Tuesday, July 29, 2008

നേര്‍ക്കാഴ്ചകള്‍

ശ്രീ.ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകള്‍ എന്ന പുസ്തകത്തിലെ ആദ്യ അധ്യായത്തില്‍ നിന്നും:

"നിന്റെ കാല്പ്പാടുകള്‍ പോലും പതിയാനാകാത്ത ഈ യാത്ര നിനക്കിനിയും നിര്‍ത്താനാവുന്നില്ലല്ലോ.എന്റെ മനസ്സ് പറയുന്നു;ഈ യാത്രയുടെ സാഫല്യത്തെ കുറിച്ച് ഞാനൊരിക്കലും ഹത്താശനായിട്ടില്ലല്ലോ".

ഏതൊരു പ്രവാസിയേയും പോലെ അന്നത്തിനായി കടല്‍ കടന്ന് കാര്യമായ ഭൗതികനേട്ടങ്ങളൊന്നുമില്ലാതെ മടങ്ങിയിട്ടും ഹതാശനാകാത്തതിന്റെ കാരണങ്ങളാണ് മറ്റ് അധ്യായങ്ങളില്‍ എഴുത്തുകാരന്‍ നമ്മോട് പങ്ക് വെക്കുന്നത്.

" .... നിനക്കൊരു മാതള പ്പഴം കൊടുത്തയക്കാം
എന്റെ ഹൃദ്രക്തം കൊണ്ട്
പണിത
രത്നങ്ങളാണതില്‍ നിറയെ
എന്റെ കണ്ണീരും
സ്വപ്നങ്ങളും കൊണ്ട്
പണിത രത്നങ്ങള്‍ ...."

വഴിയരികില്‍ നിന്ന് കേട്ട ഈ പാട്ട് പങ്ക് വെച്ച് കൊണ്ട് ശ്രീ.ബാബു തുടര്‍ന്ന് എഴുതുന്നു:

"പ്രകൃതിയുടെ ഏറ്റവും വന്യമായ ഹൃദയത്തിലായിരിക്കണം ഏറ്റവും മധുരതരമായതെന്തും വിളയുക."

വന്യമായ മരുഭൂമിയില്‍ താന്‍ മധുരതരമായി അനുഭവിച്ചതെല്ലാം തിളങ്ങുന്ന മാതളയല്ലികളായി നമുക്ക് മുമ്പില്‍ നിരത്തി വെക്കുകയാണ്.

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂര്‍ത്തി രൂപമായ സാദിനേയാണ് നാമാദ്യം പരിചയപ്പെടുന്നത്, ഉപാധികളില്ലാത്ത സാദിന്റെ സ്നേഹം നമുക്ക് കൂടി അനുഭവിക്കാനാകുന്നുണ്ട് പലപ്പോഴും .

ശ്മശാന സൂക്ഷിപ്പുകാരനായ ഹബീബുള്ള,പലസ്തീനിയായ ഒമര്‍,ഇസ്മയില്‍ എന്ന കഥ പറച്ചിലുകാരന്‍,മൂസ്സക്ക,സ്നേഹം കൊണ്ട് ചികില്‍സിക്കുന്ന 'ഡോക്ടര്‍' ഇബ്രാഹീം,മുക്കുവനായ കാദിര്‍,അല്‍ ഖര്‍ജിലെ ഇക്ക,കലാകാരനായ ഭാസി,ജോസ്, ലെബനിയായ ഖലീല്‍ തുടങ്ങി പ്രവാസ ജീവിതത്തില്‍ നാം കണ്ടു മുട്ടാനിടയുള്ള ഒട്ടു മുക്കാല്‍ കഥാപാത്രങ്ങളേയും എഴുത്തുകാരന്‍ നമ്മെ പരിചയപ്പെടുത്തുന്നു.

അതോടൊപ്പം കുടുംബത്തെ വിട്ട് കഴിയേണ്ടി വരുന്ന പ്രവാസികളുടെ മാനസിക വ്യാപാരം മനസ്സില്‍ തട്ടുന്ന വിധം എഴുതിയിരിക്കുന്നു.

ഈ കഥകളുടെ ഒപ്പം അറേബ്യയുടെ ചരിത്രവും അറബികളും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രവും നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നുമുണ്ട്.

പ്രതീക്ഷ നിറഞ്ഞ ഒരു യാത്ര ഒന്നുമൊന്നും നേടാതെ,എന്നാല്‍ മനസ്സിനൊരു പോറലുമേല്‍ക്കാതെയുള്ള മടക്കയാത്ര.ഒരു പക്ഷെ,ഒടുവില്‍ ഏറ്റവുമൊടുവില്‍ ആയിരിക്കണം,നഷ്ടമെന്ന് കരുതിയ നേട്ടങ്ങള്‍ എനിക്ക് കണ്ടെത്താന്‍ ആകുന്നത്.

അതെ, കഠിനമായ ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോന്ന് തിരിച്ചു നോക്കുമ്പോള്‍ മരുഭൂമിയിലെ തെളിനീരുറവകള്‍ പോലെ നാമനുഭവിച്ച സ്നേഹാനുഭവങ്ങള്‍ മാത്രം നമുക്ക് കാണാനാകുന്നത് ശാശ്വതമായ വികാരം സ്നേഹം മാത്രമായതായിരിക്കണം.

പ്രവാസിയുടെ കുറിപ്പുകള്‍
‍ബാബു ഭരദ്വാജ്
മാതൃഭൂമി ബുക്സ്.

Labels:

Monday, July 14, 2008

ഒരു ചോദ്യവും ഉത്തരവും

ഒരു ദിവസം സ്കൂള്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ പച്ചാന ചോദിച്ചു:ഉമ്മച്ചീ,എന്റെ പ്രായത്തിലുള്ള അന്ധയായ ഒരു കുട്ടിയില്‍ നിന്നും എന്ത് പ്രത്യേകത ഉണ്ടായിട്ടാണ് അള്ളാഹു എനിക്ക് കാഴ്ച തന്നത്?

എന്റെ ഉത്തരം താഴെ:അള്ളാഹുവിന് തന്റെ സൃഷ്ടികളെല്ലാം സമന്‍‌മാരാണ്.ഒരു കഴിവില്‍ പ്രാഗല്‍ഭ്യമുള്ളയാള്‍ മറ്റൊരു കാര്യത്തിന് അത്ര തന്നെ പ്രാപ്തിയുള്ളവനായികൊള്ളണമെന്നില്ല. കാഴ്ചയില്ലാത്ത കുട്ടിക്ക് നിനക്കുള്ളതിലും ഉള്‍‌ക്കാഴ്‌ചയും മറ്റ് കഴിവുകളുമുണ്ടാകാം.

ആരും പൂര്‍ണ്ണരല്ല. ഇല്ലാത്ത കഴിവുകളെ കുറിച്ച് വ്യാകുലപ്പെടാതെ ഉള്ളതിനെ തനിക്കും സമൂഹത്തിനും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുകയാണ് വേണ്ടത്.

എന്നാല്‍ ചുറ്റുപാടും വെറുതെ കാണുക എന്നതിലുപരി കാഴ്ച എന്ന കഴിവിന് പല ലക്‌ഷ്യങ്ങളുണ്ട്:
1.കണ്ണുകള്‍ തന്നതിലൂടെ മനോഹരമായ ലോകം കാണാനുള്ള കഴിവ്.അവ വരയിലൂടെ മനോഹരമായി പകര്‍ത്താനുള്ള കഴിവു കൂടെ തന്ന് ദൈവം അനുഗ്രഹിച്ചിരിക്കുന്നു.

2.കാഴ്ച ഒരു പരീക്ഷണം കൂടിയാണ്,നല്ല കാഴ്ചകള്‍ കാണാനും അനാവശ്യകാഴ്ചകളില്‍ നിന്നും മുഖം തിരിക്കാനും കഴിയുമോ എന്ന പരീക്ഷണം.പുറമേയുള്ള മായക്കാഴ്ചകളില്‍ ഉള്‍ക്കാഴ്ച നഷ്ടപ്പെടാതിരിക്കാനുള്ള പരീക്ഷണം.

3.ചുറ്റുമുള്ളവരുടെ കഷ്ടപ്പാടുകള്‍ കണ്ട് മന‍സ്സിലാക്കി അവരെ സഹായിക്കാന്‍.അന്ധയായ കുട്ടിയ്ക്ക് കൂടിയുള്ള കാഴ്ചയാണ് നിനക്ക് കിട്ടിയിട്ടുള്ളത്,അവര്‍ക്ക് വഴികാട്ടിയാകാന്‍.

എന്റെ മനസ്സിലേക്കോടിയെത്താത്ത എത്രയോ സാധ്യതകള്‍ ഇനിയുമുണ്ടാകാം.

Labels: ,

Saturday, July 12, 2008

ഫുള്‍‌മാര്‍ക്ക്

പ്രീഡിഗ്രി കെമിസ്‌ട്രി പ്രാക്റ്റിക്കലിന്
തെറ്റുകള്‍ക്കിടയില്‍
ശരിയുത്തരം വെളിപ്പെടുന്ന
ഒരേ ഒരു നിമിഷത്തെ
തിരിച്ചറിയുന്നവര്‍ക്കായിരുന്നു
എന്നും ഫുള്‍‌മാര്‍ക്ക്.

Labels:

Thursday, July 10, 2008

പെറുക്കി വെച്ച കല്ലുകള്‍

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൊച്ചാപ്പ ഒരു ഡയറി കൊണ്ടു തന്നത്.കിട്ടിയ ഉടനെ എഴുതി തുടങ്ങി,ഡയറിക്കുറിപ്പോ എന്തിന് കഥയോ കവിതയോ പോലുമല്ലായിരുന്നു,ഒരു കഥാപ്രസംഗം. സുഹറായായിരുന്നു അതിലെ നായിക.പതിനേഴുകാരിയായ അവളെ ഗള്‍ഫുകാരന്‍ കല്യാണം കഴിക്കുന്നതും അവള്‍ക്കൊരു കുഞ്ഞുണ്ടാകുന്നതും സ്ത്രീധനബാക്കി ചോദിച്ച് അമ്മായിയമ്മയുടെ ശല്യപ്പെടുത്തല്‍ സഹിക്കവയ്യാതെ അവള്‍ ആത്മഹത്യ ചെയ്യുന്നതുമായിരുന്നു ഇതിവൃത്തം.ഇന്നായിരുന്നെങ്കില്‍ അവളെ ഞാന്‍ ഒരിക്കലും മരണത്തിലേക്കെത്തിക്കില്ലായിരുന്നു.

ഇതവതരിപ്പിച്ച് കേട്ട മിക്കവരും ആവശ്യത്തിനു പരിഹസിച്ചു.അതായിരുന്നു സ്വന്തം കൃതിക്ക് കിട്ടിയ ആദ്യത്തെ പ്രതികരണം.

പിന്നീടെപ്പോഴോ മനസ്സില്‍ വന്ന ചില വരികള്‍ എവിടേയും എഴുതിയിടാതെ പാടത്തും പറമ്പിലും മൂളി നടന്നു.

ഒമ്പതാം ക്ളാസ് മുതല്‍ ഡയറി എഴുതി തുടങ്ങിയെങ്കിലും ദിവസവും എന്തെങ്കിലും കുറിക്കുക എന്നത് ഒരുബാധ്യതയായി കൊണ്ടു നടക്കാനിഷ്ടമില്ലാത്തതിനാല്‍ നോട്ട് ബുക്കില്‍ എന്തെങ്കിലും തോന്നും പോലും കുറിക്കുക എന്നതായി ശീലം.അതിന് ഇപ്പോഴത്തെ കുട്ടികളൊക്കെ ജേര്‍‌ണല്‍ എന്നാണ് പറയുക എന്ന് പച്ചാന പറഞ്ഞാണ് അറിയുന്നത്.

കടമ്മനിട്ട പാടിയ പോലെ "ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും ഓര്‍ത്തുപോമോര്‍മ്മ ബാക്കിയെന്നും".

അതെ,എത്രയോര്‍ത്തിട്ടും ബാക്കിയാകുന്ന ചില ഓര്‍മ്മകളേയും ചിന്തകളേയും കുറിച്ചിടാനൊരിടം.
അതില്‍ കൈകുഞ്ഞായപ്പോള്‍ കേട്ട ഒരീണം തൊട്ട് കല്യാണത്തോടനുബന്ധിച്ച് പറിച്ചേറിയേണ്ടി വന്ന ചീരത്തോട്ടം വരെയുണ്ട്.

മനസ്സില്‍ തോന്നുന്ന പോലെ കൂട്ടി വെക്കുന്ന ഈ അക്ഷരക്കൂട്ടങ്ങള്‍ വെണ്ടും വിധം വായിച്ചെടുക്കുന്ന ഒരോ മനസ്സിനും നന്ദി.

ബ്ലോഗിന്റെ ഏറ്റവും വലിയ മേന്മ കമന്റുകള്‍ തന്നെയാണ്.പ്രോത്സാഹനങ്ങള്‍ക്കൊപ്പം ഒരു പക്ഷെ അതിലും കൂടുതല്‍ ആത്മാര്‍ത്ഥമായ വിലയിരുത്തലുകളും തിരിച്ചറിയലുകളും നല്‍കിയ diappapp, മിന്നാമിനുങ്ങ്, ഇഡ്ഡലിപ്രിയന്‍, കുട്ടന്‍ മേനോന്‍ ,‍രാധേയന്‍, ഇരിങ്ങല്‍ ,അപ്പു, മഹിമ, കരിപ്പാറ സുനില്‍ തുടങ്ങി എതിര്‍പ്പുകള്‍ തുറന്ന് പറഞ്ഞവര്‍ക്കൊരു പ്രത്യേക നന്ദി.

ബ്ലോഗിനെ കുറിച്ച് എന്റെ കാഴ്ചപ്പാട് പണ്ടൊരിക്കല്‍ പറഞ്ഞതാണ്.അതിന്റെ കുടെ ഈ കമന്റ് കൂടെ ചേര്‍ത്തു വെക്കുന്നു

Labels: