Saturday, September 16, 2006

സൈനബ-വീട്ടാനാകാത്ത ചില കടങ്ങള്‍

ഞങ്ങള്‍ ഒരേ പ്രായക്കാരാണ്‌.ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ്‌ അവള്‍ എന്റ്റെ വീട്ടില്‍ നില്‍ക്കാനായി വന്നത്‌. രോഗിയായ ഉപ്പയ്ക്കും വിശപ്പ്‌ സഹിക്കാനാവാതെ മുറ്റത്തെ മണ്ണെടുത്ത്‌ തിന്ന്‌ പിത്തം പിടിച്ച അനിയന്‍മാര്‍ക്കും ഇടക്കിടെ മാനസികാസ്വാസ്ഥ്യത്തിനടിമയായിരുന്ന ഉമ്മയ്ക്കും വേണ്ടി അഞ്ചാം ക്ളാസിലേ പഠിപ്പ്‌ നിര്‍ത്തിയതായിരുന്നു അവള്‍.അസുഖത്തിന്റെ ഇടവേളകളില്‍ അവളുടെ ഉമ്മ പണിക്കു പൊകാറുണ്ടെങ്കിലും അതവരുടെ ചികില്‍സയ്ക്ക്‌ പോലും തികഞ്ഞിരുന്നില്ല.

വീട്ടില്‍ വന്ന ആദ്യദിവസങ്ങളിലൊക്കെ അവള്‍ ഒരുപാട്‌ ഭക്ഷണം കഴിക്കുമായിരുന്നു.പാവം ആദ്യമായിട്ടായിരിക്കും വയറ്‌ നിറച്ചും കഴിച്ചിട്ടുണ്ടാവുക.

ഒരേ പ്രായക്കാരായതിനാല്‍ അവളോടൊപ്പം എല്ലാ പണിക്കും ഞാനും കൂടും.ഞങ്ങളൊക്കെ പഠിക്കാനിരിക്കുമ്പോള്‍ അടുത്ത്‌ വന്നിരുന്ന് പുസ്തകമൊക്കെ വായിച്ചിരിക്കും.ഞാന്‍ സ്കൂളില്‍ നിന്നും വന്നാല്‍ അവളുടെ പഴയ കൂട്ടുകാരുടെ വിശേഷമെല്ലാം ചോദിക്കും.(അവള്‍ പഠിച്ചിരുന്ന സ്കൂളിലാണ്‌ ഞാന്‍ എട്ടു മുതല്‍ പത്തു വരെ പഠിച്ചത്‌).

ആയിടക്ക്‌ ഒരു നോമ്പു കാലം.ഉമ്മയും അനിയത്തിമാരും അനിയനും നോമ്പുതുറയ്ക്കായി വേറെ എവിടെയോ പോയിരുന്നു.വീട്ടില്‍ ഞാനും സൈനബയും മാത്രം.നോമ്പ്‌ തുറന്ന് നിസ്ക്കരിച്ച്‌ ഞാന്‍ ഭക്ഷണം കഴിച്ചു.ആ അക്രാന്തത്തിനിടയില്‍ ഞാന്‍ അവള്‍ക്കായി കാത്തുനിന്നില്ല.സൈനബ നിസ്ക്കരിച്ച്‌ ഒന്നും കഴിക്കാതെയിരിക്കുന്നത്‌ കണ്ട്‌"എന്തേ ഒന്നും കഴിക്കുന്നില്ലേ" എന്ന് ഞാന്‍ ചോദിച്ചു.പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞ് ഒഴിഞ്ഞു.പിന്നെ ഉമ്മ വന്ന് പെട്ടെന്ന് ചോറും കറിയും ഉണ്ടാക്കി അവള്‍ക്ക്‌ കൊടുത്തപ്പോഴാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌ അവള്‍ക്കായി ഞാനൊന്നും ബാക്കി വെച്ചിരുന്നില്ലെന്ന്.

വര്‍ഷങ്ങള്‍ കടന്നു പോയി.അതിനിടയില്‍ ഉപ്പായ്ക്ക്‌ അസുഖം കൂടി അവള്‍ വിട്ടിലേക്ക്‌ തിരിച്ചു പോയി.എന്റെ കല്യാണത്തിന്റെ ഒരാഴ്ച മുമ്പാണു വീണ്ടും വന്നത്‌;കയ്യിലൊരു വലിയ പൊതിയുമായി.അഴിച്ച്‌ നോക്കിയപ്പോള്‍ "presented by Zainaba"എന്ന് കൊത്തിയ ഒരു സ്റ്റീല്‍ കുടുക്ക."എന്തിനാ സൈനബ ഇതൊക്കെ" എന്നൊരു ചോദ്യമാണ്‌ മനസ്സില്‍ പൊങ്ങിയെതെങ്കിലും "എന്തൊക്കെയുണ്ട്‌ നിന്റെ വിട്ടിലെ വിശേഷങ്ങള്‍?" എന്നാണ്‌ ഞാന്‍ ചോദിച്ചത്‌." അനിയന്മാര്‍ രണ്ട്‌ പേരും തട്ടാന്‍ പണിക്കു പോകുന്നുണ്ട്‌;അതിനാല്‍ വീട്ടിലിപ്പോള്‍ ബുദ്ധിമുട്ടൊന്നുമില്ല." അവള്‍ മറുപടി പറഞ്ഞു.

കല്യാണം കഴിഞ്ഞ്‌ ജീവിതം ഒരു കരയ്ക്കടുപ്പിക്കുന്നതിനിടയില്‍ മറ്റു പല മുഖങ്ങളോടൊപ്പം സൈനബയും മനസ്സിന്റെ പിന്നാമ്പുറത്തായി വാസം.രണ്ട്‌ വര്‍ഷം മുമ്പ്‌ നാട്ടില്‍ പോയപ്പോള്‍ അവളെ അന്വേഷിച്ച്‌ ഞാന്‍ പോയി.പഴയ ആ പുരയുടെ സ്ഥാനത്ത്‌ കുറേ മണല്‍പുറ്റുകള്‍.അടുത്ത വീട്ടിലെ സ്ത്രീയാണു പറഞ്ഞത്‌, അവരവിടം വിട്ടു പോയി.ഇപ്പോള്‍ മാപ്രാണത്തെവിടെയോ ആണ്‌ താമസം.കൃത്യമായ വിലാസമൊന്നും ആര്‍ക്കും അറിയില്ലത്രെ.

കല്യാണം കഴിഞ്ഞ്‌ ആദ്യത്തെ വാടക വീട്ടില്‍ പാല്‌ കാച്ചിയതു മുതല്‍ സൈനബയുടെ സമ്മാനം ഇപ്പോഴും എന്റെ കയ്യിലുണ്ട്‌.വര്‍ഷങ്ങളുടെ പഴക്കം അതിന്റെ തിളക്കം മായിച്ചെങ്കിലും അതെനിക്കു തരുമ്പോള്‍ അവളുടെ മുഖത്തുണ്ടായിരുന്ന തിളക്കം ഇപ്പോഴും എന്റെയുള്ളില്‍ മങ്ങാതിരിക്കുന്നു.ഇനിയെന്നെങ്കിലും അവളെ കണ്ടാല്‍ എനിക്കവളോട്‌ മാപ്പ്‌ പറയണം.പണ്ട്‌ ആ നോമ്പു കാലത്ത്‌ ഞാന്‍ കാണിച്ച പാതകത്തിന്‌.

ഒരു പക്ഷെ ആ കടങ്ങളൊന്നും വീട്ടാന്‍ വിധി എനിക്ക്‌ അവസരം തരാത്തത്‌ എന്റെ മനസ്സില്‍ നിന്നും അവളൊരിക്കലും മാഞ്ഞ്‌ പോകാതിരിക്കാന്‍ വേണ്ടിയാകാം.

Labels:

36 Comments:

Blogger വല്യമ്മായി said...

ഓരോ വര്‍ഷവും റംസാനടുക്കുമ്പോള്‍ എന്റെയുള്ളില്‍ തികട്ടി വരുന്ന ചില ഓര്‍മ്മകള്‍

"സൈനബ-വീട്ടാനാകാത്ത ചില കടങ്ങള്‍"

-പുതിയ പോസ്റ്റ്

9/16/2006 12:25 pm  
Blogger സു | Su said...

ഈ നോമ്പ് കാലത്ത് സൈനബയെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും അറിയാന്‍ കഴിയട്ടെ. കടങ്ങളൊക്കെ അങ്ങനെ തന്നെ നിന്നോട്ടെ. വീട്ടിത്തീര്‍ക്കാന്‍ പറ്റാത്തതും ഉണ്ടെന്ന് കരുതൂ. :)

9/16/2006 12:38 pm  
Blogger Rasheed Chalil said...

വീട്ടാനവാത്ത കടങ്ങള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഭാരമാവട്ടേ. മറക്കാനാവത്ത കുഞ്ഞുനാളിന്റെ, ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന കൂട്ടുകാരിയുടേ, ജീവിതത്തിന്റെ പാരുഷ്യം നല്‍കിയ പരുക്കന്‍ ജീവിതയാഥാര്‍ത്ഥ്യത്തിന്റെ അങ്ങനെ ഒത്തിരി ഒര്‍മ്മകളുടെ ഭാരമായി അത് നിലനിലക്കട്ടേ. നമുക്ക് ശക്തിയായി... ഉള്ളില്‍ വിരിയുന്ന കാരുണ്യമായി.

വല്ല്യമ്മായി നന്നായിരിക്കുന്നു. കണ്ടു മറന്നതും മറക്കാത്തതുമായ ഒത്തിരി ചിത്രങ്ങള്‍ നല്‍കിയ വരികള്‍... അസ്സലായി

9/16/2006 12:43 pm  
Blogger asdfasdf asfdasdf said...

വല്യമ്മായി മാപ്പു പറയണമെന്നില്ല. അതിനുള്ള സന്നദ്ധതയുണ്ടായല്ലൊ. അതു തന്നെ ഇന്നത്തെക്കാലത്ത് ധാരാളം

9/16/2006 12:44 pm  
Blogger മുസ്തഫ|musthapha said...

നന്നായിരിക്കുന്നു വല്യമ്മായി

മനസ്സിന്‍റെ നന്മ... അതുള്ളത് കൊണ്ട് തന്നെയാണ് ഇങ്ങിനെയൊക്കെ ചിന്തിക്കാന്‍ പറ്റുന്നത്. അതൊന്നും നിലനില്‍ക്കട്ടെ.

തറവാടിക്ക് കൊടുക്കാതെ ഒന്നും വാരിവലിച്ച് തിന്നിട്ടില്ലല്ലോ അല്ലേ...:)

9/16/2006 1:05 pm  
Blogger കുറുമാന്‍ said...

വല്യമ്മായി,പഴയ ഓര്‍മ്മകള്‍ ചികഞ്ഞെടുത്ത് നന്നായി എഴുതി. സൈനബ മാപ്രാണത്തേക്കാണു മാറിയതെങ്കില്‍, അനുജന്മാര്‍ക്ക് സ്വര്‍ണ്ണപ്പണിയായിരുന്നെങ്കില്‍, ഈ പോസ്റ്റ് മുന്‍പേ പോസ്റ്റു ചെയ്തിരുന്നെങ്കില്‍, മാപ്രാണം കള്ളുഷാപ്പില്‍ നിന്നും എനിക്ക് നേരെ സൈനബയെ തിരക്കിയിറങ്ങാമായിരുന്നു, കണ്ടുപിടിക്കാമായിരുന്നു, വല്യമ്മായിയുടെ അന്വേഷണം പറയാമായിരുന്നു.

9/16/2006 1:10 pm  
Blogger kusruthikkutukka said...

ഇതും ഒരു കടം വീട്ടലല്ലെ എന്റെ വല്യാന്റീ..മനസ്സുകൊണ്ടാനെങ്കിലും ....
സൈനബ ഇപ്പോള്‍ സന്തോഷത്തോടെ എവിടെയെങ്കിലും ജീവിക്കുണ്ടാകും എന്നു നമുക്കു പ്രതീക്ഷിക്കാം ...
പിന്നെ കൊറച്ചു കാലം കൂടി നിങ്ങളു ക്ഷമി..ഓരും ബരും ഇബിടെ ..ഒരു ബ്ലോഗക്കൊ ആയിട്ടു..... മാപ്രാണത്തു കാരൊന്നും ബ്ളോഗിലില്ലേ?...

9/16/2006 1:13 pm  
Blogger mydailypassiveincome said...

ഈ പഴയ സംഭവത്തിലൂടെ സൈനബയെ വായനക്കാരുടെ മനസ്സിലേക്ക് കൂട്ടിക്കൊണ്ട് വന്നതിന് നന്ദി. വീട്ടാനാവാത്ത കടങ്ങള്‍ ഒരു കാലത്ത് വീട്ടാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുക. ഈ പഴയ കാര്യങ്ങള്‍ സൈനബ ഓര്‍ക്കുന്നുണ്ടാവും. മാപ്രാണത്ത് നിന്നും ഇനി ത്രിശ്ശൂരിലേക്ക് താമസം മാറ്റില്ല എന്ന് ആരു കണ്ടു....

9/16/2006 1:44 pm  
Blogger Rajeev said...

ചില കടങ്ങള്‍ വീട്ടാനുള്ളതല്ല. വീടിയ കടങ്ങള്‍ നാം മറക്കുന്നു അതുനമ്മെ വീണ്ടും കടക്കാരാക്കുന്നു.
വല്യമ്മായി, പച്ചയായ എഴുത്ത് ശ്രദ്ധേയം.

9/16/2006 1:57 pm  
Blogger കരീം മാഷ്‌ said...

സമ്മാനങ്ങളും ആശംസകളും കറന്‍സിയില്‍ വിലകുറഞ്ഞാലും മൂല്യത്തില്‍ അത്യുന്നതങ്ങളിലായിരിക്കുമെന്ന തിരിച്ചറിവണ്‌ വല്ല്യമ്മായി പറഞ്ഞിരിക്കുന്നത്‌.

നെഞ്ചിനകത്തൊരു വിങ്ങല്‍.

പറഞ്ഞു വീട്ടാന്‍ പറ്റാത്ത മാപ്പിനുല്ല കുറ്റബോധവും, നിറം മങ്ങിയിട്ടും ഉപേക്ഷിക്കാന്‍ തോന്നാത്ത ആ പാത്രവും വല്ല്യമ്മായിയുടെ മനസ്സിന്റെ നന്മ വിളിച്ചോതുന്നു. കാത്തു സൂക്ഷിക്കുക.
ഇതിപ്പോള്‍ അപൂര്‍വമായേ കാണുന്നുള്ളൂ മനുഷ്യരില്‍.

9/16/2006 2:25 pm  
Blogger അഷ്റഫ് said...

സൈനബ ഇപ്പോള്‍ സുഗമായിരിക്കുന്നുണ്ടാവുമെന്നു കരുതാം അല്ലെ...?വല്ല്യമ്മായിക്ക് എന്നെങ്കിലും അവരെ കണാന്‍ കഴിയുമായിരിക്കും...

9/16/2006 2:42 pm  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വലിയമ്മായീ,
മനസ്സിനെ ചലിപ്പിക്കുന്ന എഴുത്ത്‌, എവിടെയൊക്കെയോ തൊട്ടുനോവിക്കുന്ന ഇതുപോലത്ത ചില്ലറ അനുഭവങ്ങള്‍ എല്ലാര്‍ക്കും ഉണ്ടാവില്ലേ?

പിന്നെ ഏതു നേരവും ശ്ളോകം ചൊല്ലുകാന്നു പറയല്ലേ-

"മനഃകൃതം കൃതം കര്‍മ്മ ന ശരീരകൃതം കൃതം" എന്നുണ്ട്‌. മനസ്സുകൊണ്ടാലോചിച്ചതോടെ അതു ചെയ്തുകഴിഞ്ഞു, മനസ്സില്ലാതെ അതു ചെയ്തിട്ടു കാര്യവുമില്ല.

നല്ല ആഖ്യാനം, ഇനിയും പ്രതീക്ഷിക്കുന്നു.

9/16/2006 4:39 pm  
Blogger ഇടിവാള്‍ said...

വല്ല്യമ്മായി...

ഹോ, എന്തൊരു സാമ്യം.. ഞാനും തീര്‍ക്കാനാവാത്ത ഒരു കടത്തെപ്പറ്റി ഒരു പോസ്റ്റ് 2 ദിവസം മ്മുന്‍പ് ഇട്ടതേയുള്ളൂ..

അതുമാത്രമോ..
ബച്ചണം കണ്ടാല്‍, എനിക്കും ഇതേ അവസ്ഥയാ, ചുറ്റുമുള്ളവര്രെപ്പോലും മറക്കും !

തൃശ്ശൂരു ഭാഗത്ത് ഇതിനെ ആക്രാന്തം എന്നാണു വിളിച്ചുകേള്‍ക്കുന്നത് !

( ഞാന്‍ എപ്പ വിട്ടൂന്നു ചോദീര്! )

9/16/2006 4:46 pm  
Blogger മുസാഫിര്‍ said...

ഇതു വായിച്ചതിനു ശേഷം ഞാന്‍ വിചാരിച്ചു,അയ്യൊ മാപ്രാണത്തായിരുന്നെങ്കില്‍,കഴിഞ്ഞ മാസമായിരുന്നെകില്‍ നമുക്ക് പറ്റിയ ആളുണ്ടായിരുന്നല്ലൊ എന്ന്.പിന്നെയാണ് കുറുമാന്‍‌ജിയുടെ കുറിപ്പു കണ്ടത്.

9/16/2006 5:24 pm  
Blogger thoufi | തൗഫി said...

കാലങ്ങളേറെ കഴിഞ്ഞിട്ടും തിളക്കം മാറാത്ത ആ പാത്രവും അത്‌ സമ്മാനിച്ച ഓര്‍മകളേയും കൂട്ടുപിടിച്ച്‌ പഴയ കളിക്കൂട്ടുകാരിയെത്തേടിയുള്ള ഈ കുറിപ്പുകള്‍ മനസ്സില്‍ എവിടെയൊക്കെയോ ഒരു നീറ്റലുണര്‍ത്തി.എല്ലാ കടങ്ങളും വീട്ടിത്തീര്‍ന്നാല്‍ നമ്മുടെ ഓര്‍മകള്‍ക്ക്‌ നിറം മങ്ങില്ലേ,വല്ല്യമ്മായി...?
നന്നായിരിക്കുന്നു.ഹൃദയത്തില്‍ ആഞ്ഞു തറക്കുന്ന ഭാഷ.ഭാവുകങ്ങള്‍.

പിന്നേയ്‌..,തറവാടിയോട്‌ ഒരു മുന്നറിയിപ്പ്‌
റംസാനാണു വരുന്നത്‌.നോമ്പു തുറന്ന് പ്രാര്‍ത്ഥനയും കഴിഞ്ഞ്‌ പള്ളിയില്‍ നിന്നിറങ്ങിയാല്‍ ആദ്യം അടുക്കളയിലേക്കോടിയെത്തി ചട്ടിയും കലവും ഒന്നു തുറന്നു നോക്കിക്കോണം.ആ പഴയ ആക്രാന്തം വിട്ടുപോയില്ലെന്നാരു കണ്ടു?

9/16/2006 6:46 pm  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

വല്ല്യമ്മായീ,
ഉള്ളില്‍ത്തട്ടിവായിച്ചു. സൂ പറഞ്ഞതുപോലെ, വീട്ടിത്തീര്‍ക്കാന്‍ കഴിയാത്ത കടങ്ങളുണ്ടെന്നു തന്നെ എനിയ്ക്കും തോന്നുന്നു. എന്നെങ്കിലും സൈനബയെ കാണാനിടവരട്ടെ.

9/16/2006 7:35 pm  
Blogger Adithyan said...

കടങ്ങള്‍ ഒക്കെ അങ്ങനെ കിടക്കട്ടന്നെ...

അല്ലെങ്കില്‍ ഞാന്‍ ഒരെണ്ണം വീട്ടിയേക്കാം... ഒരു പൊതു മാപ്പ് - പണ്ടത്തെ എന്റെ ഒരു അട്ടഹാസത്തിന്.

:)

9/16/2006 8:20 pm  
Blogger ലിഡിയ said...

തെറ്റുകള്‍ ചെയ്യാതിരുന്നാല്‍ നമ്മളൊക്കെ ഈശ്വരന്മാരായി പോവുമായിരുന്നില്ലേ, ഓര്‍മ്മകളുടെ ദൌത്യം അത് തന്നെയാണ്, വന്ന വഴി മറക്കാതെ നമ്മേയൊക്കെ കാല്‍ മണ്ണിലുറപ്പിച്ച് നില്‍ക്കാന്‍ സഹായിക്കുക.

ഈ നല്ല ഓര്‍മ്മയ്ക്കും വിവരണത്തിനും നന്ദി

-പാര്‍വതി

9/16/2006 8:47 pm  
Blogger Rasheed Chalil said...

അനൊണിനിറഞ്ഞാടിയ ഒരു നിമിഷത്തില്‍ വക്കാരിമാഷേപ്പോലെ ഞരമ്പുകള്‍ വലിച്ചുമുറുക്കി, പേശികള്‍ ദൃഢമാക്കി, മസിലുകള്‍ ബലവത്താക്കി, കണ്ണുകള്‍ ഇറുക്കിയടച്ച് ആവേശത്തോടെ അട്ടഹസിച്ചതാണോ ആദീ ഉദ്ദേശിച്ചത്.

ഹ... ഹ

9/16/2006 9:42 pm  
Blogger Adithyan said...

അതു തന്നെ ഇത്തിരീ,
ഒരു ദിവസം മുഴുവന്‍ അനോണികളുമായി ജുദ്ദം ചെയ്തതിന്റെ കൊട്ടിക്കലാശം അങ്ങനെയായിപ്പോയി :)

9/16/2006 9:45 pm  
Blogger sreeni sreedharan said...

വല്യമ്മായി,
ആ കടം വീട്ടണ്ടാ, മാപ്പും പറയ്ണ്ടാ...
അതങ്ങിനെ തന്നെ ഇരുന്നോട്ടെ
സൈനബയെ കണ്ടു മുട്ടും തീര്‍ച്ച.

(ശ്ശെടാ.. അന്നാലും കാലം പോയ ഒരു പോക്കെ?
മാപ്രാണത്തുള്ളവരു പോലും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നൂ...ബ്ലോഗുന്നൂ..കലി കാലം)

9/16/2006 9:45 pm  
Blogger രാജാവു് said...

കൊട്ടാര‍ത്തിന്‍റെ നാല് ചുമരുകള്‍ക്കുള്ളില്‍ കിടന്ന് ഞാന്‍ ഓര്‍ത്തു പോകുന്നു ഓ സൈനബാ....
നന്നായിരിക്കുന്നു അമ്മാവീ.ഓര്‍മ്മകളേ......
രാജാവു്.

9/16/2006 9:47 pm  
Blogger റീനി said...

വല്ല്യമ്മായി, കുറെ കടങ്ങള്‍ വീടാതെ അങ്ങനെതന്നെ കിടക്കട്ടെ.അപ്പോള്‍ നമ്മള്‍ ഇടക്കിടെ കണക്കെടുക്കുകയും പല മുഖങ്ങളെ ഓര്‍ക്കുകയും ചെയ്യുന്നു.

9/17/2006 6:57 am  
Blogger ബിന്ദു said...

വല്യമ്മായിക്ക് സൈനബയെ കണ്ടുമുട്ടാന്‍ ഇടവരട്ടെ എന്ന് പ്രാ‍ര്‍ത്ഥിക്കുന്നു, വേറെ ഒന്നിനുമല്ല അവര്‍‌ സുഖമായിരിക്കുന്നു എന്നൊരു വര്‍‌ത്തമാനം കേള്‍ക്കാന്‍.:) എന്നാണ് നൊയമ്പ് തുടങ്ങുന്നത്?

9/17/2006 7:36 am  
Blogger വല്യമ്മായി said...

സൈനബയെ കുറിച്ചുള്ള എന്റെ ഓര്‍മ്മകളും നോമ്പരങ്ങളും ഏറ്റെടുക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.
വേലായുധനുള്ള കുപ്പി കുറുമാന്‍ വാങ്ങിയെങ്കില്‍ സൈനബയ്ക്കുള്ള ഇഫ്താര്‍ ഭക്ഷണം ചോദിച്ച് പട്ടേരിയതാ തറവാടിന്റെ വാതില്ക്കല്‍. ഇനിയാര്‍ക്കെങ്കിലും വേണമെങ്കില്‍ അറിയിക്കുക.

9/17/2006 11:01 am  
Blogger ചില നേരത്ത്.. said...

ഒരു പക്ഷെ ആ കടങ്ങളൊന്നും വീട്ടാന്‍ വിധി എനിക്ക്‌ അവസരം തരാത്തത്‌ എന്റെ മനസ്സില്‍ നിന്നും അവളൊരിക്കലും മാഞ്ഞ്‌ പോകാതിരിക്കാന്‍ വേണ്ടിയാകാം.
നല്ല വരികള്‍.

9/17/2006 2:39 pm  
Blogger വല്യമ്മായി said...

ചിലനേരത്ത്,നന്ദി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും

9/17/2006 7:38 pm  
Blogger കണ്ണൂരാന്‍ - KANNURAN said...

നന്നായിരിക്കുന്നു.... ചില കടങ്ങള്‍ അങ്ങിനെ തന്നെ ഇരിക്കട്ടെ... കടം വീട്ടനുള്ള് അവസരം വരും.. അതിന്നായി കാതിരിക്കുക...

9/18/2006 8:53 am  
Blogger Peelikkutty!!!!! said...

സൈനബയെക്കുറിച്ച് എന്തെങ്കിലും അറിയാന്‍ കഴിയും ഉറപ്പ്.

9/18/2006 9:18 am  
Blogger വല്യമ്മായി said...

നന്ദി,കണ്ണൂരാന്‍ & Peelikkutty

9/18/2006 12:36 pm  
Blogger ശിശു said...

അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ഉരിയാടാതിരിക്കുക
അര്‍ത്ഥമുള്ള മൌനങ്ങള്‍ കൊണ്ടു നമുക്ക്‌ സൈനബയെ തിരയാം.
മനസ്സിലെ വെണ്മകൊണ്ട്‌ വിളക്കിവെയ്ക്കുന്ന നിറം മങ്ങിത്തുടങ്ങിയ 'കുടുക്ക'യില്‍ സൈനബയെ ആവാഹിച്ചിരുത്തിയിരിക്കുകയല്ലേ?
ഇനിയെവിടെ തിരഞ്ഞുപോകണം?

9/18/2006 12:59 pm  
Blogger അഹമീദ് said...

വ്രതശുദ്ധിയുള്ള ഒരു ഓര്‍മ മനസ്സില്‍ സൂക്ഷിക്കുന്നതിന്റെ സുഖം അനുഭവിക്കാന്‍ കഴിയുന്ന വല്യമ്മായി ഭാഗ്യവതി തന്നെ.

9/18/2006 6:20 pm  
Blogger വല്യമ്മായി said...

ഒരു പക്ഷെ ആ കടങ്ങളൊന്നും വീട്ടാന്‍ വിധി എനിക്ക്‌ അവസരം തരാത്തത്‌ എന്റെ മനസ്സില്‍ നിന്നും അവളൊരിക്കലും മാഞ്ഞ്‌ പോകാതിരിക്കാന്‍ വേണ്ടിയാകാം.

നന്ദി ശിശു,അഹമീദ്,പുംഗവന്‍

9/19/2006 4:35 pm  
Blogger സിനേമ \ cinema said...

ബ്ലൊഗിനാകെ ഒരഴുകുണ്ട്.നന്ദി

5/31/2008 4:40 pm  
Blogger സിനേമ \ cinema said...

ബ്ലൊഗിനാകെ ഒരഴുകുണ്ട്.നന്ദി

5/31/2008 4:40 pm  
Anonymous Anonymous said...

വീട്ടി തീര്‍ക്കാനാകാത്ത ചില കടങ്ങളില്ലേ, അതിന്റെ കൂട്ടത്തില്‍ ഇരിക്കട്ടെ ഇതും. എന്നെങ്കിലും സൈനബയെ കാണാനിട വരട്ടെ. അവര്‍ക്കും ഒരു നല്ല ജീവിതം കിട്ടിക്കാണും എന്നു നമുക്ക് കരുതാം.

ഇതുപോലൊരു സൈനബ ഞങ്ങലുടെ വീട്ടിലും ഉണ്ടായിരുന്നു. സ്‌കൂളിലേ പോയിട്ടില്ലാത്ത അവരെ ടീച്ചറും കുട്ടീം കളിച്ച് മലയാളം പഠിപ്പിച്ചെടുത്തു . കല്യാണവും കഴിപ്പിച്ചു വിട്ടു. ഞങ്ങള്‍ പഠിപ്പിച്ചുകൊടുത്ത അക്ഷരമാല വച്ച് അവര്‍ ഞങ്ങള്‍ക്ക് എഴുതുമായിരുന്നു. ഇപ്പോഴും അമ്മയെ കാണാന്‍ നാട്ടില്‍ വരാറുണ്ട്. പക്ഷേ എത്രയെല്ലാം സഹായിച്ചിട്ടും അവരുടെ ജീവിതം അത്ര മെച്ചപ്പെട്ടിട്ടില്ല. അതു തലേ വര എന്നാണ് അവര്‍ പറയുക. മകള്‍ ഭര്‍ത്താവുപേക്ഷിച്ച് ഒരു കുട്ടിയുമായി കൂടെയുണ്ട്. ഇപ്പോള്‍ ആ ചുമതല കൂടി അവര്‍ക്ക്.
word veri?

നല്ല എഴുത്ത്.

7/13/2010 5:08 pm  

Post a Comment

<< Home