Tuesday, November 07, 2006

മാതൃവിലാപം

വിട പറയാന്‍ മടിച്ചു നില്‍ക്കുന്ന ഇരുട്ടിനെ വകവെയ്ക്കാതെ ഞാന്‍ വേഗം നടന്നു.രാത്രിയില്‍ വിരിഞ്ഞ ഏതോ പൂക്കളുടെ ഗന്ധം അവിടെ തങ്ങി നിന്നിരുന്നു.നടപ്പാതയുടെ അരികിലുള്ള ബഞ്ചിലവര്‍ കൂനിക്കൂടിയിരിക്കുന്നത്‌ ദൂരെ നിന്നേ കാണാം. പാവം തണുക്കുന്നുണ്ടെന്ന് തൊന്നുന്നു. ഉള്ളില്‍ കത്തിയെരിയുന്ന കനലുകളുള്ളപ്പോള്‍ തണുപ്പൊന്നും തന്നെ അലട്ടാറില്ലെന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞതായാണോര്‍മ്മ.
എന്നെ കണ്ടപ്പൊള്‍ അവര്‍ പുഞ്ചിരിച്ചു.കാലം മങ്ങലേല്‍പ്പിക്കാത്ത വെണ്മയേറിയ ചിരി.സംസാരം തുടങ്ങി അധികം കഴിയും മുമ്പ്‌ ആ ചിരി മായുമെന്നെനിക്കറിയാം. ഒരു കയ്യിനാല്‍ എന്റെ ചുമലിലും മറ്റേ കയ്യിനാല്‍ എന്റെ കയ്യിലും പിടിച്ച്‌ ഞങ്ങള്‍ നടന്ന് തുടങ്ങി.പതിവു പോലെ അവരുടെ ഓര്‍മ്മകളോരോന്നും വാക്കുകളായ്‌ പുറത്ത്‌ വന്നു തുടങ്ങി . പ്രായാധിക്യത്താലാണെന്ന് തോന്നുന്നു പലതും പല തവണ പറഞ്ഞ കഥകള്‍.വളരെ കുറച്ചു വാക്കുകളിലൂടെയാണ്‌ അവരുടെ സംസാരമത്രയും.വികാരങ്ങളേറേയും സജലങ്ങളായ കണ്ണുകളിലൂടേയും മുഖത്തെ ചുളിവുകളുടെ വിന്യാസത്തിലുടേയുമാണ്‌ ഞാന്‍ അറിയാറുള്ളത്‌.
മകനെക്കുറിച്ചായിരുന്നു അവര്‍ക്കെപ്പോഴും പറയാനുള്ളത്‌.ചിറകിന്റെ ചൂടിലൊതുക്കി നെഞ്ചിന്റെ കുറുകലാല്‍ താരാട്ട്‌ പാടി അവര്‍ വളര്‍ത്തിയ മകനെ ക്കുറിച്ച്‌;വലുതായപ്പോള്‍ പുതിയ ചക്രവാളങ്ങള്‍ തേടി പറന്നു പോയ മകനെ ക്കുറിച്ച്‌.ഇന്നവനെവിടെയാണെന്ന് അവര്‍ക്കറിയില്ല.ഒന്നറിയാം ലോകത്തിന്റെ കണ്ണില്‍ അവനൊരു പാപിയാണെന്ന്.അധികാരത്തിനു വേണ്ടി പാവങ്ങളെ കുരുതി കൊടുത്ത ദുഷ്ടനാണെന്ന്.
എന്നിട്ടും അവര്‍ അവനെ സ്നേഹിക്കുന്നു.അവന്റെ ചെയ്തികളിലൂടെ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക്‌ വേണ്ടി വിലപിക്കുന്നു.
നാളെ കാണാമെന്ന് പറഞ്ഞ്‌ തിരിഞ്ഞു നടക്കുമ്പോള്‍ വഴിയില്‍ വെളിച്ചം പരന്നിരുന്നു.എന്നിട്ടും മുന്നിലുള്ള പാത ഇരുള്‍ മൂടിയതാണെന്ന് എനിയ്ക്ക്‌ തോന്നിയതെന്തു കൊണ്ടാണ്‌?

Labels:

Thursday, November 02, 2006

ആദ്യത്തെ പ്രോജക്റ്റ്‌

ഇന്നത്തെ കാലത്ത്‌ നഴ്സറി മുതല്‍ കുട്ടികള്‍ക്ക്‌ പ്രൊജക്റ്റ്‌ ചെയ്യണം.കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പരിഭാഷ വിക്കിയിലെ ഒരു കമന്റ്‌ കണ്ട്‌ ഞാന്‍ എട്ടില്‍ പഠിക്കുന്ന അനിയത്തിയെ വിളിച്ചു;ഹൈസ്കൂള്‍ ക്ലാസ്സിലെ സെമിനാറിന്റേയും പ്രോജക്ടിന്റേയും വിഷയങ്ങള്‍ അറിഞ്ഞാല്‍ ആ വിഷയം പരിഭാഷപ്പെടുത്തി വിക്കിയില്‍ ഇടാമെല്ലൊ എന്നു കരുതി.ഉടനെ കിട്ടി മറുപടി,അതൊന്നും നമ്മള്‍ ചെയ്യേണ്ട പണ്ടു ചെയ്തത്‌ സ്കൂളിലുണ്ട്‌,അത്‌ പകര്‍ത്തി കൊടുത്താല്‍ മതി എന്ന്.

ഞാനൊക്കെ എഞ്ചിനീയറിങ്ങിന്‌ ചേര്‍ന്നിട്ടാണ്‌ പ്രൊജക്റ്റ്‌,അസൈന്റ്‌മന്റ്‌ എന്നെല്ലാം കേള്‍ക്കുന്നത്‌ തന്നെ.വീട്ടിലുള്ള എല്ലാ വൈദ്യുത ഉപകരണങ്ങളുടേയും സ്പെസിഫിക്കേഷന്‍ എഴുതാനാണ്‌ ഞങ്ങള്‍ക്ക്‌ ആദ്യം കിട്ടിയത്‌.ഞാന്‍ വീട്ടില്‍ വന്ന് ഫ്രിഡ്ജും വാഷിംഗ്‌ മഷീനും ടിവിയും മിക്സിയും എന്നു വേണ്ട,വാപ്പായുടെ ശേഖരത്തിലുള്ള ഡ്രില്‍ മെഷീന്‍,മരം കട്ടര്‍ എല്ലാം തിരിച്ചും മറിച്ചും നോക്കി എഴുതിയെടുത്തു.എല്ലാം വലിച്ചിട്ടതിന്‌ ഉമ്മ ചീത്ത പറയും എന്നാണ്‌ കരുതിയത്‌.അതിനു പകരം ഉമ്മാടെ കണ്ണു നിറഞ്ഞു.അവള്‍ എഞ്ചിനിയറായി കാണാന്‍ വിധിയുണ്ടാകുമോ എന്ന് പറഞ്ഞിട്ടാണ്‌ അന്ന് കരഞ്ഞതെന്ന് ഉമ്മാടെ മരണ ശേഷമാണ്‌ വീട്ടിലുണ്ടായിരുന്ന സുലൈഖത്ത പറഞ്ഞത്‌.

അന്നെനിക്ക്‌ അതിന്റെ അര്‍ത്ഥം മനസ്സിലായില്ല.ഇപ്പോള്‍ പച്ചാനയുടേയും ആജുവിന്റേയും ഓരോ ചെറിയ നേട്ടത്തിലും എന്റെ കണ്ണും നിറയുന്നു.

നാളെ ശവ്വാല്‍ പന്ത്രണ്ട്‌,ഹിജറ വര്‍ഷപ്രകാരം ഉമ്മാടെ ഓര്‍മ്മകള്‍ക്ക്‌ പതിനഞ്ചു വയസ്സ്‌.

Labels: