Sunday, November 21, 2010

ജീവിതം

ഞാനെന്ന മിഥ്യയില്‍ നിന്നും നീയെന്ന സത്യത്തിലേക്കുള്ള ദൂരം.

Labels: ,

Tuesday, November 09, 2010

എബ്രഹാം ചേട്ടന്‍-കരൂപ്പാടത്തിന്റെ കഥാകാരന്‍.

നാട്ടു വര്‍ത്തമാനവും പറഞ്ഞ് മണ്ണിനെ വേദനിപ്പിക്കാതെ രണ്ട് കിള കിളച്ചും കൈക്കോട്ടിന്റെ പിടി മുറുക്കിയും വെട്ടുകത്തി മൂര്‍ച്ച കൂട്ടിയും എങ്ങനെയെങ്കിലുമൊക്കെ നേരം അഞ്ചരയാക്കിയിരുന്ന കരൂപ്പാടത്തെ പറമ്പ് പണിക്കാര്‍ക്കിടയിലേക്ക് എബ്രഹാം ചേട്ടന്‍ കടന്ന് വന്നതെന്നാണെന്ന് ഓര്‍മ്മയില്ല.സ്വന്തം കൈക്കോട്ടും വെട്ടുകത്തിയുമായി സമയത്തിന് പണിക്ക് കയറുന്ന എബ്രാഹം ചേട്ടന്‍ കിളച്ച സ്ഥലം ഒറ്റ നോട്ടത്തില്‍ വേറിട്ടറിയാന്‍ പറ്റുനത്ര മനോഹരമായിരിക്കും .പണിക്കിടയില്‍ ഉറക്കെ ചൊല്ലിയിരുന്ന പദ്യങ്ങളും ഇടവെളകളില്‍ പറഞ്ഞിരുന്ന ബൈബിള്‍ കഥകളുമാണ് കുട്ടികളായ ഞങ്ങളെ എബ്രഹാം ചെട്ടന്റെ കൂട്ടുകാരാക്കിയത്.മറ്റ് പണിക്കാരേല്ലാം പണി കഴിഞ്ഞ് അങ്ങാടിയിലെ ഷാപ്പിലേക്ക് നടക്കുമ്പോള്‍ എബ്രഹാം ചെട്ടന്‍ നേരെ വീട്ടിലെക്ക്,മൂപ്പര്‍ക്കുള്ള രണ്ട് കുപ്പി ചേടത്തി വീട്ടില്‍ വാങ്ങി വെച്ചിരിക്കും.

പണിയില്ലാതിരുന്ന ദിവസം ഒരു സഞ്ചിയില്‍ അച്ചടിമണം മാറാത്ത പുസ്തകങ്ങളുമായി എബ്രഹാം ചേട്ടന്‍ വന്നപ്പോഴാണ് കഥ പറയാന്‍ മാത്രമല്ല കഥ മെനയാനും മൂപ്പര്‍ക്ക് പറ്റുമെന്ന് മനസ്സിലായത്.അവിടത്തെ കൃസ്ത്യന്‍ കുടുംബങ്ങളിലെ സ്ത്രീധന സമ്പ്രദായത്തേയും താഴേക്കിടയിലുള്ളവരുടെ മദ്യപാനത്തേയും പ്രതിപാദ്യമാക്കിയിട്ടുള്ളതായിരുന്നു കഥകളിലധികവും.കഥകളൊക്കെ മറന്ന് പോയെങ്കിലും പുസ്തകത്തിന്റെ ആമുഖത്തില്‍ കരുവന്നൂര്‍ പുഴയ്ക്കും ചിറയ്ക്കല്‍ തോടിനുമിടയില്‍ ഇന്നും പച്ചപ്പില്‍ കുളിച്ച് നില്‍ക്കുന്ന കരൂപ്പാടത്തെ റ്റൈഗ്രിസിനും യൂഫ്രട്ടീസിനുമിടയ്ക്കുള്ള മെസൊപ്പോട്ടോമിയയോട് ഉപമിച്ച് എബ്രഹാം ചേട്ടന്‍ എഴുതിയത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.

കരുവന്നൂര്‍‌ പുഴയുടെ കരയിലായിരുന്നു അവരുടെ വീട്,അത് കൊണ്ട് തന്നെ പണിയില്ലാത്ത സമയത്തൊക്കെ പുഴയായിരുന്നു ഏബ്രഹാം ചേട്ടന്റെ കഥകളുടേയും പാട്ടുകളുടേയും തത്വചിന്തകളുടെയും കേള്‍‌വിക്കാരി.

കാലം മാറി,പണിക്കാരും തെങ്ങ് കയറ്റക്കാരും പലരും ഓര്‍മ്മയായി. മണ്ഡരി ബാധിച്ച തെങ്ങിന്‍ പറമ്പുകളില്‍ കിളയ്ക്കാന്‍ ആളുകളുമില്ല,പല പറമ്പുകളുമിപ്പോ പാമ്പിന്‍ കാവുകളേക്കാള്‍ പുല്ല് നിറഞ്ഞു.

ചേട്ടനെ കണ്ട് സംസാരിച്ച് മൂപ്പരുടെ കഥകളെ കുറിച്ചൊക്കെ ബ്ലോഗിലെഴുതണം എന്ന ആശയോടെ തന്നെയാണ് നാട്ടില്‍ പോയത്.ഇടക്കിടെ വരുന്ന ഓര്‍മ്മപ്പിശകും തലവേദനയും ആളെ ആകെ പരിക്ഷീണനാക്കിയിരിക്കുന്നു.എന്നാലും കണ്ണുകളിലിപ്പോഴും ചിന്തയുടെ പ്രകാശം,ഇംഗ്ലീഷും മലയാളവും കൂട്ടികലര്‍ത്തിയ ചിന്താശകലങ്ങള്‍ക്കൊക്കെ ഇപ്പോഴും നല്ല മൂര്‍ച്ച.പതിവു പോലെ മലയാളീകരിച്ച അറബിയില്‍ സലാം ചൊല്ലി സ്വീകരിച്ച ശേഷം കുട്ടികളെ അടുത്ത് വിളിച്ച് പറഞ്ഞതിത്രയും :"Love your enemies and learn to forgive".

എബ്രഹാം ചേട്ടന്‍ പറഞ്ഞ കഥകളൊക്കെയും കരൂപ്പാടത്തെ മുന്‍‌തലമുറയുടെ ഓര്‍മ്മകളിലും പുല്ല് നിറഞ്ഞ മണ്ണിലും കരുവന്നൂര്‍ പുഴയുടെ ഓളങ്ങളിലും മറഞ്ഞിരിക്കുമ്പോള്‍ ഈ ഒരു വാചകം ഇനിയുള്ള കാലങ്ങളിളും ഒന്നിന്റെ പേരിലും കരൂപ്പാടംകാരെ ഭിന്നിപ്പിക്കാതിരിക്കട്ടെ.

Labels: