലമായപ്പൊഴേക്കും ആ മരവും ഉണങ്ങിപ്പോയി.

അയല്‍ക്കാരുടേയും ബന്ധുവീടുകളിലും ആവശ്യത്തിനു പുളി മരങ്ങളുണ്ടായിരുന്നത് കൊണ്ട് വീട്ടിലെയാവശ്യത്തിനുള്ള പുളിക്കൊരു ക്ഷാമവും നേരിട്ടിരുന്നില്ല. ഇവിടെ ഉപയോഗിക്കാനുള്ള പുളിയും നാട്ടില്‍ നിന്നാണ് കൊണ്ടു വന്നിരുന്നത്.

കഴിഞ്ഞ കൊല്ലം മുതല്‍ പുളി വേണമെന്ന് പറഞ്ഞാല്‍ പലപ്പോഴും കിട്ടുന്നത് കൊയമ്പത്തൂര്‍ നിന്ന് പാക്ക് ചെയ്ത് കുരു മാറ്റാത്ത പുളി.നാട്ടിലെവിടേയും പുളി കിട്ടാനില്ലെന്ന്. പുളിയിലകള്‍ വീണ് മുറ്റവും പറമ്പും വൃത്തിക്കേടാവുന്ന കാരണം പറഞ്ഞ് അടുത്ത വീട്ടിലെ പുളി പോലും മുറിച്ചത്രെ.
ഇനിയിപ്പോ വിട്ടിലെ മീങ്കറിക്കിത്തിരി പുളിയിടാന്‍ ലുലുവില്‍ നിന്ന് ശ്രീലങ്കന്‍ പാക്കറ്റ് പുളി തന്നെ വാങ്ങണം ,അല്ലെങ്കില്‍ ഇന്‍ഡോനേഹ്സ്യക്കാരന്റെ അടുത്ത അവധിക്കാലം തീരണം.

ഇക്കണക്കിനു പോയാല്‍ ശ്വാസവായു നിറച്ച് സിലിണ്ടറുകള്‍ വീട്ടുമുറ്റത്തെത്തുന്ന പി.കെ.പാറക്കടവിന്റെ ഭാവന യാഥാര്‍ത്ഥ്യമാകാന്‍ അധികകാലം വേണ്ട എന്നു തോന്നുന്നു.

Labels: