Monday, October 30, 2006

ഒരു നവംബറിന്റെ ലാഭം

അന്നൊരു വെള്ളിയാഴ്ചയായിരുന്നു.എഞ്ചിനീയറിങ്ങ്‌ കോളേജില്‍ ചേര്‍ന്നിട്ട്‌ മൂന്നാഴ്ച മാത്രം.രാവിലത്തെ ഇലക്ട്രിക്കല്‍ വര്‍ക്ക്ഷോപ്പ്‌ കഴിഞ്ഞ്‌ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ്‌ സഹപാഠി രാധ ഭക്ഷണം കൊണ്ടു വന്നിട്ടില്ല എന്നറിയുന്നത്‌.

"അതിനെന്താ നമുക്കു കാന്റീനീല്‍ പോകാം".

"അയ്യോ".

"ഞാന്‍ കൂടെ വരാം" (കാന്റീനില്‍ പോയിട്ട്‌ സ്റ്റോറിലേക്ക്‌ പോലും ഫസ്റ്റിയര്‍ പിള്ളേര്‍ തനിയെ പോകാറില്ല.ഞാനാണെങ്കില്‍ കോളേജിലെ ആദ്യ ദിവസം തന്നെ മറ്റൊരു ക്ലാസ്മേറ്റിനെ കൂട്ടി കാന്റീനില്‍ പോയി ബ്രേക്‍ഫാസ്റ്റ്‌ കഴിച്ച ധൈര്യത്തിലും)

കാന്റീനില്‍ പോയി രാധയ്ക്കൊരു ഊണും എനിയ്ക്കൊരു ചായയും ഓര്‍ഡര്‍ ചെയ്ത്‌ തല കുനിച്ചിരിക്കുമ്പോള്‍ ചുറ്റിലും പല ബഹളങ്ങളും കേട്ടു.അതിനിടയില്‍ ലോഗരിതത്തെ പറ്റി എന്തോ ചോദ്യം ചോദിയ്ക്കുന്ന ഒരു വേറിട്ട ശബ്ദം.ചെറുതായൊന്നു തല പൊക്കി നോക്കിയപ്പോള്‍ ഉത്തരം പറയാനാകാതെ ഒരു മെക്ക്‌ പയ്യനും അവനു ചുറ്റും കുറച്ച്‌ സീനിയേഴ്സും.കുറച്ച്‌ കഴിഞ്ഞ്‌ എല്ലാവരും പുറത്തിറങ്ങി പോകുന്നതും കണ്ടു.

പുറത്തിറങ്ങിയാല്‍ ആരെങ്കിലും പിടിയ്ക്കും എന്നെനിക്കുറപ്പായിരുന്നു.ഉത്തരം പറയുന്ന ആളിന്റെ ജാഡയ്ക്ക്‌ വിപരീത അനുപാത സ്റ്റാന്‍ഡേര്‍ഡിലുള്ള ചില ചോദ്യോത്തരങ്ങളല്ലാതെ 'റാഗിംഗ്‌' എന്ന ലെവലില്‍ പെടുത്താവുന്ന ഒരനുഭവവും അതു വരെ ഉണ്ടാകാതിരുന്നതിനാല്‍ എനിക്ക്‌ പ്രത്യേകിച്ച്‌ പേടിയൊന്നും തോന്നിയില്ല.ഏത്‌ ഏടാകൂടത്തിലും മുന്‍പും പിന്‍പും നോക്കാതെ എടുത്തു ചാടുക എന്നത്‌ എന്റെ പൊതുവേയുള്ള ശീലവുമാണല്ലോ.

പുറത്തിറങ്ങി അധികം നടക്കുന്നതിനു മുമ്പ്‌ തന്നെ പിറകില്‍ നിന്നു വിളി വന്നു.പേരിലും നാളിലും തുടങ്ങി കണക്കും സയന്‍സും കഴിഞ്ഞ്‌ ഖുര്‍ആനും ഹദീസും വരെയെത്തി ചോദ്യങ്ങള്‍.ഇതിലൊരു ചോദ്യമാണ്‌ ഇവിടെ ഒരു കമന്റില്‍.

ഓരോ ചോദ്യത്തിനും വലിയ കുഴപ്പമില്ലാത്ത രീതിയില്‍ ഉത്തരം പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ "നീയാളു മോശമില്ലല്ലോ" എന്നൊരു ഭാവം ആ മുഖത്ത്‌ നിന്നും ഞാന്‍ വായിച്ചെടുത്തിരുന്നു.ആ ധൈര്യത്തിലാകാം ഞാന്‍ തിരിച്ചും ചിലതെല്ലാം ചോദിച്ചു.പേര്‌ കേട്ടപ്പോഴാണ്‌ ഇങ്ങനെയൊരു റാഗിംഗ്‌ ഭീകരനെ പറ്റി ക്ലാസ്‌മേറ്റ്‌സ്‌ പലരും പേടിയോടെ പറഞ്ഞിരുന്നത്‌ ഞാനോര്‍ത്തത്‌.

തറവാടിയുടെ പോസ്റ്റില്‍ പറഞ്ഞ പോലെ ഞാന്‍ തിരിഞ്ഞ്‌ നോക്കിയിരുന്നില്ല.ഞങ്ങളവിടെ നിന്നും നടന്നപ്പോള്‍ അവര്‍ സ്കൂട്ടറില്‍ ഒന്ന് ചുറ്റി ഞങ്ങള്‍ക്കെതിരെ വന്നതാണ്‌.

പിന്നെ ആ പോസ്റ്റിലെഴുതിയ ബഹുമാനത്തെ പറ്റി:ഞാന്‍ ഇന്ന് എന്തെങ്കിലുമൊക്കെ ആണെങ്കില്‍(ദുബായില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സീനിയര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ ജോലി അത്ര വലുതല്ലായിരിക്കാം എന്നാലും) ആ പ്രതിപക്ഷ ബഹുമാനം മൂലമാണ്‌.അല്ലെങ്കിലും ഒരു സ്ത്രീ ആദ്യം അംഗീകരിയ്ക്കപ്പെടേണ്ടത്‌ സ്വന്തം വീട്ടില്‍ നിന്നു തന്നെയല്ലെ.

Labels:

Wednesday, October 25, 2006

ഇനിയെത്ര നേരം



ഈ ഇലത്തുമ്പിലിനിയെത്ര നേരം?

Labels:

Friday, October 20, 2006

ഇന്ന്-കവിത

ഓര്‍മ്മകളില്‍ തൂങ്ങിക്കിടന്ന്‌
സ്വപ്നങ്ങളെ കയ്യെത്തി പിടിക്കുമ്പോള്‍
ഇന്നിന്റെ മണ്ണില്‍
‍നിന്റെ കാല്‍പാടുകള്‍ പതിയുന്നില്ല.

ഓര്‍മ്മകള്‍ ചിക്കിചികഞ്ഞ്‌
ആശകളുടെ വിത്തു പാകുമ്പോള്‍
ഇന്നിന്റെ പുതുനാമ്പുകളാണ്‌
വേരറ്റു പോകുന്നത്‌.

ഓര്‍മ്മകള്‍ തിരിച്ചു പിടിക്കാനാകാത്ത ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ കൈവരുമോ എന്നറിയാത്ത നാളേകള്‍ക്കും സ്വന്തം.
ഇപ്പോള്‍ നിന്റെ ചാരെ ഞാന്‍ മാത്രം
ഈ നിമിഷം നിന്നൊടൊപ്പം പങ്കിടാന്‍.

Labels:

Saturday, October 14, 2006

മരിക്കാത്ത ഓര്‍മ്മകള്‍

ഒരു പെരുന്നാള്‍ കൂടി അടുത്തു വരുന്നു.എന്റെ കുട്ടിക്കാലത്തായിരുന്നെങ്കില്‍ പെരുന്നാളിന്‌ രണ്ടു ദിവസം മുമ്പ്‌ തുടങ്ങും വീട്ടിലെ പലഹാര പണികള്‍.ആറേഴ്‌ ഹിന്ദു കൃസ്ത്യ‍ന്‍ വീടുകള്ക്കിടയില്‍ ഞങ്ങള്‍ മാത്രമായിരുന്നു മുസ്ലീം കുടുംബം.പലഹാരം ഉണ്ടാക്കാന്‍ വടക്കേതിലെ സെല്ലമ്മായിയും അശോകേട്ടന്റെ അവിടുത്തെ ചന്ദ്രികേച്ചിയും വരും സഹായത്തിനായി.അതു പോലെ കൃസ്തുമസിനും പള്ളിപെരുന്നാളിനും ഓണത്തിനും വിഷുവിനുമെല്ലാം ഉമ്മയും പോകും അവരുടെ വീട്ടില്‍ സഹായത്തിന്‌.
അടുത്ത ആഴ്ച പെരുന്നാളിനു മുമ്പ്‌ പുതിയ പോസ്റ്റിലിടാനായി മനസ്സില്‍ കുറിച്ചിട്ടിരുന്ന വാചകങ്ങളാണ്‌ മുകളിലെഴുതിയത്‌.
ഇന്നലെ പതിവു പൊലെ ഓഫീസ്സിലെ തിരക്കുകള്‍‌ക്കിടയില്‍ വാപ്പായുടെ ഫോണ്‍:"വടക്കേലെ റപ്പായി ചേട്ടന്‌ കുറച്ചു ദിവസമായി നല്ല സുഖമുണ്ടായിരുന്നില്ല,ഇന്നു രാവിലെ അസുഖം കൂടി ആശുപത്രിയില്‍ കൊണ്ടു പോയി,അവിടെയെത്തി ആളെ പരിശോധിക്കുന്നതിനിടയില്‍ ബോധക്ഷയമുണ്ടായ സെല്ലമ്മായി മരണപ്പെട്ടു."
വടക്കേലെ തെക്കേലെ എന്നെല്ലാം പറയുമെങ്കിലും പണ്ടുണ്ടായിരുന്ന വേലിയും ഇന്നുള്ള മതിലും ഞങ്ങളുടെ മനസ്സില്‍ ഒരിക്കലും ഒരു അതിരിട്ടിരുന്നില്ല.
സെല്ലമ്മായി, ഇഞ്ചമുടിക്കാരന്‍ റപ്പായിയുടെ ഭാര്യ സെലീന,ഞാനെന്ന മൂന്നു വയസ്സുകാരിയാണ്‌ സെലീന അമ്മായിയെ സെല്ലമ്മായി എന്ന്‌ സൗകര്യപൂര്‍വ്വം വിളിച്ചു തുടങ്ങിയത്‌.കാലക്രമേണ ഞങ്ങളുടെ വീട്ടിലും ബന്ധുക്കളുടെ ഇടയിലും സെല്ലമ്മായി ആയി തിര്‍ന്നു.
റപ്പായി ചേട്ടന്‍ കെ.എസ്‌.ഇ.ബി യില്‍ എക്സിക്യൂട്ടീവ്‌ എഞ്ചിനീയറായി ഇടുക്കിയില്‍ ജോലി ചെയ്തിരുന്ന സമയത്ത്‌ അവരും ഇളയമകള്‍ ഫ്ലോറി ചേച്ചിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.ഞാനും അനിയത്തിയും പകല്‍ മിക്കവാറും അവരുടെ വീട്ടിലായിരുന്നു.സ്കൈലാബ്‌ വീഴുക തുടങ്ങിയ ഭീകര പ്രവചനങ്ങളുടെ അവസരങ്ങളില്‍ ഞങ്ങളും ഉമ്മയും അവിടെയായിരുന്നു കിടപ്പു പോലും.വാപ്പ വീട്ടിലില്ലാത്തപ്പോള്‍ രാത്രി എന്റെ വീട്ടിലാരെങ്കിലും വന്നാല്‍ ഞങ്ങള്‍ അറിയുന്നതിനു മുമ്പ്‌ തന്നെ വടക്കെകാരും പടിഞ്ഞാറെക്കാരും അറിഞ്ഞിരിക്കും.
പെരുന്നാളിനും വിശേഷ അവസരങ്ങളിലുമുള്ള സഹായത്തിനു പുറമേ അപ്രതീക്ഷമായി വിരുന്നുകാരുള്ള ദിവസങ്ങളില്‍ സെല്ലമ്മായിയുടെ പലഹാരടിന്നുകള്‍ ഞങ്ങള്‍ പോലും അറിയാതെയാണ്‌ അടുക്കളയിലെത്തിയിരുന്നത്‌.
കൃസ്തുമസ്സിനും പള്ളിപെരുന്നളിനും അവരുടെ വീട്ടിലെ കല്യാണങ്ങള്‍ക്കും എന്തിന്‌ ദുഃഖ വെള്ളിയാഴ്ചയിലെ കയ്പനീരു കുടിയ്ക്കാനും ഞങ്ങളായിരുന്നു അവരുടെ വീട്ടില്‍ മുന്നില്‍.
അങ്ങനെ കണക്കറിയാത്ത കൊടുക്കള്‍ വാങ്ങലുകളുടേയും പരസ്പര സഹായത്തിന്റേയും ഒരു പാട്‌ കഥകള്‍.
ഇന്നലെ ഫോണ്‍ വെക്കുമ്പോള്‍ വാപ്പ അവസാനം വിതുമ്പി കൊണ്ട്‌ പറഞ്ഞു:"ഉമ്മ മരിച്ചപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സെല്ലമ്മായിയും റപ്പായി ചേട്ടനും ഉണ്ടായിരുന്നു;ഇനിയിപ്പോ".
അതെ, ഇതു പോലുള്ള ബന്ധങ്ങള്‍ മതത്തിന്റേയും ഭാഷയുടേയും ദേശത്തിന്റെയും പോരടിക്കുന്ന ഇനിയുള്ള തലമുറകളില്‍ ഉണ്ടാകുമോ.
അതെ പലതും മറയുകയാണ് കാലയവനികക്കുള്ളില്‍. മറയാത്തതൊന്നു മാത്രം മരിയ്ക്കാത്ത ഓര്‍മ്മകള്‍.

Labels:

Sunday, October 01, 2006

നീര്‍കുമിള

ഉള്ളുതിങ്ങുമ്പോള്‍
അധികമുള്ള വെള്ളം കളയാന്‍
രണ്ടു കണ്ണുകളില്ലാതിരുന്നെങ്കില്‍
എന്നേ പൊട്ടിപ്പോയേനേ.

Labels: