Thursday, November 19, 2009

ഒരു നവംബര്‍ 19ന്റെ ഓര്‍മ്മയ്ക്ക്‌

ഇരുപത്തിയൊന്ന് വര്‍ഷം മുന്‍പ്‌ 1985 നവംബര്‍ 19.

അന്നൊരു ചൊവ്വാഴ്ചയായിരുന്നു.വീട്ടിലെ പശു പ്രസവിച്ച ദിവസം.വീടുപണി നടക്കുന്നതിനാല്‍ ആശാരിമാരും മറ്റു പണിക്കാരുമായി ആകെ ബഹളമയം.

പുറത്ത്‌ പെണ്ണാണെങ്കില്‍ അകത്ത്‌ ആണായിരിക്കും എന്നു പറഞ്ഞ്‌ സന്തോഷിച്ചിരിക്കുന്ന വെല്ലിമ്മ.എനിയ്ക്കും അനിയത്തിയ്ക്കും ശേഷം അനിയന്‍ പിറന്നപ്പോഴും ഏറ്റവും സന്തോഷിച്ചത്‌ വെല്ലിമ്മ തന്നെ ആയിരുന്നല്ലോ.ഞങ്ങള്‍ അങ്ങനെയൊരു നാലാമനെ പ്രതീക്ഷിച്ചിരിക്കുന്ന സമയം.

സ്കൂള്‍ വിട്ട്‌ വന്ന് ആദ്യം പോയത്‌ പശുവിന്റെ അടുത്തേക്ക്‌,കുട്ടിയ്ക്ക്‌ ഇന്ദു എന്ന് പേര്‌ വിളിച്ചു.

ഞാനും അനിയനും കൂടി പാല്‍ വാങ്ങാനായി ബാലകൃഷ്ണന്‍ മാഷിന്റെ വീട്ടിലേക്ക്‌ പോയി.നേരെ തെക്കേതാണെങ്കിലും വലിയ ഒരു പറമ്പിനു നടുക്കാണ്‌ ആ വീട്‌.അതിനാല്‍ റോഡിലൂടെ ചുറ്റി വളഞ്ഞ്‌ വേണം പോകാന്‍.ചുറ്റും നോക്കി ഞാനിത്തിരി പതുക്കെയാണ്‌ നടന്നിരുന്നത്‌.അനിയന്‍ മുമ്പില്‍ ഓടിപ്പോയി.

ഒരു കയ്യാല പോലെ അവരുടേ വീടിനു പുറകിലുള്ള മുറികളുടെ ഇടയിലൂടെ വേണം വടക്കു പുറത്തേയ്ക്ക്‌ കടക്കാന്‍,ഞാന്‍ ഇറയത്തേയ്ക്ക്‌ കയറിയതും വടക്കു വശത്ത്‌ നിന്ന് നായയുടെ കുരയും അനിയന്റെ കരച്ചിലും കേട്ടു.എന്റെ തടി രക്ഷിക്കട്ടെ എന്നു കരുതി ഞാന്‍ അടുത്തു കണ്ട മുറിയിലേക്ക്‌ ഓടിക്കയറി.

അവിടെ ചാരനിരത്തിലുള്ള മുയല്‍ക്കുട്ടികള്‍.അവയെ കണ്ട്‌ കണ്ണെടുക്കും മുമ്പേ നായ അവിടെയെത്തി.എന്റെ മേലെ ചാടിക്കയറാന്‍ തുടങ്ങി.ഞാനുടനെ അവിടെ കണ്ട ജനലില്‍ പിടിച്ചു കയറി.എന്നിട്ടും നായ വിടാന്‍ ഭാവമില്ല.എന്റെ കാലെല്ലാം മാന്തി പറിച്ചു. കരച്ചില്‍ കേട്ട്‌ അവിടുത്തെ ചേച്ചിയും അനിയനും ഓടി വന്നു.(കരയാന്‍ ഞാന്‍ പണ്ടേ മിടുക്കിയാ,ഒരു മുള്ളു കയറിയാല്‍ പോലും ആ പ്രദേശം മുഴുവന്‍ അതു വിളിച്ചറിയിക്കാറുണ്ടായിരുന്നു).അങ്ങനെ അവിടെ നിന്നും രക്ഷപ്പെട്ടു വീട്ടിലെത്തി.

അവിടെ കണ്ടത്‌ നായക്കുട്ടികളാണെന്നും പെറ്റു കിടക്കുന്ന നായയ്ക്ക്‌ അരിശം കൂടുമെന്നുമൊക്കെ വീട്ടില്‍ വന്നപ്പൊഴാണ്‌ അറിഞ്ഞത്‌.വാപ്പ ഉടനെ വന്‍പയര്‍ കടിച്ചു ചവച്ച്‌ മുറിവില്‍ വെച്ചു കെട്ടി.പിറ്റേ ദിവസം ടെറ്റനസ്സിനുള്ള ഇഞ്ചക്ഷനെടുത്തു.അതു കഴിഞ്ഞുള്ള ഒരു മാസം കോഴിയിറച്ചി,കുമ്പളങ്ങ തുടങ്ങി ഒന്നും തിന്നാനും പറ്റിയില്ല.

Labels: