Monday, August 14, 2006

ആശ വിതച്ച് നിരാശ കൊയ്യുന്നവര്‍

ക്ലോക്കില്‍ ആറടിക്കുന്നത് കേട്ട് അവള്‍ എണീറ്റു.നേരിയ തല കറക്കമുണ്ട്;സാരമില്ല ഇനിയും കിടന്നാല്‍ പണിയൊന്നും നടക്കില്ല. നേരെ അടുക്കളയിലേക്ക് പോയി.ഒരടുപ്പത്ത് ചായക്കും മറ്റേതില്‍ ചോറിനും വെള്ളം വെച്ചു.അടുപ്പിന്‍റെ അടുത്തായുള്ള ചെറിയ ജനല്‍ തുറന്നു.റോഡിന്‍റെ മറുവശത്തുള്ള റൊട്ടി കടയില്‍ തിരക്ക് തുടങ്ങിയിരിക്കുന്നു.ആ കട രാവിലെ നാല് മണിക്കു തുറന്നാല്‍ പാതി രാത്രിക്കേ അടക്കൂ.പൊടി കുഴക്കലും പരത്തലും അടുപ്പിലിട്ട് തകൃതിയായി ചുടുകയും ചെയ്യുന്ന രണ്ട് കൈകള്‍. “അമ്മേ,ആ അങ്കിളിനെന്താ തലയില്ലേ” മോള്‍ ഒരു ദിവസം ചോദിച്ചതോര്‍മ്മ വന്നു.

ഓ,ആലോചിച്ച് നേരം പോയതറിഞ്ഞില്ല.ബ്രഷും പേസ്റ്റുമെടുത്ത് ബാത്ത് റൂമിലേക്ക് നടക്കുമ്പോള്‍ തികട്ടി വന്ന പുളി വെള്ളം അടക്കി പിടിച്ചു.

കുളി കഴിഞ്ഞ് വന്ന് കറിയുണ്ടാക്കാന്‍ നോക്കിയപ്പോഴാ,രണ്ട് തക്കാളിയും കുറച്ച് പച്ച മുളകും മാത്രം ബാക്കി.രണ്ട് മാസത്തെ പറ്റ് കൊടുക്കാതെ ഇനിയെങ്ങിനെയാ ഗ്രോസറിയില്‍ നിന്നും സാധനം വാങ്ങുക.ജോലിക്ക് ചേര്‍ന്ന് മാസം രണ്ട് കഴിഞ്ഞിട്ടും പൈസയൊന്നും കിട്ടിയില്ല.ചേട്ടന്‍റെ കാര്യവും തഥൈവ.

തട്ടികൂട്ടിയ തക്കാളി ചമ്മന്തിയും ചോറും രണ്ട് പാത്രത്തിലാക്കി.തലേ ദിവസത്തെ കുബ്ബൂസിന്‍റെ ബാക്കി ചൂടാക്കി ജാമും പുരട്ടി മൂടി വെച്ചു.

ബാഗുമെടുത്ത് പുറത്തേക്കിറങ്ങവേ “ചേട്ടാ,ഭക്ഷണമെല്ലാം എടുത്ത് വെച്ചിട്ടുണ്ട്.മോള്‍ക്ക് പാലും കുബ്ബൂസും കൊടുത്ത് അപ്പുറത്തെ വീട്ടില്‍ ആക്കണേ” എന്നു വിളിച്ച് പറഞ്ഞു.

35 മിനുട്ടോളം നടക്കണം ഓഫിസിലെത്താന്‍.ഇത്തിരി സ്പീഡില്‍ തന്നെ നടന്നു.കൃത്യസമയത്ത് എത്തിയോ എന്നറിയാന്‍ മുതലാളി ഇപ്പോ വിളി തുടങ്ങും.വേഗത്തില്‍ നടന്നത് കൊണ്ടാണെന്നു തോന്നുന്നു;അടിവയറ്റില്‍ നല്ല വേദന.അത് കാര്യമാക്കാതെ നടത്തം തുടര്‍ന്നു.ഓഫീസിലെത്തിയപ്പോള്‍ കൃത്യം എട്ടടിക്കുന്നു.

ഫോണ്‍ കോളുകള്‍ക്കും റ്റൈപ്പിങ്ങിനുമിടയില്‍ ഒരു നിശ്വാസത്തിന് പോലും സമയം കിട്ടിയില്ല.ഉച്ചക്ക് ചോറു പാത്രം തുറന്നതേ ഓക്കാനം വന്നു.രണ്ട് പിടി വാരി തിന്ന് പാത്രമടച്ചു.ഒരിത്തിരി വിശ്രമത്തിനായി ഒന്നു ചാരിയിരുന്നപ്പൊള്‍ തലേദിവസം വന്ന അച്ഛന്‍റെ കത്തിലെ വാചകങ്ങളാണ് ഓര്‍മ്മ വന്നത്:“ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും അവിടെ ജോലിയുള്ളപ്പോള്‍ ഞാനെങ്ങനേയാ മറ്റ് മക്കളോട് പൈസ ചോദിക്കുന്നത്”.ആലോചനകള്‍ പല വഴിക്ക് തിരിയും മുമ്പേ ഉച്ച ഭക്ഷണത്തിനുള്ള സമയം കഴിഞ്ഞു.പിന്നേയും ഫോണും ഫാക്സും റ്റൈപ്പിങ്ങും.
ആറ് മണിക്ക് ബാഗുമെടുത്ത് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇന്‍റര്‍കോമില്‍ മുതലാളി. “ഹാവൂ,ശമ്പളം തരാനായിരിക്കും”.
“നീ നാളെ മുതല്‍ ജോലിക്ക് വരേണ്ട.”.വയറ്റില്‍ നിന്നെന്തൊക്കെയോ ഉരുണ്ട് കയറുന്ന മാതിരി.പുറത്തേക്കിറങ്ങി നടക്കുകയായിരുന്നോ ഓടുകയായിരുന്നോ,ഒരു വിധത്തില്‍ വീടെത്തി.ചേട്ടനും മോളും വാതിക്കല്‍ തന്നെ.
“എന്നോട് നാളെ മുതല്‍ ചെല്ലേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്” .ഒരു സ്വാന്തനത്തിനായി കാതോര്‍ക്കവേ കേട്ടത്:“എനിക്കും നാളെ മുതല്‍ പണിയില്ല.”
വിശന്ന് കരയുന്ന മോളേയുമെടുത്ത് അകത്ത് കയറുമ്പോള്‍ അവളുടെ മനസ്സ് ശൂന്യമായിരുന്നു.

Labels:

32 Comments:

Blogger വല്യമ്മായി said...

പ്രത്യാശയുടെ പൊന്‍പുലരി അവര്‍ക്കായി വിടരുമോ?
പുതിയ പോസ്റ്റ് ബൂലോഗസമക്ഷം സമര്‍പ്പിക്കുന്നു.

8/14/2006 2:28 pm  
Blogger സു | Su said...

പ്രതാശയുടെ പുലരി വിരിയുമായിരിക്കും. അല്ലെങ്കില്‍ പിറ്റേന്നത്തെ പേപ്പറില്‍ അവരുടെ മുഖങ്ങള്‍ വിരിയും. കാലം അതാണിപ്പോള്‍.

8/14/2006 2:38 pm  
Blogger സു | Su said...

പ്രത്യാശ
പ്രത്യാശ
പ്രത്യാശ
പ്രത്യാശ
പ്രത്യാശ

8/14/2006 2:39 pm  
Blogger Rasheed Chalil said...

വല്ല്യമ്മായി അസ്സലായി..

പ്രത്യാ‍ശ തന്നെയല്ലേ ജീവിതത്തിന്റെ കാതല്‍

8/14/2006 3:32 pm  
Blogger Unknown said...

ഇന്ന് വായിച്ചതെല്ലാം നോവുന്ന കഥകളാണല്ലോ. വല്ല്യമ്മായീ നന്നായി.

8/14/2006 4:42 pm  
Blogger mydailypassiveincome said...

ഓഫീസില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഇ‌മെയില്‍ കണ്ടത്. അപ്പോള്‍ ഒന്നു വായിച്ചിട്ടു പോകാമെന്ന് തോന്നി. ദുഖത്തോടെ തന്നെ ഇറങ്ങട്ടെ.

8/14/2006 5:38 pm  
Blogger ഏറനാടന്‍ said...

വല്യമ്മായി.. കഥ കൊള്ളാം. ദുരന്തകഥ പൊതുവെ വായിക്കാനിഷ്‌ടമില്ലെങ്കിലും തമാശകളിഴയിട്ട നേരിയ ദുരന്തയിതിവൃത്തങ്ങള്‍ താത്‌പര്യമുള്ള എനിക്കും 'ക്ഷ' തൃപ്‌തിയായി.
മനസ്സിലെ ഭാവനകളുടെ ഉറവ്‌ വറ്റുന്നതുവരെ സൃഷ്‌ടിസപര്യ തുടരുക. അനുമോദനങ്ങള്‍...

8/14/2006 6:16 pm  
Blogger myexperimentsandme said...

ഇങ്ങിനെയൊക്കെ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ.

നന്നായിരിക്കുന്നു.

8/14/2006 7:18 pm  
Blogger ബിന്ദു said...

പുലരി വിടരും. വിടരണം.
നന്നായി എഴുതിയിട്ടുണ്ട്.:)

8/14/2006 9:08 pm  
Blogger അഞ്ചല്‍ക്കാരന്‍ said...

ആറ് മണിക്ക് ബാഗുമെടുത്ത് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇന്‍റര്‍കോമില്‍ മുതലാളി. “ഹാവൂ,ശമ്പളം തരാനായിരിക്കും”.
“നീ നാളെ മുതല്‍ ജോലിക്ക് വരേണ്ട.”.
വയറില്‍ നിന്നും എന്തോ ഉരുണ്ട് കേറുന്നതിനിടക്ക് ചെയ്ത രണ്ട് മാസത്തെ ശമ്പളമെങ്കിലും വാങ്ങിച്ചെടുക്കാന്‍ മറന്നില്ലല്ലോ അല്ലെ...പിന്നെ ജോലിക്കാരെ അതും ഒരു മഹിളയെ “നീ” എന്ന് സംബോധന ചെയ്യുന്ന ബോസിന്റെ കൂടെ ജോലി വേണ്ട സഹോദരി....

8/14/2006 9:27 pm  
Blogger വളയം said...

കിനാവുകള്‍ നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു.....

8/14/2006 10:32 pm  
Blogger വല്യമ്മായി said...

സു ചേച്ചി, ഇത്തിരിവെട്ടം,കൈത്തിരി,ദില്‍ബാസുരന്‍,മഴത്തുള്ളി,ഏറനാടന്‍,വക്കാരിമഷ്ടാ,ബിന്ദു,അഞ്ചല്‍കാരന്‍,വളയം ,
നന്ദി ഒരായിരം നന്ദി.എന്‍റെ കടിഞ്ഞൂല്‍ കഥ വായിച്ച് അഭിപ്രായം പറഞ്ഞതിനും.

നാമാരും ശ്രദ്ധിക്കാത്ത ഗള്‍ഫിന്‍റെ മുഖം തുറന്നു കാണിക്കണമെന്നേ കരുതിയുള്ളൂ.

8/15/2006 1:14 pm  
Anonymous Anonymous said...

ഇതെന്നെതാ വല്ല്യമ്മായി ‘കുബ്ബൂസും’ ?

8/17/2006 9:24 am  
Blogger വല്യമ്മായി said...

അറബികള്‍ കഴിക്കുന്ന നാന്‍ പോലെയുള്ള റൊട്ടിയാണ് കുബ്ബൂസ്

8/17/2006 9:27 am  
Blogger Mubarak Merchant said...

വെല്യാന്റീ,
അത്യാവശ്യം ജീവിച്ചുപോകാനുള്ള ജോലിയൊക്കെ ഇപ്പോ നാട്ടിലും കിട്ടും. ആന്റീടെ കഥാപാത്രങ്ങളെപ്പോലെ പണിയടുത്തിട്ടും കാശുകിട്ടാതെ മറുനാടന്‍ തെരുവിലലയേണ്ട അവസ്ഥയൊന്നും ഇന്ന് മലയാളിക്കില്ല. പിന്നെ ആര്‍ക്കെങ്കിലും അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ അതവര്‍ സ്വയം വിളിച്ചുവരുത്തുന്നതാണ്. (ഇത് പറയാന്‍ കാരണം കയ്യില്‍ പൂജ്യം രൂപയുമായി ജീവിതമാര്‍ഗ്ഗം കണ്ടെത്താനിറങ്ങി നാലഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് സ്വന്തം ബിസിനസ്സ് തുടങ്ങി മാന്യമായ ഒരു വരുമാനം ഉണ്ടാക്കുന്നവനാണ് ഈയുള്ളവന്‍ എന്നതിനാലാണ്.)

8/17/2006 9:42 am  
Blogger വല്യമ്മായി said...

തൊണ്ണൂറ് ശതമാനം ദുരന്തങ്ങളും നമ്മള്‍ വിളിച്ച് വരുത്തുന്നതല്ലേ? നമ്മുടെ ചെയ്തികളാല്‍ എന്തെങ്കിലും നേരിടേണ്ടി വന്നാല്‍ വിധി എന്ന് പറഞ്ഞ് മോങ്ങാതെ സദൈര്യം നേരിടുകയല്ലേ വേണ്ടത്?

8/17/2006 9:49 am  
Blogger aneel kumar said...

ഇഞ്ചി‌ഗേളിന് ഖുബ്‌സ് വേണമെങ്കില്‍ ഇവിടെ നിന്നു വാങ്ങിക്കോളൂ.

8/17/2006 7:54 pm  
Anonymous Anonymous said...

അനിലേട്ടാ,
താങ്ക്സ്..

ഇതുകണ്ടോ വല്ല്യമ്മായി...കമന്റുകള്‍ വീഴാനുള്ള സൂത്രം. :-)

വല്ല്യമ്മായി വിഷമിക്കണ്ട...ഇനി എല്ലാ പോസ്റ്റുകളും എല്ലരെക്കൊണ്ടും വായിപ്പിക്കണ കാര്യം ഏറ്റു :-)

8/17/2006 8:47 pm  
Anonymous Anonymous said...

ദൈവമേ..ആ കുഞ്ഞിന് നാളെ മുതല്‍ കുബ്ബൂസ് പോലുമില്ലേ?

8/20/2006 11:49 am  
Blogger സൂര്യോദയം said...

നല്ല ഒറിജിനാലിറ്റി സ്പര്‍ശം..

8/23/2006 3:34 pm  
Blogger രാവണന്‍ said...

വല്ല്യേച്ചീ,

"ആ അങ്കിളിനെന്താ തലയില്ലേ അമ്മേ"... എനിക്കെന്തൊ, അതോര്‍ത്തിട്ട്‌ ചിരിയടക്കാന്‍ പറ്റുന്നില്ല. വല്ല്യേചിയുടെ രചനകള്‍ക്ക്‌ ഒരു കെ.ബി.ശ്രീദേവി touch ഉണ്ട്‌. നിങ്ങള്‍ രണ്ടുപേരും sister's ആണോ??

8/23/2006 10:15 pm  
Blogger രാവണന്‍ said...

ശ്രീദേവിയെ ശ്രീബാല എന്നു വായില്‍ക്കുക, a small typo

8/23/2006 10:20 pm  
Blogger മുസ്തഫ|musthapha said...

നന്നായിരിക്കുന്നു വല്യമ്മായി..

“...നിങ്ങള്‍ക്ക് രണ്ടാള്‍ക്കും അവിടെ ജോലിയുള്ളപ്പോള്‍ ഞാനെങ്ങനേയാ...” അച്ഛന്‍റെ വരികള്‍... അഗ്രജനിത് ശരിക്കും മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്.

8/29/2006 11:23 am  
Blogger മുല്ലപ്പൂ said...

നൊമ്പരപ്പെടുത്തുന്ന നിസ്സഹായവസ്ഥ.

8/31/2006 2:51 pm  
Blogger thoufi | തൗഫി said...

വല്ല്യമ്മായി.......നന്ദി.

നാട്ടില്‍ പോകുമ്പോള്‍ ഇടക്കൊക്കെ ഇരിമ്പിളിയത്തും പോകണം.എന്നിട്ട്‌ തൂതപ്പുഴയും ഭാരതപ്പുഴയും ഒന്നിച്ചു ചേരുന്ന കാഴ്ച്ച മതിവരുവോളം നോക്കി നിന്ന് ആ കാഴ്ച്ചയുടെ മനോഹാരിത മറ്റു ബൂലോഗര്‍ക്കു കൂടി പകര്‍ന്നേകണം.എന്റെ ഇക്കാന്റെ ഉമ്മാടെ നാട്‌ അതിമനോഹരമാണെന്നു പറയുന്നതിലും ഇല്ലേ ഒരു സുഖം...

8/31/2006 3:00 pm  
Blogger വേണു venu said...

വല്യമ്മായി നന്നായെഴുതിയിരിക്കുന്നു.വീട്ടില്‍ നിന്നു വന്ന കത്തും കരയിക്കാന്‍ വേണ്ടിയാണല്ലോ.
വേണു.

8/31/2006 7:52 pm  
Blogger വല്യമ്മായി said...

Inji Pennu,ഇക്കാസ്,Anil:അനില്‍,Pramod,സൂര്യോദയം,രാവണന്‍, അഗ്രജന്‍,മുല്ലപ്പൂ,മിന്നാമിനുങ്ങ്‌,വേണു,

നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

9/03/2006 2:03 pm  
Blogger sree said...

കഥകളിലെ humour touch ഇഷ്ടമായി. ഈ ലാഖവബുദ്ധി ചിലപ്പോഴൊക്കെ രക്ഷയാവും അല്ലെ...?

2/17/2008 1:43 pm  
Blogger hi said...

"പണി" കിട്ടുന്നെങ്കില്‍ ഇങ്ങനെ കിട്ടണം :)

12/24/2008 1:14 pm  
Blogger ആര്‍ബി said...

വല്ല്യമ്മായീ... ഇഷ്ടായി..
ഇങ്ങനെയുള്ള വേദനകള്‍,, സുഖമുള്ള ചിന്ത തരുന്നു
ഭാവുകങ്ങള്‍,,,,!!

1/26/2009 11:27 am  
Blogger Shaf said...

കഥ എന്നു തോന്നുന്ന യാതാര്‍ത്ഥ്യം..

1/28/2009 4:39 pm  
Blogger Sulfikar Manalvayal said...

എല്ലാം പറഞ്ഞു. പക്ഷെ എന്തിനു പിരിച്ചു വിട്ടെന്ന് മാത്രം പറഞ്ഞില്ല.
ഇത് കഥ ഉണ്ടാക്കാന്‍ മാത്രം പിരിച്ചു വിട്ട പോലെ ആയിപോയി.
കുറഞ്ഞ പക്ഷം കഥാകാരിക്കെങ്കിലും ഒരു ജോലി കൊടുക്കാമായിരുന്നു.
കാരണം കഥക്ക് വേണ്ടി ബലിയാടായ ആ പാവം പെണ്ണിനും മുമ്പില്‍ ഞാനീ കമന്റ് സമര്‍പ്പിക്കുന്നു.

6/07/2010 9:27 pm  

Post a Comment

<< Home