Thursday, November 19, 2009

ഒരു നവംബര്‍ 19ന്റെ ഓര്‍മ്മയ്ക്ക്‌

ഇരുപത്തിയൊന്ന് വര്‍ഷം മുന്‍പ്‌ 1985 നവംബര്‍ 19.

അന്നൊരു ചൊവ്വാഴ്ചയായിരുന്നു.വീട്ടിലെ പശു പ്രസവിച്ച ദിവസം.വീടുപണി നടക്കുന്നതിനാല്‍ ആശാരിമാരും മറ്റു പണിക്കാരുമായി ആകെ ബഹളമയം.

പുറത്ത്‌ പെണ്ണാണെങ്കില്‍ അകത്ത്‌ ആണായിരിക്കും എന്നു പറഞ്ഞ്‌ സന്തോഷിച്ചിരിക്കുന്ന വെല്ലിമ്മ.എനിയ്ക്കും അനിയത്തിയ്ക്കും ശേഷം അനിയന്‍ പിറന്നപ്പോഴും ഏറ്റവും സന്തോഷിച്ചത്‌ വെല്ലിമ്മ തന്നെ ആയിരുന്നല്ലോ.ഞങ്ങള്‍ അങ്ങനെയൊരു നാലാമനെ പ്രതീക്ഷിച്ചിരിക്കുന്ന സമയം.

സ്കൂള്‍ വിട്ട്‌ വന്ന് ആദ്യം പോയത്‌ പശുവിന്റെ അടുത്തേക്ക്‌,കുട്ടിയ്ക്ക്‌ ഇന്ദു എന്ന് പേര്‌ വിളിച്ചു.

ഞാനും അനിയനും കൂടി പാല്‍ വാങ്ങാനായി ബാലകൃഷ്ണന്‍ മാഷിന്റെ വീട്ടിലേക്ക്‌ പോയി.നേരെ തെക്കേതാണെങ്കിലും വലിയ ഒരു പറമ്പിനു നടുക്കാണ്‌ ആ വീട്‌.അതിനാല്‍ റോഡിലൂടെ ചുറ്റി വളഞ്ഞ്‌ വേണം പോകാന്‍.ചുറ്റും നോക്കി ഞാനിത്തിരി പതുക്കെയാണ്‌ നടന്നിരുന്നത്‌.അനിയന്‍ മുമ്പില്‍ ഓടിപ്പോയി.

ഒരു കയ്യാല പോലെ അവരുടേ വീടിനു പുറകിലുള്ള മുറികളുടെ ഇടയിലൂടെ വേണം വടക്കു പുറത്തേയ്ക്ക്‌ കടക്കാന്‍,ഞാന്‍ ഇറയത്തേയ്ക്ക്‌ കയറിയതും വടക്കു വശത്ത്‌ നിന്ന് നായയുടെ കുരയും അനിയന്റെ കരച്ചിലും കേട്ടു.എന്റെ തടി രക്ഷിക്കട്ടെ എന്നു കരുതി ഞാന്‍ അടുത്തു കണ്ട മുറിയിലേക്ക്‌ ഓടിക്കയറി.

അവിടെ ചാരനിരത്തിലുള്ള മുയല്‍ക്കുട്ടികള്‍.അവയെ കണ്ട്‌ കണ്ണെടുക്കും മുമ്പേ നായ അവിടെയെത്തി.എന്റെ മേലെ ചാടിക്കയറാന്‍ തുടങ്ങി.ഞാനുടനെ അവിടെ കണ്ട ജനലില്‍ പിടിച്ചു കയറി.എന്നിട്ടും നായ വിടാന്‍ ഭാവമില്ല.എന്റെ കാലെല്ലാം മാന്തി പറിച്ചു. കരച്ചില്‍ കേട്ട്‌ അവിടുത്തെ ചേച്ചിയും അനിയനും ഓടി വന്നു.(കരയാന്‍ ഞാന്‍ പണ്ടേ മിടുക്കിയാ,ഒരു മുള്ളു കയറിയാല്‍ പോലും ആ പ്രദേശം മുഴുവന്‍ അതു വിളിച്ചറിയിക്കാറുണ്ടായിരുന്നു).അങ്ങനെ അവിടെ നിന്നും രക്ഷപ്പെട്ടു വീട്ടിലെത്തി.

അവിടെ കണ്ടത്‌ നായക്കുട്ടികളാണെന്നും പെറ്റു കിടക്കുന്ന നായയ്ക്ക്‌ അരിശം കൂടുമെന്നുമൊക്കെ വീട്ടില്‍ വന്നപ്പൊഴാണ്‌ അറിഞ്ഞത്‌.വാപ്പ ഉടനെ വന്‍പയര്‍ കടിച്ചു ചവച്ച്‌ മുറിവില്‍ വെച്ചു കെട്ടി.പിറ്റേ ദിവസം ടെറ്റനസ്സിനുള്ള ഇഞ്ചക്ഷനെടുത്തു.അതു കഴിഞ്ഞുള്ള ഒരു മാസം കോഴിയിറച്ചി,കുമ്പളങ്ങ തുടങ്ങി ഒന്നും തിന്നാനും പറ്റിയില്ല.

Labels:

50 Comments:

Blogger വല്യമ്മായി said...

ഒരു നവംബര്‍ 19ന്റെ ഓര്‍മ്മയ്ക്ക്‌

ചില ഉദ്വേഗഭരിതമായ നിമിഷങ്ങളിലേക്കൊരു തിരിച്ചുപോക്ക്‌.

11/18/2006 3:08 pm  
Blogger asdfasdf asfdasdf said...

വരാന്‍ വെച്ചത് വഴിയില്‍ തങ്ങില്ലല്ലോ.. തേങ്ങ എന്റെ വക..
(ഓ.ടോ : നായക്ക് ബുദ്ധിയുണ്ടേ..)

11/18/2006 3:19 pm  
Blogger thoufi | തൗഫി said...

വല്ല്യമ്മായി,ഇതു കൊള്ളാം.
നായ്ക്കുട്ടികളെ കണ്ട് മുയല്‍ക്കുട്ടികളാണെന്ന് തെറ്റിദ്ധെരിച്ചു,അല്ലെ.
അല്ല,ഈ സംഭവങ്ങളെല്ലാം ഇത്ര കൃത്യദിവസം ഓര്‍ത്തെടുക്കുന്ന വിദ്യയെങ്ങനെ..?
കാലുമാന്തിപ്പറിച്ചതിലല്ലാ,ഒരു മാസം”കാര്യ”മായൊന്നും തിന്നാന്‍ കിട്ടാത്തതിലാണല്ലെ,വിഷമം?

11/18/2006 3:21 pm  
Blogger ഉത്സവം : Ulsavam said...

ഹോ എന്നാലും പശുക്കുട്ടിയ്ക്ക് ഇന്ദു എന്ന് പേരിട്ടത് കൊള്ളാം എന്റെ കൂട്ടുകരന്റെ വീട്ടില്‍ ചെന്നപ്പോള്‍ സാബുവിന് ചോറ് കൊടുത്തോ എന്ന് ചോദിക്കുന്നത് കേട്ടു. പിന്നീടാ മനസിലായത് സാബൂന്ന് വിളിച്ചത് പൂച്ചയുടെ പേരാണെന്ന്.

ഓടോ : സീരീയസായിട്ട് ചോദിക്കുവാ അന്ന് ആ പട്ടിയ്ക്ക് വല്ലതും പറ്റിയോ..? :-)

11/18/2006 3:40 pm  
Blogger Mubarak Merchant said...

പട്ടികടിച്ചതിന്റെ വാര്‍ഷികം ആഘോഷിക്കുന്നുണ്ടോ വെല്യാന്റീ?

11/18/2006 3:47 pm  
Blogger mydailypassiveincome said...

വല്യമ്മായീ,

എന്നാലും ഇത്ര കൃത്യമായി ദിവസങ്ങള്‍ ഓര്‍ത്തിരിക്കാന്‍ എങ്ങനെ സാധിക്കുന്നു. ഞാനാണെങ്കില്‍ കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എല്ലാം മറന്നുപോകും. ;)

ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ സംഭവിച്ച ഒരു കാര്യമാണ്. വീട്ടില്‍ നിന്നും ബസ്സ് സ്റ്റോപ്പിലേക്കു പോകാന്‍ പല വഴികള്‍ ഉണ്ട്. ഒരു കുറുക്കുവഴി ഒരു വീടിന്റെ മതില്‍ക്കെട്ടിന് അടുത്തുകൂടിയാണ്. ഞാന്‍ അവിടെയെത്തിയതും അതിവേഗത്തില്‍ ഒരു പട്ടി ഓടിവരുന്നു. സാധാരണ പട്ടി കുരച്ച് കുറെ നേരം നമുക്ക് പേടിയുണ്ടോ എന്ന് നോക്കും. എന്നാല്‍ ഇത് ഒരു ബെല്ലും ബ്രെയ്ക്കുമില്ലാതെയാണ് പാഞ്ഞുവരുന്നത്. ഒന്നേ എനിക്ക് അപ്പോള്‍ ചെയ്യാനുണ്ടായിരുന്നുള്ളൂ. റോണാള്‍ഡോ സ്റ്റൈലില്‍ തൊട്ടടുത്തെത്തിയ പട്ടിയുടെ താടി ലക്ഷ്യമാക്കി ഒരു തൊഴി. ഞാന്‍ ഷൂ ഇട്ടിരുന്നത് ഭാഗ്യം. പട്ടി ഒന്നു രണ്ടു തവണ വട്ടം കറങ്ങി ഭൂമിയില്‍ ലാന്‍ഡു ചെയ്തതും കരഞ്ഞുകൊണ്ടോടിയതും നിമിഷങ്ങള്‍ക്കുള്ളില്‍. പുറത്തുവന്ന വീട്ടുടമസ്ഥന്റെ ചോദ്യത്തിന് ഒന്നുമില്ലെന്ന് ഉത്തരം നല്‍കി ഞാന്‍ സ്ഥലം കാലിയാക്കി. ഹ ഹ‍ ;)

ഈ ഓര്‍മ്മയെ തിരികെ കൊണ്ടുവരാന്‍ സഹായിച്ച വല്യമ്മായിക്ക് നന്ദി. :)

11/18/2006 3:52 pm  
Blogger മുസാഫിര്‍ said...

വല്ലിമ്മായി,

എന്നാലും ഒരു ഇഞ്ച്കഷനില്‍ ഒതുക്കിയത് കഷ്ടമായി.എന്നെ പട്ടീ കടിച്ചീട്ടു വയറ്റില്‍ ഏഴെണ്ണമാണു എടുത്തത്.

11/18/2006 4:12 pm  
Blogger വാളൂരാന്‍ said...

കഴിഞ്ഞമാസം പരിചയപ്പെട്ടയാളുടെ പേരുവരെ ഓര്‍മയില്ല, അപ്പോള്‍ 21 വര്‍ഷം മുന്‍പത്തെ ഡേറ്റ്‌ വരെ കൃത്യമായിട്ടു പറയുമ്പോള്‍ ഞാന്‍ അന്തം വിട്ട്‌ കുന്തം വിഴുങ്ങി നില്‍ക്കുന്നു. കൊള്ളാട്ടോ ബിഗ്ഗാന്റീ....

11/18/2006 4:23 pm  
Blogger തറവാടി said...

ലോകരെ ! വല്യമ്മായിയുടെ ഈ അസാമാന്യ ഓര്‍മ്മയാണെന്‍റെ ശാപവും അ-ശാപവും

11/18/2006 4:31 pm  
Blogger K.V Manikantan said...

വല്യമ്മായി ച്ചേച്ചി,
നമ്മുടെ വീട്ടില്‍ 90-93 കാലഘട്ടത്തില്‍ ഒരു നായ ഉണ്ടായിരുന്നു. അതിനു മുമ്പുണ്ടായിരുന്ന നായ ചെറുപ്പത്തിലേ മരിച്ചു. പേര് പൊറിഞ്ചു എന്നായിരുന്നു. അതിനു ശേഷം വാങ്ങിയ ഒരു കുറുകാലന്‍ ആയിരുന്നു നായകന്‍. അതുകൊണ്ട് അതിന് കുറുക്കന്‍ എന്ന് പേരിട്ടു.

വീട്ടില്‍ വരുന്നവരുടെ അടുത്ത് സ്നേഹം ഭാവിച്ച് മണപ്പിച്ച് നിന്ന് അഞ്ചോ പത്തോ മിനിട്ടിന് ശേഷം കടിക്കുന്ന ഒരു ദു:സ്വഭാവത്തിനുടമയായിരുന്നു അവന്‍.

പെട്ടന്ന് അതി സുന്ദരിയായി മാറിയ ഒരു പെണ്‍ കുട്ടി ഉണ്ടായിരുന്നു നാലഞ്ച് വീട് അപ്രത്ത്. എഴാം ക്ലാസ് വരെ നീര്‍ക്കോലി ആയിരുന്ന പെണ്ണ്. ആരോടും ഒന്നും മിണ്ടാത്ത മിണ്ടിയാല്‍ വായില്‍ നിന്ന് പവിഴ മണികള്‍ അടര്‍ന്ന് വീഴും എന്ന് വിചാരിച്ചിരുന്ന ഒരുവള്‍.

അവള്‍ ഒരു ദിവസം ഉച്ച്യ്ക്ക് വീട്ടില്‍ പാല് വാങ്ങാന്‍ വന്നു. സാധാരണ അനിയനാണ് വരാറ്. കുറുക്കന്‍ സ്നേഹം ഭാവിച്ച അടുത്ത്ത് ചെന്നു. മുട്ടിന് മേപ്പറെ നിന്ന് ഒരു കഷണം ഇറച്ചി കടിച്ച് വലിച്ച് ഏടുത്ത് കാര്‍ പോറ്ച്ചില്‍ കൊണ്ടുവച്ച് തിന്നു തുടങ്ങി. ഇവളാണെങ്കില്‍ കരഞ്ഞാല്‍ ഗ്ലാമറ് പോകും എന്ന് കരുതി മിണ്ടാതെ നിന്നു. കുറുക്കന്‍ ആ കഷ്ണം തിന്ന് വീണ്ടും തിരികെ വന്ന് അടുത്ത കാലില്‍ നിന്ന് കടിക്കാന്‍ വന്നു എന്നും അപ്പോള്‍ പുറത്തു വന്ന അമ്മയോ മറ്റോ കണ്ട് ലഹള കൂട്ടി പട്ടിയെ ഓടിച്ചെന്നും ചരിത്രരേഖകള്‍ പറയുന്നു.

കുറുക്കന്‍ പിന്നീട് ഓട്ടോക്ക് തല വച്ച് ആത്മഹത്യ ചെയ്തു. ഈ പെണ്ണ് രണ്ട് ഇരട്ടക്കുട്ടികളുമായി ഇപ്പോള്‍ എല്ലാവരോടും വര്‍ത്തമാനം പറഞ്ഞ് നടക്കുന്നു.

ഓടോ: തറവാടി ചേട്ടന്‍ ‘സീരിയസ്’ ആള്‍ക്കാരെ ഓടിക്കുന്നു. ;)

11/18/2006 7:51 pm  
Blogger വേണു venu said...

സങ്കുചിതന്‍റെ നല്ല കമന്‍റു വായിച്ചു് വന്ന കാര്യം മറന്നേനെ.നല്ല രസികന്‍ വിവരണം അമ്മായീ. എങ്കിലും ഇങ്ങനെ ഡേറ്റു സഹിതം ഓര്‍ത്തു വയ്‍ക്കുന്നതു്?.

11/18/2006 8:06 pm  
Blogger സു | Su said...

അയ്യോ... എനിക്ക് നായ്ക്കളെ വല്യ പേടിയാ. നായ്ക്കളെ എവിടെയെങ്കിലും കണ്ടാല്‍ ഞാന്‍, ഒരു പരുങ്ങല്‍‌സ് നടത്തും. എന്നാലും നായ്ക്കള്‍ നല്ല ജന്തുക്കളാണ്. നന്ദിയുള്ള മൃഗങ്ങള്‍.

നായ് മാന്തിയിരിക്കുമ്പോഴാണോ കുമ്പളങ്ങയും, കോഴിയിറച്ചിയും കിട്ടാത്തതിന്റെ വിഷമം? ;)

11/18/2006 8:11 pm  
Blogger Kiranz..!! said...

രണ്ട് ശവമഞ്ചം, പിന്നാലെ ഒരു പട്ടിയെയും എടുത്ത് കൊണ്ട് ഒരു മനുഷ്യന്‍,അതിനു പിന്നാലെ ഏകദേശം ആയിരത്തോളം വരുന്ന ആള്‍ക്കാര്‍ വരിവരിയായി കാണപ്പട്ടു

അപരിചിതന്‍ : സ്നേഹിതാ വളരെ അപൂര്‍വ്വമായ ഒരു കാഴ്ച്കയാണല്ല്ലൊ..എന്താ സംഭവം ?
മനുഷ്യന്‍ : ആദ്യത്തെ ശവമഞ്ചം,എന്റെ ഭാര്യയുടേത്,അവള്‍ ഈ പട്ടിയാല്‍ ആക്രമിക്കപ്പെട്ട് മരണപ്പെട്ടു.:(
അപരിചിതന്‍ :അപ്പോള്‍ രണ്ടാമതുള്ളത് ?
മനുഷ്യന്‍ : അതെന്റെ അമ്മായിയമ്മയുടേത്,പട്ടി ആക്രമിച്ചപ്പോള്‍ എന്റെ ഭാര്യയെ സഹായിക്കാന്‍ ശ്രമിച്ചു മരണപ്പെട്ടു.:(
അപരിചിതന്‍ :-സ്നേഹിതാ ,താങ്കളുടെ ദു:ഖത്തില്‍ ഞാന്‍ അതിയായി ഖേദിക്കുന്നു.(ഒരു മിനിട്ട് മൌനത്തിനു ശേഷം).അങ്ങയുടേ പട്ടിയെ ഒന്നു കടം തരുമോ ?

മനുഷ്യന്‍ : Dear friend,please join the queue ..!

വല്യമ്മായി,ഈ പട്ടിയുടെ ജനുസ്സില്‍ വരുമോ ആ പട്ടി ? :)
തറവാടി ചേട്ടാ..ആ പട്ടിയെ ഒന്നു നോക്കിവെച്ചോ..:)

കുടൂംബ സഹിതം അടി വരുന്നേ..!!

11/18/2006 8:41 pm  
Blogger വിഷ്ണു പ്രസാദ് said...

വല്യമ്മായീ രസിച്ചു,കിരണ്‍സിന്റെ കമന്റും കലക്കി.

11/18/2006 9:39 pm  
Blogger കരീം മാഷ്‌ said...

വല്ല്യമ്മായിയുടെ ഓര്‍മ്മക്കുറിപ്പില്‍ തിയതി ഓര്‍ത്തുവെച്ചതെങ്ങനെയെന്നുള്ള അതിശയോക്തി ചോദ്യത്തിനു മറുപടി,
എഴുതിയതു ഒന്നുകൂടി വായിച്ചു നോക്കൂ.
വല്ല്യമ്മായിയുടെ വീട്ടില്‍ നാലാമനെ പ്രതീക്ഷിച്ചിരിക്കുന്ന സമയം എന്നു പറഞ്ഞല്ലോ, അവന്റെ ഡേറ്റ്‌ ഓഫ്‌ ബര്‍ത്തുമായി അടുത്തു കിടക്കുന്ന ദിവസത്തെ ഡേറ്റു ഒാര്‍ത്തെടുക്കാന്‍ എന്തു പ്രയാസം. ഇതു വെറും കോമണ്‍സെന്‍സിന്റെ കാര്യം. ഇല്ലങ്കില്‍ തന്മാത്രയില്‍ മോഹന്‍ലാലിന്റെ കാരക്‌ടര്‍ ഒരു PTA യോഗത്തില്‍ പരിശീലിപ്പിക്കുന്നതു പോലെ സംഭവങ്ങളെ തിയതികളൂമായി ബന്ധപ്പെടുത്തി ഓര്‍ത്താലും മതി.

11/18/2006 9:41 pm  
Blogger sandoz said...

എന്റെ ഒരു സുഹൃത്തിനെ പട്ടി കടിച്ചു.ആശുപത്രിയില്‍ പോയി കുത്തിവയ്പ്‌ ഒക്കെ നടത്തിയെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പട്ടിയെ പത്ത്‌ ദിവസം കെട്ടിയിട്ട്‌ നിരീക്ഷിക്കാന്‍ തീരുമാനിച്ചു.പട്ടിക്ക്‌ പേ ഉണ്ടോ എന്നറിയാനാണിത്‌.കെട്ടിയിട്ട്‌ ആറാമത്തെ ദിവസം പട്ടി ചത്തു.പക്ഷെ തനിക്കും പേ വരും എന്ന് കരുതി സുഹൃത്ത്‌ ഒരാഴ്ച പനിച്ച്‌ കിടന്നതല്ലാതെ അവന്നു പേ പോയിട്ട്‌ ഒരു ഹേ പോലും വന്നില്ല.പാവം പട്ടി ചത്തത്‌ അവനെ കടിച്ചത്‌ കൊണ്ടാണെന്നാണു നാട്ടുകാര്‍ പറഞ്ഞുണ്ടാക്കിയത്‌.
വല്ല്യമ്മായീ,ആ പട്ടിക്ക്‌ വല്ലതും പറ്റിയോ എന്ന ഉത്സവത്തിന്റെ കമന്റ്‌ കണ്ടപ്പോള്‍ ഓര്‍ത്തതാണു ഇത്‌.

11/18/2006 10:21 pm  
Blogger Visala Manaskan said...

:)

വല്യമ്മായി നന്നായി വിവരിച്ചിരിക്കുന്നു.

11/18/2006 10:37 pm  
Anonymous Anonymous said...

എന്നേയും കുഞ്ഞായിരുന്നപ്പൊ പട്ടി കടിച്ച് പരുവമാക്കി. അമ്മ എന്നിട്ടാ പട്ടിയെ ഒലക്കകൊണ്ട് എറിഞ്ഞു അതിന്റെ കാലൊടിച്ചു.
പക്ഷെ എനിക്ക് പട്ടീനെ ഇഷ്ടാ..പൂച്ചയെ ഇഷ്ടല്ലാ.പൂച്ചക്ക് ഭയങ്കര അഹങ്കാരാ

11/18/2006 11:39 pm  
Blogger അനംഗാരി said...

ഹാ!അവസാനം ഇഞ്ചി വന്നല്ലോ?ഇനി ഇത് ഇഞ്ചിയുടെ വ്യാജന്‍ ആണോ?അല്ലെങ്കില്‍ ഇഞ്ചിയുടെ ഈ- തപാല്‍ മേല്‍‌വിലാസം ഒന്ന് എനിക്ക് അയക്കാമോ?.
ഇഞ്ചിയുടേ ആംഗലേയ ബൂലോഗം മാത്രമെ കാണുന്നുള്ളു.മലയാളം എവിടെ പോയി?

വല്യമ്മായി ഓ:ടോക്ക് ക്ഷമാപണം.

11/19/2006 7:52 am  
Blogger അനംഗാരി said...

ഒരു ദിവസം വക്കീലാപ്പീസില്‍ ഒരു കുട്ടിയും, അച്ഛനും കൂടി വന്നു.കുട്ടു മുറിക്കുള്ളില്‍ കയറിയതും കേട്ടത് അതിഭയങ്കരമായ മുരള്‍ച്ച. നായ മുരളുന്നത് പോലെ.കുട്ടി അയ്യോ പട്ടി എന്ന് പറഞ്ഞ് ഒറ്റ ഓട്ടം! കാര്‍ന്നോര്‍ വക്കീല്‍ ഉച്ചയുറക്കത്തിനിടയില്‍ കൂര്‍ക്കം വലിച്ചതായിരുന്നു സംഭവം.(കൂര്‍ക്കം വലിയെന്ന് പറഞ്ഞാല്‍ അതൊരു ഒന്നൊന്നര കൂര്‍ക്കം വലിയാണ്. ആരും കേട്ടാല്‍ കിടുങ്ങി പോകും. പിന്നെ കുട്ടിയുടെ കാര്യം പറയാനില്ലല്ലോ?)

11/19/2006 7:59 am  
Blogger മുസ്തഫ|musthapha said...

എന്നാലും അനിയനെകുറിച്ച് യാതൊരു ചിന്തയുമില്ലാതെ ഓടിക്കയറി മുറിയിലൊളിച്ചല്ലോ!

നിക്കറിട്ടു നടക്കുന്ന കാലത്ത്, കടയിലോ മറ്റോ പോയി വരികയായിരുന്നു ഞാനും അനിയനും. പെട്ടെന്നൊരു നായ കുരച്ചുകൊണ്ട് ഞങ്ങളുടെ നേര്‍ക്കോടി വന്നു. ഞാന്‍ അലറിക്കൊണ്ട് കുതിച്ചു. പക്ഷേ, തിരിഞ്ഞു നോക്കുമ്പോള്‍ അനിയന്‍ ഓടുന്നില്ല... അവിടെ തന്നെ നില്‍ക്കുന്നു. ഞാന്‍ അലറിക്കൊണ്ട് തിരിച്ച് അനിയന്‍റെ അടുത്തേക്ക് തന്നെ ഓടി. അനിയന്‍റെ ഓടാതെ നിന്നത് കൊണ്ടോ,അതോ ഞാന്‍ അലറിക്കൊണ്ട് തിരിച്ചോടി വരുന്നത് കണ്ട് പേടിച്ചിട്ടോ... എന്തോ അറിയില്ല... നായ അതിന്‍റെ പാട്ടിന് പോയി. അനിയന്‍റെ ധൈര്യത്തില്‍ എനിക്ക് ശരിക്കും അഭിമാനം തോന്നി.

വല്യമ്മായി, നല്ല ഓര്‍മ്മക്കുറിപ്പ്... നല്ല എന്നത് കൊണ്ട് പട്ടി കടിച്ചത് നന്നായി എന്നല്ല കേട്ടോ :)

11/19/2006 9:31 am  
Blogger ബിന്ദു said...

അപ്പൊ ഒരു പട്ടി വിരോധി ആണല്ലേ? നമുക്കൊരു യൂണിയന്‍ തുടങ്ങിയാലൊ? എനിക്കും പേടിയാ ഈ ജന്തുവിനെ.:)

11/19/2006 9:41 am  
Blogger Rasheed Chalil said...

ചെറുപ്പത്തില്‍ ഏറ്റവും പേടിയുണ്ടായിരുന്ന രണ്ട് ജീവികളായിരുന്നു നായയും പാമ്പും.

വല്ല്യമ്മായി നല്ല ഓര്‍മ്മക്കുറിപ്പ്...

11/19/2006 10:09 am  
Blogger സുല്‍ |Sul said...

വല്യമ്മായിയും തറവാടിയും മത്സരിച്ച് ഓര്‍മ്മക്കുറിപ്പുകളിറക്കുകയാണൊ. ഇനി തറവാടിനെ ഓര്‍മ്മകുറിപ്പുകളുടെ തറവാട് എന്നു വിളിക്കേണ്ടി വരുമോ.

മുയല്‍കുട്ടിയെ കയ്യില്‍ എടുക്കാഞ്ഞതു ഭാഗ്യം. ഏത്....

-സുല്‍

11/19/2006 10:17 am  
Blogger Kalesh Kumar said...

വല്യാന്റീ, നന്നായിട്ട് എഴുതിയിരിക്കുന്നു!
നൊസ്റ്റാള്‍ജിക്ക് പോസ്റ്റ്!

11/19/2006 2:14 pm  
Blogger കുറുമാന്‍ said...

വല്ല്യമ്മായേ, ഭാഗ്യം, വിശാലന്റെ , കീരി ബാബുവിനെ കടിച്ച ജൂലിയായിരുന്നെങ്കില്‍, മാന്തിന്നു പകരം എന്തായിരുന്നേനെ അവസ്ഥ?

11/19/2006 2:31 pm  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

കടിയായ്‌ വരേണ്ടത്‌ മാന്തായി മാറിപ്പോയി...
തല്‍ക്കാലം ആശ്വസിക്കാം.

11/21/2006 11:26 am  
Blogger Siju | സിജു said...

പട്ടി കടിച്ചതിലും വിഷമം കുമ്പളങ്ങ തിന്നാന്‍ പറ്റിയില്ലാന്നുള്ളതിലാ..
നമിച്ചു

11/21/2006 7:46 pm  
Blogger ലിഡിയ said...

കുമ്പളങ്ങാ ആവില്ല സിജൂ കോഴിയിറച്ചി അല്ലേ വല്യമ്മായീ ;-)

-പാര്‍വതി.

11/21/2006 8:38 pm  
Blogger വല്യമ്മായി said...

എന്റെ പട്ടി മാന്തല്‍ വാര്‍ഷികം ആഘോഷിക്കാനെത്തിയ എല്ലാവര്ക്കും നന്ദി .

ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മയ്ക്കാണ്‌ ഇന്ദുവെന്ന് പേരിട്ടത്,ഉത്സവം.
മാന്തിയ കാരണം ഒന്നില്‍ നിന്നു,മുസാഫിര്‍.

കിരണ്സ്,ആ പട്ടിയെ ബാഗ്ലൂരിലേക്ക് വിട്ടിട്ടുണ്ട്.
ഇഞ്ചി ക്കുട്ടീ,എന്താ പറ്റിയേ, എന്തായാലും വന്നൂലോ, ഇനിയിങ്ങനെ പറയാതെ മുങ്ങരുത്.

കരീം മാഷിന്റെ കണ്ടുപിടുത്തം നന്നായി,കാത്തിരുന്നു വന്നത് അവള്‍ ആയിരുന്നു,ഒരാഴ്ചയ്ക്കു ശേഷം.

എന്റെ പിറകെ പട്ടി കടിച്ച കീരി വാസുവിനും പട്ടിയുടെ ചോറുതിന്ന കുറുമാന്റെ കൂട്ടുകാര്ക്കും ആശംസകള്‍

11/23/2006 8:59 pm  
Blogger പട്ടേരി l Patteri said...

:)
എന്നെയും ഒരിക്കല്‍ പട്ടി മാന്തിയിട്ടുണ്ട്.
വെക്കേഷനില്‍ അമ്മയുടെ വീട്ടില്‍ പോയപ്പോള്‍ കെട്ടിയിട്ട പട്ടിയുടെ മുന്നില്‍ പോയി ഭരത നാട്യം കളിച്ചതിനു :)..ശിക്ഷയായി അവനെ 14 ദിവസം പരോളില്‍ വിട്ടില്ലത്രെ...പരോളില്‍ വിട്ടിട്ട് ഓടിപ്പോയിരുന്നെങ്കില്.....ഒഹ് 14 ഇഞെക്ഷന്..... ഹാവൂ രക്ഷപെട്ടു ...
ഞാന്‍ കണ്ട ബാക്കി എല്ലാ പട്ടികളും വെരി നൈസാ ..ആ ബ്ലഡി ശുനകന്‍ ഒഴിച്ച്

11/23/2006 9:27 pm  
Blogger :: niKk | നിക്ക് :: said...

ഒരു നാരങ്ങാ സര്‍ബത് എടുക്കട്ടേ ? അറ്റ്ലീസ്റ്റ് ഒരു നാരങ്ങാ മുട്ടായി ആയാലോ?

എന്നാലും ‘ഇന്ദു’ ന്ന് പേരു വിളിച്ചത് ശരിയായില്ലട്ടോ. അതും ഒരു പശൂന്. എന്റെ അനിയത്തീടെ പേരല്ലേയത്. :(

11/26/2006 11:02 am  
Blogger Thomas K Prakash said...

പാവം അനിയനെ തനിച്ചാക്കി തടി രക്ഷിച്ച ചേച്ചി ആളു കൊള്ളമല്ലൊ. ഒരു സംശയം തീര്‍ത്തു തരാന്‍ കഴിയുമോ ? എങ്ങിനെയാണു ബ്ലോഗിന്റെ സ്റ്റൈല്‍ (template?) തിരഞ്ഞെടുത്തത്‌ ? എന്റെ നിലവിലുള്ള template redisign ചെയ്യാന്‍ പറ്റുമോ ?

11/26/2006 2:20 pm  
Blogger വല്യമ്മായി said...

പട്ടേരിക്കും നിക്കിനും തോമസ്സിനും നന്ദി.തോമസ് ഈ ലിങ്ക് നോക്കിയാല്‍ ടെമ്പ്ലേറ്റ് മാറ്റാന്‍ പഠിക്കാം.

http://ashwameedham.blogspot.com/2006/06/blog-post.html

11/26/2006 7:01 pm  
Blogger Navi said...

മനുഷ്യന്മാരേക്കാള്‍ വിശ്വസിക്കാന്‍ പറ്റുന്നത്‌ ചില സമയത്ത്‌ നായ്ക്കളെയാണ്‌.. ഇത്രക്കു സ്നേഹം ഉള്ള ഒരു ജീവിയും ലോകത്തില്ല.. എനിക്ക്‌ ഒരു പോമറെനിയന്‍ പട്ടി ഉണ്ട്‌.ടിന്റു..അതിനു ഒരു മാസം പ്രായം ഉള്ളപ്പൊളാണ്‌ തന്തപ്പിടി കൊണ്ടുവരുന്നത്‌.. ഇപ്പൊ 9 വയസ്സയീ...

11/27/2006 11:29 am  
Blogger umbachy said...

ഏകദേശം ഞാനന്നു സ്കൂളില്‍ പോകാന്‍ തുടങ്ങീട്ടേ ഉള്ളൂ.
കരയാന്‍ ഞാന്‍ മിടുക്കിയാന്നു തുടങ്ങുന്ന വരികളില്‍ ഈയുള്ളവന്‍ വീണു.
നന്നായിട്ടുണ്ട്.
ഇനിയും എഴുതണം.

പിന്നെ എന്‍ റെ 'അടുക്കള'യെക്കുറിച്ച് എഴുതിയത് കണ്ടു.
ആ കവിത ഞാന്‍ പിന്‍വലിച്ചു.
ഒന്നു കൂടി
മിനുക്കു പണി കഴിച്ചിട്ടു വീണ്ടും ഇടാം

11/29/2006 10:32 am  
Blogger ശെഫി said...

എന്താ കാര്യം എന്നറിയില്ല..ഇതുവരേക്കും ഒരു പട്ടിക്കും എന്നെ കടിക്കാന്‍ ധൈര്യം വന്നിട്ടില്ല.

12/02/2006 4:34 pm  
Blogger വല്യമ്മായി said...

നവീനിനും ഉമ്പാച്ചിക്കും ഷെഫിയ്ക്കും നന്ദി

12/06/2006 9:37 pm  
Blogger മുല്ലപ്പൂ said...

pazhyapostukal ellam eduthu repost cheyyukayano ?
Enthaa smbhavam ?

(njaan nerathe vaayichapole thonni. angane date nokkiyappol aake samsayam.. :)

11/20/2009 11:35 am  
Blogger സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നന്നായി എഴുതിയിരിക്കുന്നു

ആശംസകൾ

11/20/2009 10:57 pm  
Blogger Mahesh Cheruthana/മഹി said...

വല്ല്യമ്മായി,
നല്ല ഓർമ്മക്കുറിപ്പും ഓർമ്മ ശക്തിയും!ആശംസകൾ !

11/21/2009 3:29 pm  
Blogger ഇരുമ്പുഴിയൻ said...

42 അഭിപ്രായങ്ങൾക്ക് താഴെ നല്ലത് എന്നു എഴുതേണ്ട ആവശ്യമില്ല... എല്ലാവരും നല്ല വാക്കുകൾ പറഞ്ഞ് തീർത്തു..

:):):)

11/22/2009 10:11 am  
Blogger ചേച്ചിപ്പെണ്ണ്‍ said...

വല്യമ്മായീ നല്ല പോസ്റ്റ്‌ ട്ടോ
എനിക്കാണേ പട്ടി കടിച്ച ഓര്‍മ്മകള്‍ ഒന്നും ഇല്ല ..
വീട്ടില്‍ പട്ടിയുണ്ട് ജാക്കി, അവനാണെങ്കില്‍ എന്റെ മക്കള്‍ക്ക് കൊടുക്കുന്നതെല്ലാം അവനും
കൊടുത്തോണം എന്ന മട്ടാണ് ..
കുര്കുരെ കണ്ടാ അവന്റെ വായീ വെള്ളം വരും ..പേരക്ക ,ചക്കപഴം ,മുന്തിരി ,ഞാലിപ്പൂവന്‍ പഴം , ഏതൊക്കെ അവന്റെ favourite ആ .

11/24/2009 1:39 pm  
Blogger ശ്രീ said...

കുഞ്ഞായിരുന്നപ്പോള്‍ ഒരു തവണ എനിയ്ക്കും കിട്ടിയിട്ടുണ്ട് പട്ടിയുടെ കടി...
(ചുമ്മാ കിടന്നുറങ്ങുന്ന പട്ടിയുടെ ദേഹത്ത് ചെരുപ്പുമിട്ട് ചവിട്ടിക്കയറിയാല്‍ പിന്നെ പട്ടി കടിയ്ക്കാതിരിയ്ക്കുമോ?)

ഓര്‍മ്മക്കുറിപ്പ് നന്നായി

11/24/2009 3:28 pm  
Blogger Sunith Somasekharan said...

നാരങ്ങ കഴിക്കണ്ട ...

11/27/2009 10:25 pm  
Blogger ★ Shine said...

നല്ല സിമ്പ്ലൻ ഭാഷയിൽ എഴുതിയിരിക്കുന്നു...പെട്ടന്നൊരു പെരുമഴ പോലെ കുറെ കാര്യങ്ങൾ! ആ പെൺകൊച്ചിനെ ഞാൻ ശരിക്കും കണ്ടു!

12/02/2009 9:39 am  
Blogger Joseph Antony said...

This comment has been removed by the author.

12/07/2009 7:43 pm  
Blogger Joseph Antony said...

വല്യമ്മായി,
മനോഹരമായ ഈ പോസ്റ്റിന്റെ ഒരു ലിങ്ക് അനുവാദം ചോദിക്കാതെ ഇട്ടിട്ടുണ്ട്, ഇവിടെ
http://eves.mathrubhumi.com/
ഇ-മെയില്‍ വിലാസം അറിയാത്തതിനാലാണ് അങ്ങനെ നല്‍കിയത്. സ്ത്രീബ്ലോഗില്‍ ഈയാഴ്ച തിരഞ്ഞെടുത്ത പോസ്റ്റാണ് ഇത്.

-ജോസഫ് ആന്റണി
josephamboori@gmail.com

12/07/2009 7:46 pm  
Blogger Pd said...

കൊള്ളാം ഓറ്മ്മ കുറിപ്പുകള്, ആരോ മുകളില് ചോദിച്ച പോലെ "ആ പട്ടിക്ക് വല്ലതും പറ്റിയോ"

3/01/2010 9:54 am  
Blogger റിയാസ് (മിഴിനീര്‍ത്തുള്ളി) said...

തറവാടി said....

ലോകരെ ! വല്യമ്മായിയുടെ ഈ അസാമാന്യ ഓര്‍മ്മയാണെന്‍റെ ശാപവും അ-ശാപവും


------------
പാവം അലിയുക്ക

5/10/2011 5:05 pm  

Post a Comment

<< Home