Wednesday, September 20, 2006

വടി കൊടുത്ത്‌ അടി വാങ്ങി(ഒന്നു കൂടെ)

മൂന്നാം ക്ലാസ്സിലെ വേറൊരു ദിവസം.

എന്റെ കൂട്ടുകാരി റൈന,ഒരു ഡപ്പിയില്‍ കുറച്ച്‌ വെളുത്ത ഗുളികകള്‍ കൊണ്ടു വന്നു.ആറെണ്ണം എനിക്ക്‌ തന്നു.ഇതെന്തിനുള്ളതാ,ഞാന്‍ ചോദിച്ചു.ഇതു കഴിച്ചാല്‍ ബുദ്ധി കൂടും,അവള്‍ മറുപടി പറഞ്ഞു.(വെറുതെയല്ല ഇവള്‍ക്ക്‌ എല്ലാ ക്ലാസ്സിലും ഫസ്റ്റ്‌ കിട്ടുന്നത്‌,ഞാന്‍ മനസ്സില്‍ പറഞ്ഞു.)മൂന്ന് ഗുളിക ഞാന്‍ വായിലിട്ടു.നല്ല മധുരം.

ബാക്കി ഞാന്‍ ഷാന്റിയ്ക്ക്‌ കൊടുത്തു.(പാവം ഗൃഹപാഠം ചെയ്യുന്ന കണക്ക്‌ തെറ്റുന്നതിന്‌ എന്നും റ്റീച്ചറിന്റെ കയ്യില്‍ നിന്നും അടി കിട്ടുന്നതാ).

പതിവ്‌ പോലെ നാല്‌ മണിയ്ക്ക്‌ സ്കൂള്‍ വിട്ട്‌ വീട്ടിലെത്തി.ചെറിയ ഒരു ക്ഷീണം തോന്നിയതിനാല്‍ വായിക്കുകയാണെന്ന വ്യാജേന സോഫയില്‍ കിടന്നു.ചെറുതായി ഒന്നു മയങ്ങിയപ്പോഴാണ്‌ ഉമ്മയുടെ നീട്ടിയുള്ള വിളി കേട്ടത്‌.വേഗം എണീറ്റ്‌ വിളി കേട്ടിടത്തേക്ക്‌ നടന്നു.

മുറ്റത്ത്‌ ഉമ്മയോടൊപ്പം പടിഞ്ഞാറേലെ ജെസ്സി ചേച്ചിയും ഷാന്റിയുടെ അമ്മയും ഉണ്ടായിരുന്നു."നീയെന്ത്‌ മരുന്നാണ്‌ ഷാന്റിയ്ക്ക്‌ കൊടുത്തത്‌,അവള്‍ക്ക്‌ തീരെ സുഖമില്ലത്രെ"
"റൈന തന്ന ഗുളികയാണ്‌ ഞാന്‍ ഷാന്റിയ്ക്ക്‌ കൊടുത്തത്‌."

പറഞ്ഞു തീരുന്നതിന്‌ മുമ്പ്‌ തന്നെ ഉമ്മാടെ കയ്യില്‍ നിന്ന് അടി കിട്ടി.ഉടനെ തന്നെ ഉമ്മ റൈനയുടെ അമ്മയ്ക്ക്‌ ഫോണ്‍ ചെയ്തു.ആ ഹോമിയോ ഗുളിക സാധാരണ കുട്ടികള്‍ക്ക്‌ കൊടുക്കുന്നതാണെന്നും പേടിയ്ക്കാനില്ലെന്നും റൈനയുടെ അമ്മ പറഞ്ഞതിനാല്‍ ഞാന്‍ കൂടുതല്‍ അടിയില്‍ നിന്നും രക്ഷപ്പെട്ടു.

Labels:

Tuesday, September 19, 2006

യക്ഷിയുടെ പന്തെറിയല്‍

ഞാന്‍ മൂന്നിലും അനിയത്തി ഒന്നിലും പഠിക്കുന്ന കാലം.ഒരു ദിവസം പെണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ നിന്നും കടലാസ് ചുരുട്ടിക്കൂട്ടി നൂല്‍ കൊണ്ട് കെട്ടിയ ഒരു പന്ത് കിട്ടി.“മൂത്രപ്പുരയുടെ പിറകിലുള്ള കുറ്റിക്കാട്ടിലെ യക്ഷി എറിഞ്ഞതാവും”;എന്റെ ക്ലാസ്സിലെ കുട്ടികള്‍ പറഞ്ഞു.

ഉച്ചയ്ക്ക് ചോറ് തിന്നുമ്പോള്‍ ഞാന്‍ അനിയത്തിയോട് പറഞ്ഞു,“ആ മൂത്രപ്പുരയുടെ അവിടെ യക്ഷിയുണ്ടത്രേ; അങ്ങോട്ടൊന്നും പോണ്ടാട്ടോ”.

ഉച്ചയ്ക്ക് ക്ലാസ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ പ്യൂണ്‍ ക്ലാസ്സില്‍ വന്ന് ഹെഡ്മിസ്ട്രസ് എന്നെ വിളിക്കുന്നു എന്ന് പറഞ്ഞു.ഞാന്‍ അയാളുടെ കൂടെ ഓഫീസ് റൂമിലേക്ക് പോയി.അവിടെ ഹെഡ്മിസ്ട്രസിനോടൊപ്പം അവരുടെ മകളും രണ്ടാം ക്ലാസിലെ റ്റീച്ചറുമായ രാജലക്ഷ്മി റ്റീച്ചറുമുണ്ടായിരുന്നു.

“കുട്ടിയെന്തിനാ ഇവിടെ യക്ഷിയുണ്ടെന്ന് പറഞ്ഞ് എല്ലാവരേയും പേടി‍പ്പിക്കുന്നത്”;കണ്ണടയുടെ മുകളിലൂടെ നോക്കി ഹെഡ്മിസ്ട്രസ്.

“അത്.......ഞാന്‍.......”പേടി കാരണം ശബ്ദം പുറത്ത് വന്നില്ല.

“ഇനിയെങ്ങാനും ഇതു പോലെ പിള്ളേരെ പേടിപ്പിച്ചാല്‍‌ ഞാന്‍ വീട്ടിലറിയിക്കും,ഇപ്പോള്‍ പോയ്ക്കോ”. കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ ക്ലാസ്സിലേക്കോടി.

നാലുമണിയ്ക്ക് സ്കൂള്‍ വിട്ട് പോരുമ്പോള്‍ ഞാനനുജത്തിയോട് ചോദിച്ചു:“യക്ഷിയുടെ കാര്യം നീയാരോടെങ്കിലും പറഞ്ഞിരുന്നോ”

“വിദ്യ മൂത്രപ്പുരയിലേക്ക് പോകാന്‍ വിളിച്ചപ്പോള്‍ ഞാനവളോട് പറഞ്ഞു;മൂത്രപ്പുരയില്‍ യക്ഷിയുള്ള കാരണം അങ്ങോ‍ട്ട് പോകരുതെന്ന് ഇത്ത പറഞ്ഞെന്ന്.”ഉടനെ തന്നെ അവളുടെ മറുപടി.(രാജലക്ഷ്മി റ്റീച്ചറുടെ മകളാണ് അനിയത്തിയുടെ ക്ലാസ്സിലെ വിദ്യ).

പിന്നീട് അറിഞ്ഞു, ആണ്‍കുട്ടികള്‍ പന്തുണ്ടാക്കി കളിച്ച കടലാസുണ്ടയാണ് അബദ്ധത്തില്‍ മൂത്രപ്പുരയില്‍ വിണതെന്ന്.

Labels:

Saturday, September 16, 2006

സൈനബ-വീട്ടാനാകാത്ത ചില കടങ്ങള്‍

ഞങ്ങള്‍ ഒരേ പ്രായക്കാരാണ്‌.ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ്‌ അവള്‍ എന്റ്റെ വീട്ടില്‍ നില്‍ക്കാനായി വന്നത്‌. രോഗിയായ ഉപ്പയ്ക്കും വിശപ്പ്‌ സഹിക്കാനാവാതെ മുറ്റത്തെ മണ്ണെടുത്ത്‌ തിന്ന്‌ പിത്തം പിടിച്ച അനിയന്‍മാര്‍ക്കും ഇടക്കിടെ മാനസികാസ്വാസ്ഥ്യത്തിനടിമയായിരുന്ന ഉമ്മയ്ക്കും വേണ്ടി അഞ്ചാം ക്ളാസിലേ പഠിപ്പ്‌ നിര്‍ത്തിയതായിരുന്നു അവള്‍.അസുഖത്തിന്റെ ഇടവേളകളില്‍ അവളുടെ ഉമ്മ പണിക്കു പൊകാറുണ്ടെങ്കിലും അതവരുടെ ചികില്‍സയ്ക്ക്‌ പോലും തികഞ്ഞിരുന്നില്ല.

വീട്ടില്‍ വന്ന ആദ്യദിവസങ്ങളിലൊക്കെ അവള്‍ ഒരുപാട്‌ ഭക്ഷണം കഴിക്കുമായിരുന്നു.പാവം ആദ്യമായിട്ടായിരിക്കും വയറ്‌ നിറച്ചും കഴിച്ചിട്ടുണ്ടാവുക.

ഒരേ പ്രായക്കാരായതിനാല്‍ അവളോടൊപ്പം എല്ലാ പണിക്കും ഞാനും കൂടും.ഞങ്ങളൊക്കെ പഠിക്കാനിരിക്കുമ്പോള്‍ അടുത്ത്‌ വന്നിരുന്ന് പുസ്തകമൊക്കെ വായിച്ചിരിക്കും.ഞാന്‍ സ്കൂളില്‍ നിന്നും വന്നാല്‍ അവളുടെ പഴയ കൂട്ടുകാരുടെ വിശേഷമെല്ലാം ചോദിക്കും.(അവള്‍ പഠിച്ചിരുന്ന സ്കൂളിലാണ്‌ ഞാന്‍ എട്ടു മുതല്‍ പത്തു വരെ പഠിച്ചത്‌).

ആയിടക്ക്‌ ഒരു നോമ്പു കാലം.ഉമ്മയും അനിയത്തിമാരും അനിയനും നോമ്പുതുറയ്ക്കായി വേറെ എവിടെയോ പോയിരുന്നു.വീട്ടില്‍ ഞാനും സൈനബയും മാത്രം.നോമ്പ്‌ തുറന്ന് നിസ്ക്കരിച്ച്‌ ഞാന്‍ ഭക്ഷണം കഴിച്ചു.ആ അക്രാന്തത്തിനിടയില്‍ ഞാന്‍ അവള്‍ക്കായി കാത്തുനിന്നില്ല.സൈനബ നിസ്ക്കരിച്ച്‌ ഒന്നും കഴിക്കാതെയിരിക്കുന്നത്‌ കണ്ട്‌"എന്തേ ഒന്നും കഴിക്കുന്നില്ലേ" എന്ന് ഞാന്‍ ചോദിച്ചു.പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞ് ഒഴിഞ്ഞു.പിന്നെ ഉമ്മ വന്ന് പെട്ടെന്ന് ചോറും കറിയും ഉണ്ടാക്കി അവള്‍ക്ക്‌ കൊടുത്തപ്പോഴാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌ അവള്‍ക്കായി ഞാനൊന്നും ബാക്കി വെച്ചിരുന്നില്ലെന്ന്.

വര്‍ഷങ്ങള്‍ കടന്നു പോയി.അതിനിടയില്‍ ഉപ്പായ്ക്ക്‌ അസുഖം കൂടി അവള്‍ വിട്ടിലേക്ക്‌ തിരിച്ചു പോയി.എന്റെ കല്യാണത്തിന്റെ ഒരാഴ്ച മുമ്പാണു വീണ്ടും വന്നത്‌;കയ്യിലൊരു വലിയ പൊതിയുമായി.അഴിച്ച്‌ നോക്കിയപ്പോള്‍ "presented by Zainaba"എന്ന് കൊത്തിയ ഒരു സ്റ്റീല്‍ കുടുക്ക."എന്തിനാ സൈനബ ഇതൊക്കെ" എന്നൊരു ചോദ്യമാണ്‌ മനസ്സില്‍ പൊങ്ങിയെതെങ്കിലും "എന്തൊക്കെയുണ്ട്‌ നിന്റെ വിട്ടിലെ വിശേഷങ്ങള്‍?" എന്നാണ്‌ ഞാന്‍ ചോദിച്ചത്‌." അനിയന്മാര്‍ രണ്ട്‌ പേരും തട്ടാന്‍ പണിക്കു പോകുന്നുണ്ട്‌;അതിനാല്‍ വീട്ടിലിപ്പോള്‍ ബുദ്ധിമുട്ടൊന്നുമില്ല." അവള്‍ മറുപടി പറഞ്ഞു.

കല്യാണം കഴിഞ്ഞ്‌ ജീവിതം ഒരു കരയ്ക്കടുപ്പിക്കുന്നതിനിടയില്‍ മറ്റു പല മുഖങ്ങളോടൊപ്പം സൈനബയും മനസ്സിന്റെ പിന്നാമ്പുറത്തായി വാസം.രണ്ട്‌ വര്‍ഷം മുമ്പ്‌ നാട്ടില്‍ പോയപ്പോള്‍ അവളെ അന്വേഷിച്ച്‌ ഞാന്‍ പോയി.പഴയ ആ പുരയുടെ സ്ഥാനത്ത്‌ കുറേ മണല്‍പുറ്റുകള്‍.അടുത്ത വീട്ടിലെ സ്ത്രീയാണു പറഞ്ഞത്‌, അവരവിടം വിട്ടു പോയി.ഇപ്പോള്‍ മാപ്രാണത്തെവിടെയോ ആണ്‌ താമസം.കൃത്യമായ വിലാസമൊന്നും ആര്‍ക്കും അറിയില്ലത്രെ.

കല്യാണം കഴിഞ്ഞ്‌ ആദ്യത്തെ വാടക വീട്ടില്‍ പാല്‌ കാച്ചിയതു മുതല്‍ സൈനബയുടെ സമ്മാനം ഇപ്പോഴും എന്റെ കയ്യിലുണ്ട്‌.വര്‍ഷങ്ങളുടെ പഴക്കം അതിന്റെ തിളക്കം മായിച്ചെങ്കിലും അതെനിക്കു തരുമ്പോള്‍ അവളുടെ മുഖത്തുണ്ടായിരുന്ന തിളക്കം ഇപ്പോഴും എന്റെയുള്ളില്‍ മങ്ങാതിരിക്കുന്നു.ഇനിയെന്നെങ്കിലും അവളെ കണ്ടാല്‍ എനിക്കവളോട്‌ മാപ്പ്‌ പറയണം.പണ്ട്‌ ആ നോമ്പു കാലത്ത്‌ ഞാന്‍ കാണിച്ച പാതകത്തിന്‌.

ഒരു പക്ഷെ ആ കടങ്ങളൊന്നും വീട്ടാന്‍ വിധി എനിക്ക്‌ അവസരം തരാത്തത്‌ എന്റെ മനസ്സില്‍ നിന്നും അവളൊരിക്കലും മാഞ്ഞ്‌ പോകാതിരിക്കാന്‍ വേണ്ടിയാകാം.

Labels:

Monday, September 11, 2006

എന്റെ നാട്-കവിത

ജനിച്ചതൊരിടത്ത്
വളര്‍ന്നത് മറ്റൊരിടത്ത്
ജീവിച്ചതോ വേറൊരിടത്ത്
ഞാനേതു നാട്ടുകാരി?

Labels:

Saturday, September 09, 2006

ബിരിയാണി റെഡി
ബിരിയാണിക്കും പുതിയാപ്ലയ്ക്കും വല്യമ്മായിയുടേയും കുടുംബത്തിന്‍റേയും ആശംസകള്‍

Labels:

Friday, September 08, 2006

മാവേലി ജെബല്‍‍അലീല്‍

ഇക്കൊല്ലത്തെ തിരുവോണദിവസം.പതിവു പോലെ ആറെമുക്കാലോടു കൂടി ഞാന്‍ ഓഫീസിലേക്ക്‌ പുറപ്പെട്ടു.നല്ല വല്ല ഓണപ്പാട്ടുകളും കേള്‍ക്കാം എന്ന് കരുതി റേഡിയോ ഓണ്‍ ചെയ്തു.സുപ്രഭാതത്തിന്റെ റീമിക്സ്‌.വേഗം റേഡിയോ ഓഫ്‌ ചെയ്തു.

ഫ്രീസോണിന്റെ മെയിന്‍ ഗെയിറ്റില്‍ പതിവില്ലാത്ത ആള്‍ക്കൂട്ടം.കസവു മുണ്ടെടുത്ത ഒരാളുടെ ചുറ്റും സെക്യൂരിറ്റികാര്‍ തടിച്ചുകൂടിയിട്ടുണ്ട്‌.ലേബര്‍ ക്യാമ്പില്‍ വൈകുന്നേരമുള്ള റേഡിയോ റോഡ്‌ ഷോയുടെ ആളുകളായിരിക്കും,ഞാന്‍ കരുതി.പിറകിലുള്ള വണ്ടിക്കാര്‍ അക്ഷമരായി ഹോണടിക്കാന്‍ തുടങ്ങി.എന്തായാലും ചെന്ന് നോക്കി കളയാം.

"ശൂ മാവേലി,ശൂ വിശാലന്‍" സുഡാനിയുടെ ഉച്ചത്തിലുള്ള ശബ്ദമകലെ നിന്ന് തന്നെ കേട്ടു.

ങ്ങേ ഇതു നമ്മുടെ മാവേലിയല്ലേ.റ്റി.വി.യില്‍ കാണുന്നത്ര വയറൊന്നുമില്ല.രാവിലെയടിച്ച പോടിക്കാറ്റ്‌ കാരണമാണെന്ന് തോന്നുന്നു മുണ്ടോക്കെ ആകെ ചെളി പിടിച്ചിട്ടുണ്ട്‌.

"എന്താ മാവേലി ഇവിടെ".മലയാളം കേട്ടപ്പോള്‍ മാവേലിയ്ക്കാശ്വാസമായി.

"ഞാന്‍ നമ്മുടെ വിശാലനെ കാണാന്‍ വന്നതാണ്‌.ഓണത്തിനിവിടെ ഒഴിവല്ലല്ലോ എന്ന് കരുതീട്ടാ നേരെ ഇങ്ങോട്ട്‌ പോന്നത്‌".

ഇയാള്‍ എന്നെ കാണാന്‍ വന്നതാണ്‌ എന്ന് സുഡാനിയോട്‌ പറഞ്ഞ്‌ ഞാന്‍ മാവേലിയേയും കൂട്ടി കാറിനകത്തേക്ക്‌ നടന്നു.
"എന്താ ഇത്തവണ കേരളത്തിലേക്ക്‌ പോകാതെ ദുബായിലോട്ട്‌ പോന്നത്‌"

"ഇവിടെ റെയില്‍വേക്കായി കുഴിച്ച തുരങ്കം പാതാളം വരെ എത്തിയതു കൊണ്ട്‌ വഴി കുറവാണ്‌.നാട്ടില്‍ പോയാല്‍ ഓണാവധി കഴിഞ്ഞാല്‍ എന്നെ എല്ലാവരും മറക്കും.ദുബായിലാണെങ്കില്‍ മാസങ്ങളോളമല്ലെ ഓണം.അതു മാത്രമല്ല; നാട്ടിലിപ്പോള്‍ തുള്ളി വെള്ളം കുടിക്കാന്‍ കിട്ടില്ല.ആ കുറുമാനും ഇടിവാളും കൂടി നാട്ടില്‍ പോയി ഒക്കെ കുടിച്ച്‌ വറ്റിച്ചില്ലേ".

"മാവേലി കയ്യിലെന്താ" മാവേലിയുടെ കയ്യിലുള്ള ഒരു ചെറിയ പൊതി കണ്ട്‌ ഞാന്‍ ചോദിച്ചു.
"ഇതെന്റെ ഓലക്കുടയാ;ആവശ്യമുള്ളപ്പോള്‍ ബട്ടണമര്‍ത്തിയാല്‍ നിവരുന്നത്‌".
"ഞാനൊരു കാര്യം ചെയ്യാം അങ്ങയെ ബര്‍ദുബായി ബസ്സില്‍ കയറ്റി വിടാം.അവിടെ നിന്നും ഷാര്‍ജയിലേക്ക്‌ ബസ്സ്‌ കിട്ടും.എനിക്ക്‌ വേഗം ഓഫിസിലെത്തി പിന്മൊഴി നോക്കാനുള്ളതാ.അല്ലെങ്കില്‍ ഞാനും കൂടെ വന്നേനെ"

മാവേലിയെ ബസ്സ്റ്റോപ്പില്‍ വിട്ട്‌ ഞാന്‍ കാറിനടുത്തേക്ക്‌ നടന്നു.

Labels: ,

Wednesday, September 06, 2006

ഭ്രാന്ത്

അച്ഛന് കമ്പ്യൂട്ടറില്‍ ചാറ്റുന്ന ഭ്രാന്ത്.

മകന് മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ഭ്രാന്ത്.

മകള്‍ക്ക് റ്റിവിയിലെ സീരിയല്‍ ഭ്രാന്ത്.

ഇതെല്ലാം കണ്ട് അമ്മയ്ക്ക് കലി കയറി.അവര്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും റ്റിവിയും എടുത്ത് വലിച്ചെറിഞ്ഞു. അച്ഛനും മകനും മകളും കൂടി അമ്മയെ ഭ്രാന്താശുപത്രിയില്‍ കൊണ്ടാക്കി വേറെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും റ്റിവിയും വാങ്ങി.

Labels:

Tuesday, September 05, 2006

അദ്ധ്യാപക ദിനം

അറിവിന്‍റെ അദ്ധ്യാക്ഷരം പഠിപ്പിച്ച ഒന്നാം ക്ലാസ്സിലെ മീനാക്ഷി റ്റീച്ചര്‍ മുതല്‍ എല്ലാ അദ്ധ്യാപകരുടേയും നന്മക്കായി ഒരു നിമിഷം പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ

Labels:

Friday, September 01, 2006

അനിക്കുട്ടന്‍ ദുബായിലാ

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ്‌ സരസ്വതിയെന്നെ കാണാന്‍ വന്നത്‌.കുട്ട്യേ എന്നുള്ള പഴയ ആ വിളി കേട്ടപ്പോള്‍ സാധാരണ നാട്ടില്‍ പോകുമ്പോള്‍ കൊടുക്കാറുള്ള കൈമടക്ക്‌ വാങ്ങാന്‍ വന്നതായിരിക്കും എന്നാണ്‌ ഞാന്‍ കരുതിയത്‌.

"എന്താ സരസ്വതിയെ വര്‍ത്തമാനങ്ങള്‍"
"ഇങ്ങനെ പോകുന്നെന്റെ കുട്ട്യേ,പിന്നെ അനിക്കുട്ടനിപ്പോ ദുബായിലാ"

(സരസ്വതിയുടെ മുണ്ടിന്മേല്‍ തൂങ്ങി കുടുക്കില്ലാത്ത ട്രൗസര്‍ മുരുക്കി കുത്തി മൂക്കൊലിപ്പിച്ചു നില്‍ക്കുന്ന ആ ഈര്‍ക്കില്‍ രൂപമാ എന്റെ മനസ്സില്‍ വന്നത്‌)

"പോയിട്ടിപ്പോ മൂന്ന് മാസമായി",സരസ്വതി തുടര്‍ന്നു.
"അവനവിടെ പണിയൊക്കെയായോ"
"പണിയൊക്കെ ആയി,രണ്ട്‌ തവണ പൈസയും അയച്ചു,അതിനെങ്ങന്യാ ന്റെ കുട്ട്യെ,അവനിപ്പൊള്‍ കയ്യീ പിടിക്കണ ഫോണ്‍ ഒക്കെ വാങ്ങി നടക്ക്വല്ലെ,കുട്ടി തിരിച്ച്‌ ചെന്നാല്‍ അവനെ പോയൊന്ന് കാണണം.കണ്ണീ കണ്ട കുന്ത്രാണ്ടങ്ങളൊക്കെ വാങ്ങി പൈസ കളയണ്ടാന്ന് പറഞ്ഞു കൊടുക്കണം"
"ചെന്നാലുടനെ ഞാന്‍ അവനെ പോയി കണ്ടോളാം." ഞാന്‍ സരസ്വതിയെ സമാധാനിപ്പിച്ചു.

ഒരു മാസത്തെ അവധി കഴിഞ്ഞ്‌ തിരിച്ച്‌ പോരുന്നതിന്റെ തലേന്ന് സരസ്വതി വീണ്ടും വന്നു;മകനുള്ള കത്തുമായി.

ഇവിടെയെത്തി ആദ്യത്തെ വെള്ളിയാഴ്ച തന്നെ ഞാന്‍ അനിയെ വിളിച്ചു.
"ഞാനിപ്പോള്‍ പണിയിലാണ്‌.ചേട്ടന്‍ ഇവിടെ എത്തുമ്പോള്‍ വിളിച്ചാല്‍ മതി,ഞാന്‍ പുറത്തിറങ്ങി വരാം.”

അനിക്കുട്ടന്‍ പറഞ്ഞ ഹോട്ടലിന്റെ മുന്നില്‍ കാര്‍ പാര്‍ക്ക്‌ ചെയ്ത്‌ ഞാനവനെ വിളിച്ചു.രണ്ട്‌ നിമിഷത്തിനുള്ളില്‍ അവനെന്റെ മുന്നിലെത്തി.
"എന്തൊക്കെയുണ്ട്‌ അനിക്കുട്ടാ വിശേഷങ്ങള്‍,എങ്ങനെയുണ്ട്‌ പണിയൊക്കെ".
"രാവിലെ പത്ത്‌ പണി മുതല്‍ പാതിരാത്രി മൂന്ന് മണി വരെയാണ്‌ ജോലി.ഹോട്ടലിലെ കിച്ചണില്‍."
"ഒഴിവുള്ളപ്പോള്‍ നീയെന്റെ റൂമിലേക്ക്‌ വായോ".ഞാന്‍ യാത്ര ചോദിച്ച്‌ കൊണ്ട്‌ പറഞ്ഞു.
"ഹോട്ടലില്‍ പണിയുള്ള എനിക്കെന്ത്‌ ഒഴിവാ;അമ്മേനെ ഇനി കൂലി പണിയ്ക്ക്‌ വിടേണ്ടല്ലൊ എന്നു കരുതീട്ടാ;അത്രയ്ക്ക്‌ ചൂടാ അതിന്റെയുള്ളില്‌"
"ഒക്കെ ശരിയാവോടാ" അവന്റെ പുറത്ത്‌ തട്ടി ഞാന്‍ പറഞ്ഞു.

തിരിച്ച്‌ നടക്കുമ്പോള്‍ അവന്‍ എന്റെ കൈ പിടിച്ചു,"ചേട്ടാ,ഇതൊന്നും നാട്ടിലാരും അറിയേണ്ട;ഞാനിവിടെ നല്ല സുഖമായിട്ടിരിക്കുന്നു എന്നാ അമ്മ കരുതിയിരിക്കുന്നത്‌,അവരെങ്കിലും സമാധാനമായിരിക്കട്ടെ"

നിറഞ്ഞ ആ കണ്ണുകള്‍ കണ്ടില്ല എന്ന് നടിച്ച്‌ ഞാന്‍ തിരിഞ്ഞ്‌ നടന്നു.

Labels: