Tuesday, June 30, 2009

സ്നേഹസുഗന്ധം

ഒട്ടും പ്രതീക്ഷിക്കാത്ത ചിലയിടങ്ങളിലാണ് ജീവിതം ചിലപ്പോഴൊക്കെ നമ്മെയെത്തിക്കുക.സുഖ ദുഃഖങ്ങള്‍ മാറിമറിയുന്നതിനിടെ ആലയിലെന്നവണ്ണം ഉരുക്കി ശുദ്ധീകരിച്ച ചില അനുഭവങ്ങള്‍.ആ ചൂടില്‍ സ്നേഹത്താലും കരുണയാലും കൂട്ടിരുന്ന ചിലര്‍.

ദുബായിലെ ബാലരിഷ്ടതകള്‍ക്കിടയില്‍ ഞങ്ങള്‍ താമസിച്ചിരുന്നത് ഒരു അറബിവില്ലയിലെ ഔട്ട്‌ഹൗസിലായിരുന്നു.രണ്ടു വീടുകള്‍ക്കും ഒരേ ഗേറ്റും മുറ്റവും.ഉടമസ്ഥനായ സാലെം എന്ന അറബിയും ആന്ധ്രക്കാരിയായ ഭാര്യയും ആറ് മക്കളും ഒരു വേലക്കാരിയുമായിരുന്നു അവിടുത്തെ താമസക്കാര്‍.

ബദുക്കളുടെ സഹിഷ്ണുതയില്ലാത്ത പെരുമാറ്റത്തേയും അറബിപിള്ളേരുടെ വികൃതിയേയും കുറിച്ചെല്ലാം കേട്ടറിവുണ്ടായിരുന്നതിനാല്‍ ഇത്തിരി ഭീതിയോടെയാണ് താമസം തുടങ്ങിയത്.

ഞങ്ങള്‍ക്ക് അറബിയോ അയാള്‍ക്ക് ഹിന്ദിയോ വശമില്ലാത്തതിനാല്‍ സംസാരം കുറവായിരുന്നെങ്കിലും ഭാര്യയില്‍ നിന്നും എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ് തറവാടിയെ കാണുമ്പോഴെല്ലാം സലാം പറഞ്ഞ് കൈകൊടുത്ത് അറബിയില്‍ പകര്‍ന്നിരുന്നത് ഒരു ജ്യേഷ്ഠസഹോദരന്റെ സ്നേഹമാണെന്ന് തിരിച്ചറിയാന്‍ താമസമുണ്ടായില്ല..

ആജുവിന്റെ ജനനത്തിനു കുറച്ച് നാളുകള്‍ക്ക് ശേഷം പഴയ വീട് പൊളിച്ച് മുനിസിപ്പാലിറ്റി വക പുതിയ വീട് നിര്‍മ്മിക്കുന്നത് പ്രമാണിച്ച് അവിടെ നിന്നും താമസം മാറി.പിന്നീട് പലയിടത്തും താമസിച്ചെങ്കിലും ഇന്നും ഏറ്റവും തെളിമയോടെ ഓര്‍ക്കുന്നത് അവിടുത്തെ ജീവിതം മാത്രം. എട്ട് വര്‍ഷം മുമ്പ് പെട്ടെന്നായിരുന്നു അയാളുടെ മരണം.ഒന്ന് കാണാന്‍ കൂടി കഴിഞ്ഞില്ല.

ജോലിയും താമസവും അകലങ്ങളിലേക്ക് തെറിപ്പിച്ചപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള സന്ദര്‍ശനങ്ങളും കുറഞ്ഞു. കുറേ നാളുകള്‍ക്ക് ശേഷമാണ് രണ്ടാഴച മുമ്പ് അവിടെ പോയത്.

നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയെങ്കിലും ഒരു വിടവ് മനസ്സില്‍ തോന്നിയില്ല,ഒരു പക്ഷെ വേര് പിടിക്കാതെ പറിച്ചെറിയുപ്പെടുമായിരുന്ന ഞങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി പരിപാലിച്ച ആ കരുണയും കരുതലും മനസ്സിലെന്നും ഉണ്ടായിരുന്നതിനാലാകാം.

ദുബായിലെ മാറ്റങ്ങളൊക്കെ ആ പ്രദേശത്തേയും ബാധിച്ചിരിക്കുന്നു.എന്നാലും ആ സ്നേഹത്തിന്റേയും ബുഖൂറിന്റേയും സുഗന്ധം ഇപ്പോഴും അവിടെയൊക്കെ...

Labels: ,

Friday, June 26, 2009

"അഞ്ചേ, തെക്കു പടിഞ്ഞാറ് നാലേ"

"അഞ്ചേ, തെക്കു പടിഞ്ഞാറ് നാലേ"

രണ്ടാം തവണയും തെങ്ങിന്റെ മുകളില്‍ നിന്ന് കോരഞ്ചേരിയുടെ ശബ്ദം കേട്ടപ്പോള്‍ വേലിയിലെ തൂക്കു ചെമ്പരത്തിയില്‍ തലകീഴായി സര്‍ക്കസ് കളിക്കുന്ന തുമ്പിയില്‍ നിന്ന് നോട്ടമെടുക്കാതെ തന്നെ ഞാന്‍ "ഓ" എന്ന് തിരിച്ചു കൂവി,എന്നിട്ട് കയ്യിലിരുന്ന വീതി കുറഞ്ഞ് നീളത്തിലുള്ള പുസ്തകത്തിലെ പേന അടയാളം വെച്ച പേജ് തുറന്ന് 16 എന്ന നമ്പറിനു നേരെ ഒരോ കോളങ്ങളിലായി എഴുതാന്‍ തുടങ്ങി, 5 തെ പ 4. നമ്പറുകളൊക്കെ തലേന്നെ ഉമ്മ ഇട്ടു തന്നതാണ്.പേജിനു മുകളിലായി അന്നത്തെ തിയ്യതിയും വാകേക്കാരുടെ പറമ്പ് എന്ന് എഴുതിയതും ഉമ്മ തന്നെ.തെങ്ങ് കയറി കഴിയുമ്പോഴേക്കും ഉമ്മയുടെ വൃത്തിയുള്ള എഴുത്ത് എന്റെ കാക്ക തൂറിയത് പോലുള്ള അക്കങ്ങളില്‍ മുങ്ങിപോയിട്ടുമുണ്ടാകും.


പുരയിടത്തിനു പുറമേ മൂന്ന് തെങ്ങിന്‍ പറമ്പുകളായിരുന്നു വാപ്പാക്ക്.കരുവന്നൂര്‍ പുഴയുടെ തീരത്ത് കോലോത്തും കടവില്‍,ഇഞ്ചമുടി കോള്‍പാടങ്ങള്‍ക്ക് അരികെ മാടുമ്മല്‍,പിന്നെ മെയിന്‍ റോഡില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്കുള്ള വാകേക്കാരുടെ പറമ്പും.വാകയില്‍ എന്ന വീട്ടുകാരില്‍ നിന്ന് വാങ്ങിയതിനാലാണ് ആ സ്ഥലത്തിനാ പേരു വന്നത്.


മാസത്തിലൊരിക്കലുള്ള തെങ്ങുകയറ്റം ശനിയും ഞായറും നീണ്ടു നില്‍ക്കുന്ന ആഘോഷം തന്നെയായിരുന്നു. കോലോത്തുകടവും വാകേക്കാരും ശനിയാഴ്ചയും മാടും വീട്ടു പറമ്പും ഞായറാഴ്ചയും. ഇതില്‍ വാകേക്കാരുടെ പറമ്പും വീട്ട് പറമ്പും എനിക്ക്. കോലോത്തും കടവില്‍ ഉമ്മാക്കും മാട് അനിയത്തിക്കും.

ദൂരേയുള്ള പറമ്പുകളൊക്കെ ഞാന്‍ മനഃപ്പൂര്‍‌വ്വം ഒഴിവാക്കിയതാണ്,അതിരാവിലെ എഴുന്നേറ്റ് നടന്നു പോകേണ്ട മടിക്ക്.അടുത്തുള്ള സ്ഥലങ്ങളാകുമ്പോള്‍ അവധി ദിവസത്തെ ഉറക്കം ,വിസ്തരിച്ചുള്ള പത്രം വായന ഇതൊന്നും മുടങ്ങുകയുമില്ല.


കോരഞ്ചേരിയും ചന്ദ്രേട്ടനുമായിരുന്നു തെങ്ങ്‌കയറ്റക്കാര്‍,വേലായുധനും പെണ്ണുങ്ങളിലാരെങ്കിലും പെറുക്കികൂട്ടാനും കാണുമെങ്കിലും കണക്കെഴുതുന്നതിനിടെ പൊന്തയിലേക്കും തോട്ടിലേക്കും പാടത്തേക്കും വീഴുന്ന നാളികേരങ്ങളെ ശ്രദ്ധിക്കലും പെറുക്കുന്നവരുടെ സൗകര്യത്തിനായി നാളികേരങ്ങള്‍ ചെറു കൂട്ടങ്ങളാക്കുന്നതും ഞങ്ങള്‍ കുട്ടികളുടെ ഡ്യൂട്ടി തന്നെ.

കോരഞ്ചേരിയും ചന്ദ്രേട്ടനും വാത്സല്യത്തോടെ ഇട്ടു തരുന്ന കരിക്ക് മാത്രമല്ല,തെങ്ങ് കയറ്റം പകുതിയാകുമ്പോഴേക്കും വീട്ടില്‍ നിന്ന് കൊണ്ടു വരുന്ന ചായയും കടിയും പണികളെല്ലാം ഉഷാറാക്കിയിരുന്നു.

ഓല വെട്ടുന്ന മാസങ്ങളാങ്കില്‍ പണികൂടും.തെങ്ങ് കയറി കഴിഞ്ഞ് കയറ്റക്കാര്‍ അവരുടേ കൂലിയായ തേങ്ങകളുമായി പോയി കഴിയുമ്പോഴേക്കും പൊളിക്കുന്നവരെത്തും.പിന്നെ ഓലയും മടലും ചകിരിയും വാങ്ങാനെത്തുന്നവരും.കൊതുമ്പും കോഞാട്ടയുമെല്ലാം വീട്ടിലേക്കും.

തെങ്ങും തേങ്ങയുമായുള്ള അഭേദ്യബന്ധം കാരണമായിരിക്കണം ഞങ്ങളുടെ നാട്ടില്‍ ചകിരിക്കുട്ടി,കോഞ്ചുട്ടി തുടങ്ങിയ പേരുകള്‍ക്ക് ക്ഷാമമില്ലാതായത്.

ഉമ്മ പോയി,പിന്നാലെ വേലായുധനും ചന്ദ്രേട്ടനും.ഞാനും അനിയത്തിയും കല്യാണം കഴിഞ്ഞ് പോന്നു.മണ്ഡരി വന്നു,കോരഞ്ചേരി കിടപ്പിലായി,തെങ്ങുകയറ്റം കൊല്ലത്തിലൊന്നൊ രണ്ടോ തവണ.ഇത്തവണ വടക്കാഞ്ചേരീന്ന് ആളെകൊണ്ടു വന്നിട്ടാണ് തെങ്ങു കയറിയതെന്ന് വാപ്പ.

ഉപ്പയുടെ മരണശേഷം ആരും ശ്രദ്ധിക്കാനില്ലാതെ പോയ പറമ്പ് നമുക്കെടുക്കാമെന്ന് തറവാടി പറഞ്ഞപ്പോ സമ്മതം മൂളാന്‍ ആലോചിക്കേണ്ടി വന്നില്ല,എന്നെങ്കിലും പഴയകാലങ്ങള്‍ എന്റെ മക്കള്‍ക്ക് തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞാലോ?

Labels:

Tuesday, June 16, 2009

നീയും ഞാനും


ദൈവം
ഒരു കടലാസിന്റെ
ഇരുപുറമെഴുതിയ
വരികളാണ്
നമ്മള്‍.

Labels: