Wednesday, September 20, 2006

വടി കൊടുത്ത്‌ അടി വാങ്ങി(ഒന്നു കൂടെ)

മൂന്നാം ക്ലാസ്സിലെ വേറൊരു ദിവസം.

എന്റെ കൂട്ടുകാരി റൈന,ഒരു ഡപ്പിയില്‍ കുറച്ച്‌ വെളുത്ത ഗുളികകള്‍ കൊണ്ടു വന്നു.ആറെണ്ണം എനിക്ക്‌ തന്നു.ഇതെന്തിനുള്ളതാ,ഞാന്‍ ചോദിച്ചു.ഇതു കഴിച്ചാല്‍ ബുദ്ധി കൂടും,അവള്‍ മറുപടി പറഞ്ഞു.(വെറുതെയല്ല ഇവള്‍ക്ക്‌ എല്ലാ ക്ലാസ്സിലും ഫസ്റ്റ്‌ കിട്ടുന്നത്‌,ഞാന്‍ മനസ്സില്‍ പറഞ്ഞു.)മൂന്ന് ഗുളിക ഞാന്‍ വായിലിട്ടു.നല്ല മധുരം.

ബാക്കി ഞാന്‍ ഷാന്റിയ്ക്ക്‌ കൊടുത്തു.(പാവം ഗൃഹപാഠം ചെയ്യുന്ന കണക്ക്‌ തെറ്റുന്നതിന്‌ എന്നും റ്റീച്ചറിന്റെ കയ്യില്‍ നിന്നും അടി കിട്ടുന്നതാ).

പതിവ്‌ പോലെ നാല്‌ മണിയ്ക്ക്‌ സ്കൂള്‍ വിട്ട്‌ വീട്ടിലെത്തി.ചെറിയ ഒരു ക്ഷീണം തോന്നിയതിനാല്‍ വായിക്കുകയാണെന്ന വ്യാജേന സോഫയില്‍ കിടന്നു.ചെറുതായി ഒന്നു മയങ്ങിയപ്പോഴാണ്‌ ഉമ്മയുടെ നീട്ടിയുള്ള വിളി കേട്ടത്‌.വേഗം എണീറ്റ്‌ വിളി കേട്ടിടത്തേക്ക്‌ നടന്നു.

മുറ്റത്ത്‌ ഉമ്മയോടൊപ്പം പടിഞ്ഞാറേലെ ജെസ്സി ചേച്ചിയും ഷാന്റിയുടെ അമ്മയും ഉണ്ടായിരുന്നു."നീയെന്ത്‌ മരുന്നാണ്‌ ഷാന്റിയ്ക്ക്‌ കൊടുത്തത്‌,അവള്‍ക്ക്‌ തീരെ സുഖമില്ലത്രെ"
"റൈന തന്ന ഗുളികയാണ്‌ ഞാന്‍ ഷാന്റിയ്ക്ക്‌ കൊടുത്തത്‌."

പറഞ്ഞു തീരുന്നതിന്‌ മുമ്പ്‌ തന്നെ ഉമ്മാടെ കയ്യില്‍ നിന്ന് അടി കിട്ടി.ഉടനെ തന്നെ ഉമ്മ റൈനയുടെ അമ്മയ്ക്ക്‌ ഫോണ്‍ ചെയ്തു.ആ ഹോമിയോ ഗുളിക സാധാരണ കുട്ടികള്‍ക്ക്‌ കൊടുക്കുന്നതാണെന്നും പേടിയ്ക്കാനില്ലെന്നും റൈനയുടെ അമ്മ പറഞ്ഞതിനാല്‍ ഞാന്‍ കൂടുതല്‍ അടിയില്‍ നിന്നും രക്ഷപ്പെട്ടു.

Labels:

17 Comments:

Blogger വല്യമ്മായി said...

ആരെങ്കിലും ഒരു മിഠായി പോലും കൊടുത്താല്‍ expiry date നോക്കിയതിന്‌ ശേഷം കഴിക്കുന്ന എന്റെ മക്കളെവിടെ ഈ ഞാനെവിടെ??

9/20/2006 8:20 pm  
Blogger Unknown said...

കുട്ടികള്‍ അഛന്റേയും അമ്മയുടേയും എക്സ്പൈറി ഡേറ്റ് നോക്കാത്തത് ഭാഗ്യം എന്ന് കരുതേണ്ട കാലമാണ് വല്ല്യമ്മായീ. കഥ നന്നായി. ചെറിയ കഥകള്‍ പക്ഷെ തരുന്ന സുഖം വലുതാണ്.

9/20/2006 8:27 pm  
Blogger ലിഡിയ said...

കുറച്ചൊന്നുമ്മല്ലല്ലോ ചെറുപ്പത്തില്‍ ഭാഗ്യം കടാക്ഷിച്ചത്..പണ്ട് ഒരു ഇലക്ട്രിക്കല്‍ പരീക്ഷണം നടത്തിയ കഥ പറഞ്ഞു.പിന്നെ ദേ..ഇത്..

എന്നാലും വലിയ സഹാനുഭൂതിയാണല്ലേ..?കിട്ടുന്നതെല്ലാര്‍ക്കും വീതിച്ചിട്ടേ കഴിക്കൂ,(അതൊരു നല്ല മനസ്സാണ്)

വിവരണം നന്നായീ.അത് വേറൊന്നും ആകാഞ്ഞത് ഭാഗ്യം

-പാര്‍വതി.

9/20/2006 8:28 pm  
Blogger Rasheed Chalil said...

വല്ല്യമ്മായി താങ്കളുടെ കഥകളിലുടനീളം നിഷ്കളങ്ക ബാല്യത്തിന്റെ മാനോഹാരിത കാണുന്നു, ഒന്നുമറിയാതിരുന്ന ആ പൊയ്പോയ സുവര്‍ണ്ണകാലം.

എവിടെയോ വെച്ച് നഷ്ടപെട്ട ഗതകാല സുകൃതങ്ങളിലേക്ക് ഒരു തിരിഞ്ഞ് നോട്ടത്തിന് അവസരമുണ്ടാക്കുന്നു.

ഒത്തിരി നന്നായിരിക്കുന്നു കെട്ടോ...

9/21/2006 8:01 am  
Blogger Visala Manaskan said...

'എന്റെ കൂട്ടുകാരി റൈന,ഒരു ഡപ്പിയില്‍ കുറച്ച്‌ വെളുത്ത ഗുളികകള്‍ കൊണ്ടു വന്നു.ആറെണ്ണം എനിക്ക്‌ തന്നു. ഇതെന്തിനുള്ളതാ,ഞാന്‍ ചോദിച്ചു.
ഇതു കഴിച്ചാല്‍ ബുദ്ധി കൂടും'

ഉറങ്ങിയെണീറ്റപ്പോള്‍ ബുദ്ധി കൂടിയിരുന്നോ?

‘എനിക്ക് ഗുളികാ ന്ന് കേള്‍ക്കുമ്പോഴേ ഇപ്പോ പേടിയാ..‘

9/21/2006 8:17 am  
Blogger തറവാടി said...

പണ്ട് കുറുപ്പിന്റെ മകന്‍ നീലാണ്ടനെ ( നീല കണ്ഠന്‍ ) , സ്കൂളില്‍ നിന്നും രണ്ട് കോടുത്തു , കാരനം ഇന്നും എനിക്കറിയില്ലാട്ടോ , വകുന്നേരം , കുറുപ്പ് നീലാണ്ടനെ കയ്യില്‍ തൂക്കി വന്നു , ഉമ്മാനൊട് പറഞ്ഞു , " വെല്ലിമ്മാ..ഇത് കണ്ടൊ..ചെക്കന്റെ പുറത്തുള്ള അടയാളം .., ഇവന്റെയടുതാണെങ്കില്‍ ഇവനെയിനിയും തല്ലണം ..അതല്ല ഇവിടത്ത കുട്ടിയുടെ യടുത്താണെങ്കില്‍ ..ഇനി ഇങ്ങനനെ ചെയ്യരുതെന്ന് പറയനം " ഉമ്മാക്ക് ചിന്തിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല :" കുറുപ്പെ..എന്താ ..സംശയം , കുറുപ്പിന്റെ മോനെ നിക്കറിയാവുന്നതല്ലെ , " പിന്നെ ഒളിച്ചിരുന്ന എന്നെ കുറുപ്പിന്റെ മുന്നിലേക്ക് വലിച്ചുകൊണ്ടുപോയി ഉമ്മ പറഞ്ഞു" നാലെണ്ണം കൊടുക്കാതെ കുറുപ്പ് പോയാല്‍ പിന്നെ ഞാനിനി മാളുവമ്മയോട് മിണ്ടില്ല" ( മാളുവമ്മ - നീലാണ്ടന്റെ അമ്മ ) , ആകെ വിഷമ മായ കുറുപ്പ് എന്നെ കുറെ ഉപദേശിച്ച് പോയി , പോകുമ്പോള്‍ ഉമ്മ പരയുന്നുണ്ടായിരുന്നു " ന്റെ റബ്ബെ ഞാനീചെക്കനെകോണ്ടെന്താ ചെയ്യ".... ഇതാണെനിക്കോര്‍മ്മവന്നത്

9/21/2006 8:33 am  
Blogger വേണു venu said...

ബുക്കിനുള്ളില്‍ സൂക്ഷിച്ചിരുന്ന മയില്‍ പീലി പോലെയൊരു കുഞ്ഞോര്‍‍മ്മ.
വേണു.

9/21/2006 9:43 am  
Blogger പട്ടേരി l Patteri said...

നമുക്കു കുട്ടിക്കാലത്തു കിട്ടിയ അടികള്‍ക്കായി ഒരു ബ്ലോഗ് തുടങ്ങിയാലോ ;;)
എനിക്കു ഇന്‍വിറ്റേഷന്‍ അയക്കെണ്ട, ഞാന്‍ നല്ല കുട്ടി ആയിരുന്നു..;;)

9/21/2006 10:14 am  
Blogger സൂര്യോദയം said...

വല്ല്യമ്മായീ.... തിന്നാന്‍ കിട്ടിയാല്‍ വിട്ടുകളയരുത്‌.. അപ്പൊ തട്ടിയേക്കണം... നല്ല ശീലം...
'ചക്കാത്ത്‌ കിട്ടിയാല്‍ ചക്കമുളഞ്ഞിയും തിന്നും' എന്നും 'ഓസിന്‌ കിട്ടിയാല്‍ ആസിഡും കുടിക്കും' എന്ന പ്രയോഗങ്ങള്‍ക്ക്‌ ഉദാഹരണം കൊള്ളാം..

9/21/2006 10:20 am  
Blogger asdfasdf asfdasdf said...

വല്യമ്മായി, ബാല്യത്തിന്റെ നിഷ്ക്കളങ്കത തനതായി ചിത്രീകരിച്ചിരിക്കുന്നു. എന്റമ്മേ.. ഈ ഓര്‍മ്മശക്തി അപാരം..പിന്നെ ഈ ചങ്കുറപ്പും.

9/21/2006 10:28 am  
Blogger മുസ്തഫ|musthapha said...

ഈ വല്യമ്മായിയെന്താ മൂന്നാം ക്ലാസ്സീന്നങ്ങട്ട് പാസ്സാവാത്തത് :)

നല്ല ഓര്‍മ്മക്കുറിപ്പ്... ആ ഗുളികേടെ ഫലമാണോ ഇത്രേം ഓര്‍മ്മശക്തി.

9/21/2006 11:04 am  
Blogger മുസാഫിര്‍ said...

നല്ല സുന്ദരമായ അനുഭവം.വല്യമ്മായിയുടെ കുട്ടികള്‍ കുറുമ്പ് കാട്ടുമ്പോള്‍ അവരെ ശിക്ഷിക്കാറുണ്ടായിരുന്നോ ?
അതൊ ചുമ്മാ വിടാറുണ്ടായിരുന്നൊ ?

9/21/2006 1:34 pm  
Blogger കരീം മാഷ്‌ said...

അഗ്രജാ..!
വല്ല്യമ്മായി പതുക്കെ പതുക്കെ ജയിച്ചു ക്ലാസു കയറിയാല്‍ മതി. ഇവനെന്താ ഇത്ര ധൃതി. കുട്ടിക്കാലത്തെതു കേള്‍ക്കാനാ ഇഷ്‌ടം. അതില്‍ നിഷ്‌കളങ്കതയും സത്യവും, നിസ്സ്വാര്‍ത്തതയും കാണും.

9/21/2006 2:13 pm  
Anonymous Anonymous said...

ഇത്രയും പാവമായ സഹകരണ മനോഭാവമുള്ള ഒരു നല്ല വല്യമ്മായീ, ഈ നീലാണ്ടനെ രണ്ട് കൊടുത്ത് സമാനമായ പല കണ്ണന്തിരുവുകളും കാട്ടി കുസൃതിയായി നടന്നിരുന്ന തറവാടി ഇപ്പോ ആള്‍ മാറിയിട്ടുണ്ടോ ഡീസന്റായിട്ടുണ്ടോ? ഉണ്ടായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇല്ലെങ്കില്‍ എപ്രയും തെട്ടെന്ന് തന്നെ ആള്‍ മഹാ ഡീസന്റാവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.

തറവാടീ... കെറുവിക്കല്ലെ... ഇങ്ങള് ആള് ഡീസന്റാണെന്ന് ഞങ്ങള്‍ ബൂലോഗ പുലികള്‍ക്കൊക്കെ അറിയാല്ലോ... വെറുതെ ഒരു തമാശക്ക് എഴുതിയതല്ലേ...

9/21/2006 3:45 pm  
Blogger വല്യമ്മായി said...

ദില്‍ബാസുരന്‍,പാര്‍വതി,ഇത്തിരിവെട്ടം, വിശാല മനസ്കന്‍,തറവാടി,പുംഗവന്‍,വേണു,പട്ടേരി, സൂര്യോദയം,അഗ്രജന്‍,കരീം മാഷ്‌,എല്ലാവര്‍ക്കും നന്ദി എന്‍റെ ബാല്യകാലാനുഭവം പങ്കു വെക്കാനെത്തിയതിന്.

ഞാനും നിങ്ങളും നന്ദി പറയേണ്ടത് എന്‍റെ മാതാപിതാക്കളോടാണ്,മക്കള്‍ മലയാളം പഠിക്കട്ടെ എന്നു കരുതി മൂന്ന് വയസ്സില്‍ ഖത്തറില്‍ നിന്നും നാട്ടില്‍ വന്നതിന്.അതിലൂടെ സമ്പന്നമായ ഒരു ബാല്യം എനിക്ക് സമ്മനിച്ചതിന്.

അനോണീ,എന്‍റേതു പോലെ ആരും മനസ്സിലാക്കാത്ത ഒരു ബാല്യമായിരുന്നു തറവാടിയുടെതും.മനസ്സിലുള്ളത് പലതും നിഷ്കളങ്കമായി പുറത്തേക്ക് വരുമ്പോഴാണ് അത് കുറുമ്പായി മറ്റുള്ളവര്‍ കരുതുന്നത്.

9/22/2006 8:51 am  
Blogger mydailypassiveincome said...

ഓര്‍മ്മകളെ വീണ്ടും വിളിച്ചുണര്‍ത്തുന്ന സംഭവം. പഴയ ആ നല്ല കാലങ്ങള്‍ ഓര്‍മ്മിക്കാന്‍ ഒരു നല്ല അവസരം തന്നതിന് വളരെ നന്ദി.

പണ്ട് സ്കൂളില്‍ വച്ച് അടുത്തിരിക്കുന്നവനെ ഒരു പൂവ് മണപ്പിച്ചപ്പോള്‍ എന്നോട് റ്റീച്ചര്‍ ചോദിച്ചു. എന്തെടുക്കുവാ അവിടെ, ഇവിടെ തരൂ. റ്റീച്ചര്‍ ആ പൂവ് വാങ്ങി മണത്തു നോക്കി. അതിന് ശേഷം റ്റീച്ചറിന്ടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു. ക്ലാസ്സിലുള്ള കുട്ടികള്‍ മുഴുവന്‍ ആര്‍ത്ത് ചിരിച്ചു. അവരെ ഞാന്‍ ആദ്യം തന്നെ ആ പൂവ് മണപ്പിച്ചതാ‍യിരുന്നു. ആ പൂവ് വളരെ മുള്ളുകളുള്ള ഒരു വലിയ മഞ്ഞ പൂവാണ്. അതിന്റെ പേരറിയില്ല. ഒന്ന് മാത്രമറിയാം. ഇത്രയും ദുര്‍ഗന്ധം ഉള്ള പൂവ് ഉണ്ടോ എന്ന് സംശയമാണ്.. ഓര്‍ത്തിട്ട് ഇപ്പോഴും ചിരി വരുന്നു.........

9/25/2006 10:47 am  
Blogger വല്യമ്മായി said...

മഴത്തുള്ളി,നന്ദി എന്‍റെ ബാല്യകാലാനുഭവം പങ്കു വെക്കാനെത്തിയതിന്.

9/25/2006 8:20 pm  

Post a Comment

<< Home