Tuesday, November 07, 2006

മാതൃവിലാപം

വിട പറയാന്‍ മടിച്ചു നില്‍ക്കുന്ന ഇരുട്ടിനെ വകവെയ്ക്കാതെ ഞാന്‍ വേഗം നടന്നു.രാത്രിയില്‍ വിരിഞ്ഞ ഏതോ പൂക്കളുടെ ഗന്ധം അവിടെ തങ്ങി നിന്നിരുന്നു.നടപ്പാതയുടെ അരികിലുള്ള ബഞ്ചിലവര്‍ കൂനിക്കൂടിയിരിക്കുന്നത്‌ ദൂരെ നിന്നേ കാണാം. പാവം തണുക്കുന്നുണ്ടെന്ന് തൊന്നുന്നു. ഉള്ളില്‍ കത്തിയെരിയുന്ന കനലുകളുള്ളപ്പോള്‍ തണുപ്പൊന്നും തന്നെ അലട്ടാറില്ലെന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞതായാണോര്‍മ്മ.
എന്നെ കണ്ടപ്പൊള്‍ അവര്‍ പുഞ്ചിരിച്ചു.കാലം മങ്ങലേല്‍പ്പിക്കാത്ത വെണ്മയേറിയ ചിരി.സംസാരം തുടങ്ങി അധികം കഴിയും മുമ്പ്‌ ആ ചിരി മായുമെന്നെനിക്കറിയാം. ഒരു കയ്യിനാല്‍ എന്റെ ചുമലിലും മറ്റേ കയ്യിനാല്‍ എന്റെ കയ്യിലും പിടിച്ച്‌ ഞങ്ങള്‍ നടന്ന് തുടങ്ങി.പതിവു പോലെ അവരുടെ ഓര്‍മ്മകളോരോന്നും വാക്കുകളായ്‌ പുറത്ത്‌ വന്നു തുടങ്ങി . പ്രായാധിക്യത്താലാണെന്ന് തോന്നുന്നു പലതും പല തവണ പറഞ്ഞ കഥകള്‍.വളരെ കുറച്ചു വാക്കുകളിലൂടെയാണ്‌ അവരുടെ സംസാരമത്രയും.വികാരങ്ങളേറേയും സജലങ്ങളായ കണ്ണുകളിലൂടേയും മുഖത്തെ ചുളിവുകളുടെ വിന്യാസത്തിലുടേയുമാണ്‌ ഞാന്‍ അറിയാറുള്ളത്‌.
മകനെക്കുറിച്ചായിരുന്നു അവര്‍ക്കെപ്പോഴും പറയാനുള്ളത്‌.ചിറകിന്റെ ചൂടിലൊതുക്കി നെഞ്ചിന്റെ കുറുകലാല്‍ താരാട്ട്‌ പാടി അവര്‍ വളര്‍ത്തിയ മകനെ ക്കുറിച്ച്‌;വലുതായപ്പോള്‍ പുതിയ ചക്രവാളങ്ങള്‍ തേടി പറന്നു പോയ മകനെ ക്കുറിച്ച്‌.ഇന്നവനെവിടെയാണെന്ന് അവര്‍ക്കറിയില്ല.ഒന്നറിയാം ലോകത്തിന്റെ കണ്ണില്‍ അവനൊരു പാപിയാണെന്ന്.അധികാരത്തിനു വേണ്ടി പാവങ്ങളെ കുരുതി കൊടുത്ത ദുഷ്ടനാണെന്ന്.
എന്നിട്ടും അവര്‍ അവനെ സ്നേഹിക്കുന്നു.അവന്റെ ചെയ്തികളിലൂടെ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക്‌ വേണ്ടി വിലപിക്കുന്നു.
നാളെ കാണാമെന്ന് പറഞ്ഞ്‌ തിരിഞ്ഞു നടക്കുമ്പോള്‍ വഴിയില്‍ വെളിച്ചം പരന്നിരുന്നു.എന്നിട്ടും മുന്നിലുള്ള പാത ഇരുള്‍ മൂടിയതാണെന്ന് എനിയ്ക്ക്‌ തോന്നിയതെന്തു കൊണ്ടാണ്‌?

Labels:

26 Comments:

Blogger വല്യമ്മായി said...

മാതൃവിലാപം-ഒരു ചെറിയ കഥ ബൂലോഗസമക്ഷം സമര്‍പ്പിക്കുന്നു

11/07/2006 9:52 pm  
Blogger Visala Manaskan said...

"വികാരങ്ങളേറേയും സജലങ്ങളായ കണ്ണുകളിലൂടേയും മുഖത്തെ ചുളിവുകളിലൂടെ വിന്യാസത്തിലുടേയുമാണ്‌ ഞാന്‍ അറിയാറുള്ളത്‌"

അമ്മായി, നന്നായിട്ടുണ്ട്.

11/07/2006 9:56 pm  
Blogger ലിഡിയ said...

വല്യമ്മായീ പെട്ടന്ന് തീര്‍ന്നൂന്ന് തോന്നുന്നു, തുടക്കവും ഒടുക്കവും ക്ലിയര്‍ ആയില്ല, പിന്നെ അവരുടെ സങ്കടം അത്രയ്ക്കങ്ങ് ഹൃദയത്തില്‍ പതിഞ്ഞില്ല..

ആത്മാര്‍ത്ഥമായിട്ടാണ് കേട്ടോ :-)

-പാര്‍വതി.

11/07/2006 10:00 pm  
Blogger കുറുമാന്‍ said...

വല്യമ്മായീ,ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. എഴുത്തുകാരന്‍ അല്ലേ അല്ല. പക്ഷെ വിമര്‍ശിക്കാനെളുപ്പം എന്നു തോന്നിയതിനാല്‍ പറയട്ടെ, ഇതിലും നന്നാക്കാമായിരുന്നു ഈ തീം. വ്യാപ്തിയില്‍ കുഴിച്ച് വറ്റാത്ത കിണറാക്കാമായിരുന്നതിനെ, റിങ്ങിട്ടിറക്കി അവസാനിപ്പിച്ചപോലെ.

എന്റെ മാത്രം കാഴ്ചപാടാണ് എന്നു കൂടെ പറയട്ടെ

11/07/2006 10:41 pm  
Anonymous Anonymous said...

വല്യമ്മായീ,
ഈ മാതാ‍വ് ബുഷിന്റെയോ മറ്റോ ആണോ...?

11/07/2006 10:46 pm  
Blogger പട്ടേരി l Patteri said...

വല്യമ്മായീ,
ഈ മാതാ‍വ് സീനിയര്‍ ബുഷിന്റെയോ മറ്റോ ആണോ...?
ഈ മീന്‍ ഗ്രാന്റ് മാ ഓഫ് ജൂനിയര്‍ ബുഷ്..
(സോറി ഫോര്‍ ദ ഓഫ്‌ ഉത്തരാധുനികം തലക്കകത്തു കയറ്റില്ല എന്ന വാശിയിമായി നില്ക്കുന്ന തലയുമായി ഞാന്‍ :)

11/07/2006 11:44 pm  
Blogger അനംഗാരി said...

ഒരമ്മയും മകനെത്ര പാപിയായാലും തള്ളിപ്പറയില്ല വല്യമ്മായി. കാക്കക്കും, തന്‍‌കുഞ്ഞ് പൊന്‍‌കുഞ്ഞ്.

11/08/2006 3:18 am  
Blogger സുല്‍ |Sul said...

ആ ഏറ് ശരിക്കങ്ങേറ്റില്ലല്ലൊ അമ്മായി. കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപോകുന്നു.
പക്ഷെ എഴുതിയതെല്ലാം അസ്സലായിട്ടുണ്ട്. ആ പിച്ചിലൊരു പിടിപിടിക്കാരുന്നില്ലെ. എന്തിനാ നിറുത്തിയെ??

-സുല്‍

11/08/2006 8:05 am  
Blogger Rasheed Chalil said...

അതാണ് മാതൃഹൃദയം... അമ്മയുടെ നെഞ്ച്കീറി ഹൃദയവുമായി നടന്ന് പോവുന്ന മകന്‍ എവിടെയോ കാല്‍ തെറ്റിവീണപ്പോള്‍ ആ കയ്യിലിരിക്കുന്ന ഹൃദയം പിടച്ചുവെത്രെ... പണ്ടെങ്ങോ എവിടെയോ കേട്ട കഥ...

മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗ്ഗം, ഒരു വ്യക്തിക്ക് ലോകത്ത് ഏറ്റവും കടപ്പാട് മാതവിനോടാണ്, അവരോട് ‘ഛേ’ എന്ന് പോലും പറയരുത്... ഇതെല്ലാം മാതൃഹൃദയത്തോടുള്ള ബഹുമാനം തന്നെ.

11/08/2006 8:42 am  
Blogger മുസ്തഫ|musthapha said...

നന്നായിരിക്കുന്നു വല്യമ്മായി... ഉള്ളത് മനോഹരമായി പറഞ്ഞിരിക്കുന്നു...

പലരും പറഞ്ഞത് പോലെ കുറച്ചു കൂടെ പറയാന്‍ പറ്റിയ ഒരു തീം ആയിരുന്നു അത്.

11/08/2006 9:39 am  
Blogger ഇടിവാള്‍ said...

സദ്ദാമിന്റെ അമ്മച്ചിയാണോ കരഞ്ഞേ?

മകന്‍ എന്തോ തെറ്റു ചെയ്ത്‌ പോലീസിനെക്കൊണ്ടു പിടിപ്പിച്ച ഒരു ടീച്ചറെ ഓര്‍മ്മ വന്നു.. തികച്ചും വൈരുദ്ധ്യ കഥാപാത്രങ്ങളാണെങ്കിലും..

അല്ലേലും, വടക്കോട്ടു വിളിച്ചാല്‍, കിഴക്കോട്ടു പോകുന്ന സ്വഭാവമല്ലേ.. അതോണ്ടാവും ;)

11/08/2006 9:55 am  
Blogger asdfasdf asfdasdf said...

വല്യമ്മായി, നന്നായിട്ടുണ്ട് തീം. അവതരണത്തില്‍ എന്തോ പന്തികേട് പോലെ.
(അമിട്ടിന്റെ ഇടക്ക് എലിവാണം പോയപോലെ എന്നൊക്കെ എനിക്ക് പറയണമെന്നുണ്ടായിരുന്നെങ്കിലും... ഇല്ല. അങ്ങനെ പറഞ്ഞിട്ടില്ല.)

11/08/2006 10:05 am  
Blogger Siju | സിജു said...

ഇഷ്ടപെട്ടു
ചെറുതായിരിക്കുന്നതു തന്നെയാണ് ഭംഗിയെന്ന് എനിക്ക് തോന്നുന്നു; ഇനിയും വിശദീകരിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ബോറായാനേ..

11/08/2006 10:09 am  
Blogger ശിശു said...

അതെ, നമുക്കു മുന്നിലുള്ള പാത ഇരുള്‍മൂടിയതുതന്നെയാണ്‌, ചിറകിന്റെ ചൂടിലുറക്കി, നെഞ്ചിന്റെ കുറുകലാല്‍ താരാട്ടുപാടി നമ്മളുറക്കിയ നമ്മുടെ പ്രതീക്ഷകളും ഇന്ന് ലോകത്തിനു ശാപമായിമാറുന്ന ആസുരകാല സമസ്യയില്‍, എല്ലാപാതകളും ഇരുള്‍മൂടിയതാകാതെ തരമില്ല. പക്ഷെ,
ഉള്ളില്‍ കത്തിയെരിയുന്ന കനലുകളല്ല വേണ്ടത്‌, ചുട്ടുപൊള്ളിക്കുന്ന സ്‌നേഹമാണ്‌, ഹൃദയത്തിലേക്ക്‌ അരിച്ചിറങ്ങുന്ന സ്‌നേഹം കൊണ്ടുമാത്രമേ നമുക്ക്‌ ലോകത്തില്‍ പാപം വിതച്ചുകൊണ്ടിരിക്കുന്ന അസുരവിത്തുകളെ തിരികെ കൊണ്ടുവരാന്‍ കഴിയൂ.

മുലപ്പാല്‍ നല്‍കി വളര്‍ത്തിയ അമ്മക്ക്‌ അതിനു കഴിയുക തന്നെ ചെയ്യും. തീര്‍ച്ച,

വല്യമ്മായീ, നല്ല തീം.

11/08/2006 10:23 am  
Blogger ഏറനാടന്‍ said...

:)

11/08/2006 10:27 am  
Blogger mydailypassiveincome said...

വല്യമ്മായി,

നന്നായിരിക്കുന്നു ഈ പോസ്റ്റ്. അമ്മയുടേയും മകന്റേയും വികാരവിചാരങ്ങള്‍ നന്നായി ഈ ചെറുപോസ്റ്റില്‍ അവതരിപ്പിച്ചിരിക്കുന്നു.

11/08/2006 11:05 am  
Blogger Kalesh Kumar said...

:(

11/08/2006 12:09 pm  
Blogger സു | Su said...

കഥ ഇഷ്ടമായി. ലോകത്തിന്റെ കണ്ണില്‍ എത്ര പാപി ആയാലും അമ്മയുടെ കണ്ണില്‍ മക്കള്‍ മുത്തുകളാണ്.

11/08/2006 12:44 pm  
Blogger Radheyan said...

തുറന്ന് പറഞ്ഞാല്‍ ജബല്‍ അലി യൂണിയനില്‍ നിന്ന് പുറത്താക്കരുത്.

ഇതൊരു ഫാക്ച്വല്‍ സ്റ്റേറ്റ്മെന്റല്ലേ ആവുന്നുള്ളൂ, അമ്മമാര്‍ ഭൂമിയോളം ക്ഷമയുള്ളവരാമ്മെന്ന സ്റ്റേറ്റ്മെന്റ്. കഥയെവിടെ?ഇതിനകത്ത് അല്‍പ്പം സംഭവം നിറ്യ്ക്കൂ.ഞങ്ങളെപ്പോലുള്ള വിനീത അനുവാചകരെ രസിപ്പിക്കൂ

11/08/2006 12:56 pm  
Blogger Unknown said...

രാത്രി കൂളിങ് ഗ്ലാസ് വെച്ചാല്‍ പിന്നെ കണ്ണ് കാണ്വോ അമ്മായീ........ :-)

11/08/2006 6:56 pm  
Blogger വേണു venu said...

ഗാന്ധാരീ വിലാപം പോലെ.:)

11/08/2006 7:52 pm  
Blogger ഹേമ said...

കഥ ഇഷ്ടമായി. പഴയതെങ്കിലും.
- സിമി

11/09/2006 8:18 am  
Anonymous Anonymous said...

കഥ നന്നായി എന്നു ഞാന്‍ പറയുന്നില്ല. എങ്കിലും കൊള്ളാം. ഇനിയും കഥകള്‍ വായിച്ച് ക്രാഫ്ട് കണ്ടെത്തേണ്ടിയിരിക്കുന്നു.

ചില വാക്യങ്ങള്‍ കഥയിലേക്ക് എത്തിനോക്കിയെങ്കിലും ചിലപ്പോളൊക്കെ കഥ പറച്ചിലില്‍ ഒഴുക്ക് വന്നില്ല.
തീവ്രമായ വേദനയുള്ള അമ്മയുടെ ഒരു പാട് കഥ കള്‍ നമുക്ക് ഇന്നുണ്ട്. ഇല്ലേ...

ആദ്യ വായനയില്‍ ചില കല്ലുകടി തോന്നിയെങ്കിലും വീണ്ടും വായിച്ചു. പുതിയ വാക്യങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. എങ്കില്‍ നമുക്ക് ക്ലീഷെ ഒഴിവാക്കാമയിരുന്നു.
വായനയുടെ ഒരു അഭാവം മുഴച്ചു നില്‍ക്കുന്നില്ലേന്ന് ഞാന്‍ സംശയിക്കുന്നു. എല്ലാ ബ്ലോഗ് കഥകളും പോലെ.

കഥയിലെ പുലര്‍ച്ചയും കൂനിക്കൂടിയ ആളുകളും തണുപ്പും നമ്മള്‍ ഒരുപാട് കഥകളില്‍ വായിച്ചതിനാല്‍ വായനക്കാരന് ചിലപ്പോള്‍ മടുപ്പ് തോന്നിയേക്കാം.

എന്തൊക്കെയാണെങ്കിലും തുടക്കം മോശമായില്ല.
സ്നേഹത്തോടെ
രാജു

11/09/2006 4:48 pm  
Blogger thoufi | തൗഫി said...

വല്ല്യമ്മായീ,കാണാനിത്തിരി വൈകി
നൂറുകൂട്ടം പ്രതീക്ഷകളുമായി വളര്‍ത്തിവലുതാക്കുന്ന മക്കള്‍,ഒടുവില്‍ ചിറകുമുളക്കുമ്പോള്‍ പുതിയ തീരം തേടി പറക്കുന്നു.നിറമുള്ള ഒത്തിരിയൊത്തിരി സ്വപ്നങ്ങള്‍ മക്കള്‍ക്കായി നെയ്തുകൂട്ടുമ്പോഴും മക്കള്‍ അവരറിയാതെ പുതിയ സങ്കേതത്തെ പുണരുകയാവും.മക്കള്‍ തങ്ങളേക്കാള്‍ വളര്‍ന്നുവെന്നു തിരിച്ചറിയുമ്പോള്‍ ഏതൊരു മാതൃഹൃദയവും തേങ്ങും.കിനാവുകളില്‍ കനലെരിയുമ്പോഴും അവരുടെ മനം മക്കള്‍ക്കായി തുടിക്കുന്നുണ്ടായിരിക്കും.അവരുടെ കണ്ണ്ണിലെപ്പോഴും ആ കുസൃതിച്ചിരിയും കാതില്‍ ആദ്യത്തെ കരച്ചിലും..ഗര്‍ഭപാത്രത്തെ തള്ളിപ്പറയുന്ന മക്കള്‍,എന്നിട്ടും കേള്‍ക്കുന്നില്ലല്ലൊ,ഈ മാതൃവിലാപം

11/09/2006 5:43 pm  
Blogger yetanother.softwarejunk said...

വല്യമ്മായേയ്...

തകര്‍പ്പനാണ്ണലോ ഓരോ പതിപ്പുകളും.
യു.ഏ.ഈ യിലെ ബൂലോഗ ക്ലബ്ബ് പോലെ നമ്മള്‍ തൃശ്ശൂര്‍കാര്‍ക്ക് ഒരു ബ്ലോഗ് അങ്ങട്ട് ചാമ്പ്യാലോ ;-)

11/09/2006 6:50 pm  
Blogger വല്യമ്മായി said...

മീറ്റുകള്‍ക്കിടയില്‍ ഇവിടെ ഒരു മറുകുറിപ്പീടാന്‍ മറന്നു. വായിച്ച് അഭിപ്രായം പറഞ്ഞ വിമര്ശിച്ച തെറ്റു ചൂണ്ടി കാണിച്ചു തന്ന വിശാലേട്ടന്, പാര്വ്വതി, കുറുമാന്‍,വിഷ്ണു പ്രസാദ്,പട്ടേരി, അനംഗാരി, സുല്‍,ഇത്തിരി,അഗ്രജന്‍,ഇടിവാള്,കുട്ടമ്മേനോന്‍,സിജു,ശിശു,ഏറനാടന്,മഴത്തുള്ളി,കലേഷ്,സൂ ചേച്ചി,രാധേയന്‍,ദില്ബു,വേണു,സിമി,ഇരിങ്ങല്‍,മിന്നാമിനുങ്ങ്, ജങ്ക് എല്ലാവര്ക്കും  നന്ദി.കമന്റുകളിലൂടേയും മെയിലിലൂടേയും ലഭിച്ച ഈ അഭിപ്രായങ്ങളിലൂടെ ഒരു പടി കൂടെ മുന്നോട്ട് പോകാന്‍ കഴിഞ്ഞെങ്കിലെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

11/18/2006 1:15 pm  

Post a Comment

<< Home