Thursday, October 25, 2007

ജീവിതം-എഴുത്തിനുമപ്പുറം

ഇന്ന് ഒക്ടോബര്‍ 25.



ജീവിതത്തിന്റെ നൈമിഷികതയെ പറ്റി ഇങ്ങനെയൊരു പോസ്റ്റിട്ടിട്ട് ഒരു വര്‍ഷം തികയുന്നു.ഒരു പോസ്റ്റിന്റെ പേരില്‍ ആദ്യമായും അവസാനമായും തറവാടിയുടെ മുഖം കറുത്തതും അന്ന്.


പിറ്റേന്ന് ഓഫീസിലെത്തിയപ്പോള്‍ ഉച്ചത്തിലുള്ള തഗലോഗ് മൊഴികളും ചിരികളുമൊന്നുമില്ല,ഞങ്ങളുടെ പി.ആര്‍.ഓ ഹാനിയുടെ ഭാര്യയും കുഞ്ഞും മറ്റ് കുടും‌ബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം ഈജിപ്റ്റില്‍ വെച്ച് അപകടത്തില്‍ പെട്ടെന്നും ഹാനിയുടെ ഭാര്യ മരിച്ചെന്നും റിസപ്ഷനിസ്റ്റ് പറഞ്ഞു. രണ്ടാമത്തെ ഡെലിവറിക്കായി ഭാര്യ നാട്ടില്‍ പോയ വിവരം ഹാനി പറഞ്ഞത് ഞാനോര്‍ത്തു.എഴുതിയ വരിയെ അന്വര്‍ത്ഥമാക്കും വിധം കണ്മുമ്പിലൊരു വേര്‍പാട്.


"ഈ ജിവിതമൊന്നു തീര്‍ന്നു കിട്ടിയെങ്കില്‍" പല പ്രതിസന്ധികളില്‍ തളരുമ്പോഴും അര്‍ത്ഥമോര്‍ക്കാതെ നമ്മള്‍ പറഞ്ഞുപോകുന്ന വാചകം. പക്ഷേ മരണം മുന്നില്‍ വന്നു നിന്നാല്‍ ജീവിതം ഒരു നിമിഷമെങ്കിലും
നീട്ടികിട്ടിയെങ്കില്‍ എന്നാഗ്രഹിച്ചു പോകില്ലേ.


വലിയൊരു വെള്ളപ്പൊക്കം.പലരേയും രക്ഷപ്പെടുത്തി തളര്‍ന്നപ്പോള്‍ ഞാന്‍ ചിന്തിച്ചു അ‌ള്ളാഹുവേ എന്തിനാണെന്നെ കഷ്ടപ്പെടുത്തുന്നത്. അപ്പോള്‍ തന്നെ എന്നെ അവിടെ നിന്ന് ഉയര്‍ത്തപ്പെടുന്നു. പിന്നെ മേഘങ്ങളൊന്നുമില്ലാത്ത തെളിഞ്ഞ നീലാകാശത്തിലൂടെ പറന്നു പോകുന്നതായാണ് അനുഭവപ്പെട്ടത്. അപ്പോള്‍ തന്നെ ഞാന്‍ പ്രാര്‍ത്ഥിച്ചു തറവാടിയില്ലാതെ,മക്കളില്ലാതെ എനിക്കു പറക്കേണ്ട,എന്നെ തിരിച്ചിറക്കണേ.ഒരു കുലുക്കത്തോടെ കട്ടിലില്‍ വന്നു വീഴുന്നതാണ് പിന്നെ അറിഞ്ഞത്.



കുറേ ദിവസങ്ങള്‍ മുമ്പ് കണ്ട ഈ സ്വപ്നം ഓര്‍മ്മ വന്നത് "എന്റെ കിറുക്കുകള്‍" എഴുതിയ ഒരു പോസ്റ്റില്‍ മരിച്ച് വെണ്മേഘങ്ങള്‍ക്കിടയിലൂടെ നീങ്ങുന്നതിനെ കുറിച്ച് വായിച്ചപ്പോഴാണ്.


അതെ, മരണത്തെ കുറിച്ചും ആത്മഹത്യയെകുറിച്ചും എഴുതാനും വായിക്കാനുമെന്തെളുപ്പം!


പക്ഷേ, മുമ്പില്‍ തെളിയുന്ന ഈ അക്ഷരങ്ങളെക്കാള്‍ ഒരുപാടൊരുപാട് അപ്പുറത്താണ് ജീവിതം.

Labels:

Tuesday, October 16, 2007

കാത്തുനില്‍ക്കാതെ നടന്നകന്നവര്‍-1

ഏട്ടന്
ഒന്നാം ക്ലാസ്സിലെ ആദ്യദിവസം
സ്കൂള്‍ വിട്ടപ്പോള്‍ പെയ്ത
പെരുമഴയില്‍ കൂട്ടുകാരെല്ലാം
ഏട്ടന്മാരുടെ കൂടെ
മഴയിലേക്കിറങ്ങിയപ്പോഴാണ്
അരികിലെ ശൂന്യത
ഞാനാദ്യം തിരിച്ചറിഞ്ഞത്.

വഴിയില്‍ മഴവെള്ളം തെറിപ്പിച്ച
വികൃതിപിള്ളേരില്‍ നിന്നും,
കള്ളകളികളിച്ചെന്നെ തോല്പ്പിച്ച
കളിക്കൂട്ടുകാരില്‍ നിന്നും,
കൊല്ലങ്ങളോളം കായ്ക്കാതിരുന്ന
പേരയ്ക്കമരം കായ്ച്ചത്
വല്യസന്തോഷത്തില്‍ വീട്ടില്‍ പറഞ്ഞപ്പോള്‍
കേട്ടപരിഹാസത്തില്‍ നിന്നും,
ഞാനോടിയൊളിച്ചത്
നിന്നിലേക്കായിരുന്നു.

ഇന്നും ഒറ്റപ്പെടുന്ന
ഏതൊരാള്‍‌ക്കൂട്ടത്തിലും
ആദ്യം തിരയുന്നത് നിന്നെ മാത്രം.

ജന്മാന്തരങ്ങള്‍ക്കുമപ്പുറം
കണ്ട്മുട്ടുമ്പോള്‍
തിരിച്ചറിയുമോ
ഈ കുഞ്ഞനുജത്തിയെ.


(ഇതൊരു വിലാപമല്ല.പിറകെ വരുന്ന എന്നെ കാത്തുനില്‍ക്കാതെ ആറ് മാസം പ്രായമുള്ളപ്പോള്‍ ഈ ലോകത്തോട് വിടപറഞ്ഞ ജ്യേഷ്ഠന്റെ ഓര്‍മ്മകള്‍ ജീവിതത്തില്‍ പല ഘട്ടത്തിലും തികട്ടി വരാറുണ്ട്. അതിനു പകരംവെക്കാന്‍ ആരുമില്ലെന്നറിയുമ്പോഴും ശക്തിയാകുന്ന ഓര്‍മ്മകള്‍ക്കും ആ വാല്‍സല്യം കൂടി എനിക്ക് നല്‍കിയെന്റെ മാതാപിതാക്കള്‍ക്കും ഈ വരികള്‍)

Labels:

Monday, October 08, 2007

ചീയല്‍

എന്തും
ഒറ്റയടിക്കല്ല,
ഒരറ്റത്ത്
നിന്നാണ്
ചീഞ്ഞു
തുടങ്ങുന്നത്.

Labels: