Tuesday, March 27, 2007

ഞാന്‍,എന്റെ ബ്ളോഗ്,നമ്മുടെ ബൂലോഗം

"ഭാഷയോ വായനയോ നശിക്കുന്നില്ല,ബ്ളോഗുകള്ക്കും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്ക്കും മറ്റും ഇതില്‍ നല്ലൊരു പങ്ക് വഹിക്കാന്‍ കഴിയും." കഴിഞ്ഞ വര്‍ഷം ഒരു ലേഖനത്തിനായി ഇങ്ങനെ ഒരു വാചകം കുറിക്കുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഞാനും ഒരു ബ്ളോഗറാകുമെന്ന്.

ചുറ്റുമുള്ളവരോട് പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ നാം പറയുന്ന സമയത്ത് കേള്‍ക്കാനുള്ള മാനസിക അവസ്ഥയിലായിരിക്കില്ല നമ്മള്‍,പ്രത്യേകിച്ചും പിന്‍ തലമുറ.അങ്ങനെ പറയാനുള്ളത് എന്നും എല്ലാവര്‍ക്കും വായിക്കാനൊരിടം എന്ന നിലയിലാണ്‌ ഈ ബ്ളോഗിന്റെ തുടക്കം.

സ്വന്തം ഐഡന്റിറ്റി മറച്ചു വെക്കാതെയാണ്‌ ഞാന്‍ ബ്ളോഗെഴുതുന്നത്.എന്റെ ഉമ്മൂമ്മയ്ക്കൊരു ബ്ളോഗുണ്ടായിരുന്നു എന്ന് പറഞ്ഞ് എന്റെ കൊച്ചുമക്കള്‍ തല കുനിക്കരുതെന്ന ഒരാഗ്രഹം മാത്രം.

അമ്മയെ പോലെ നാം സ്നേഹിക്കുന്ന നമ്മുടെ ഭാഷ ഈ പുതുയുഗത്തിലും നിലനില്‍ക്കാന്‍, വളരാന്‍ ബൂലോഗത്തിന്‌ ഏറെ ചെയ്യാന്‍ കഴിയും.

ഇന്നത്തെ ബൂലോഗത്തെ കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ ഏതൊരു നാട്ടിന്പുറത്തിന്റേയും ഒരു വലിയ പതിപ്പ്.ഈ വീട്ടിലെ കോഴി പോയി അപ്പുറത്തെ വീട്ടില്‍ ഉണക്കാനിട്ടിരിക്കുന്ന നെല്ല്‌ കൊത്തി തിന്നാല്‍ അപ്പുറത്തെ പശു കെട്ടഴിഞ്ഞ് ഈ വീട്ടിലെ കുലക്കാറായ വാഴ മറിച്ചിട്ടാല്‍ ഉണ്ടാകുന്ന ചെറുപിണക്കങ്ങളൊന്നും അധികം നീണ്ടു നില്‍ക്കാറില്ല. പൊതു പുരോഗതിക്ക് വിലങ്ങു തടിയാകാറുമില്ല.

ഈ ബ്ളോഗില്‍ ഇതെന്റെ അമ്പതാം പോസ്റ്റ്.അനുഭവങ്ങളും സ്മരണകളും ഒരുള്‍വിളി പോലെ മനസ്സില്‍ വരുന്ന വരികളുമായി ഇനിയും വരും.

നിങ്ങളെല്ലാവരും ഇതു വരെ തന്ന പ്രോത്സാഹനങ്ങള്‍ക്കും ക്രിയാത്മക അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.

Labels:

Thursday, March 22, 2007

അമ്മക്കിളിയും കുഞ്ഞിക്കിളിയും

തുഷാരം ഓണ്‍ലൈന്‍ മാസികയുടെ കുട്ടികള്‍ക്കുള്ള സമ്മാനമായ ശിശിരത്തിന്റെ ഈ ലക്കത്തില്‍ പ്രസിദ്ധീകരിച്ച എന്റെ രചന അമ്മക്കിളിയും കുഞ്ഞിക്കിളിയും.

അതുല്യേച്ചിയുടെ അപ്പു മുതല്‍ സിദ്ധാര്‍ത്ഥന്റെ മകന്‍ വരെയുള്ള ബൂലോഗത്തെ കുഞ്ഞുങ്ങള്‍ക്ക് വല്യമ്മായിയുടെ സ്നേഹ സമ്മാനം.

Labels:

Wednesday, March 14, 2007

ഗതാഗത-ജീവിത കുരുക്ക്

ഒരോ വഴിത്തിരിവിലും
മടങ്ങിപോകാനാകാതെ
അകലെയുള്ള ലക്‌ഷ്യത്തില്‍ കണ്ണും നട്ട്
അക്ഷമരായി നമ്മള്‍.

പക്ഷെ,ഒരു ചെറു പുഞ്ചിരിയിലൂടെ
കൈത്താങ്ങിലൂടെ
നമുക്കിവിടെ സ്വര്‍ഗം തീര്‍ക്കാം.

Labels:

Thursday, March 08, 2007

പൊരിക്കാരി

നിറം മങ്ങിയ ചേല ചുറ്റി ചുവന്ന മൂക്കുത്തിയണിഞ്ഞ്(പല കല്ലുകളുടെ സ്ഥാനത്തും ഒന്നുമുണ്ടായിരുന്നില്ലെങ്കിലും) തലയില്‍ പൊരിച്ചാക്കുമായി ഒരു കൈ പതുക്കെയാട്ടിയുള്ള അവരുടെ വരവു തന്നെ കൌതുകമുണര്‍ത്തുന്നതായിരുന്നു.

കുട്ടികളുള്ളപ്പോള്‍ വന്നാല്‍ കച്ചവടം കൂടുമെന്നതു കൊണ്ടോ എന്തോ ഒന്നിടവിട്ട ഞായറാഴ്ചകളിലായിരുന്നു അവരുടെ സന്ദര്‍ശനം.പൊരിക്ക് പുറമേ അവില്‍, മലര്‍ ,മുറുക്ക്, മിക്സ്ചര്‍, കപ്പലണ്ടിമിഠായി,എള്ളുണ്ട തുടങ്ങിയതെല്ലാം നിറച്ച ചാക്കിന്റെ ഭാരം ഞാനറിഞ്ഞത് എപ്പോഴൊക്കെയോ അതിറക്കി വെക്കാന്‍ അവരെ സഹായിച്ചപ്പോഴാണ്‌.

ചാക്കിറക്കി വെച്ച് മുറുക്കാന്‍ തുപ്പി അവര്‍ ഇറയത്തിരിക്കാന്‍ തുടങ്ങുമ്പോഴേക്കും ഉമ്മയുടെ വഴക്ക് വകവെക്കാതെ ചാക്ക് തുറന്ന് ആവശ്യമുള്ളതെല്ലാം കൈക്കലാക്കുമായിരുന്നു.എത്ര നിര്‍ബന്ധിച്ചാലും ഊണ്‌ കഴിക്കാറില്ല അവര്‍.ഉച്ച ഭക്ഷണം ഒരു ചായയിലോ കഞ്ഞിവെള്ളത്തിലോ ഒതുക്കാറാണ്‌ പതിവ്.ഭക്ഷണം കഴിച്ചാല്‍ പിന്നെ നടക്കാന്‍ പറ്റില്ലാത്രെ.

ഒരു പാട് കാലത്തിന്‌ ശേഷം കഴിഞ്ഞ ഡിസംമ്പറിലാണ് അവരെ കണ്ടത്,പ്രായം നല്ല മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു,എന്നിട്ടും അവര്‍ ഈ ചാക്കും ചുവന്ന്!

"മകനും കുടുംബവുമെല്ലാം കൂടെ തന്നെയില്ലെ"എന്ന എന്റെ ഈ ചോദ്യത്തിന്‌ അവര്‍ മറുപടി പറഞ്ഞതിങ്ങനെ:

"ഇതൊരു ശീലമായി മോളെ,അതു തന്നെയല്ല വീട്ടിലിരുന്നാല്‍ ഞാന്‍ കിടപ്പിലായി പോകും".

സാധനം വാങ്ങിയതിന്‌ ശേഷം ചായയും കുടിച്ച് ഞാനേറ്റി കൊടുത്ത ചാക്കുമായി അവര്‍ നടന്നകന്നു.

Labels:

Monday, March 05, 2007

പ്രതിഷേധം

യാഹുവിനെതിരായ പ്രതിഷേധത്തില്‍ മറ്റു ബ്ലോഗേര്സിനോടൊപ്പം ഞാനും അണി ചേരുന്നു.

Labels:

Friday, March 02, 2007

എന്‍റെ വാപ്പ

ഉമ്മയെ കുറിച്ച്‌ പലപ്പോഴായി എഴുതിയെങ്കിലും വാപ്പയെ കുറിച്ച്‌ ഏറെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.
വാപ്പയിലൂടെ ഞങ്ങള്‍ക്ക്‌ പകര്‍ന്നു കിട്ടിയ മൂല്യങ്ങളെ എത്ര മാത്രം ഞാന്‍ പകര്‍ത്തിയെന്നോ എന്റെ മക്കളിലേക്ക്‌ പകര്‍ന്നുവെന്നോ തിരിഞ്ഞ്‌ നോക്കാനൊരു ചെറിയ ശ്രമം.
തനിക്ക്‌ നേടാന്‍ കഴിഞ്ഞതിലപ്പുറം തന്റെ മക്കള്‍ നേടണമെന്നും അവര്‍ ഒരുപാട്‌ ഉയരത്തിലെത്തണമെന്നും ആഗ്രഹിച്ചത്‌ കൊണ്ടാകാം ഒരു തരത്തിലുള്ള മതില്‍കെട്ടുകള്‍ക്കുള്ളിലും ഞങ്ങളുടെ വളര്‍ച്ചയെ തളച്ചിടാതിരുന്നതും വാപ്പയുടെ ചിന്തകളെ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാതിരുന്നതും.
തന്നെ ദ്രോഹിക്കുന്നവരെ തന്റെ സ്നേഹം കൊണ്ട്‌ കീഴടക്കാനാണ്‌ വാപ്പ എന്നും ശ്രമിച്ചിട്ടുള്ളത്‌.ഇക്ക ഒരു ജഡ്ജിയായാല്‍ എല്ലം ദൈവത്തിനു വിട്ടുകൊടുത്ത്‌ കുറ്റവാളികളെ വെറുതെ വിട്ടേനേ എന്ന് പല‍രും കളിയാക്കുന്നത്‌ ഞാന്‍ തന്നെ കേട്ടിട്ടുണ്ട്‌.
ചെറിയ ക്ലാസ്സില്‍ കൂടെ പഠിച്ച സഹപാഠി വന്നാലും പ്രശസ്തനായ മറ്റൊരു സുഹൃത്ത്‌ വന്നാലും ഒരേ രീതിയിലാണ്‌ വാപ്പാടെ സ്വീകരണം.സഹജീവികളെ കഴിവിന്റെ പരമാവധി സഹായിക്കണം എന്നതാണ്‌ വാപ്പാടെ ഒരു നയം.അതില്‍ നിന്ന് പലപ്പോഴും തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെങ്കിലും പ്രതിഫലേച്ഛയില്ലാതെയാണ്‌ വാപ്പ പലതും ചെയ്യാറ്‌.
ചെറുപ്പം മുതല്‍ എല്ലാവിധ സുഖസൗകര്യങ്ങള്‍ ഞങ്ങള്‍ക്കായി നേടി തരുമ്പോഴും എല്ലാത്തിലും മിതത്വം പാലിക്കാനും വരവിനനുസരിച്ച്‌ ചെലവ്‌ ചെയ്യാനും വാപ്പ എന്നും ശ്രദ്ധിച്ചിരുന്നു.സ്കൂളിലും പുറത്തും പുറം മോടികളേക്കാള്‍ പഠനത്തിലും മറ്റ്‌ പഠനേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞത്‌ അതിനാലായിരിക്കണം.ജീവിതത്തിലെ പല പ്രതിസന്ധികളെ സധൈര്യം നേരിടാനും വാപ്പാനെ പ്രാപ്തനാക്കിയതും ഈ ഗുണം തന്നെ.
ഈ വാപ്പാടെ മകളായി ജനിക്കാനുള്ള ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ മൂല്യങ്ങളെല്ലാം ഏത്‌ അമാവാസി നാളിലും വഴികാട്ടിയാകുന്ന വിളക്കാകാന്‍ ഉള്ളിലുണ്ടാകണേ എന്ന് മാത്രമാണ്‌ ആഗ്രഹം.
മാതാവ്‌ ഭൂമിയാണെങ്കില്‍ നമുക്ക്‌ അതില്‍ വളരാനുള്ള വെള്ളവും വേളിച്ചവും നല്‍കി നമ്മെ കാതു സൂക്ഷിക്കുന്ന ആകാശമാണ്‌ പിതാവ്‌.
എന്റെ വാപ്പയും മനുഷ്യസഹജമായ എല്ലാ കുറ്റവും കുറവുമുള്ളവ്യക്തി തന്നെ.പക്ഷെ നമ്മുടെ പ്രവൃത്തിയിലൂടെ അതിനേയെല്ലാം എങ്ങനെ മറികടക്കാമെന്നാണ്‌ ആ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ചിട്ടുള്ള ഏറ്റവും വലിയ പാഠം.

Labels: