Wednesday, December 17, 2008

കളിത്തോഴന്‍

നാട്ടിലും ഇവിടേയുമൊക്കെ ക്രിസ്തുമസ് അവധിക്ക് സ്കൂളടക്കാറായി.

സാധാരണ പോലെ നാലാം ക്ലാസിലെ ക്രിസ്തുമസ് അവധി ദിവസങ്ങളെയും ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാന്‍ കാത്തിരുന്നത്.നടുവിലെ കിണറിനരികിലെ മാവിന്റെ ഉയര്‍ന്ന കൊമ്പില്‍ തന്നെ ഊഞ്ഞാല്‍ കെട്ടണം. ഉറപ്പോടെ ഉണ്ണിപ്പെര കെട്ടണം.അതു വരെ വെറക്പുര പൊളിച്ച് കെട്ടുമ്പോഴുള്ള പഴയ ഓലകളും ചെറിയ കമ്പുകളുമുപയോഗിച്ചുള്ള തട്ടിക്കൂട്ട് കെട്ടലായിരുന്നതിനാല്‍ കെട്ടി തീരുമ്പോഴേക്കും ഏതെങ്കിലും ഒരു വശം തകര്‍ന്ന് വീഴുമായിരുന്നു.അത്തവണ മാലതിയുടെ കുടെ ഓല മെടയാന്‍ ഞാനും കൂടി,ഞാന്‍ മെടഞ്ഞതില്‍ അകലങ്ങള്‍ കൂടുതലാണെന്ന് പറഞ്ഞ് വാങ്ങാന്‍ വന്ന പന്തലുപണിക്കാര്‍ മാറ്റിയിട്ടപ്പോ ഉറപ്പുള്ള ഒരു ഉണ്ണിപ്പെരയായിരുന്നു എന്റെ മനസ്സില്‍.വേലായുധനെ സോപ്പിട്ട് നല്ല കവുങ്ങ് വാരികളും സം‌ഘടിപ്പിച്ച് വെച്ചു.

സ്കൂള്‍ അടച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പണി തുടങ്ങാന്‍ കഴിഞ്ഞില്ല.ഉണ്ണിപ്പെരയുടെ മുഖ്യപണിയാളായ കിഷോറേട്ടന്‍ ഇതു വരെ വന്നില്ല.പരീക്ഷ തുടങ്ങണേന്റെ തലേന്നായിരുന്നു,ശര്‍ദ്ദി കൂടീട്ട് കിഷോറേട്ടനെ ആശുപത്രിയിലാക്കിയത്.തൃശൂര്ന്ന് മടക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയീന്ന് വേലായുധന്‍ ഉമ്മായോട് പറയുന്ന കേട്ടിരുന്നു ഇടയ്ക്കെപ്പോഴോ.

കിഷോറേട്ടന്‍,അഞ്ചാറ് വയസ്സ് വ്യത്യാസമുണ്ടെങ്കിലും സ്കൂളില്‍ കൂടെ പോകാനും അത് കഴിഞ്ഞ് പലതരം കളികള്‍ക്കും എന്റേയും അനിയത്തിയുടേയും സന്തത സഹചാരി.മുകളിലെഴുതിയ പോലെ ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത സാഹസങ്ങള്‍ക്കൊക്കെ സഹായവും.

ഒന്ന് രണ്ട് ദിവസം കഴിഞ്ഞ് നേരമിരുട്ടിയ നേരത്ത് നിസ്ക്കാരമൊക്കെ കഴിഞ്ഞ് ഉമ്മ ധൃതി കൂട്ടി,കിഷോറിനെ കൊണ്ടു വന്നിട്ടുണ്ട്,അവരുടെ വീട്ടില്‍ പോകാമെന്ന്.ഞങ്ങളുടെ പറമ്പും കഴിഞ്ഞ് വേറൊരു പറമ്പും കഴിഞ്ഞ് വേണം അവരുടെ വീടെത്താന്‍.ഇഴ ജന്തുക്കളെ പേടിച്ച് രാത്രി ആ വഴി ആരും പോകാത്തതുമാണ്.പിന്നെന്തിനാ ഇപ്പോ പോകുന്നത്,എന്നിങ്ങനെ ചോദ്യങ്ങളൊക്കെ മനസ്സില്‍ വന്നതാണെങ്കിലും ഉമ്മയുടെ ധൃതി കണ്ടപ്പോള്‍ ഒന്നും ചോദിക്കാതെ പിന്നാലെ നടന്നു.

അവരുടെ വീടാകെ പെട്രോമാക്സിന്റെ പ്രകാശത്തില്‍ കുളിച്ച് നില്‍ക്കുന്നതും ആളുകളുടെ കുശുകുശുപ്പും ദൂരെ നിന്നേ അറിഞ്ഞെങ്കിലും അവീടെയെത്തി വെള്ളത്തുണിയില്‍ പൊതിഞ്ഞ് കിഷോറേട്ടന്‍ കിടക്കുന്നത് കണ്ടിട്ടും അവിടത്തെ അമ്മാമ(കിഷോറേട്ടന്റെ അമ്മ) എന്നേയും അനിയത്തിയേയും കെട്ടിപ്പിടിച്ച് നമ്മുടെ കിഷോറു പോയി മക്കളെ എന്ന് കരയുന്ന വരെ എനിക്കൊന്നും മനസ്സിലായില്ല.

എന്താണ് സംഭവിക്കുന്നതെന്ന് മുഴുവനായി മനസ്സിലാകാതെ തിരിച്ച് പോരുമ്പോള്‍ കണ്ടു,തെക്കെപ്പുറത്തുള്ള അവരുടെ പൂന്തോട്ടത്തില്‍ കിഷോറേട്ടന്റെ അരുമകളായ റോസപ്പൂചെടികള്‍ക്കരികെ ഒരു കുഴി ഒരുങ്ങുന്നത്.

മരിച്ച് പോയവരൊക്കെ പ്രേതങ്ങളായി നമ്മെ കാണാന്‍ വരുമെന്ന് സ്കൂളിലെ കൂട്ടികാരികള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.അങ്ങനെയെങ്കില്‍ കിഷോറേട്ടന് ആ ഉറക്കത്തില്‍ എണീറ്റ് വന്നെങ്കിലോ എന്നോര്‍ത്ത് അന്നും അതിനു ശേഷമുള്ള കുറെ രാത്രികളും ഞാന്‍ ഉറങ്ങാതിരുന്നു.ജനലിനപ്പുറത്തെ കട്ടപിടിച്ച ഇരുട്ടും ആ തണുപ്പും ഇതെഴുതുമ്പോഴും അനുഭവപ്പെടും പോലെ.

എല്ലാം കഴിഞ്ഞ് ഇരുപത്താറ് വര്‍ഷങ്ങളോളമായി.മരണം പേടിക്കേണ്ട ഒന്നല്ലന്നും ജീവിതത്തില്‍ എല്ലാവരും കടന്ന് പോകേണ്ട ഒരു വാതിലാണെന്നുമുള്ള വല്യ വല്യ കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലാകാനും തുടങ്ങി.പക്ഷെ പിന്നീടൊരിക്കലും ആ വീട്ടില്‍ ഞാന്‍ പോയിട്ടേ ഇല്ല.തോട്ടത്തിലെ റോസാ ചെടികളെ പരിചരിച്ചോ വീടിനു മുന്നിലെ പാടത്തിന്‍ കരയിലെ തോട്ടില്‍ നിന്ന് മീന്‍ പിടിച്ചോ അതോ മാവിന്‍‌ മുകളിലോ ആ പുഞ്ചിരി കളിക്കാന്‍ ചെല്ലുന്ന ഞങ്ങളെ കാത്തുണ്ടെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ.

Labels: