Thursday, May 28, 2009

ജീവനോടെ കുഴിച്ചുമൂടപ്പെട്ട ചിലരെ കുറിച്ച്


മൂന്നരവയസ്സില്‍ നാട്ടില്‍ താമസം തുടങ്ങിയപ്പോള്‍ ചുറ്റും അത്ഭുതങ്ങളായിരുന്നു.അതില്‍ പ്രധാനിയായിരുന്നു കിഴക്കെമുറ്റത്തിനിരകിലായി ഉണ്ടായിരുന്ന ഈ കുളം. മഴക്കാലത്ത് മുറ്റം നിറഞ്ഞ് വികൃതി കാണിച്ചിരുന്നതൊഴിച്ചാല്‍ പുഴയെയോ തോടിനേയോ പോലെ നാടുകാണാന്‍ നടക്കാതെ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്നതാണ്. കുഞ്ഞിപ്പാലു അപ്പാപ്പന്റെ അദ്ധ്വാനം പൂത്തും കായ്ച്ചും നിന്നിരുന്ന പറമ്പ് മുഴുവന്‍ ഒരു നടക്ക് നനക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ചുറ്റില്‍ നിന്ന് ചുരന്ന് ഉറവകള്‍ എത്രപ്പെട്ടെന്നാണെന്നോ കുളം വീണ്ടും നിറഞ്ഞിരുന്നത്.പത്ത് നൂറ് ലോറി മണ്ണിട്ട് മൂടിയപ്പോള്‍ നിറയെ താമരയും ആമ്പലും വിടര്‍ന്ന് നിന്നിരുന്ന എന്റെയൊരു സ്വപ്നത്തിന്റേയും കൂടി മരണമായിരുന്നു അത്.




തളിക്കുളത്തെ തറവാട്ട് കുളത്തിനു ചുറ്റും കൈതക്കാടായിരുന്നു.വെല്ലിമ്മയുടെ അദ്ധ്വാനശീലവും ആ കുളവും ചേര്‍ന്നാണ് ആ പറമ്പ് മുഴുവന്‍ ചക്ക വലിപ്പമുള്ള നാളികേരവും ഭീമാകൃതിയിലുള്ള കൊള്ളിക്കിഴങ്ങുകളും വിളയിച്ചിരുന്നതും.


നാട്ടികയിലെ കുളത്തിന്റെ അങ്ങേക്കര മുഴുവന്‍ പേര‍മരങ്ങളായിരുന്നു.നീന്തലറിയാത്തതിനാല്‍ അങ്ങേക്കര വരെ എത്തണമെന്നത് ഒരു മോഹമായി നിന്നു.വെള്ളം കുറഞ്ഞ ഒരു വേനലവധിക്ക് കുളം കിളച്ചതിന്റെ പിറ്റേന്ന് ഞാനും അനിയത്തിയും മാത്രമാണ് കുളിക്കാന്‍ പോയത്. തെളിനീരിനിടയിലുടെ അടിഭാഗമൊക്കെ നന്നായി കാണാം. അപ്പുറത്തെത്താനായി നടന്നു തുടങ്ങി ഏതാണ്ട് നടുവിലെത്തിയപ്പോള്‍ അന്തരീക്ഷത്തിനൊക്കെ ആകെയൊരു മാറ്റം,മുകളിലും താഴേയും വെള്ളം,ശ്വാസം മുട്ടല്‍. എത്ര ശ്രമിച്ചിട്ടും കൈ മാത്രമേ വെള്ളത്തിനു മുകളിലേക്ക് പൊങ്ങുന്നുള്ളൂ.അനിയത്തിയുടെ കര്‍ച്ചില്‍ കേട്ട് ആരൊക്കെയോ കുളത്തിലേക്കെടുത്ത് ചാടിയതോടെ ആ മല്‍‌പിടുത്തമവസാനിച്ചു. അമ്മാവന്മാരിലൊരാള്‍ക്ക് വീട് വെക്കാന്‍ വേണ്ടി ആ കുളവും വഴിമാറിക്കൊടുത്തു.

മേലഴിയത്തെ തറവാട്ടു പറമ്പിലുമുണ്ടൊരു കുളം.അതിന്റെ ജീവനെങ്കിലും എനിക്ക് കാക്കണം.

Labels:

Sunday, May 24, 2009

സിംഹവും കുറുക്കനും കഴുതയും - പുനര്‍‌വായന

(മസ്നവിയിലെ അഞ്ചാം അദ്ധ്യായത്തിലും അന്‍‌വര്‍-ഇ-സുഹൈലി എന്ന കൃതിയിലും പ്രതിപാദിച്ചിട്ടുള്ള കഥയുടെ പരിഭാഷ.നമ്മളില്‍ പലരും കേട്ടതാണെങ്കിലും അന്ന് ശ്രദ്ധിക്കാതെ പോയ ആത്മീയതലങ്ങള്‍ വെളിച്ചംകാണിക്കുന്നതിനു വേണ്ടിയാണീ ഉദ്യമം.)

ഒരു ആനയുമായുള്ള എറ്റുമുട്ടലിനിടെ പരിക്കേറ്റ സിംഹത്തിന് ഇരതേടാന്‍ കഴിയാതെ ആയി. ഏതെങ്കിലും മൃഗത്തെ തന്റെയരികെ എത്തിക്കണമെന്ന് ക്ഷീണിതനായ സിംഹം കുറുക്കനോട് ആവശ്യപ്പെട്ടു..സിദ്ധന്‍‌മാരുടെ വായില്‍ നിന്നുതിരുന്ന ദിവ്യബോധനത്തിനായി കാതോര്‍ത്തിരിക്കുന്ന അനുയായികളെ പോലെ മറ്റ് മൃഗങ്ങള്‍ ഇര തേടിയതിന്റെ പങ്ക് മാത്രം ഭക്ഷിച്ചിരുന്ന കുറുക്കന്‍ മനസ്സില്ലാമന‍സ്സോടെയാണ് ഈ ആജ്ഞ സ്വീകരിച്ചത്.തരിശുഭൂമിയില്‍ ഭക്ഷണം തേടിയിരുന്ന മെലിഞ്ഞ ഒരു ഒരു കഴുതയെ കുറുക്കന്‍ കണ്ടു.തന്ത്രപൂര്‍‌വ്വം കഴുതയുടെ അടുത്തെത്തിയ കുറുക്കന്‍ അതിന്റെ ശോച്യസ്ഥിതിയില്‍ ദുഃഖം പ്രകടിപ്പിക്കുകയും നിറയെ ചെടികളുള്ള താഴ്വരയിലേക്ക് അതിനെ ക്ഷണിക്കുകയും ചെയ്തു.

കുറുക്കന്റെ വാഗ്ദാനം നിരസിച്ച് കഴുത പറഞ്ഞു:

 ഇതെനിക്ക് ദൈവം തന്ന ഇടമാണ്,അതിന്റെ കുറവുകളെ കുറിച്ച് ചോദ്യം ചെയ്യുന്നത് പാപമാണ്.പണ്ട് യജമാനുവേണ്ടി വെള്ളം ചുമന്ന് തളര്‍ന്ന ഒരു കഴുതയ്ക്ക് രാജാവിന്റെ കുതിരലായത്തില്‍ ഇടം കിട്ടി.കുതിരകളുടെ മെച്ചപ്പെട്ട  ആരോഗ്യസ്ഥിതി കണ്ട കഴുതയ്ക്ക് തന്റെ സ്ഥിതിയില്‍ അപമാനം തോന്നി.പക്ഷെ ഒരു ദിവസം ആരോഗ്യവാന്‍‌മാരായ കുതിരകളെയെല്ലാം യുദ്ധത്തിനു കൊണ്ടു പോവുകയും അവയെല്ലാം അത്യാസന്ന നിലയില്‍ മടങ്ങിയെത്തുകയും ചെയ്തത് കണ്ട് ആ കഴുത തന്റെ യജമാനന്റെ അടുത്തേക്ക് തന്നെ മടങ്ങി പോകുന്നു.

ഇതു കേട്ട കുറുക്കന്റെ മറുപടി:
പക്ഷെ മെച്ചപ്പെട്ട അവസരങ്ങള്‍ വരുമ്പോള്‍ അത് ചെയ്തു നോക്കാത്തതു തെറ്റാണ്.ദൈവം പറയുന്നു: ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ തേടികൊണ്ടിരിക്കണംഎന്നാണ് ദൈവ വചനം..നീ എന്റെ കൂടെ വന്നാല്‍ കൊല്ലം മുഴുവനും പുല്ല് കിട്ടുന്ന താഴ്വര കാണിച്ചു തരാം.


കഴുത :
 "ഉപജീവനത്തിനായി അന്വേഷിക്കാനുള്ള കല്‍‌പന നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കാനുള്ളതാണ്."

കുറുക്കന്റെ മറുപടി:
"ഈ ഉന്നത വിശ്വാസം സന്യാസ ശ്രേഷ്ഠന്മാര്‍ക്ക് പ്രത്യേകം നല്‍കിയിട്ടുള്ളതാണ്,പ്രവാചന്‍ പറയുന്നു,സംതൃപ്തി ഒരു നിധിയാണ്,അതെല്ലാവരും കണ്ടെത്തുകയില്ല."
കുറുക്കന്‍ ദൈവവചനങ്ങളെ വളച്ചൊടിക്കുകയാണെന്നും ദൈവവിശ്വാസി ഒരിക്കലും ഉപേക്ഷിക്കപ്പെടില്ലെന്നും പറഞ്ഞ കഴുത ഉദാഹരണമായി ഒരു കഥ പറഞ്ഞു:
 ഒരിക്കല്‍ ഒരു വിശ്വാസി തന്റെ വിശ്വാസം പരീക്ഷിക്കാനായി മരുഭൂമിയില്‍ പോയി,തന്റെ ആവശ്യങ്ങള്‍ ദൈവം നിറവേറ്റി തരുമെന്നും ഭക്ഷണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ മറ്റുള്ളവരെ സമീപിക്കില്ലെന്നും ഉറപ്പിച്ച് ഒരു കല്ലില്‍ കിടന്ന് ഉറക്കമായി.ദൈവം ഒരു പറ്റം യാത്രക്കാരെ അയാളുടെ അടുത്തേക്ക് അയക്കുകയും അവര്‍ അയാളെ കണ്ടെത്തി ഭക്ഷണം നല്‍കുകയും ചെയ്തു.
ദൈവം നമുക്ക് കൈകള്‍ തന്നത് പരിശ്രമിക്കാനാണെന്ന് പറഞ്ഞ് കഴുതയുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ കുറുക്കന്‍ കഴുതയെ നിര്‍ബന്ധിച്ച് കൊണ്ടിരുന്നു.ദൈവവിശ്വാസത്തേക്കാള്‍ മഹത്തായ തൊഴിലില്ലെന്നും ഇഹലോകത്തിലെ ജോലികളെല്ലാം നാശത്തിലേക്കേ നയിക്കൂ എന്ന് "നിന്റെ കൈകളാല്‍ സ്വയം നാശത്തിലേക്ക് തള്ളിയിടരുത്" എന്ന വാക്യം ഉദ്ധരിച്ച് കഴുത പറഞ്ഞു.
  
പക്ഷെ ദിവ്യവചനങ്ങളൊക്കെ ഉരുവിട്ട് കൊണ്ടിരുന്നെങ്കിലും തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കാന്‍ കഴുതയ്ക്ക് കഴിഞ്ഞില്ല, കാരണം അതിന്റെ വിശ്വാസം ആഴത്തില്‍ വേരുറക്കാത്തതായിരുന്നു.തത്തകളെ പോലെ എന്തൊക്കെയോ ഏറ്റ് പറയുമ്പോഴും കുറുക്കന്‍ പറഞ്ഞ നിറയെ പുല്ലുള്ള ആ മൈതാനം അതിനെ മോഹിപ്പിച്ചു കൊണ്ടിരുന്നു.
 കഴുതയ്ക്ക് ഇബ്രാഹിം നബി(അ)യെ പോലെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കാനായെങ്കിലും 
 തീയിലൂടെ നടക്കാന്‍ കഴിഞ്ഞില്ല. അവസാനം കഴുത കുറുക്കന്റെ വാക്കുകളില്‍ മയങ്ങി സിംഹത്തിന്റെ മടയിലേക്ക് പോയി.കഴുതയെ കണ്ടപാടെ സിംഹം ചാടി വീണെങ്കിലും ക്ഷീണിതനായതിനാല്‍ അതിനെ പിടിക്കാന്‍ കഴിഞ്ഞില്ല.കഴുത ഒരു ചെറിയ മുറിവുമായി രക്ഷപ്പെട്ടപ്പോള്‍ സിംഹത്തിന്റെ എടുത്തു ചാട്ടത്തിനെ കുറുക്കന്‍ കുറ്റപ്പെടുത്തി.സിംഹം തന്റെ കുറ്റം സമ്മതിച്ച് ഒന്നു കൂടെ കഴുതയെ തന്റെ അടുത്തെത്തിക്കാന്‍ കുറുക്കനോടാവശ്യപ്പെട്ടു.ശ്രമിച്ചു നോക്കാമെന്ന് കുറുക്കന്‍ സമ്മതിച്ചു.
തന്നെ ചതിയില്‍ കുടുക്കിയതിലുള്ള പരാതിയും പരിഭവവുമായാണ് കഴുത കുറുക്കനെ എതിരേറ്റതെങ്കിലും കഴുത കണ്ട സിംഹം ഒരു മായ മാത്രമായിരുന്നെന്ന് അതിനെ വിശ്വസിപ്പിക്കാന്‍ കുറുക്കന് അധികം പണിപ്പെടേണ്ടി വന്നില്ല.അനുഭവത്തിലെ നിന്ന് പാഠമുള്‍ക്കൊള്ളാത്ത മണ്ടനായ കഴുത ചതിയനായ കുറുക്കനെ പിന്തുടര്‍ന്ന് തന്റെ മരണം വരിച്ചു.
കഴുതയെ വക വരുത്തിയതിനു ശേഷം കുറുക്കനെ ശവത്തിന്റെ കാവലേല്‍‌പ്പിച്ച് സിംഹം ദാഹശമനത്തിനായി പുഴയിലേക്ക് പോയി.സിംഹം പോയതും കുറുക്കന്‍ കഴുതയുടെ ഏറ്റവും സ്വാദുള്ള ഭാഗങ്ങളായ ഹൃദയവും കരളും ഭക്ഷിച്ചു.തിരിച്ചെത്തിയ സിംഹം കഴുതയുടെ ഹൃദയവും കരളും എവിടെ എന്നാരാഞ്ഞപ്പോള്‍ അവ രണ്ടും കഴുതയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ കഴുത ഇത്ര മണ്ടനാകില്ലായിരുന്നു എന്ന് പറഞ്ഞ് കുറുക്കന്‍ സിംഹത്തെ സമാധാനിപ്പിച്ചു.
അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാത്തവര്‍ ഇന്ന് തിരിച്ചറിവില്ലാതെ പോയതിനെ പറ്റി വരാനിരിക്കുന്ന ലോകത്തില്‍  തീര്‍ച്ചയായും വിലപിക്കും.

Labels: , ,

Saturday, May 02, 2009

സൂഫിയുടെ പാട്ട് (In the dead of Night)

(സൂഫി കവിയായിരുന്ന ഫരീദുദ്ദീന്‍ അത്തറിന്റെ In the Dead of night എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.)

അര്‍ദ്ധരാത്രിയിലൊരു സൂഫി പാടുന്നു:
അടച്ചിട്ടിരിക്കുന്ന കല്ലറയാണീ ലോകം.
അജ്ഞരായ നാം രമിക്കുന്ന മൂഢസ്വര്‍ഗം.

മരണം വന്ന് വാതില്‍ തുറക്കുമ്പോള്‍
ചിറകുള്ളവര്‍ക്കേ നിത്യതയിലേക്ക് പറന്നുയരാനാകൂ.
ഇല്ലാത്തവര്‍ക്കീ കല്ലറ തന്നെ ശരണം.

അതിനാല്‍ പ്രിയരേ,
ദൈവത്തിലേക്കുയരാന്‍ കഴിയുന്ന പക്ഷികളാകാന്‍,
വാതില്‍ തുറക്കുന്നതിനു മുമ്പ്
നമുക്കാവുന്നതെല്ലാം ചെയ്യാം.

ചേര്‍ത്ത് വായിക്കാന്‍ :എലികളുടെ കഥ.

Labels: ,