Saturday, March 01, 2008

നിത്യവും നിത്യവും നന്ദി ദൈവമേ..

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരമ്മ പെണ്‍കുഞ്ഞിനു വേണ്ടി ആഗ്രഹിച്ച് ആറ് ആണ്‍‌മക്കള്‍ക്ക് ശേഷം ഒരു പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ പ്രസവത്തോടെ മരണപ്പെട്ടു.അന്ന് പിറന്ന കുഞ്ഞായിരുന്നു എന്റെ ഉമ്മ.

മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിലെ എം.ഡിയുടെ സെക്രട്ടറി പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ജോലിക്ക് വന്നു.താല്‍ക്കാലിക സെക്രട്ടറി അവളേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടാകുമോ എന്ന് പേടിച്ച്.

ഹോസ്പിറ്റലിലെ ഫിലിപ്പിനോ അറ്റന്‍ഡര്‍ ഏറെ നേരം മോനെ കണ്ണെടുക്കാതെ നോക്കി നിന്നിട്ട് പറഞ്ഞു: "ഒരു വര്‍ഷമായി ഞാനെന്റെ നാലു മക്കളെ വിട്ടുപോന്നിട്ട്".

അതെ, മക്കളെയും കുടുംബത്തേയും പിരിഞ്ഞിരിക്കുന്നവര്‍ അനവധിയാണ് ചുറ്റിലും.

നാല്‍‌പത്തിഅഞ്ചു ദിവസത്തെ അവധിക്ക് ശേഷം മോനെ വിട്ടു പോകാന്‍ വിഷമം തോന്നിയപ്പോള്‍ ഇതൊക്കെയാണെന്റെ മനസ്സില്‍ വന്നത്.ട്രാഫിക്കിന്റെ ബഹളങ്ങളൊന്നുമില്ലതെ പത്ത് പതിനഞ്ച് മിനിട്ട് ഡ്രൈവ് മാത്രം ഓഫീസിലേക്ക്.പാല്‍ കൊടുക്കാനായി ഒരോ മൂന്ന് മണിക്കൂറിലും വീട്ടില്‍ വരികയും ചെയ്യാം.

നന്ദി ദൈവമേ,

ഒരിക്കല്‍ കൂടി വേദനയുടെ നൂല്‍‌പ്പാലത്തിലൂടെന്നെ കൈപിടിച്ചു കടത്തിയതിന്.

എന്റെ കുഞ്ഞിന്റെ പുഞ്ചിരിക്ക്..........

(തലേക്കെട്ടിന് കടപ്പാട്:ഹോസ്റ്റലില്‍ നിന്ന് കേട്ട് പഠിച്ച കൃസ്ത്യന്‍ പ്രാര്‍ത്ഥനാ ഗാനത്തിന്)

Labels: