Thursday, October 30, 2008

ആ കോഴിക്കൂടൊന്നടക്കണംട്ടാ

ഒന്ന് രണ്ട് ദിവസം വീട്ടില്‍ നിന്ന് മാറിനില്‍ക്കുമ്പോഴൊക്കെ ഉമ്മ സെല്ലമ്മായിയോട് വിളിച്ച് പറയാറുള്ള ഡയലോഗ്,ഇപ്പോള്‍ ഓര്‍ത്തതെന്താണന്നല്ലേ,ഞാനും കുട്ടികളെയും കൂട്ടി മൂന്ന് ദിവസത്തിന് വീട്ടിലൊന്നു പോകുകയാണ്.




ഈ വരുന്ന ശനിയാഴ്ച എന്റെ അനിയത്തിയുടെ കല്യാണമാണ്,അതിനിപ്പോഴാണോ വിളിക്കുന്നതെന്ന പരിഭവം പറയല്ലേ,രണ്ടാഴച മുമ്പേ രണ്ടുപേരെ വിട്ടതാ കല്യാണം വിളിക്കാന്‍,അവരിപ്പോഴും വാതില്‍ക്കല്‍ തന്നെ നില്‍ക്കുകയാ...

എല്ലാവരും പറയുന്ന പോലെ പണ്ടത്തെ കല്യാണങ്ങളുടെ രസമൊന്നുമില്ല ഇപ്പോഴത്തെ കല്യാണങ്ങള്‍ക്ക് എന്നാലും ഒപ്പന കളിക്കണം,മൈലാഞ്ചി ഇടണം,ഒരു മാസത്തെ അവധിക്ക് കണ്ടു മുട്ടിയതിനേക്കാള്‍ കൂടുതല്‍ ബന്ധുക്കളെ ,പരിചയക്കാരെ ഒക്കെ കാണണം.


 ഉമ്മ പോയപ്പോ കണ്ണു നിറഞ്ഞിട്ടും കരയാതിരുന്ന ആ ആറുവയസ്സ്കാരിയുടെ മനോധൈര്യം എന്നും അവള്‍ക്കുണ്ടാകണേ എന്ന പ്രാര്‍‌ത്ഥന മാത്രം. പണ്ട് ഉമ്മാനെ കളിയാക്കി എതോ സിനിമാപ്പാട്ടിനെ അനുകരിച്ച് പാടാറുള്ള "ഉമ്മാടെ മക്കളൊക്കെ ഇപ്പോ ഒപ്പത്തിനൊപ്പമായി" എന്ന വരി യാഥാര്‍ത്ഥ്യമാകുന്ന സന്തോഷവും.

Labels: