Monday, April 30, 2007

ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം

സ്കൂള്‍ ഉള്ള സമയത്ത് ഏഴു മണി മുതല്‍ ഒമ്പതു മണി വരെയും അവധിക്ക് എട്ടര മുതല്‍ പതിനൊന്നര വരെയുമായിരുന്നു മദ്രസ്സയിലെ പഠന സമയം.പക്ഷെ എഴുന്നേറ്റ് ഒരുങ്ങലും വിശദമായ പ്രാതലും പിന്നെ ഒന്നരകിലോമീറ്ററോളമുള്ള വായനോട്ടവും കഴിഞ്ഞ് മദ്രസ്സയിലെത്തുമ്പോഴേക്കും ഏതാണ്ട് ഏഴര.(നേരം വൈകാതിരിക്കാനായി പല്ലുതേപ്പും കുളിയും വേഷം മാറലുമൊക്കെ കഴിഞ്ഞ് കിടന്നുറങ്ങിയാലോ എന്നു വരെ ചിന്തിച്ചിരുന്നു!).

ഏഴ് പത്തിന് കാലിച്ചായ എന്ന ഓമനപേരില്‍ ഉസ്താദ് തുടങ്ങുന്ന അടി ഒരോരുത്തരും വരുന്ന മുറയ്ക്ക് എണ്ണവും പേരിന്റെ നിലവാരവും കൂടി ഞാനെത്തുമ്പോഴേക്കും മിനിമം പൊറോട്ട ബീഫ് ഫ്രൈ ആയിട്ടുണ്ടാകും.അടിയുടെ ക്ഷീണം മാറി ബുക്കൊക്കെ തുറന്ന് പിന്നെ മദ്രസ്സയുടെ പിറകിലുണ്ടായിന്ന കാവിലെ കാഴ്ചയെല്ലാം നോക്കിയിരിക്കുമ്പോഴേക്കും ഒമ്പത് മണിയാകും.പിന്നെ മദ്രസ്സയുടെ തൊട്ടടുത്തുള്ള അമ്മായിയുടെ വീട്ടില്‍ നിന്ന് രണ്ടാം പ്രാതലും കഴിഞ്ഞ് സ്കൂളിലേക്ക്.

സ്കൂളടച്ചാലാണ് മദ്രസ്സാ പഠനം(?) അതിന്റെ പാരമ്യത്തിലെത്തുക.പതിവുപോലെ പിന്നിലെ കാവിലെ ചെടികളുടെ ജീവികളുടെ കണക്കെടുപ്പ്,റോഡിലൂടെ പോകുന്ന ബസ്സുകളുടെ പേര് നമ്പര്‍ തുടങ്ങിയവ ബെറ്റ്വെക്കല്‍(കൂട്ടുകാരി റം‌ലത്ത് ആയിരുന്നു മിക്കവാറും ഈ കളിയില്‍ ജയിച്ചിരുന്നത്),പുതിയ സിനിമാ പൈങ്കിളി നോവല്‍ കഥകള്‍ കൈമാറല്‍ ഇതിനിടയില്‍ ഉസ്താദിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഓത്തും.

ഉസ്താദന്മാരെ പ്രീതിപ്പെടുത്താനായി ആരോ തുടങ്ങി വെച്ചതാണ് അടുത്തുള്ള ചായപ്പീടികയില്‍ നിന്നും ചായയും കടിയും വാങ്ങി കൊടുക്കല്‍.കുറച്ചു പേരൊക്കെ ചെയ്തപ്പോള്‍ എനിക്കും ഒരു പൂതി.വീട്ടില്‍ ചോദിച്ചാല്‍ പൈസ കിട്ടുമെങ്കിലും പീടികയില്‍ പോയി ചായ വാങ്ങാനൊന്നും സമ്മതിക്കില്ല.കൊച്ചാപ്പ വന്നു പോയപ്പോള്‍ മേശ വലിപ്പിട്ടു പോയ ചില്ലറയെടുത്ത് അതിനും പരിഹാരം കണ്ടെത്തി.ചായയും പപ്പടവടയും വാങ്ങലും കൊടുക്കലുമൊക്കെ ഉഷാറായി നടന്നു.തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വലിയൊരു പുളിക്കൊമ്പുമായി മുറ്റത്ത് തന്നെ ഉമ്മ.ചായപ്പീടികകാരന്റെ ഭാര്യയും അമ്മായിയും തമ്മില്‍ ഇങ്ങനെയൊരു ഹോട്ട്‌ലൈന്‍ ഉള്ള കാര്യം ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍..........


ഇഖ്‌റ‌അ്‌(നീ വായിക്കുക) എന്ന വചനത്തില്‍ ഖുര്‍‌ആന്‍ അവതരണം തുടങ്ങിയതില്‍ നിന്നു തന്നെ വിജ്ഞാന സമ്പാദനത്തിന് മതം കൊടുത്തിട്ടുള്ള പ്രാധാന്യം വ്യക്തമാണല്ലോ.അതു കൊണ്ടു തന്നെയാകണം മദ്രസ്സ വിദ്യാര്‍ത്ഥികളെയും അവരുടെ അദ്ധ്യാപകരേയും പരമാവധി സഹായിക്കാന്‍ സാധാരണ ജനങ്ങള്‍ പോലും താത്പര്യം കാട്ടിയിരുന്നത്.ചീരണി എന്ന ഓമനപേരില്‍ വിതരണം നടത്തിയിരുന്ന ചക്കരചോറ്,പായസം തുടങ്ങിയ മധുര വിതരണമായിരുന്നു അതിലൊന്ന്.

കഞ്ഞീത്ത്(പഴയ കാല കഞ്ഞി വീത്ത് ലോപിച്ച്) എന്നറിയപ്പെട്ടിരുന്ന അന്നദാനമായിരുന്നു മറ്റൊന്ന്.പോകുമ്പോള്‍ വരിവരിയായും തിരിച്ച് വരുമ്പോള്‍ തോന്നിയ പോലേയും നാട്ടുഭം‌ഗിയും ആസ്വദിച്ചുള്ള ആ യാത്രകള്‍ തന്നെ രസമായിരുന്നു.

പണക്കാരനോ പാവപ്പെട്ടവനോ ചെറിയ വീടോ വലിയ വീടോ എന്ന ഭേദമില്ലാതെ എവിടെ ചെന്നാലും നല്ല സ്വീകരണം.ചെന്ന ഉടന്‍ പഞ്ചസാര വെള്ളമോ സര്‍ബത്തോ.പിന്നെ ചോറും പോത്തിറച്ചി കറിയും പരിപ്പും പപ്പടവും.ചോറു കഴിഞ്ഞാല്‍ പഴമോ പായസമോ.ഒന്നുകില്‍ ഒരു നീളെയിട്ട വാഴയിലയില്‍ രണ്ടു വശത്തും കുട്ടികള്‍;അല്ലെങ്കില്‍ ഒരില രണ്ട് പേര് പങ്കിട്ട്,ഇന്നിപ്പോള്‍ എവിടെ പോയി ബുഫെ ലഞ്ച് കഴിച്ചാലാണ് ആ സ്വാദൊക്കെ ഒന്ന് തിരികെ കിട്ടുക.

Labels:

Wednesday, April 25, 2007

ആഗ്രഹം

എനിക്കിനിയും നടക്കണം,
ഒരു പാട് ദൂരം
നിന്റെ കൈ പിടിച്ച്
കാലടികളെ പിന്തുടര്‍ന്ന്
വഴിയോരത്തെ പൂക്കളോട്
പുഞ്ചിരിച്ച്
കല്ലിലും മുള്ളിലും ചവിട്ടാതെ
ദൈവത്തിലേക്ക്.

Labels:

Monday, April 16, 2007

ഒറ്റപ്പെടുന്നവര്‍

"താത്തേ,ഓല് വേറെ കെട്ടീന്ന് കേക്ക്‌ണ്,നേരാവോ",

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി സലീനയുടെ ചോദ്യം.

ഒറ്റ വാക്കിലൊരുത്തരം അറിയാമായിരുന്നിട്ടും ഒന്നും പറയാന്‍ തോന്നിയില്ല.തുടക്കം മുതലേ കല്ലുകടികള്‍ നിറഞ്ഞതായിരുന്നു സലീനയുടേയും മുജീബിന്റേയും വിവാഹജീവിതം.മുജീബിന്റെ പ്രതീക്ഷക്കൊത്തൊരു ഭാര്യയാകാന്‍ പലപ്പോഴും അവള്‍ക്ക് കഴിഞ്ഞില്ലെന്നത് സത്യം.ഒമ്പതാം ക്ലാസ്സില്‍ പഠിച്ചിരുന്ന പതിനാലുകാരിയെ മണിയറയിലേക്ക് തള്ളിവിട്ടവരെല്ലാം എരിതീയില്‍ എണ്ണയൊഴിക്കാനാണ്‌ നോക്കിയത്. അതാകട്ടെ സലീനയുടെ മനോനിലയെ തന്നെ തെറ്റിച്ചു കളഞ്ഞു.

മുജീബ് നല്ലവനാണ്.കുട്ടികളെ ഓര്‍ത്താണ് ഒഴിവാക്കാതെ വീട്ടില്‍ നിര്‍ത്തിയിരിക്കുന്നതെന്നാണ് അവന്റെ ഭാഷ്യം.പക്ഷെ രണ്ട് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവധി ഭാര്യയെ ഡോക്റ്ററെ കാണിക്കാനായി മാത്രം ചെലവഴിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് അധികമാരുമറിയാതെ ദൂരെ എവിടെയോ ഒരു കല്യാണം കൂടെ കഴിച്ചത്.

ചിന്തകളിത്രയും എത്തിയപ്പോള്‍ സലീനയെ അവിടെയെങ്ങും കണ്ടില്ല.അകത്തെവിടെ നിന്നോ ഒരു തേങ്ങല്‍ മാത്രം.

കാലം ചിലരൊയൊക്കെ വല്ലാതെ ഒറ്റപ്പെടുത്തുന്നത് എന്തു കൊണ്ടാണാവോ?

Labels: