Saturday, October 24, 2009

ധാന്യവാഹകരായ ഉറുമ്പുകള്‍

(റൂമിയുടെ മസ്‌നവി എന്ന കാവ്യത്തിലെ കുറച്ച് വരികളുടെ പരിഭാഷ. വരികള്‍ ഇംഗ്ലീഷില്‍ ഇവിടെ.)

ആത്മാവ് ഉറുമ്പാണെങ്കില്‍
‍അത് ചുമക്കുന്ന ധാന്യം മാത്രമാണ് ശരീരം.
ചുമക്കുന്നവനറിയാം ചുമട് നശ്വരമാണെന്ന്.

ബാര്‍ലി ചുമക്കുന്ന ഉറുമ്പ്
ഗോതമ്പ് ചുമക്കുന്ന ഉറുമ്പിനെ പിന്തുടരുമ്പോള്‍
ഉറുമ്പ് മറ്റൊരു ഉറുമ്പിനടുത്തേക്കാണ് നടന്നടുക്കുന്നത്.
ധാന്യങ്ങളുടെ ചലനം അതിന്റെ പരിണിത ഫലം മാത്രം.
ചുമടിനെയല്ല,ചുമക്കുന്നവനെയാണ് ശ്രദ്ധിക്കേണ്ടത്.
കറുത്ത ഉറുമ്പ് കറുത്ത പ്രതലത്തിലൂടെ നീങ്ങുമ്പോള്‍
ചലിക്കുന്ന ധാന്യത്തെ മാത്രം കാണുന്നത് പോലെ.

പക്ഷെ നാമറിയണം,
വാഹകനില്ലാതെ ധാന്യത്തിന് ചലിക്കാനാകില്ലയെന്ന്.

Labels: ,

Sunday, May 24, 2009

സിംഹവും കുറുക്കനും കഴുതയും - പുനര്‍‌വായന

(മസ്നവിയിലെ അഞ്ചാം അദ്ധ്യായത്തിലും അന്‍‌വര്‍-ഇ-സുഹൈലി എന്ന കൃതിയിലും പ്രതിപാദിച്ചിട്ടുള്ള കഥയുടെ പരിഭാഷ.നമ്മളില്‍ പലരും കേട്ടതാണെങ്കിലും അന്ന് ശ്രദ്ധിക്കാതെ പോയ ആത്മീയതലങ്ങള്‍ വെളിച്ചംകാണിക്കുന്നതിനു വേണ്ടിയാണീ ഉദ്യമം.)

ഒരു ആനയുമായുള്ള എറ്റുമുട്ടലിനിടെ പരിക്കേറ്റ സിംഹത്തിന് ഇരതേടാന്‍ കഴിയാതെ ആയി. ഏതെങ്കിലും മൃഗത്തെ തന്റെയരികെ എത്തിക്കണമെന്ന് ക്ഷീണിതനായ സിംഹം കുറുക്കനോട് ആവശ്യപ്പെട്ടു..സിദ്ധന്‍‌മാരുടെ വായില്‍ നിന്നുതിരുന്ന ദിവ്യബോധനത്തിനായി കാതോര്‍ത്തിരിക്കുന്ന അനുയായികളെ പോലെ മറ്റ് മൃഗങ്ങള്‍ ഇര തേടിയതിന്റെ പങ്ക് മാത്രം ഭക്ഷിച്ചിരുന്ന കുറുക്കന്‍ മനസ്സില്ലാമന‍സ്സോടെയാണ് ഈ ആജ്ഞ സ്വീകരിച്ചത്.തരിശുഭൂമിയില്‍ ഭക്ഷണം തേടിയിരുന്ന മെലിഞ്ഞ ഒരു ഒരു കഴുതയെ കുറുക്കന്‍ കണ്ടു.തന്ത്രപൂര്‍‌വ്വം കഴുതയുടെ അടുത്തെത്തിയ കുറുക്കന്‍ അതിന്റെ ശോച്യസ്ഥിതിയില്‍ ദുഃഖം പ്രകടിപ്പിക്കുകയും നിറയെ ചെടികളുള്ള താഴ്വരയിലേക്ക് അതിനെ ക്ഷണിക്കുകയും ചെയ്തു.

കുറുക്കന്റെ വാഗ്ദാനം നിരസിച്ച് കഴുത പറഞ്ഞു:

 ഇതെനിക്ക് ദൈവം തന്ന ഇടമാണ്,അതിന്റെ കുറവുകളെ കുറിച്ച് ചോദ്യം ചെയ്യുന്നത് പാപമാണ്.പണ്ട് യജമാനുവേണ്ടി വെള്ളം ചുമന്ന് തളര്‍ന്ന ഒരു കഴുതയ്ക്ക് രാജാവിന്റെ കുതിരലായത്തില്‍ ഇടം കിട്ടി.കുതിരകളുടെ മെച്ചപ്പെട്ട  ആരോഗ്യസ്ഥിതി കണ്ട കഴുതയ്ക്ക് തന്റെ സ്ഥിതിയില്‍ അപമാനം തോന്നി.പക്ഷെ ഒരു ദിവസം ആരോഗ്യവാന്‍‌മാരായ കുതിരകളെയെല്ലാം യുദ്ധത്തിനു കൊണ്ടു പോവുകയും അവയെല്ലാം അത്യാസന്ന നിലയില്‍ മടങ്ങിയെത്തുകയും ചെയ്തത് കണ്ട് ആ കഴുത തന്റെ യജമാനന്റെ അടുത്തേക്ക് തന്നെ മടങ്ങി പോകുന്നു.

ഇതു കേട്ട കുറുക്കന്റെ മറുപടി:
പക്ഷെ മെച്ചപ്പെട്ട അവസരങ്ങള്‍ വരുമ്പോള്‍ അത് ചെയ്തു നോക്കാത്തതു തെറ്റാണ്.ദൈവം പറയുന്നു: ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ തേടികൊണ്ടിരിക്കണംഎന്നാണ് ദൈവ വചനം..നീ എന്റെ കൂടെ വന്നാല്‍ കൊല്ലം മുഴുവനും പുല്ല് കിട്ടുന്ന താഴ്വര കാണിച്ചു തരാം.


കഴുത :
 "ഉപജീവനത്തിനായി അന്വേഷിക്കാനുള്ള കല്‍‌പന നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കാനുള്ളതാണ്."

കുറുക്കന്റെ മറുപടി:
"ഈ ഉന്നത വിശ്വാസം സന്യാസ ശ്രേഷ്ഠന്മാര്‍ക്ക് പ്രത്യേകം നല്‍കിയിട്ടുള്ളതാണ്,പ്രവാചന്‍ പറയുന്നു,സംതൃപ്തി ഒരു നിധിയാണ്,അതെല്ലാവരും കണ്ടെത്തുകയില്ല."
കുറുക്കന്‍ ദൈവവചനങ്ങളെ വളച്ചൊടിക്കുകയാണെന്നും ദൈവവിശ്വാസി ഒരിക്കലും ഉപേക്ഷിക്കപ്പെടില്ലെന്നും പറഞ്ഞ കഴുത ഉദാഹരണമായി ഒരു കഥ പറഞ്ഞു:
 ഒരിക്കല്‍ ഒരു വിശ്വാസി തന്റെ വിശ്വാസം പരീക്ഷിക്കാനായി മരുഭൂമിയില്‍ പോയി,തന്റെ ആവശ്യങ്ങള്‍ ദൈവം നിറവേറ്റി തരുമെന്നും ഭക്ഷണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ മറ്റുള്ളവരെ സമീപിക്കില്ലെന്നും ഉറപ്പിച്ച് ഒരു കല്ലില്‍ കിടന്ന് ഉറക്കമായി.ദൈവം ഒരു പറ്റം യാത്രക്കാരെ അയാളുടെ അടുത്തേക്ക് അയക്കുകയും അവര്‍ അയാളെ കണ്ടെത്തി ഭക്ഷണം നല്‍കുകയും ചെയ്തു.
ദൈവം നമുക്ക് കൈകള്‍ തന്നത് പരിശ്രമിക്കാനാണെന്ന് പറഞ്ഞ് കഴുതയുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ കുറുക്കന്‍ കഴുതയെ നിര്‍ബന്ധിച്ച് കൊണ്ടിരുന്നു.ദൈവവിശ്വാസത്തേക്കാള്‍ മഹത്തായ തൊഴിലില്ലെന്നും ഇഹലോകത്തിലെ ജോലികളെല്ലാം നാശത്തിലേക്കേ നയിക്കൂ എന്ന് "നിന്റെ കൈകളാല്‍ സ്വയം നാശത്തിലേക്ക് തള്ളിയിടരുത്" എന്ന വാക്യം ഉദ്ധരിച്ച് കഴുത പറഞ്ഞു.
  
പക്ഷെ ദിവ്യവചനങ്ങളൊക്കെ ഉരുവിട്ട് കൊണ്ടിരുന്നെങ്കിലും തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കാന്‍ കഴുതയ്ക്ക് കഴിഞ്ഞില്ല, കാരണം അതിന്റെ വിശ്വാസം ആഴത്തില്‍ വേരുറക്കാത്തതായിരുന്നു.തത്തകളെ പോലെ എന്തൊക്കെയോ ഏറ്റ് പറയുമ്പോഴും കുറുക്കന്‍ പറഞ്ഞ നിറയെ പുല്ലുള്ള ആ മൈതാനം അതിനെ മോഹിപ്പിച്ചു കൊണ്ടിരുന്നു.
 കഴുതയ്ക്ക് ഇബ്രാഹിം നബി(അ)യെ പോലെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കാനായെങ്കിലും 
 തീയിലൂടെ നടക്കാന്‍ കഴിഞ്ഞില്ല. അവസാനം കഴുത കുറുക്കന്റെ വാക്കുകളില്‍ മയങ്ങി സിംഹത്തിന്റെ മടയിലേക്ക് പോയി.കഴുതയെ കണ്ടപാടെ സിംഹം ചാടി വീണെങ്കിലും ക്ഷീണിതനായതിനാല്‍ അതിനെ പിടിക്കാന്‍ കഴിഞ്ഞില്ല.കഴുത ഒരു ചെറിയ മുറിവുമായി രക്ഷപ്പെട്ടപ്പോള്‍ സിംഹത്തിന്റെ എടുത്തു ചാട്ടത്തിനെ കുറുക്കന്‍ കുറ്റപ്പെടുത്തി.സിംഹം തന്റെ കുറ്റം സമ്മതിച്ച് ഒന്നു കൂടെ കഴുതയെ തന്റെ അടുത്തെത്തിക്കാന്‍ കുറുക്കനോടാവശ്യപ്പെട്ടു.ശ്രമിച്ചു നോക്കാമെന്ന് കുറുക്കന്‍ സമ്മതിച്ചു.
തന്നെ ചതിയില്‍ കുടുക്കിയതിലുള്ള പരാതിയും പരിഭവവുമായാണ് കഴുത കുറുക്കനെ എതിരേറ്റതെങ്കിലും കഴുത കണ്ട സിംഹം ഒരു മായ മാത്രമായിരുന്നെന്ന് അതിനെ വിശ്വസിപ്പിക്കാന്‍ കുറുക്കന് അധികം പണിപ്പെടേണ്ടി വന്നില്ല.അനുഭവത്തിലെ നിന്ന് പാഠമുള്‍ക്കൊള്ളാത്ത മണ്ടനായ കഴുത ചതിയനായ കുറുക്കനെ പിന്തുടര്‍ന്ന് തന്റെ മരണം വരിച്ചു.
കഴുതയെ വക വരുത്തിയതിനു ശേഷം കുറുക്കനെ ശവത്തിന്റെ കാവലേല്‍‌പ്പിച്ച് സിംഹം ദാഹശമനത്തിനായി പുഴയിലേക്ക് പോയി.സിംഹം പോയതും കുറുക്കന്‍ കഴുതയുടെ ഏറ്റവും സ്വാദുള്ള ഭാഗങ്ങളായ ഹൃദയവും കരളും ഭക്ഷിച്ചു.തിരിച്ചെത്തിയ സിംഹം കഴുതയുടെ ഹൃദയവും കരളും എവിടെ എന്നാരാഞ്ഞപ്പോള്‍ അവ രണ്ടും കഴുതയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ കഴുത ഇത്ര മണ്ടനാകില്ലായിരുന്നു എന്ന് പറഞ്ഞ് കുറുക്കന്‍ സിംഹത്തെ സമാധാനിപ്പിച്ചു.
അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാത്തവര്‍ ഇന്ന് തിരിച്ചറിവില്ലാതെ പോയതിനെ പറ്റി വരാനിരിക്കുന്ന ലോകത്തില്‍  തീര്‍ച്ചയായും വിലപിക്കും.

Labels: , ,

Saturday, May 02, 2009

സൂഫിയുടെ പാട്ട് (In the dead of Night)

(സൂഫി കവിയായിരുന്ന ഫരീദുദ്ദീന്‍ അത്തറിന്റെ In the Dead of night എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.)

അര്‍ദ്ധരാത്രിയിലൊരു സൂഫി പാടുന്നു:
അടച്ചിട്ടിരിക്കുന്ന കല്ലറയാണീ ലോകം.
അജ്ഞരായ നാം രമിക്കുന്ന മൂഢസ്വര്‍ഗം.

മരണം വന്ന് വാതില്‍ തുറക്കുമ്പോള്‍
ചിറകുള്ളവര്‍ക്കേ നിത്യതയിലേക്ക് പറന്നുയരാനാകൂ.
ഇല്ലാത്തവര്‍ക്കീ കല്ലറ തന്നെ ശരണം.

അതിനാല്‍ പ്രിയരേ,
ദൈവത്തിലേക്കുയരാന്‍ കഴിയുന്ന പക്ഷികളാകാന്‍,
വാതില്‍ തുറക്കുന്നതിനു മുമ്പ്
നമുക്കാവുന്നതെല്ലാം ചെയ്യാം.

ചേര്‍ത്ത് വായിക്കാന്‍ :എലികളുടെ കഥ.

Labels: ,

Friday, April 03, 2009

ദിവ്യദര്‍ശനം

 ഹൃദയജാലകങ്ങള്‍ തുറന്നാല്‍
‍ആത്മാവിനേയും ഇതുവരെ അദൃശ്യമായിരുന്നവയേയും കാണാം.
പ്രണയത്തിന്റെ താഴികക്കുടങ്ങളില്‍ നിന്ന് നോക്കിയാല്‍
‍പ്രപഞ്ചത്തെ ഒരു പനിനീര്‍പ്പൂന്തോട്ടമായി ദര്‍ശിക്കാം.

നിന്റെ ഹൃദയം സ്വന്തമാക്കാനാഗ്രഹിച്ച് തേടിയതെല്ലാം
സൂര്യരശ്മിയുടെ അണുകേന്ദ്രത്തിലെ സൂര്യനെന്ന പോലെ
അവിടെയുണ്ട്.

നിനക്കുള്ളതെല്ലാം സ്നേഹത്തിനു നല്‍കുക.
സ്നേഹാഗ്നിയില്‍ ആത്മാവുരുക്കിയെടുത്താല്‍
‍സ്നേഹമാണതിന്റെ സത്തയെന്നറിയാം.

സ്ഥലകാലങ്ങളുടെ സങ്കുചിത പരിധി ഭേദിച്ച്
പരിശുദ്ധലോകത്തിന്റെ അനന്ത വിഹായസ്സിലെത്താം.
അതു വരെ കാണാത്തത് കാണാം
കേള്‍ക്കാത്തത് കേള്‍ക്കാം.

അവസാനം, ഈ ലോകത്തിനും അതിലെ ചരാചരങ്ങള്‍ക്കുമപ്പുറം
മഹാദിവ്യത്വത്തിനു മുന്നിലേക്ക് ആനയിക്കപ്പെടുമ്പോള്‍,
ആ തിരു സന്നിധിയില്‍ നിന്റെ ആത്മാവിന്റേയും
ഹൃദയത്തിന്റേയും ദിവ്യപ്രണയം സമര്‍പ്പിക്കാം.

നമ്മുടെ രക്ഷക്കായ് ദൈവമല്ലാതെ മറ്റൊന്നുമില്ലെന്ന സത്യം,
അന്ന് നാം അറിയും .


(പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മിസ്റ്റിക് കവിയായ അഹമദ് ഹാത്വിഫിന്റെ ഈ വരികളുടെ പരിഭാഷ:

let the eye of your heart be opened that you may see the spirit and behold invisible things.If you set your face toward the region where Love reigns, you will see the whole universe laid out as a rose garden. What you see, your heart will wish to have, and what your heart seeks to possess, that you will see. If you penetrate to the 'middle of each mote in the sunbeams, you will find a sun within.Give all that you possess to Love. If your spirit is dissolved in the flames of Love, you will see that Love is the alchemy for spirit.You will journey beyond the narrow limitations of time and place and will pass into the infinite spaces of the Divine World. What ear has not heard, that you will hear, and what no eye has seen, you shall behold. Finally, you shall be brought to that high Abode, where you will see One only, beyond the world and all worldly creatures. To that One you shall devote the love of both heart and soul until, with the eye that knows no doubt, you will see plainly that "One is and there is nothing save God alone.'

source:http://www.onelittleangel.com/wisdom/quotes/saint.asp?mc=314)

Labels: ,

Wednesday, February 25, 2009

യാഥാര്‍ത്ഥ്യം (Reality)

(സൂഫിവര്യയായിരുന്ന റാബിയ അദവ്വിയ്യയുടെ Reality എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.)


പ്രണയിക്കുന്ന ഹൃദയങ്ങള്‍ക്കിടയില്‍

ഒരു മുടിനാരിഴക്ക് പോലുമിടമില്ല.

പറയുന്നതല്ല,അനുഭവിച്ചറിയുന്നതാണ് സത്യം.

അനുഭവിക്കാതെയുള്ള വിവരണം അസത്യം.



ഒഴുകി ചേര്‍ന്ന കടലിന്റെ പൂര്‍ണ്ണരൂപം

പുഴയ്ക്കറിയാത്ത പോലെ

നമ്മുടെയസ്തിത്വം നിഷ്ഫലമാക്കുന്ന,

നമ്മെ നിലനിര്‍ത്തുന്ന,

ഈ യാത്രയുടെ കാരണഭൂതനെ

എങ്ങനെ വര്‍ണ്ണിക്കാനാണ്?

Labels: ,

Thursday, January 08, 2009

ആരാധ്യനായ അതിഥി (The Beloved Guest)

അകം പൊള്ളയും ,മലിനവുമായ നിന്നെ തൂത്തെറിഞ്ഞ്

പ്രിയങ്കരനായ അവന്റെ വാസത്തിനായി ഹൃദയം ഒരുക്കിയാലും.

നീ ഇറങ്ങുന്നതോടെ അവനവിടെ പ്രവേശിച്ച്

സ്വയം ത്യജിച്ച നിനക്കായ് ദിവ്യചൈതന്യം ദൃശ്യമാക്കും.


 
(സൗദ്ഉദ്ദീന്‍ മഹ്‌മൂദ് ശാബിസ്താരി(1288-1340),പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ സൂഫി കവി 1311ല്‍ എഴുതിയ Gulshan i Raz(The secret Rose Garden) എന്ന കൃതിയിലെ The Beloved Guest എന്ന പദ്യത്തിന്റെ പരിഭാഷ.പൂര്‍ണ്ണകൃതി ഇവിടെ.)

Labels: ,