ഒഴിവുദിവസങ്ങളില്‍ രാവിലെ 8 മണിക്ക് പ്രാതല്‍ കഴിഞ്ഞാല്‍ ഉച്ചക്ക് ഒരുമണിക്ക് ഭക്ഷണത്തിനുള്ള മണിയടിക്കുന്നത് വരെയുള്ള നീണ്ട സ്റ്റഡി ടൈം(എനിക്കത് മിക്കവാറും സ്ലീപ്പിങ്ങ് ടൈം ആയിരുന്നു).പഠിത്തത്തിന്‍റെ(ഉറക്കത്തിന്‍റെ) ഇടവേളകളില്‍ വിശന്നാല്‍ കഴിക്കാനായി ഉണ്ടാക്കിയിരുന്ന ചില വിഭവങ്ങളാണ് താഴെ.മാസത്തിലൊരിക്കല്‍ വീട്ടില്‍ പോകുമ്പോള്‍ വറവും പൊരിയും ഇഷ്ടം പോലെ എല്ലാവരും കൊണ്ടു വരുമെങ്കിലും അതെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകാറാണ് പതിവ്.
മുട്ട പൊരിച്ചത്:
കോഴിമുട്ട:1(തലയില്‍ തേക്കാനെന്ന വ്യാജേന വാങ്ങിയത്)
ഉപ്പ്:ആവശ്യത്തിന്(മെസ്സില്‍ നിന്നും പൊക്കിയത്)
വെളിച്ചെണ്ണ:1 സ്പൂണ്‍
മറ്റ് സാമഗ്രികള്‍:
മെഴുകുതിരി:3
തീപ്പെട്ടി:1
ചോറ് പാത്രത്തിന്‍റെ മൂടി(കട്ടിയുള്ളത്):ഒന്ന്
സ്പൂണ്‍:2 (വലുത്) 1(ചെറുത്)
ഉണ്ടാക്കുന്ന വിധം:
മൂന്ന് മെഴുകിതിരികള്‍ കത്തിച്ച് അടുപ്പിന്റ്റെ ആകൃതിയില്‍ മേശപ്പുറത്ത് ഉറപ്പിച്ച് നിര്‍ത്തുക. ചോറുപാത്രത്തിന്‍റെ മൂടി രണ്ട് വലിയ സ്പൂണുകളുടെ സഹായത്താല്‍ അതിന് മുകളില്‍ പിടിക്കുക.
ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച് മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പ് വിതറി ചെറിയ സ്പൂണ്‍ കൊണ്ട് ഇളക്കുക.പാകമായതിന് ശേഷം റൂമേറ്റ്സിന്‍റെ എണ്ണത്തിനനുസരിച്ച് പങ്ക് വെച്ച് കഴിക്കുക.
ഇനിയും വിശപ്പ് മാറിയില്ലെങ്കില്‍ ഒരു വിഭവം കൂടി;
പഴം മൊരിച്ചത്:
നേന്ത്രപ്പഴം:1 (ചെറുതായി അരിയണം)
പഞ്ചസാര:1 ടീസ്പൂണ്‍
വെളിച്ചെണ്ണ:1 സ്പൂണ്‍
മറ്റ് സാമഗ്രികള്‍: ആദ്യമെഴുതിയത് തന്നെ.
മൂന്ന് മെഴുകിതിരികള്‍ കത്തിച്ച് അടുപ്പിന്റ്റെ ആകൃതിയില്‍ മേശപ്പുറത്ത് ഉറപ്പിച്ച് നിര്‍ത്തുക. ചോറുപാത്രത്തിന്‍റെ മൂടി രണ്ട് വലിയ സ്പൂണുകളുടെ സഹായത്താല്‍ അതിന് മുകളില്‍ പിടിക്കുക.
ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച് പഴമിട്ട് പഞ്ചസാര വിതറി ചെറിയ സ്പൂണ്‍ കൊണ്ട് ഇളക്കുക.പഴം മൊരിഞ്ഞാല്‍ റൂമേറ്റ്സിന്‍റെ എണ്ണത്തിനനുസരിച്ച് പങ്ക് വെച്ച് കഴിക്കുക.(മണം കേട്ട് അടുത്ത് അടുത്ത് റൂമുകാര്‍ വന്നാല്‍ അവര്‍ക്കും കൊടുക്കം.)
അച്ചടക്കത്തിന് പേര് കേട്ട ആ ഹോസ്റ്റലില്‍ ഞാനായിരുന്നു ആദ്യം ഇതെല്ലാം പരീക്ഷിച്ചത്.അതിന് ശേഷം എന്‍റെ പാത്രത്തിന്‍റെ മൂടി റൂമില്‍ നിന്നും റൂമിലേക്ക് പറന്ന് നടക്കുകയായിരുന്നു.
Labels: ഓര്‍മ്മക്കുറിപ്പ്, പലവക