Thursday, November 27, 2008

പരീക്ഷണം-നുറുങ്ങു കഥ

അവര്‍ എന്റെ നെഞ്ചു പിളര്‍ന്ന് ഹൃദയമെടുത്ത് മേശപ്പുറത്ത് വെച്ചു.ഒരു കയ്യില്‍ ഉയര്‍ത്തി പിടിച്ച വാച്ചുമായി ഹൃദയമിടിപ്പ് എണ്ണാന്‍ തുടങ്ങി.

സെക്കന്റ് സൂചി ഒരു വട്ടം കറങ്ങിയെത്തിയപ്പോഴെക്കും അവരുടെ എണ്ണം എഴുപതു കഴിഞ്ഞിരുന്നു. സമാധാനത്തോടെ അവര്‍ ഹൃദയം തിരിച്ചു വെച്ചു.ചോര പൊടിഞ്ഞ മുറിവില്‍ വെളുത്ത പൊടിയിട്ടു. അതെല്ലാം രക്തത്തില്‍ കുതിര്‍ന്ന് ചുവപ്പു നിറമായി.

അവസാനം അവരെന്റെ പുറത്തു തട്ടി പറഞ്ഞു,"ഇതൊന്നും നിന്നെ വെദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ല. നിന്റെ ഹൃദയമിടിപ്പ്‌ അറിയാന്‍ വേണ്ടിയായിരുന്നു."

അതു കേട്ട് ഞാനൊന്നു പുഞ്ചിരിച്ചു.വിളറിയ ചിരി.

Labels:

Saturday, November 22, 2008

കാറ്റിന്‍ കുറളിന്റെ പൊരുള്‍

(ഭാഷപോഷിണി നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ശ്രീ.ഡി.കെ.എം.കര്‍ത്തായുടെ 'കാറ്റിന്‍‌കൂറള്‍' എന്ന കവിതയെ കുറിച്ച്)


ഈ നിമിഷം ജീവിച്ചിരിക്കുന്നു എന്ന അഹങ്കാരത്തോടെ നാം ശ്വസിക്കുന്ന വായു മുമ്പ് ഏതോ ജന്തുവിന്റെ ഉച്ഛ്വാസമല്ലേ എന്ന് ചുരുങ്ങിയ വരികളിലൂടെ ഉദ്ബോദിപ്പിക്കുന്ന കവിത ഊര്‍ജ്ജനിയമത്തില്‍ പ്രതിപാദിക്കുന്ന പോലെ പ്രപഞ്ചത്തിലെ വസ്തുക്കളുടെ ചാക്രിക അവസ്ഥ വിവരിക്കുന്നതിലുപരി വെളിവാക്കുന്ന ചില സത്യങ്ങളുണ്ട്.



പൂവിലും പുല്ലിലും പുഴുവിലും നമ്മളിലും നിറഞ്ഞിരിക്കുന്നത് ഒരേ പ്രാണന്റെ വിവിധ അവസ്ഥകളാണെന്നും നാം പ്രപഞ്ചത്തിന്റെ അധിപരല്ല ഒരു ഭാഗം മാത്രമാണെന്നുള്ള സത്യം.



എല്ലാ മനുഷ്യരിലും ദൈവാംശമുണ്ട് എന്ന് പറയുമ്പോള്‍ എല്ലാവരും തിരിച്ചെറിയുന്ന ഒരു ചോദ്യമുണ്ട്;അപ്പോള്‍ നമ്മളിലെങ്ങിനെ അധമ വികാരങ്ങള്‍ക്കും തിന്മയ്ക്കും ഇടം കിട്ടുന്നു എന്ന്.എത്ര തന്നെ നന്മ,ചൈതന്യം ഒക്കെ ഉള്ളിലുണ്ടായാലും അത് ശരിയായ രീതിയില്‍ നമുക്കും മറ്റുള്ളവര്‍ക്കും നന്മയ്ക്കായി ഉപയോഗപ്പെടുത്താന്‍ പരിശ്രമിക്കേണ്ടത് നമ്മള്‍ തന്നെ.

സമര്‍പ്പണം:കുറേ ദിവസമായി മനസ്സിലിട്ടു നടന്നിരുന്ന ഈ വിഷയത്തെ "ആത്മാവിന്റെ നിര്‍‌വികാരതയെ" കുറിച്ച് പറഞ്ഞ് എഴുതാന്‍ തോന്നിപ്പിച്ച ആത്മ ചേച്ചിക്ക്.

Labels: