Thursday, May 29, 2008

Content theft by Kerals.com

I have found that kerals.com has published my poems and articles originally posted in this blog without my permission.I hereby express my strong objection to it.കേരള്‍സ്.കോമിന്റെ നിരുത്തരവാദപരമായ ഈ മോഷണത്തിനെതിരെ ഞാനും പ്രതിഷേധിക്കുന്നു.

Labels:

Tuesday, May 20, 2008

ചേതന്‍ ഭഗത്തിന്റെ രണ്ട് നോവലുകള്‍

ആല്‍ക്കെമിസ്റ്റിനു ശേഷം ഞാന്‍ മുഴുവനായി വായിച്ച രണ്ട് ഇംഗ്ലീഷ് നോവലുകളാണ് ചേതന്‍ ഭഗതിന്റെ one night at the call center ഉം Five point someone What not to do at IIT ഉം.
ഇന്നത്തെ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതിനിധികള്‍ എന്നുപറയാവുന്ന കാള്‍സെന്റര്‍ ജീവനക്കാരായ കുറച്ച് ചെറുപ്പക്കാരുടെ കഥയാണ് കാള്‍സെന്ററില്‍ ഒരു രാത്രി എന്ന നോവലില്‍ ശ്യാമെന്ന ചെറുപ്പക്കാരന്റെ മനസ്സിലൂടേയും കണ്ണിലൂടെയും നമ്മള്‍ വായിച്ചെടുക്കുന്നത്.

ജീവിതത്തില്‍്‍ പരാജയപ്പെട്ടു എന്ന് കരുതുന്ന സന്ദര്‍‌ഭത്തില്‍ ദൈവവുമായുണ്ടാകുന്ന ഒരു സംഭാഷണം അവരുടെ ജീവിത വീക്ഷണങ്ങള്‍ എങ്ങന്നെ മാറ്റിമറിച്ചു എന്നതാണ് നോവലിലെ പ്രതിപാദ്യം.ഉയര്‍ന്ന ശമ്പളത്തിനും മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി സ്വന്തം പേരു പോലും ക്ലയന്റിന് അടിയറവ് വെക്കേണ്ട ഒരു തലമുറയുടെ ഗതികേട് തുറന്ന് കാട്ടുന്നതിനോടൊപ്പം നമ്മുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ സാഹചര്യങ്ങളേയും കഴിവുകളേയും എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ചേതന്‍ വിവരിക്കുന്നു.
പച്ചാന‌യാണ് എനിക്കീപുസ്തകം പരിചയപ്പെടുതിയത്.ഭാവിയെ ആശ്ചര്യത്തോടും ആശങ്കയോടും കൂടി നോക്കി കാണുന്ന പുതുതലമുറയ്ക്ക് ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാന്‍ ഈ പുസ്തകംകുറച്ചെങ്കിലും സഹായകമാകുമെന്നാണെന്റെ വിശ്വാസം.

മൂന്ന് ചെറുപ്പക്കാരുടെ ഐ.ഐ.ടി പഠനകാലമാണ് ഫൈവ് പോയന്റ് സം വണ്‍ എന്ന നോവലിലെ പ്രതിപാദ്യം.മാര്‍ക്കില്‍ മാത്രം നമ്മുടെ കഴിവുകളെ അളക്കുന്ന പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ ന്യൂനതകള്‍ എടുത്തു കാണിക്കുന്നതോടൊപ്പം പരീക്ഷാവിജയത്തിനും വൈറ്റ്കോളര്‍ ജോലിക്കും കൊടുക്കുന്ന പ്രാധാന്യം നമ്മുടെ ജീവിതമൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതെങ്ങനെ എന്നുകൂടി വിവരിക്കുന്നു.

കുട്ടികളോട് "നീ പഠിച്ച് വലിയൊരാളകണം" എന്നു പറയുന്ന ഏത് മാതാപിതാക്കളും അവരെ നല്ല മനുഷ്യന്‍ കൂടി ആക്കി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും നോവല്‍ തുറന്ന് കാട്ടുന്നു.

ചേതന്‍ ഭഗത്തിന്റെ മൂന്നാമത്തെ നോവല്‍ ഈയിടെ പുറത്തിറങ്ങി,അത് വായിക്കാനായി കാത്തിരിക്കുകയാണ് ഞാനും പച്ചാനയും.

Labels:

Tuesday, May 06, 2008

ബാറ്ററി സാന്റ്വിച്ച്

പണ്ട് ജോലിചെയ്തിരുന്ന കണ്‍സള്‍ട്ടിങ്ങ് കമ്പനിയിലെ സഹപ്രവര്‍‌ത്തകരൊത്ത് ജബല്‍‌അലിയിലെ സൈറ്റിലേക്കുള്ള യാത്രമദ്ധ്യേയാണ് ഞാനാദ്യമായി അവിടെ പോയത്.അവിടെ എന്നു പറഞ്ഞാല്‍ മസായ സെന്ററിനു ശേഷം ഷെയ്ക്ക് സായിദ് റോഡിന്റെ അരികിലായുണ്ടായിരുന്ന പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള കഫെറ്റീറിയയില്‍.സൈറ്റ് ഇന്‍സ്പെക്ഷന്‍ ഉള്ള ദിവസങ്ങളില്‍ അവിടത്തെ സാന്റ്വിച്ചും ചായയുമായി പ്രാതല്‍.ചെറിയ കടയായിരുന്നെങ്കിലും യാത്രക്കാരുടെ നല്ല തിരക്കായിരുനു അവിടെ.

ഇങ്ങോട്ട് ജോലിയും താമസവും മാറ്റിയിട്ടും ദുബായില്‍ പോയി വരുന്ന അവസരങ്ങളിലൊക്കെ അവിടെ കയറാറുണ്ടായിരുന്നു.അഞ്ച് വര്‍ഷം മുമ്പ് ഒരിക്കല്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ ആജു ഭയങ്കര ബഹളം,ബാറ്ററി സാന്റ്വിച്ച് കഴിക്കണമെന്ന് പറഞ്ഞ്.പെട്ടെന്ന് ഇതേതുകടയാണെന്ന് എനിക്ക് മന്നസ്സിലായില്ലെങ്കിലും അവന്‍ പറഞ്ഞ എക്സിറ്റിലൂടെ വണ്ടിയെടുത്ത് ഈ കഫറ്റീരിയയുടെ മുമ്പിലെത്തിയപ്പോഴാണ് അതിന്റെ എനര്‍ജൈസര്‍ ബാറ്ററിയുടെ പരസ്യത്തോടെയുള്ള സൈന്‍ ബോര്‍‌ഡ് ശ്രദ്ധിച്ചത് തന്നെ.

രണ്ട് വര്‍ഷം മുമ്പ് ഇതുപോലൊരു മെയ് ആറിനു ബാറ്ററി സാന്റ്വിച്ച് ഓര്‍ഡര്‍ ചെയ്തത് കൊണ്ടു വന്ന് തന്നത് ആ കടയുടെ മുതലാളിയായിരുന്നു,
"എനിക്കറിയാം നിങ്ങളിവിടത്തെ സ്ഥിരം കസ്റ്റമറാണെന്ന്,ഇന്നീ കടപൂട്ടുകയാണ്,പമ്പും ഈ കെട്ടിടവും പൊളിച്ചു പണിയുകയാണ്.പുതിയ ബില്‍ഡിങ്ങില്‍ ഹര്‍ദീസോ മക്ഡോണാള്‍ഡ്സോ ആയിരിക്കും"

"നിങ്ങളുടെ പുതിയ കട എവിടെയായിരിക്കും"

"വെറെ സ്ഥലമൊന്നും കിട്ടിയിട്ടില്ല, നല്ല വാടക, അതുമല്ല അമ്പതോളം പണിക്കാറുണ്ട് ഇവിടെ,അവര്‍ക്കൊക്കെ ജോലി കൊടുക്കണമെങ്കില്‍ നല്ല കച്ചോടമുള്ള ഏരിയയില്‍ തന്നെ വേണം,നോക്കട്ടെ, സ്പോണ്‍സറോട് ഒരു മാസത്തെ സമയം ചോദിച്ചിട്ടുണ്ട്"

നല്ലത് ആശംസിച്ച് പിരിയുമ്പോള്‍ അയാളൂടെ ഭാവി മാത്രമല്ല മനസ്സിലെ ആശങ്ക,രണ്ടര ദിര്‍ഹത്തിന് ഒരു നേരത്തെ ഭക്ഷണം കഴിച്ചിരുന്ന ഒരുപാട് ഡ്രൈവര്‍മാര്‍,വഴിയാത്രക്കാര്‍ , അവര്‍ക്കൊക്കെ ഇനി ഹര്‍ദീസും മക്ഡോണാള്‍ഡ്സും.

Labels:

Thursday, May 01, 2008

ചന്ദ്രന്‍ അഥവാ ...

"മാങ്ങാ അച്ചാര്‍(തെക്കെപ്പുറത്തെ മൂവാണ്ടന്‍ മാവിന്റെ)"
"ചക്ക വറുത്തത്(തൊഴുത്തിന്റെയടുത്തുള്ള പ്ലാവിലുണ്ടായതാ)"
"ചക്ക വരട്ടിയത് ഇത് ചന്ദ്രികേച്ചിയുടെ പ്ലാവ്‌മ്മേ ഉണ്ടായതാ"

നാട്ടില്‍ നിന്നു കൊണ്ടു വന്ന സാധങ്ങളൊക്കെ ബാഗില്‍ നിന്നെടുത്ത് മേശപ്പുറത്ത് നിരത്തുകയാണ് നാത്തൂന്‍. കരൂപ്പാടത്തെ പറമ്പുകളില്‍ വിളഞ്ഞത് പോരാഞ്ഞ് മുളക്പൊടി,മല്ലിപ്പൊടി തുടങ്ങി ചിറക്കലങ്ങാടി മുഴുവനും ഒരു ബാഗിലാക്കി കൊടുത്തയച്ചിട്ടുണ്ട് വാപ്പ.പക്ഷെ സാധനങ്ങളെല്ലാം എടുത്ത് വെച്ച് ബാഗ് കാലിയായപ്പോഴും എന്തോ ഇനിയും ബാക്കിയുണ്ടല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്.നാലു മാസം മുമ്പ് വാപ്പ വന്നപ്പോഴും ആഗസ്റ്റില്‍ ഞങ്ങള്‍ നാട്ടില്‍ നിന്ന് വന്നപ്പോഴും കൊണ്ടു വന്ന സാധങ്ങളുടെ ഇടയില്‍ ഇതേ മിസ്സിങ്ങ് അനുഭവപ്പെട്ടിരുന്നു.

അത് വേറൊന്നുമായിരുന്നില്ല ,മുപ്പത് വര്‍ഷം മുമ്പ് അവിടെ താമസമാക്കിയതു മുതല്‍ ഞങ്ങളുടെ സ്ഥിര വിഭവവും പലരുടെ കൂടെ കടല്‍ കടന്നതുമായ പപ്പടം, പപ്പട ചന്ദ്രന്‍ കൊണ്ടു വന്നിരുന്ന പപ്പടം.

വീട്ടിലുണ്ടാക്കിയ പപ്പടം കൊണ്ടു നടന്ന് വിറ്റിരുന്നത് കൊണ്ടാകാം ചന്ദ്രന്‍ ,പപ്പട ചന്ദ്രന്‍ എന്നറിയപ്പെട്ടിരുന്നത്. ഇരു നിറത്തില്‍ മെലിഞ്ഞ് തോളത്ത് സഞ്ചിയും തൂക്കി ദൂരെ നിന്നേ ബീഡിക്കറ പുരണ്ട ചിരിയുമായാണ് വൈകുന്നേരങ്ങളില്‍ മൂപ്പരുടെ വരവ്. അഞ്ചാറു കിലോ തൂക്കമുള്ള പപ്പട സഞ്ചിയുടെ ഭാരത്താല്‍ ഒരു വശത്തേക്ക് ചെരിഞ്ഞായിരുന്നു നടപ്പ്.

സഞ്ചിയില്‍ നിന്ന് പപ്പടമെടുക്കുന്നതിനിടെ ചെറിയൊരു വിക്കലോടെ വീട്ടു വിശേഷങ്ങളൊക്കെ ഉമ്മയോട് പറയും.വിക്കുന്ന കേട്ട് വീട്ടിലെ ജോലിക്കാരെങ്കിലും ചിരിക്കുന്നുവെന്ന് തോന്നിയാല്‍ പിന്നെ ഇത്തിരി ഗൗരവം കലര്‍ത്തിയാകും വിശേഷം പറച്ചില്‍. ഗള്‍ഫിലേക്കാരെങ്കിലും പോകുന്നുവെന്നറിഞ്ഞാല്‍ സ്പെഷ്യല്‍ പപ്പടവുമായിട്ടാണ് വരിക.

വേലായുധനും പൊരിക്കാരിക്കും പിറകെ പരിചയപ്പെടുത്താനിരുന്നതായിരുന്നു പപ്പട ചന്ദ്രനെ,നാട്ടില്‍ പോകുമ്പോള്‍ ഒരു ഫോട്ടോയെടുത്ത് അതിനോടൊപ്പം പോസ്റ്റ് ചെയ്യാമെന്ന അതിമോഹം നടന്നില്ല,ചന്ദ്രന്‍ വരാറില്ലേ എന്ന അന്വേഷണത്തിന് വയ്യാതെ കിടപ്പിലാണ് എന്നാണ് മറുപടി കിട്ടിയത്.പിന്നെ ഇക്കഴിഞ്ഞ ഡിസംബറില്‍ ഒരു ദിവസം നാട്ടിലേക്ക് വിളിച്ചപ്പോ അതും കേട്ടു,ഒരു ഗ്രാമത്തിന്റെ മുഴുവന്‍ നാവിന്‍‌ തുമ്പില്‍ കണ്ണീരുപ്പ് ബാക്കിയാക്കി ചന്ദ്രന്‍ പോയെന്ന്.

Labels: