Thursday, August 31, 2006

എന്‍റെ ആദ്യ കാമുകന്‍

അന്നെനിക്ക് മൂന്നോ നാലോ മാസം പ്രായം.ഞങ്ങളുടെ അടുത്ത വീട്ടിലെ കുഞ്ഞമ്മ സിസ്റ്റര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ മകന്‍ അജിത്തിനെ എന്‍റെ വീട്ടിലാണ് വിടാറ്.ഉമ്മ എന്തെങ്കിലും ജോലിക്കായി അടുക്കളയിലേക്ക് പോയാല്‍ മടങ്ങിയിരിക്കുന്ന എന്‍റെ കൈ നിവര്‍ത്തി ഒട്ടിച്ച് വെക്കുക എന്നതായിരുന്നു മൂപ്പരുടെ ഒരു വിനോദം. എന്നിട്ട് ഉമ്മയോട് പറയും:“ആന്‍റീ ഈ കുട്ടി എത്ര പറഞ്ഞിട്ടും കൈ നിവര്‍ത്തി വെക്കുന്നില്ല.അതു കൊണ്ടാ ഞാന്‍ ഒട്ടിച്ച് വെച്ചത്”.
പിന്നീടെപ്പോഴോ കക്ഷിയുടെ അടുത്ത ഡയലോഗ്: “ഞാന്‍ വലുതാവുമ്പോള്‍ ഇവളെ കല്യാണം കഴിച്ചോളാം.ഒരു പ്ലെയിന്‍ സ്ത്രീധനമായി തന്നാല്‍ മതി”
കുറച്ച് നാള്‍ മുമ്പ് വാപ്പ അവന്‍റെ അപ്പനെ കണ്ടിരുന്നു.അജിത്തിപ്പോള് ‍അമേരിക്കയില്‍ സര്‍ജനായി ജോലി ചെയ്യുന്നത്രേ.

ഒരു സംശയം മാത്രം ബാക്കി: അവന്‍ എത്ര സ്ത്രീധനം വാങ്ങി കാണും?

Labels:

Wednesday, August 30, 2006

കൂട്ട്

മഴയെത്ര പെയ്താലും മഞ്ഞെത്ര പൊഴിഞ്ഞാലും
കവിയാത്തൊരീ രാഗമധുരിമയില്‍
ഒന്നിച്ച് തുഴയാനും ഒരുമിച്ച് കരേറാനും
എന്‍ തുണയായെന്നും നീയില്ലേ
മാനം തെളിഞ്ഞാലും അത് വീണ്ടുമിരുണ്ടാലും
താങ്ങും തണലുമായ് നീയില്ലേ

Labels:

Monday, August 28, 2006

അത്യാഗ്രഹം

പ്രാര്‍ത്ഥിക്കാതെ അനുഗ്രഹം കിട്ടണം
കൊടുക്കാത്ത സ്നേഹം തിരിച്ചു കിട്ടണം
പണിയെടുക്കാതെ പ്രതിഫലം കിട്ടണം
തിന്മ ചെയ്തായാലും പ്രശസ്തി കിട്ടണം

Labels:

Friday, August 25, 2006

മരുഭൂമി-ഒരു ജാലകകാഴ്ച

Labels:

Thursday, August 24, 2006

മൂ‍ന്ന് കവിതകള്‍

കാറ്റിനോട്
(മലര്‍വാടിയില്‍ പ്രസിദ്ധീകരിച്ചത്)

തുലാമാസ പുലരിയിലെ കുളിരേകും കാറ്റേ നീ
എവിടെ നിന്നു വരുന്നു നീ എവിടേക്ക് പോണൂ നീ

നിന്നെയൊന്നു പുണരാനായ് എത്ര നാളായ് കൊതിക്കുന്നു
ഒരു നിമിഷം നില്‍ക്കാമോ ഒരു കാര്യം പറയാം ഞാന്‍

ചൂടേറിയ ചിന്തകളാല്‍ മനമുരുകും നേരത്ത്
കുളിര്‍ കോരിയണിച്ചു നന്ദി പറയുന്നു ഞാന്‍


കാലം-1

കാലമെന്ന മാന്ത്രികന്‍
കാട്ടിടുന്ന വിക്രിയകള്‍
കണ്ടിടുന്ന നമ്മളല്ലോ
കാലത്തിന്‍ കളിപ്പാവകള്‍

കാലം-2

കാലമേ നിന്‍ ചക്രം തിരിക്കുന്ന
ദൈവത്തിന്‍ ദാസരാം ഞങ്ങള്‍ക്ക്
നിന്നെ കുറിച്ചു പഴിക്കുവാനല്ലാതെ
വിധിയെ തടുക്കുവാന്‍ കഴിയില്ലല്ലോ

Labels:

Monday, August 21, 2006

ഹോസ്റ്റല്‍ പാചകപരീക്ഷണങ്ങള്‍

ഒഴിവുദിവസങ്ങളില്‍ രാവിലെ 8 മണിക്ക് പ്രാതല്‍ കഴിഞ്ഞാല്‍ ഉച്ചക്ക് ഒരുമണിക്ക് ഭക്ഷണത്തിനുള്ള മണിയടിക്കുന്നത് വരെയുള്ള നീണ്ട സ്റ്റഡി ടൈം(എനിക്കത് മിക്കവാറും സ്ലീപ്പിങ്ങ് ടൈം ആയിരുന്നു).പഠിത്തത്തിന്‍റെ(ഉറക്കത്തിന്‍റെ) ഇടവേളകളില്‍ വിശന്നാല്‍ കഴിക്കാനായി ഉണ്ടാക്കിയിരുന്ന ചില വിഭവങ്ങളാണ് താഴെ.മാസത്തിലൊരിക്കല്‍ വീട്ടില്‍ പോകുമ്പോള്‍ വറവും പൊരിയും ഇഷ്ടം പോലെ എല്ലാവരും കൊണ്ടു വരുമെങ്കിലും അതെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകാറാണ് പതിവ്.


മുട്ട പൊരിച്ചത്:

കോഴിമുട്ട:1(തലയില്‍ തേക്കാനെന്ന വ്യാജേന വാങ്ങിയത്)
ഉപ്പ്:ആവശ്യത്തിന്(മെസ്സില്‍ നിന്നും പൊക്കിയത്)
വെളിച്ചെണ്ണ:1 സ്പൂണ്‍

മറ്റ് സാമഗ്രികള്‍:
മെഴുകുതിരി:3
തീപ്പെട്ടി:1
ചോറ് പാത്രത്തിന്‍റെ മൂടി(കട്ടിയുള്ളത്):ഒന്ന്
സ്പൂണ്‍:2 (വലുത്) 1(ചെറുത്)

ഉണ്ടാക്കുന്ന വിധം:

മൂന്ന് മെഴുകിതിരികള്‍ കത്തിച്ച് അടുപ്പിന്റ്റെ ആകൃതിയില്‍ മേശപ്പുറത്ത് ഉറപ്പിച്ച് നിര്‍ത്തുക. ചോറുപാത്രത്തിന്‍റെ മൂടി രണ്ട് വലിയ സ്പൂണുകളുടെ സഹായത്താല്‍ അതിന് മുകളില്‍ പിടിക്കുക.
ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച് മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പ് വിതറി ചെറിയ സ്പൂണ്‍ കൊണ്ട് ഇളക്കുക.പാകമായതിന് ശേഷം റൂമേറ്റ്സിന്‍റെ എണ്ണത്തിനനുസരിച്ച് പങ്ക് വെച്ച് കഴിക്കുക.

ഇനിയും വിശപ്പ് മാറിയില്ലെങ്കില്‍ ഒരു വിഭവം കൂടി;

പഴം മൊരിച്ചത്:

നേന്ത്രപ്പഴം:1 (ചെറുതായി അരിയണം)
പഞ്ചസാര:1 ടീസ്പൂണ്‍
വെളിച്ചെണ്ണ:1 സ്പൂണ്‍

മറ്റ് സാമഗ്രികള്‍: ആദ്യമെഴുതിയത് തന്നെ.

മൂന്ന് മെഴുകിതിരികള്‍ കത്തിച്ച് അടുപ്പിന്റ്റെ ആകൃതിയില്‍ മേശപ്പുറത്ത് ഉറപ്പിച്ച് നിര്‍ത്തുക. ചോറുപാത്രത്തിന്‍റെ മൂടി രണ്ട് വലിയ സ്പൂണുകളുടെ സഹായത്താല്‍ അതിന് മുകളില്‍ പിടിക്കുക.
ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച് പഴമിട്ട് പഞ്ചസാര വിതറി ചെറിയ സ്പൂണ്‍ കൊണ്ട് ഇളക്കുക.പഴം മൊരിഞ്ഞാല്‍ റൂമേറ്റ്സിന്‍റെ എണ്ണത്തിനനുസരിച്ച് പങ്ക് വെച്ച് കഴിക്കുക.(മണം കേട്ട് അടുത്ത് അടുത്ത് റൂമുകാര്‍ വന്നാല്‍ അവര്‍ക്കും കൊടുക്കം.)

അച്ചടക്കത്തിന് പേര് കേട്ട ആ ഹോസ്റ്റലില്‍ ഞാനായിരുന്നു ആദ്യം ഇതെല്ലാം പരീക്ഷിച്ചത്.അതിന് ശേഷം എന്‍റെ പാത്രത്തിന്‍റെ മൂടി റൂമില്‍ നിന്നും റൂമിലേക്ക് പറന്ന് നടക്കുകയായിരുന്നു.

Labels: ,

Monday, August 14, 2006

ആശ വിതച്ച് നിരാശ കൊയ്യുന്നവര്‍

ക്ലോക്കില്‍ ആറടിക്കുന്നത് കേട്ട് അവള്‍ എണീറ്റു.നേരിയ തല കറക്കമുണ്ട്;സാരമില്ല ഇനിയും കിടന്നാല്‍ പണിയൊന്നും നടക്കില്ല. നേരെ അടുക്കളയിലേക്ക് പോയി.ഒരടുപ്പത്ത് ചായക്കും മറ്റേതില്‍ ചോറിനും വെള്ളം വെച്ചു.അടുപ്പിന്‍റെ അടുത്തായുള്ള ചെറിയ ജനല്‍ തുറന്നു.റോഡിന്‍റെ മറുവശത്തുള്ള റൊട്ടി കടയില്‍ തിരക്ക് തുടങ്ങിയിരിക്കുന്നു.ആ കട രാവിലെ നാല് മണിക്കു തുറന്നാല്‍ പാതി രാത്രിക്കേ അടക്കൂ.പൊടി കുഴക്കലും പരത്തലും അടുപ്പിലിട്ട് തകൃതിയായി ചുടുകയും ചെയ്യുന്ന രണ്ട് കൈകള്‍. “അമ്മേ,ആ അങ്കിളിനെന്താ തലയില്ലേ” മോള്‍ ഒരു ദിവസം ചോദിച്ചതോര്‍മ്മ വന്നു.

ഓ,ആലോചിച്ച് നേരം പോയതറിഞ്ഞില്ല.ബ്രഷും പേസ്റ്റുമെടുത്ത് ബാത്ത് റൂമിലേക്ക് നടക്കുമ്പോള്‍ തികട്ടി വന്ന പുളി വെള്ളം അടക്കി പിടിച്ചു.

കുളി കഴിഞ്ഞ് വന്ന് കറിയുണ്ടാക്കാന്‍ നോക്കിയപ്പോഴാ,രണ്ട് തക്കാളിയും കുറച്ച് പച്ച മുളകും മാത്രം ബാക്കി.രണ്ട് മാസത്തെ പറ്റ് കൊടുക്കാതെ ഇനിയെങ്ങിനെയാ ഗ്രോസറിയില്‍ നിന്നും സാധനം വാങ്ങുക.ജോലിക്ക് ചേര്‍ന്ന് മാസം രണ്ട് കഴിഞ്ഞിട്ടും പൈസയൊന്നും കിട്ടിയില്ല.ചേട്ടന്‍റെ കാര്യവും തഥൈവ.

തട്ടികൂട്ടിയ തക്കാളി ചമ്മന്തിയും ചോറും രണ്ട് പാത്രത്തിലാക്കി.തലേ ദിവസത്തെ കുബ്ബൂസിന്‍റെ ബാക്കി ചൂടാക്കി ജാമും പുരട്ടി മൂടി വെച്ചു.

ബാഗുമെടുത്ത് പുറത്തേക്കിറങ്ങവേ “ചേട്ടാ,ഭക്ഷണമെല്ലാം എടുത്ത് വെച്ചിട്ടുണ്ട്.മോള്‍ക്ക് പാലും കുബ്ബൂസും കൊടുത്ത് അപ്പുറത്തെ വീട്ടില്‍ ആക്കണേ” എന്നു വിളിച്ച് പറഞ്ഞു.

35 മിനുട്ടോളം നടക്കണം ഓഫിസിലെത്താന്‍.ഇത്തിരി സ്പീഡില്‍ തന്നെ നടന്നു.കൃത്യസമയത്ത് എത്തിയോ എന്നറിയാന്‍ മുതലാളി ഇപ്പോ വിളി തുടങ്ങും.വേഗത്തില്‍ നടന്നത് കൊണ്ടാണെന്നു തോന്നുന്നു;അടിവയറ്റില്‍ നല്ല വേദന.അത് കാര്യമാക്കാതെ നടത്തം തുടര്‍ന്നു.ഓഫീസിലെത്തിയപ്പോള്‍ കൃത്യം എട്ടടിക്കുന്നു.

ഫോണ്‍ കോളുകള്‍ക്കും റ്റൈപ്പിങ്ങിനുമിടയില്‍ ഒരു നിശ്വാസത്തിന് പോലും സമയം കിട്ടിയില്ല.ഉച്ചക്ക് ചോറു പാത്രം തുറന്നതേ ഓക്കാനം വന്നു.രണ്ട് പിടി വാരി തിന്ന് പാത്രമടച്ചു.ഒരിത്തിരി വിശ്രമത്തിനായി ഒന്നു ചാരിയിരുന്നപ്പൊള്‍ തലേദിവസം വന്ന അച്ഛന്‍റെ കത്തിലെ വാചകങ്ങളാണ് ഓര്‍മ്മ വന്നത്:“ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും അവിടെ ജോലിയുള്ളപ്പോള്‍ ഞാനെങ്ങനേയാ മറ്റ് മക്കളോട് പൈസ ചോദിക്കുന്നത്”.ആലോചനകള്‍ പല വഴിക്ക് തിരിയും മുമ്പേ ഉച്ച ഭക്ഷണത്തിനുള്ള സമയം കഴിഞ്ഞു.പിന്നേയും ഫോണും ഫാക്സും റ്റൈപ്പിങ്ങും.
ആറ് മണിക്ക് ബാഗുമെടുത്ത് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇന്‍റര്‍കോമില്‍ മുതലാളി. “ഹാവൂ,ശമ്പളം തരാനായിരിക്കും”.
“നീ നാളെ മുതല്‍ ജോലിക്ക് വരേണ്ട.”.വയറ്റില്‍ നിന്നെന്തൊക്കെയോ ഉരുണ്ട് കയറുന്ന മാതിരി.പുറത്തേക്കിറങ്ങി നടക്കുകയായിരുന്നോ ഓടുകയായിരുന്നോ,ഒരു വിധത്തില്‍ വീടെത്തി.ചേട്ടനും മോളും വാതിക്കല്‍ തന്നെ.
“എന്നോട് നാളെ മുതല്‍ ചെല്ലേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്” .ഒരു സ്വാന്തനത്തിനായി കാതോര്‍ക്കവേ കേട്ടത്:“എനിക്കും നാളെ മുതല്‍ പണിയില്ല.”
വിശന്ന് കരയുന്ന മോളേയുമെടുത്ത് അകത്ത് കയറുമ്പോള്‍ അവളുടെ മനസ്സ് ശൂന്യമായിരുന്നു.

Labels:

Thursday, August 10, 2006

വിധി മാറ്റിയെഴുതിയ പരീക്ഷണം

ഞാനന്ന് എത്രാം ക്ലാസിലാണെന്ന് എനിക്കിപ്പൊ ഓര്‍മ്മയില്ല.വാപ്പ വന്നപ്പോള്‍ ബട്ടണ്‍ ഞെക്കിയാല്‍ ഒച്ചയും വെളിച്ച‍വും ഉണ്ടാകുന്ന ഒരു തോക്ക് അനിയന് കൊണ്ട് വന്നു.കിട്ടിയപ്പോള്‍ മുതല്‍ അവന്‍ അതിനൊരു വിശ്രമവും കൊടുക്കാത്തതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ബാറ്ററി കഴിഞ്ഞു.

ആവനാഴിയിലെ അമ്പൊഴിഞ്ഞ പടയാളിയെ പോലെ അവന്‍ നടക്കുന്നത് കണ്ട് എന്റെ മന‍സ്സലിഞ്ഞു.ബള്‍ബ് ഞാന്‍ കത്തിച്ച് കാണിച്ച് തരാം എന്നു പറഞ്ഞ് ഞാന്‍ സ്ക്രൂഡ്രൈവറെടുത്ത് തോക്ക് തുറന്നു.ഉള്ളിലുണ്ടായിരുന്ന ബള്‍ബ് വയറോടു കൂടി പുറത്തെടുത്തു.ഒട്ടും സമയം കളയാതെ അടുത്തു കണ്ട പവര്‍ പോയന്റില്‍ രണ്ട് വയറും തിരുകി വെച്ചു സ്വിച്ച് ഓണ്‍ ആക്കി.

ട്ടേ എന്ന ശബ്ദത്തിനൊപ്പം അനിയന്റെ കരച്ചില്‍ കേട്ടത് മാത്രമേ ഇന്നെനിക്ക് ഓര്‍മയുള്ളൂ.

ഒരു പക്ഷേ “ഇവള്‍ ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആകേണ്ടത് തന്നെ” എന്ന് എന്റെ വിധി പോലും തീരുമാനിച്ചത് അന്നായിരിക്കാം.

Labels:

Saturday, August 05, 2006

എന്റെ സ്വന്തം

അന്നുമിന്നുമെന്നും എനിക്കു
സ്വന്തമെന്‍ മനം മാത്രം

Friday, August 04, 2006

എന്റെ ആദ്യത്തെ പരീക്ഷണം

എനിക്കന്ന് അഞ്ചു വയസ്സായിരുന്നു പ്രായം.ഉമ്മ അനിയനെ പ്രസവിച്ച് കിടക്കുന്ന സമയം.നാട്ടികയിലുള്ള ഉമ്മാടെ തറവാട്ടിലായിരുന്നു ഞങ്ങള്‍.പത്തമ്പത് പേരുള്ള വലിയ തറവാടായിരുന്നു അത്.

ഖത്തറിലായിരുന്ന വാപ്പാക്ക് കത്തയക്കുന്നതിനായി ഒരു പാടു സ്റ്റാമ്പുകള്‍ ഒന്നിച്ച് വാങ്ങി വെക്കാറുണ്ടായിരുന്നു.ഇടക്കിടക്ക് പൈസ കൊടുത്ത് സ്റ്റാമ്പ് വാങ്ങിക്കുന്നത് കണ്ട എന്റ്റെ മനസ്സില്‍ ഒരു ഐഡിയ തോന്നി.

ഒരു ദിവസം ഉമ്മ കുളിക്കാന്‍ പോയ തക്കം നോക്കി ഞാന്‍ പെട്ടി തുറന്ന് ബാക്കിയുണ്ടായിരുന്ന സ്റ്റാമ്പുകള്‍ കയ്യിലെടുത്തു.കക്കൂസുകള്‍ക്ക് പിറകിലുള്ള സ്ഥലത്ത് ചെറിയ കുഴിയുണ്ടാക്കി സ്റ്റാമ്പുകള്‍ അതിനകത്തിട്ടു മൂടി.(പൂഴി മണലായിരുന്നതിനാല്‍ കുഴിക്കലും മൂടലും എളുപ്പമായിരുന്നു.).വലിയ സ്റ്റാമ്പ് മരത്തില്‍ നിന്ന് സ്റ്റാമ്പ് പറിച്ച് കത്തിലൊട്ടിക്കുന്ന രംഗം ഞാന്‍ സ്വപ്നം കണ്ടു.

പിറ്റേ ദിവസം കത്തിലൊട്ടിക്കാനായി സ്റ്റാമ്പിനാ‍യി തിരഞ്ഞിരുന്ന ഉമ്മാടെ അടുത്ത് ചെന്ന് ഞാന്‍ പറഞ്ഞു: “കുറച്ച് ദിവസം കഴിഞ്ഞാല്‍ കുറെ സ്റ്റാമ്പ് കിട്ടാനായി ഞാനത് കക്കൂസിന്റെ പിറകില്‍ കുഴിച്ചിട്ടു.”കേട്ട പാതി കേള്‍ക്കാത്ത പാതി ഉമ്മ എല്ലാവരേയും വിളിച്ച് മണ്ണു മാന്താന്‍ തുടങ്ങി.അരമണിക്കൂറിന്റെ അശ്രാന്തപരിശ്രമത്തിനു ശേഷവും ഫലം കാണാത്തതിനാല്‍ എല്ലാവരും നിര്‍ത്തി.

ഉമ്മാടെ അടിയും മറ്റുള്ളവരുടെ കളിയാക്കലും പേടിച്ച് ഞാന്‍ കോണിമുറിയില്‍ പോയി ഒളിച്ചിരുന്നു.

അന്ന് ഞാന്‍ പഠിച്ച പാഠങ്ങള്‍:

1.എന്തും കുഴിച്ചിടുമ്പോള്‍ ആഴത്തില്‍ കുഴിച്ചിടണം.
2.അവിടുത്തെ മുറ്റമടിക്കാരി നല്ല ആത്മാര്‍ഥയുള്ളവളായിരുന്നു.

Labels:

Tuesday, August 01, 2006

വേലായുധചരിതം-അവസാന ഭാഗം

പറമ്പിലെ പണികള്‍ക്കു പുറമേ അടക്ക,ചക്ക,മാങ്ങ തുടങ്ങിയ പറിക്കുന്നതും വേലായുധന്‍ തന്നെയായിരുന്നു.ഒരു കവുങ്ങില്‍ നിന്നും മറ്റൊന്നിലേക്കുള്ള വേലായുധന്‍റെ ചാഞ്ചാട്ടം ഒട്ടു പേടിയോടെ തന്നെ ആയിരുന്നു ഞങ്ങള്‍ ആസ്വദിച്ചിരുന്നത്.

“മര്‍ക്ക്യാത്ത്യാരേ”** എന്ന വേലായുധന്‍റെ നീട്ടിയുള്ള വിളി കേട്ടാണു മിക്ക ദിവസങ്ങളിലും ഉണരാറുള്ളത്.ഏതു കാര്യത്തിനും തന്‍റേതായ വിശകലനം ഉണ്ടായിരുന്നു;എല്ലാ പണികളും പരമാവധി സാവധാനത്തില്‍ ചെയ്തിരുന്ന ഞങ്ങളുടെ വേലക്കാരിയെ പറ്റി മൂപ്പരുടെ കമന്‍റ്:“ചത്തവരേയും മരിച്ചവരേയും കണ്ടിട്ടുണ്ട്.വടി കുത്തി പിടിച്ച് ചത്തവരെ ആദ്യായിട്ടാ കാണണെ”.

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ കേള്‍ക്കുമ്പോല്‍ ഇപ്പോഴും വേലയുധന്‍റെ വീട്ടിലെ ഓണക്കളിയാ മനസ്സിലേക്കോടി വരുന്നത്.

സ്കൂള്‍ അടച്ച് കഴിഞ്ഞാല്‍ കുട്ടികളെല്ലാം വേലായുധന്‍റെ പിന്നാലെ ആവും,മാവിന്‍റെ ഉയരത്തെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടാനും ഉണ്ണിപ്പെര കെട്ടാനും.

അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍........................

എന്ത് പറഞ്ഞാലും ചെയ്തു തന്നിട്ട് വേലായുധന്‍ പറയും: “കുട്ട്യെ ഒരഞ്ചാറ് വണ്ടി അകലത്തേക്കേ കെട്ടിച്ചു വിടൂ,എന്നാലേ വല്ലപ്പോഴും വിവരമറിയാന്‍ വരുമ്പൊ ഒരു കുപ്പിക്കുള്ള കാശ് കിട്ടൂ”

വേലയുധന്‍റെ ആഗ്രഹം പോലെ അഞ്ചാറ് വണ്ടി അകലത്തേക്ക് എന്നെ കെട്ടിച്ചു വിട്ടു.പക്ഷെ വേലായുധന് ഒരു കുപ്പിക്കുള്ള കാശ് കൊടുക്കാന്‍ കഴിഞ്ഞില്ല.എന്‍റെ കല്യാണത്തിന്‍റെ അവസരം (ഒരു പാട് കുപ്പികള്‍ കുടിച്ച് കുടിച്ച്) വേലായുധന്‍ ആശുപത്രിയിലായിരുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആ ഒരു കടം ബാക്കി വെച്ച് വേലായുധന്‍ യാത്രയായി...... ഒരു പാട് ദൂരത്തേക്ക്....

മരിച്ച് കിടക്കുമ്പോഴും “എല്ലാരേം ഞാന്‍ പറ്റിച്ചേ” എന്ന ഭാവത്തിലുള്ള ചിരി ആ മുഖത്തുണ്ടായിരുന്നു.മുയലിന്‍റെ പോലുള്ള പല്ലുകള്‍ പുറത്ത് കാട്ടിയുള്ള ചിരി.

** മുസ്ലീം സ്ത്രീകളെ ഞങ്ങളുടെ നാട്ടില്‍ അന്യ മതസ്ഥര്‍ വിളിച്ചിരുന്നത്

Labels: