Friday, September 01, 2006

അനിക്കുട്ടന്‍ ദുബായിലാ

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ്‌ സരസ്വതിയെന്നെ കാണാന്‍ വന്നത്‌.കുട്ട്യേ എന്നുള്ള പഴയ ആ വിളി കേട്ടപ്പോള്‍ സാധാരണ നാട്ടില്‍ പോകുമ്പോള്‍ കൊടുക്കാറുള്ള കൈമടക്ക്‌ വാങ്ങാന്‍ വന്നതായിരിക്കും എന്നാണ്‌ ഞാന്‍ കരുതിയത്‌.

"എന്താ സരസ്വതിയെ വര്‍ത്തമാനങ്ങള്‍"
"ഇങ്ങനെ പോകുന്നെന്റെ കുട്ട്യേ,പിന്നെ അനിക്കുട്ടനിപ്പോ ദുബായിലാ"

(സരസ്വതിയുടെ മുണ്ടിന്മേല്‍ തൂങ്ങി കുടുക്കില്ലാത്ത ട്രൗസര്‍ മുരുക്കി കുത്തി മൂക്കൊലിപ്പിച്ചു നില്‍ക്കുന്ന ആ ഈര്‍ക്കില്‍ രൂപമാ എന്റെ മനസ്സില്‍ വന്നത്‌)

"പോയിട്ടിപ്പോ മൂന്ന് മാസമായി",സരസ്വതി തുടര്‍ന്നു.
"അവനവിടെ പണിയൊക്കെയായോ"
"പണിയൊക്കെ ആയി,രണ്ട്‌ തവണ പൈസയും അയച്ചു,അതിനെങ്ങന്യാ ന്റെ കുട്ട്യെ,അവനിപ്പൊള്‍ കയ്യീ പിടിക്കണ ഫോണ്‍ ഒക്കെ വാങ്ങി നടക്ക്വല്ലെ,കുട്ടി തിരിച്ച്‌ ചെന്നാല്‍ അവനെ പോയൊന്ന് കാണണം.കണ്ണീ കണ്ട കുന്ത്രാണ്ടങ്ങളൊക്കെ വാങ്ങി പൈസ കളയണ്ടാന്ന് പറഞ്ഞു കൊടുക്കണം"
"ചെന്നാലുടനെ ഞാന്‍ അവനെ പോയി കണ്ടോളാം." ഞാന്‍ സരസ്വതിയെ സമാധാനിപ്പിച്ചു.

ഒരു മാസത്തെ അവധി കഴിഞ്ഞ്‌ തിരിച്ച്‌ പോരുന്നതിന്റെ തലേന്ന് സരസ്വതി വീണ്ടും വന്നു;മകനുള്ള കത്തുമായി.

ഇവിടെയെത്തി ആദ്യത്തെ വെള്ളിയാഴ്ച തന്നെ ഞാന്‍ അനിയെ വിളിച്ചു.
"ഞാനിപ്പോള്‍ പണിയിലാണ്‌.ചേട്ടന്‍ ഇവിടെ എത്തുമ്പോള്‍ വിളിച്ചാല്‍ മതി,ഞാന്‍ പുറത്തിറങ്ങി വരാം.”

അനിക്കുട്ടന്‍ പറഞ്ഞ ഹോട്ടലിന്റെ മുന്നില്‍ കാര്‍ പാര്‍ക്ക്‌ ചെയ്ത്‌ ഞാനവനെ വിളിച്ചു.രണ്ട്‌ നിമിഷത്തിനുള്ളില്‍ അവനെന്റെ മുന്നിലെത്തി.
"എന്തൊക്കെയുണ്ട്‌ അനിക്കുട്ടാ വിശേഷങ്ങള്‍,എങ്ങനെയുണ്ട്‌ പണിയൊക്കെ".
"രാവിലെ പത്ത്‌ പണി മുതല്‍ പാതിരാത്രി മൂന്ന് മണി വരെയാണ്‌ ജോലി.ഹോട്ടലിലെ കിച്ചണില്‍."
"ഒഴിവുള്ളപ്പോള്‍ നീയെന്റെ റൂമിലേക്ക്‌ വായോ".ഞാന്‍ യാത്ര ചോദിച്ച്‌ കൊണ്ട്‌ പറഞ്ഞു.
"ഹോട്ടലില്‍ പണിയുള്ള എനിക്കെന്ത്‌ ഒഴിവാ;അമ്മേനെ ഇനി കൂലി പണിയ്ക്ക്‌ വിടേണ്ടല്ലൊ എന്നു കരുതീട്ടാ;അത്രയ്ക്ക്‌ ചൂടാ അതിന്റെയുള്ളില്‌"
"ഒക്കെ ശരിയാവോടാ" അവന്റെ പുറത്ത്‌ തട്ടി ഞാന്‍ പറഞ്ഞു.

തിരിച്ച്‌ നടക്കുമ്പോള്‍ അവന്‍ എന്റെ കൈ പിടിച്ചു,"ചേട്ടാ,ഇതൊന്നും നാട്ടിലാരും അറിയേണ്ട;ഞാനിവിടെ നല്ല സുഖമായിട്ടിരിക്കുന്നു എന്നാ അമ്മ കരുതിയിരിക്കുന്നത്‌,അവരെങ്കിലും സമാധാനമായിരിക്കട്ടെ"

നിറഞ്ഞ ആ കണ്ണുകള്‍ കണ്ടില്ല എന്ന് നടിച്ച്‌ ഞാന്‍ തിരിഞ്ഞ്‌ നടന്നു.

Labels:

34 Comments:

Blogger വല്യമ്മായി said...

അനിക്കുട്ടന്‍ ദുബായിലാ-ഞാനെഴുതിയ പുതിയ കഥ.

വായിച്ച് അഭിപ്രായം പറഞ്ഞാലും.

9/01/2006 10:46 am  
Blogger ശ്രീജിത്ത്‌ കെ said...

എഴുത്ത് നന്നായി. പക്ഷെ കഥയുടെ കാതല്‍ ഒരുപാട് കേട്ടതായത് കൊണ്ട് അത്ര സുഖായില്ല. ഗള്‍ഫുകാരെപ്പറ്റി എവിടെ ആര് എന്ത് കഥ പറഞ്ഞാലും, ഈ ഒരു തീം തന്നെ.

9/01/2006 10:56 am  
Blogger ഇത്തിരിവെട്ടം|Ithiri said...

നന്നായിട്ടുണ്ട്. പിന്നെ എല്ലാ ഗള്‍ഫുക്കരും(പ്രവാസി എന്ന് മനപൂര്‍വ്വം ഒഴിവാക്കിയതാ) ഇതുപോലെ. അത് കൊണ്ടായിരിക്കും നട്ടില്‍ ചെന്നാല്‍ ഇവിടെ അറബിവീട്ടില്‍ എച്ചിലെടുക്കുന്നവനും ബൂര്‍ഷ്വാ ആവുന്നത്. കാശുള്ളപ്പോള്‍ എല്ലാവര്‍ക്കും ആവശ്യമുള്ള എന്നാല്‍ എല്ലാം കഴിഞ്ഞ മടക്കയാത്രയില്‍ ആര്‍ക്കും വേണ്ടാത്ത ഒരു പാഴ്വസ്തുവായി പലപ്പോഴും പ്രവസി മാറുന്നു.

ശ്രീജിത്തേ ഇവിടെ ജീവിക്കുന്ന അവേറേജ് മലയാളികള്‍ അനുഭവിക്കുന്ന ദുഃഖം. ഞാനും ഒത്തിരികേട്ടതാണ്. എന്നിട്ടും കേള്‍ക്കുമ്പോള്‍ ഒരു സുഖം. മറ്റൊന്നും കൊണ്ടല്ല. ഞാനും ഒരു പ്രവാസിയല്ലേ.

9/01/2006 11:13 am  
Blogger viswaprabha വിശ്വപ്രഭ said...

അതങ്ങനെയേ വരൂ ശ്രീജിത്തേ, ഇത്തരം കഥയൊക്കെ കേള്‍ക്കാന്‍ സുഖം കുറയും. പെട്ടെന്നു മടുപ്പും വരും.

എല്ലാ തീക്കനലിനും ചൂട് ഒരേ സ്റ്റൈലിലാണ്. അതറിയണമെങ്കില്‍ ഒന്നു സ്വയം പൊള്ളിനോക്കണം. ആ മടുപ്പ് സ്വയം അറിയണം.


ഇന്നലെ അലി നാട്ടില്‍ പോയി. ഒന്നും രണ്ടും കിലോമീറ്റര്‍ തീപോലത്തെ വെയിലില്‍ കൈനിറച്ചും പാര്‍സല്‍ ഭക്ഷണപ്പൊതികളുമായി വീടുവീടാന്തരം വന്നുപോയിരുന്ന അലി ഇന്നലെ നാട്ടില്‍ പോയി.

മൂന്നുവര്‍ഷം മുന്‍പാണ് ഇവിടെ വന്നത്. അറബിക് ഭാഷയില്‍ MA എടുത്തിരുന്നു. ഹിന്ദിയുടെ അറബി MAക്ക് ഈജിപ്ഷ്യന്റെ ‘തറ-പറ’യുടെ അത്രപോലും വിലയില്ല. വീട്ടില്‍ ഇളയപെങ്ങന്മാര്‍ ഇഷ്ടം പോലെയുണ്ടെന്നും വാപ്പയും ഉമ്മയും ദീനകാരാണെന്നും വിശേഷാല്‍ പറയേണ്ടല്ലോ. അകന്ന വകയിലൊരമ്മാവന്‍ ഒരു പൊറോട്ടചപ്പാത്തിബീഫുകീമ ചായക്കട തുടങ്ങിയപ്പോള്‍ അലിയേയും കൊണ്ടുവന്നു.അത്രയെങ്കിലും അല്‍ഹംദുലില്ല!

രാവിലെ 7 മുതല്‍ രാത്രി 2 വരെ ജോലി. ചിലപ്പോള്‍ ഉച്ച തിരിഞ്ഞ് ഒരു മണിക്കൂര്‍ പൂച്ചയുറക്കം തരമാവും.ഹോട്ടലല്ലേ, ഭക്ഷണം കുശാലല്ലേ?
മാസാവസാനം മുതലാളി അലിയുടെ വാപ്പച്ചിക്ക് 3000 രൂഭായുടെ ഡ്രാഫ്റ്റ് അയച്ചുകൊടുക്കും.

അലിക്കെന്തിനാ പൈസ?


ഒഴിവുദിവസം?

ഓ,ഒഴിവുദിവസം! ഇല്ല, ഒരൊറ്റ നാള്‍ പോലും ഇല്ലാതെ മൂന്നു കൊല്ലം!

വകയിലെ അമ്മാവനു ചായക്കട നടത്തിപ്പ് ജീവിതത്തിലെ ഏറ്റവും മുഷിഞ്ഞ ഒരനുഭവമായി. പൊളിഞ്ഞു മുങ്ങാറായപ്പോള്‍ വേറൊരാള്‍ക്കു വിറ്റു. വിറ്റതില്‍ ഏറ്റവും വിലപിടിപ്പുണ്ടായിരുന്നത് മൂന്നാല് വിസകളായിരുന്നു.

പുതിയ ആള്‍ അലിയോടു സൌമ്യമായി പറഞ്ഞു:“മോനേ, നീ നാട്ടില്‍ പൊയ്ക്കോ”
അങ്ങനെ അലി ഇന്നലെ നാട്ടില്‍ പോയി.

കടയുടെ അയല്‍‌വാസികള്‍, അലിവുള്ളവര്‍ കുറേ പേര്‍ ചേര്‍ന്ന് അലിയ്ക്ക് വിമാനത്തിനുള്ള വണ്ടിക്കൂലി പിരിച്ചുകൊടുത്തു.
അല്‍ ഹംദുലില്ലാ!
അവസാനം അലി നാട്ടിലെങ്കിലും പോയി!

വെറും തനിയാവര്‍ത്തനം, അല്ലേ?

9/01/2006 11:32 am  
Blogger സു | Su said...

വല്യമ്മായീ,
കുറേയേറെ കേട്ടതാണെങ്കിലും കഥയ്ക്ക് മടുപ്പില്ല. ഒരുപക്ഷെ പലരുടേയും ജീവിതത്തിനു നേരെ പിടിച്ച കണ്ണാടി ആയതുകൊണ്ടാകും. ജീവിക്കാനുള്ള പെടാപ്പാട് പക്ഷെ, നാട്ടുകാരും വീട്ടുകാരും മനസ്സിലാക്കുന്നില്ല. അല്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍ സുഖം പോലെ, ദുഃഖവും പങ്കിടാന്‍ ആരും തയാറാവാത്തതാണ്, പലരും സത്യം മറച്ച്‌വെച്ച് ഒതുങ്ങിക്കൂടാന്‍ ഒരു പരിധി വരെ കാരണം.

9/01/2006 12:10 pm  
Blogger അരവിന്ദ് :: aravind said...

കഥ നന്നായി.
“ചേട്ടാ,ഇതൊന്നും നാട്ടിലാരും അറിയേണ്ട“
ചേച്ചീ എന്നായിരിക്കും ഉദ്ദേശിച്ചത് അല്ലേ?

9/01/2006 2:10 pm  
Blogger പാര്‍വതി said...

വിശന്നവന്റെ വേദനയും,ഉള്ള് മുറിയുമ്പോളും പുറമേ സന്തോഷിക്കുന്നവന്റെ വേദനയും ഒക്കെ എത്ര പറഞ്ഞാലും മടുക്കാത്ത, ഓരോ പ്രാവശ്യവും നൊമ്പരപെടുത്തുന്ന കഥകളാണ്..

നല്ല കഥ,അനിയെ പോലെ ഒരു പാട് പേരെ അറിയാം,ജീവിത്തത്തില്‍ എപ്പോഴെങ്കിലും സന്തോഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമില്ലേ..

-പാര്‍വതി.

9/01/2006 2:17 pm  
Blogger ikkaas|ഇക്കാസ് said...

വെല്യാന്റീ, ഈ കഥയും നന്നായി. കമന്റുകളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഇതിലും നല്ലതൊരെണ്ണം പെട്ടെന്നഴുതൂ.. കമോണ്‍, ക്വിക്ക്..

9/01/2006 2:59 pm  
Blogger പടിപ്പുര said...

അടിക്കുറിപ്പ്‌

ഡിഗ്രിയും പോസ്റ്റ്‌ ഗ്രാജ്വേഷനും കഴിഞ്ഞ്‌ ഒരു 'പണിയും തൊരവുമില്ലാതെ നടക്കുന്ന കാലം'. ഒരു വൈകുന്നേരം 30ത്‌ പൈസയുടെ ഒരു സിസ്സറും വാങ്ങി പോക്കറ്റിലിട്ട്‌ അമ്പലപ്പറമ്പിലേയ്ക്‌ നടക്കുമ്പോള്‍ ഒരു മാരുതി എസ്റ്റീം (അന്നത്‌ പുപ്പുലി) അരികില്‍ ഒഴുകി വന്നു നിന്നു. ഠാ മനോജാാാ.. കറുത്ത കണ്ണട, ചൈനീസ്‌ സില്‍ക്ക്‌ ജുബ്ബ, അത്തറിന്റെ അതിഗംഭീര മണം തുടങ്ങി സകലമാന ആഡംഭരവുമായി ഒരു ആജാനബാഹു ഇറങ്ങി വന്ന് ചിരിക്കുന്നു.

ആറാം ക്ലാസില്‍ വിദ്യാഭ്യാസം മതിയാക്കി ബോംബെയിലേയ്കും അവിടുന്ന് ഗള്‍ഫിലേയ്ക്കും കുടിയേറിയെന്ന് കേട്ട പഴയ യു.പി സ്കൂള്‍ സുഹൃത്ത്‌ അബ്ദുള്ള!

വീട്‌ വച്ചു, നാലു പെങ്ങമ്മാരെ കെട്ടിച്ചു, രണ്ട്‌ അനിയന്മാരെ ഗള്‍ഫിലെ കച്ചവടമൊക്കെ നോക്കിനടത്താന്‍ കൂടെ കൂട്ടി...

അതിനിടയ്ക്കെപ്പോഴോ പറഞ്ഞു, "സ്റ്റാര്‍ട്ടിംഗില്‍ 'ഇത്തര' കഷ്ടപ്പെട്ടു"

പിരിയാന്‍ നേരം ഞാന്‍ പറാഞ്ഞു, നിന്റെ ബാദ്ധ്യതകളൊക്കെ കഴിഞ്ഞല്ലാ, ഇനിയൊരു കല്ല്യാണമൊക്കെ കഴിക്കാന്‍ നോക്ക്‌.

അവന്റെ മറുപടി കേട്ട്‌ ഞാന്‍ തരിച്ചു നിന്നു-
"കല്ല്യാണമൊക്കെ ആ തിരക്കിനിടയില്‍ കഴിഞ്ഞു, മൂന്ന് കുഞ്ഞങ്ങളുമായി.."

9/01/2006 3:20 pm  
Anonymous Anonymous said...

Nannayittundu . Ithil kooduthalonnum parayan enikkariyilla.

Onaashamskal

9/01/2006 5:11 pm  
Blogger അരവിശിവ. said...

കഥ നന്നായി....മനസ്സിനെ സ്പര്‍ശിച്ചു...

9/01/2006 6:26 pm  
Blogger കുട്ടന്മേനൊന്‍::KM said...

വല്യമ്മായിയെ.. കഥ അല്ല ജീവിതം എഴുതിയത് നന്നായിട്ട് ണ്ട്. ശ്രീജിത്തേ, കഥ എപ്പൊഴും രസിപ്പിക്കുകയും ചിരിപ്പിക്കുകയും വേണമെന്ന വാശി പാടില്ല.കഴിഞ്ഞ പത്ത് പതിനഞ്ച് കൊല്ലമായി ലോകത്തിന്റെ പല ഭാഗങ്ങളിലെ മലയാളിയുടെ നൊമ്പരങള്‍ തൊട്ടറിഞ്ഞിട്ടുള്ള അനുഭവം കൊണ്ട് പറഞ്ഞുപോയതാണേ..

9/01/2006 7:10 pm  
Blogger പട്ടേരി l Patteri said...

നന്നായിട്ടുണ്ടു..
അനിക്കുട്ടന്മാര്‍ ഇവിടെ ഒരുപാടുള്ളതു കാരണം പച്ച്‌യായ ജീവിതത്തിന്റെ ഗന്ധം ഈ കഥ്ക്കുണ്ടു. ഒരുപാടു കേട്ടതാനെങിലും ആവറ്ത്തന വിരസത തോന്നിയില്ല.
ശ്രീജിത്തെ മണ്ദതരങള്ക്കപ്പുറത്തു ഒരു ലോകം ഉണ്ടിവിടെ.......ഞാന്‍ ഈയിടെ ആയി തിരിചറിഞു കൊണ്ടിര്ക്കുന്ന , ചുട്ടു പൊള്ളുന്ന മലരാരണ്യത്തിലെ കൊചു കൊചു കഥകള്‍

9/02/2006 10:31 am  
Blogger UNNI said...

അസ്സലായിട്ടുണ്ട്. നൊംബരപ്പെടുത്തുന്നതെല്ലാം ചിലര്‍ക്ക് ബോറടിക്കും.ഇന്നത്തെ ലോകത്തിന്റെ പൊതുവേയുള്ള ഒരു രീതിയായിട്ടുണ്ട് അത്.(കൂട്ടത്തില്‍ ഒരു സ്വകാര്യം, എനിക്ക് സ്വാഗതം പറഞ്ഞതല്ലാതെ ഉപദേശമൊന്നും തന്നില്ല!!).

9/02/2006 10:52 am  
Blogger ചമ്പക്കാടന്‍ said...

കഥ പരത്താതെ നന്നായി പറഞ്ഞു. ഓരോ പ്രവാസിയും ഉള്ളിലെത്ര നൊമ്പരങ്ങള്‍ ഒളിപ്പിച്ചണ് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത്.

9/02/2006 11:10 am  
Blogger അഗ്രജന്‍ said...

നന്നായിരിക്കുന്നു വല്യമ്മായി.

ഒരുപാടനിക്കുട്ടന്‍മാര്‍ നമുക്ക് ചുറ്റും ഉരുകി ജീവിക്കുന്നു... നാട്ടിലുള്ള കുടുംബത്തെ ജീവിപ്പിക്കാന്‍ വേണ്ടി.
ഗള്‍ഫുകാരനെപ്പറ്റി പണ്ടാരോ പറഞ്ഞു.. “മുന്‍ തലമുറക്കും, വരും തലമുറക്കും വേണ്ടി ജീവിക്കുന്നവന്‍..” എത്ര ശരി അല്ലേ.‍

ഒരോ ആവറേജ് ഗള്‍ഫുകാരനും പറയാന്‍ ഈ കഥകള്‍ തന്നേ കാണൂ ശ്രീ. രണ്ട് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന ലീവ് അവന് ആഗസ്റ്റ് 15 ആണ്.

9/02/2006 11:37 am  
Blogger മിന്നാമിനുങ്ങ് said...

“അനിക്കുട്ടന്‍“ തമ്മില്‍ ഭേദമാണ് അമ്മായീ. അറബി വീട്ടില്‍ എല്ലാവിധ പീഢനവും അനുഭവിക്കുന്ന സുഹറയെയും, 45 ഡിഗ്രി ചൂടില്‍ സിമന്റ് കട്ട ചുമക്കുന്ന ജമാലിനെയും അപേക്ഷിച്ച്.

ശീതീകരിച്ച മുറിയിലിരുന്ന് അഞ്ഞക്ക ശമ്പളം വാങ്ങുമ്പോഴും പീഢിതന്റെയും മര്‍ദ്ദിതന്റെയും വേതനകളും വിഹ്വലതകളും കാണാന്‍ കഴിയുന്ന അത്ര പാവമൊന്നും അല്ലാത്ത ത്ര് ശൂര്‍ കാരിക്ക് നന്മകള്‍ നേരട്ടെ!

9/02/2006 5:36 pm  
Anonymous Anonymous said...

പാവം ശ്രീജിത്തിനെ വിടൂ, ജീവിതത്തിലാദ്യമായി ശരിക്കുള്ളൊരു മണ്ടത്തരം അവനറിയാതെ പറഞ്ഞു പോയതാണ്.

9/02/2006 6:58 pm  
Blogger ദില്‍ബാസുരന്‍ said...

ആരാ ശ്രീജിത്തിനെ കുറ്റം പറയുന്നത്? ശ്രീജി ന്യായമായ ഒരു ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.ഗള്‍‍ഫുകാരെപ്പറ്റി വ്യത്യസ്തമായ ഒരു കഥ. ശ്രീജീ ഇന്നാ പിടിച്ചോ ഒന്ന്:

ഐഐടിയി നിന്ന് ഡിഗ്രിയെടുത്ത് ഇന്‍ഫോസിസിലെ ജോലി മടുത്തപ്പോള്‍ ഒരു ചേഞ്ചിന് ഗള്‍ഫില്‍‍ വന്ന സല്‍മാന്‍ ഓഫീസിലെ ഏസിയിലിരുന്ന് തണുത്ത് വിറച്ചു.മെല്ലെ കര്‍ട്ടന്‍ നീക്കി പുറത്തേക്ക് നോക്കിയ അവന്‍ കള കളാരവം മുഴക്കി ഒഴുകുന്ന ഭാരതപ്പുഴ കണ്ട് മനസ്സില്‍ പ്രാകി:‘ഓള്‍ ദിസ് സ്റ്റുപ്പിഡ് വാട്ടര്‍ ഈസ് മേക്കിങ് മീ സിക്ക്’.

ഒരു ദിവസമെങ്കിലും ഓഫീസില്‍ വന്ന് ബോറഡി മാറ്റാന്‍ പണിയെടുക്കാമെന്ന് വെച്ചാല്‍ അറബി മുതലാളി സമ്മതിക്കില്ല.“മോനേ.. ആരോഗ്യം ശ്രദ്ധിക്കൂ.. റെസ്റ്റ് എടുത്തോളൂ..“ എന്നൊക്കെ പറഞ്ഞ് ഒരു ഗ്ലാസ് ഒട്ടകപ്പാല് കുടിപ്പിച്ച് വീണ്ടും ഏസി കാറില്‍ വീട്ടില്‍ കൊണ്ടാക്കും. വീട്ടില്‍ നിന്ന് ഒന്ന് ഇറങ്ങി നടക്കാമെന്ന് വെച്ചാല്‍ നില്‍ക്കാത്ത മഴയും.ഇടവപ്പാതി എന്നൊക്കെപ്പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ? നാശം.കൈയ്യില്‍ പണം ഓവറായതിനാല്‍ അഛന്‍ നാട്ടില്‍ നിന്നും പണമയച്ച് തരുന്നതാണ് മറ്റൊരു തലവേദന.

പെട്ടെന്ന് കണ്ട ആ കാഴ്ച്ച അവന്റെ ചിന്തകളില്‍ നിന്ന് അവനെ ഉണര്‍ത്തി.ഈശ്വരാ കഴിഞ്ഞ മാസത്തെ ശമ്പളക്കവര്‍! ഇത് ഇത് വരെയും ചെലവായില്ലേ...അവന്‍ തലയില്‍ കൈ വച്ച് സോഫയില്‍ അമര്‍ന്നിരുന്നു.

(തുടരും)

9/02/2006 7:23 pm  
Blogger അഗ്രജന്‍ said...

ദില്‍ബുകുട്ടാ... സൂപ്പര്‍ ചേട്ടാ..സൂപ്പര്‍..
ഇവനെ വെറുമൊരു കമന്‍റാക്കി കാലപൂരിക്കയക്കാതെ, ജീവജലം നല്‍കൂ...
കൊഴുപ്പിക്കൂ... പോരട്ടെ.. ഒരു യമഗണ്ടന്‍ സാധനം..:)

9/03/2006 9:50 am  
Blogger ഏറനാടന്‍ said...

കൊള്ളാം പഴയ തീം ആണെങ്കിലും ശൈലിയിഷ്‌ടപ്പെട്ടു. ഇനിയുമിനിയും എഴുതുക, വായിക്കുവാന്‍ ഞങ്ങളെല്ലാരുമുണ്ട്‌..

ഇത്‌ വായിച്ചപ്പോള്‍ രാജ്യം വിട്ട സമദ്‌ എന്ന നാട്ടുകാരനെയോര്‍ത്തു. സമദ്‌ നാട്‌ വിട്ടുപോയി. ഒരു വിവരവുമില്ല. മാസങ്ങള്‍ കഴിഞ്ഞ്‌ ഒരു കത്ത്‌ വന്നു. "ഉമ്മാ ഞാന്‍ സൗദിയിലെ ഒരിടത്താണ്‌. പണിയൊക്കെയായി. പണമുടനെ അയച്ചുതുടങ്ങാം." എന്നൊക്കെ ഉമ്മയ്‌ക്ക്‌ മോഹനവാഗ്‌ദാനങ്ങളുള്ള ഒരെഴുത്ത്‌.

അയല്‍പക്കത്തുള്ള സര്‍ക്കാര്‍ ബസ്സിന്റെ ഡ്രൈവര്‍ പോക്കര്‍ക്ക പെരിന്തല്‍മണ്ണയിലെ സ്‌റ്റാന്റില്‍ കുറുകെ കൈവണ്ടിയുമായി ചാടിയ യുവാവിനെ തെറിപറഞ്ഞ്‌ എത്തിനോക്കുമ്പോള്‍ നല്ല പരിചയമുള്ള മുഖം! സൗദിയിലെത്തിയ സമദ്‌ കൈവണ്ടിയുമായി മുന്നിലോ?! പോക്കര്‍ക്കയെ കണ്ട്‌ അവന്‍ ഓടി മറഞ്ഞു.

അന്നുമുതല്‍ക്ക്‌ അവന്‍ 'രാജ്യം വിട്ട സമദ്‌' എന്നറിയപ്പെട്ടു.

9/03/2006 10:33 am  
Blogger അഷ്റഫ് said...

പ്രവാസികളുടെ ജീവിതത്തെ കുറിച്ച് ശരിയായ ധാരന്ണയില്ലാത്തത് കൊണ്ടായിരിക്കും ശ്രീജിത്ത്ങ്ങനെ കമന്റിട്ടത്
നന്നായിട്ടുണ്ട് വല്ല്യമ്മായി...

9/03/2006 3:13 pm  
Blogger കൈത്തിരി said...

അമ്മായീ, ഒരു ഗള്‍ഫ് നേര്‍ ചിത്രം... സ്വന്തം വീട്ടുകാര്‍ പോലുമവരെ മനസ്സിലാക്കുന്നില്ല, അപ്പോള്‍ പിന്നെ നാട്ടുകാര്‍ എന്തറിയാന്‍!!! നമ്മുടെ നോവ്, നമുക്കൊപ്പം ഇരിക്കട്ടെ - സ്വന്തമായ് അതെങ്കിലും വേണ്ടേ.... നന്നായി, ഭാവുകങ്ങള്‍

9/03/2006 5:41 pm  
Blogger Daippap said...

ഒടുക്കത്തെ സഹതാപതരംഗമാണ്...ശ്രീജിത്ത് പറഞ്ഞതുപോലെ പുതുതായി വല്ലതുമുണ്ടെങ്കില്‍ എഴുത്...ബാബറി മസ്ജിദ് പൊളിച്ചത് പോലെയാണ് പ്രവാസ-ജീവിത-കഥന-ചരിതം...

9/03/2006 6:58 pm  
Blogger à´¦à´¿à´²àµâ€à´¬à´¾à´¸àµà´°à´¨àµâ€ said...

വല്ല്യമ്മായീ... സോറി.
വക്കാരിക്ക് ഡയറക്റ്റ് മാര്‍ക്കറ്റിങ് നടത്താമെങ്കില്‍ പിന്നെ എനിക്കാ പറ്റാത്തത്.(കോമ്പറ്റീഷന്‍...കോമ്പറ്റീഷന്‍!!)

ഈ കഥ വായിച്ച് ശ്രീജിത്തിനെ പോലെ വ്യത്യസ്തത ആഗ്രഹിക്കുന്നവരുടെ ആ പൂതി മാറ്റാന്‍ വേണ്ടി ഇവിടെ ഞെക്കുക.

9/03/2006 7:08 pm  
Blogger ഇടിവാള്‍ said...

കഥ എനിക്കിഷ്ടായി വല്യമ്മായി...

9/03/2006 8:09 pm  
Blogger പ്രവാസ പര്‍വ്വം said...

കഥ.നന്നായീന്ന് പറഞ്ഞാലും ഇല്ലെങ്കിലും അതൊരു വെറും വാക്കാകുമൊന്നൊരു ശങ്ക. പിന്നെ വെറുതെ എല്ലാറ്റിനേം കുറ്റം പറയ്ണ ശീലം ഒന്നു മാറ്റാന്‍ ശ്രമിക്കയാന്ണു. ന്നാലും പറയട്ടെ. പ്രവാസി എഴുത്തുകാരുടെ ക്ലീഷെ ടെ മണം ച്ചിരി അടിക്കുന്നുണ്ട്. ന്തായാലും എഴുതിയാ തെളിയുംന്നാ തൊന്നണത്.

9/04/2006 11:03 pm  
Blogger പ്രവാസ പര്‍വ്വം said...

d

9/04/2006 11:05 pm  
Blogger പ്രവാസ പര്‍വ്വം said...

നന്നായീന്ന് പറഞ്ഞാല് ഒരുപക്ഷെ വെറും വാക്കായിക്കാണുമൊന്ന് ശങ്ക. പ്രവാസി എഴുത്തുകാരുടെ ആ പുളിച്ച ക്ലീഷെകളുടെ ബാധ ച്ചിരി കേറീട്ട്ണ്ടന്നാ തോന്ന്ണത്. അതില് ന്നൊന്ന് കുതറാന് ശ്രമിക്കൂ. എഴുതിയാല് തെളിയുംന്നാ തോന്ന്ണത്.

9/04/2006 11:17 pm  
Blogger വല്യമ്മായി said...

ശ്രീജിത്ത്,ചെറുപ്പം മുതല്‍ ഞാന്‍ കണ്ടറിഞ്ഞ ഒരു ലോകമാണിത്.“ഗള്‍ഫില് കാശ് മരത്തില്‍ നിന്നും പൊട്ടിച്ചെടുക്കുന്നു എന്നാ എല്ലാവരുടേയും വിചാരം”.എന്ന് ഉമ്മ പലരോടും തര്‍ക്കിക്കുന്നത് കേട്ടിട്ടുണ്ട്.സത്യത്തിന്‍റെ മുഖം പലപ്പോഴും വികൃതമാണല്ലോ.

വിശ്വേട്ടാ,ഞാനെഴുതിയാതിനേക്കാള്‍ നല്ലോരു കഥ കമന്‍റായെഴുതി എന്‍റെ ബ്ലൊഗിനെ ധന്യമാക്കിയതിന് നന്ദി.
ദില്‍ബൂ,ഈ ഭാവന വളരാനെന്തു മരുന്നാ കഴിക്കുന്നത്,സ്വപ്നങ്ങളെല്ലാം സത്യമാകട്ടെ
ഇത്തിരിവെട്ടം,സു ചേച്ചി,അരവിന്ദ്,പാര്‍വ്വതി,aravi, ഇക്കാസ്, കുട്ടന്‍ മേനോന്‍,പട്ടേരി , ഉണ്ണി, ചമ്പക്കാടന്‍, അഗ്രജന്‍,minnaminugu,ഏറനാടന്‍,അഷ്റഫ്,കൈത്തിരി,ഇടിവാള്‍,
അഭിപ്രായങ്ങള്‍ക്ക് നന്ദി,കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സാന്തോഷം
പടിപ്പുരേ,ബാലാരിഷ്ടതകള്‍ മറികടക്കൂന്നതിനിടയില്‍ അവര്‍ക്ക് നഷ്ടപ്പെട്ട യൌവനം ആര് തിരികെ കൊടുക്കും?
പ്രവാസപര്‍വ്വം,നിര്‍ദ്ദേശങ്ങള്ക്ക് നന്ദി
Daippap,ക്രിയ്യാത്മകമായ നിര്‍ദ്ദേശങ്ങള്‍ എന്നും സ്വാഗതം ചെയ്യുന്നു.നമ്മുടെ പ്രിയപ്പെട്ടവരുടെ വേദനകളില്‍ നാമും പങ്ക് ചേരുന്നത് സെന്‍റിയടിക്കാന്‍ വേണ്ടിയാണോ

9/06/2006 9:46 pm  
Blogger maheshcheruthana said...

"അനിക്കുട്ടന്‍ ദുബായിലാ"മലയാളിയുടെ മണലാരണ്യത്തിലെ ജീവിത അനുഭവങ്ങളുടെ ഒരു നെര്‍കാഴ്ചയാണു.പ്രമേയം പഴയതാണെണ്‍കിലും അതു വായിചപ്പൊള്‍ ഒരിക്കല്‍ കൂടി പൊള്ളുന്ന സത്യത്തെ മനസ്സിലേക്കു മടങ്ങി എത്താന്‍ സഹായിചു.തുടര്‍ന്നും എഴുതുക.അഭിനന്ദനങ്ങള്‍....

2/04/2007 12:27 pm  
Blogger SULFI said...

പ്രവാസിയുടെ നൊമ്പരം, നന്നായി പറഞ്ഞു ട്ടോ.
എല്ലാവരും പറഞ്ഞ പോലെ, കേട്ട വിഷയം ആയതു കൊണ്ടുള്ള ഒരു .........
എന്നാലും, പറയാനുള്ള വിഷയം ഒന്നായാല്‍ പിന്നെ പറയാതിരിക്കാന്‍ പറ്റുമോ അല്ലെ.

7/01/2010 2:10 pm  
Blogger Villagemaan/വില്ലേജ്മാന്‍ said...

വല്യമ്മായീ. ഇവിടെ ആദ്യമാ ..

കുറെ കഥകള്‍ ഒറ്റയിരുപ്പിനു വായിച്ചു... ചിലത് ഇഷ്ട്ടപ്പെട്ടു.ചിലത് വളരെ ഇഷ്ട്ടപ്പെട്ടു...ചിലത് ഒട്ടും ഇഷ്ട്ടപ്പെട്ടില്ല

ഈ കഥ വായിച്ചപ്പോ ഞാനും കണ്ട ഏതാനും മുഖങ്ങളെ ഓര്‍ത്തുപോയി ..ഓരോ പ്രവാസിക്കും പറയാനുണ്ടാകും ഇതുപോലെ ഓരോ കഥകള്‍.. ചിലത് കഷ്ട്ടപ്പടിന്റെതാവും , ചിലപ്പോള്‍ മാനസിക പീടനങ്ങളെപ്പറ്റി ആവും .

മുകളില്‍ കമന്റിട്ട ശ്രീജിത്ത് എന്ന സഹോദരനോട് .. കേള്‍ക്കാത്ത കഥകള്‍ എന്താണുള്ളത് .. നമ്മുടെ നിത്യജീവിതത്തില്‍ സംഭവിക്കാത്ത എന്താണ് ഒരു കഥാകൃത്തിനു പുതിയതായി കണ്ടുപിടിക്കാന്‍ കഴിയുക ?

( താമസിച്ചതില്‍ ക്ഷമാപണം )


വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാകാന്‍ അപേക്ഷ

12/22/2012 12:29 pm  
Blogger കാഴ്ചകളിലൂടെ said...

good rehna

sajeev madhuramattom

2/11/2015 7:25 pm  

Post a Comment

Links to this post:

Create a Link

<< Home