Thursday, March 08, 2007

പൊരിക്കാരി

നിറം മങ്ങിയ ചേല ചുറ്റി ചുവന്ന മൂക്കുത്തിയണിഞ്ഞ്(പല കല്ലുകളുടെ സ്ഥാനത്തും ഒന്നുമുണ്ടായിരുന്നില്ലെങ്കിലും) തലയില്‍ പൊരിച്ചാക്കുമായി ഒരു കൈ പതുക്കെയാട്ടിയുള്ള അവരുടെ വരവു തന്നെ കൌതുകമുണര്‍ത്തുന്നതായിരുന്നു.

കുട്ടികളുള്ളപ്പോള്‍ വന്നാല്‍ കച്ചവടം കൂടുമെന്നതു കൊണ്ടോ എന്തോ ഒന്നിടവിട്ട ഞായറാഴ്ചകളിലായിരുന്നു അവരുടെ സന്ദര്‍ശനം.പൊരിക്ക് പുറമേ അവില്‍, മലര്‍ ,മുറുക്ക്, മിക്സ്ചര്‍, കപ്പലണ്ടിമിഠായി,എള്ളുണ്ട തുടങ്ങിയതെല്ലാം നിറച്ച ചാക്കിന്റെ ഭാരം ഞാനറിഞ്ഞത് എപ്പോഴൊക്കെയോ അതിറക്കി വെക്കാന്‍ അവരെ സഹായിച്ചപ്പോഴാണ്‌.

ചാക്കിറക്കി വെച്ച് മുറുക്കാന്‍ തുപ്പി അവര്‍ ഇറയത്തിരിക്കാന്‍ തുടങ്ങുമ്പോഴേക്കും ഉമ്മയുടെ വഴക്ക് വകവെക്കാതെ ചാക്ക് തുറന്ന് ആവശ്യമുള്ളതെല്ലാം കൈക്കലാക്കുമായിരുന്നു.എത്ര നിര്‍ബന്ധിച്ചാലും ഊണ്‌ കഴിക്കാറില്ല അവര്‍.ഉച്ച ഭക്ഷണം ഒരു ചായയിലോ കഞ്ഞിവെള്ളത്തിലോ ഒതുക്കാറാണ്‌ പതിവ്.ഭക്ഷണം കഴിച്ചാല്‍ പിന്നെ നടക്കാന്‍ പറ്റില്ലാത്രെ.

ഒരു പാട് കാലത്തിന്‌ ശേഷം കഴിഞ്ഞ ഡിസംമ്പറിലാണ് അവരെ കണ്ടത്,പ്രായം നല്ല മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു,എന്നിട്ടും അവര്‍ ഈ ചാക്കും ചുവന്ന്!

"മകനും കുടുംബവുമെല്ലാം കൂടെ തന്നെയില്ലെ"എന്ന എന്റെ ഈ ചോദ്യത്തിന്‌ അവര്‍ മറുപടി പറഞ്ഞതിങ്ങനെ:

"ഇതൊരു ശീലമായി മോളെ,അതു തന്നെയല്ല വീട്ടിലിരുന്നാല്‍ ഞാന്‍ കിടപ്പിലായി പോകും".

സാധനം വാങ്ങിയതിന്‌ ശേഷം ചായയും കുടിച്ച് ഞാനേറ്റി കൊടുത്ത ചാക്കുമായി അവര്‍ നടന്നകന്നു.

Labels:

21 Comments:

Blogger വല്യമ്മായി said...

പൊരിക്കാരി-വേലായുധന്റേയും സൈനബയുടേയും പിറകെ എന്റെ ജീവിതത്തിലെ മറ്റൊരു നിശബ്ദ സാന്നിദ്ധ്യം.ജീവിതത്തിന്റെ നാല്ക്കവലകളില്‍ പകച്ചു നില്‍ക്കാതെ സധൈര്യം നടന്നു നീങ്ങിയവര്‍ക്കായി സമര്‍പ്പിക്കട്ടെ.

3/08/2007 12:51 pm  
Blogger mydailypassiveincome said...

പാവം പൊരിക്കാരി.

അവരെപ്പറ്റിയുള്ള ഓര്‍മ്മകള്‍ നന്നായിരിക്കുന്നു.

3/08/2007 1:13 pm  
Blogger സുല്‍ |Sul said...

ചിലരങ്ങനെയാ വല്യമ്മായി.

വെറുതെയിരുന്നാല്‍ എല്ലാവരും ചിതലരിച്ചുപോകില്ലെ. അതവര്‍ മനസ്സിലാക്കിയെന്നു മാത്രം.

ഇന്നു കൊടകരക്കു വരുന്നില്ലെ?

-സുല്‍

3/08/2007 1:17 pm  
Blogger സൂര്യോദയം said...

ഇത്തരം പലരും നാട്ടില്‍ കാണാം... മാസത്തിലൊരിയ്ക്കല്‍ വീട്ടില്‍ വരുന്ന ഒരു വയസ്സായ മനുഷ്യന്‍.... ഭാര്യയ്ക്ക്‌ സുഖമില്ലാതെ കിടപ്പിലാണ്‌. മകളുടെ വിദ്യഭ്യാസം നടത്താനും ഉപജീവനത്തിനുമായി ഇതുപോലെ പല പല ഐറ്റംസുമായി വരും... അങ്ങേരോടുള്ള അനുകമ്പമൂലം അമ്മ സ്ഥിരമായി എന്തെങ്കിലുമൊക്കെ വാങ്ങുന്നതും ഞാന്‍ കുറച്ചു നാള്‍ മുന്‍പ്‌ അറിഞ്ഞു....

കുറച്ചുനാളായി അയാളെ കാണാതായി... പാവം, വാര്‍ദ്ധക്യസഹജമായ എന്തെങ്കിലും അസുഖം കാരണമാകും.... അയാള്‍ ഇനിയും വരുന്നതും പ്രതീക്ഷിച്ച്‌.....

3/08/2007 2:02 pm  
Blogger ശിശു said...

പൊരിക്കാരി ജീവിതത്തില്‍ നിത്യേന നാം കണ്ടുമുട്ടുന്ന കഥാപാത്രമാണ്‌.
എന്റെ കുട്ടിക്കാലത്ത്‌ വീട്ടിലും ഇതുപോലൊരു ഉമ്മ വരുമായിരുന്നു, കൂനിക്കൂടി, ചുമക്കാന്‍ നന്നേപാടുപെട്ട്‌ നിത്യേന ചിരട്ടയപ്പവും കുഴലപ്പവും ഒക്കെയായിവന്നുകൊണ്ടിരുന്ന ഉമ്മ. ഒരുപാട്‌ മധുരങ്ങള്‍ ഞാന്‍ അങ്ങനെ കഴിച്ചിട്ടുണ്ട്‌. പാവം അവരുടെ രൂപം ഇപ്പോള്‍ എന്റെ മനസ്സിലേക്കെത്തുന്നു.

3/08/2007 2:38 pm  
Blogger അപ്പു ആദ്യാക്ഷരി said...

വല്യമ്മായീ....നാ‍ട്ടില്‍ കണ്ടുമറന്ന, ഇപ്പോഴും കാണാറുള്ള പല മനുഷ്യജന്മങ്ങളേയും ഓര്‍മ്മിപ്പിക്കുന്നു, ഈ “പൊരിക്കാരി”. നന്നായി.

3/08/2007 2:42 pm  
Blogger ലിഡിയ said...

മനസ്സില്‍ തട്ടുന്ന ഓര്‍മ്മകള്‍ വല്യമ്മായീ :)

-പാര്‍വതി.

3/08/2007 2:49 pm  
Blogger സുഹാസ്സ് കേച്ചേരി said...

ചാക്കിറക്കി വെച്ച് മുറുക്കാന്‍ തുപ്പി അവര്‍ ഇറയത്തിരിക്കാന്‍ തുടങ്ങുമ്പോഴേക്കും ഉമ്മയുടെ വഴക്ക് വകവെക്കാതെ ചാക്ക് തുറന്ന് ആവശ്യമുള്ളതെല്ലാം കൈക്കലാക്കുമായിരുന്നു....

വല്യമ്മായിടെ ഈ പോസ്റ്റ് വായിച്ചപ്പോ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്കൊന്നു കൂപ്പു കുത്തിയപോലെ.., ഭാവിജീവിതം ഭദ്രമാക്കനുള്ള നെട്ടോട്ടത്തിനിടയില്‍ നമ്മള്‍ക്കു നഷ്ടമാകുന്ന ഇതുപോലുള്ള ചെറിയ കാഴ്ച്ചകള്‍., ഇപ്പോ ഇവിടെ നിന്നു ഭൂതകാലത്തിലേക്കു തിരിഞ്ഞു നോക്കുമ്പോ ആ നഷ്ടത്തിന്റെ ആഴം മനസ്സിലാവുന്നു...

നല്ല പോസ്റ്റ് വല്ല്യമ്മായീ...

3/08/2007 2:52 pm  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

വനിതാദിനം സ്പെഷ്യല്‍ ആണോ?

3/08/2007 3:00 pm  
Blogger ഏറനാടന്‍ said...

ഈ വനിതാദിനത്തിലെ വനിതാമണീരത്നം ഇതാ ഇവര്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണ്‌.

3/08/2007 4:48 pm  
Blogger വിഷ്ണു പ്രസാദ് said...

പൊരിക്കാരി വായിച്ചു.:)

3/08/2007 8:07 pm  
Blogger സഞ്ചാരി said...

കാലങ്ങള്‍ക്ക് മായിച്ചു കളയാന്‍ സാധിക്കാത്ത നമ്മുടെ ഓമ്മകളില്‍ തങ്ങി നില്‍ക്കുന്ന ഇത്തരം കഥാപാത്രങ്ങള്‍.
കുട്ടിക്കാല്‍ത്തു കൌതുകമായിരുന്നുവെങ്കിലും.ഇപ്പോള്‍ അവരെക്കുറിച്ചോര്‍ക്കുന്‍പോള്‍.മനസ്സിന്നു വല്ലാത്തൊരു അനുഭൂതിയും കുട്ടിക്കാലത്തേകൂള്ള ഒരു തിരിച്ചു പോക്കും പകര്‍ന്നു തരുന്നു.

3/08/2007 10:43 pm  
Blogger ആവനാഴി said...

വല്യമ്മായീ,

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒരനുഭവം വിവരിക്കാം.

ഇപ്പോള്‍ പലഹാരങ്ങള്‍ കറിക്കൂട്ടുകള്‍ തുണിത്തരങ്ങള്‍ എന്നു വേണ്ട സര്‍‌വ സാധനങ്ങളും വീട്ടില്‍ കൊണ്ടു വന്നു വില്‍ക്കുന്ന “അഗ്രസ്സീവ് മാര്‍ക്കറ്റിങ്ങ്” ആണല്ലോ കേരളത്തില്‍ നടക്കുന്നത്.

സര്‍‌വത്ര മായം ആയതുകൊണ്ട് കറിപ്പൌഡറുകള്‍ ഒന്നും തന്നെ ഞങ്ങള്‍ വീട്ടില്‍ വാ‍ങ്ങാറില്ല.

ഈ പലഹാരങ്ങളൊക്കെ എത്രമാത്രം വൃത്തിയോടെയാണുണ്ടാക്കുന്നതെന്നുള്ള സംശയം കൊണ്ട് അവയും വാങ്ങാന്‍ താല്‍പ്പര്യപ്പെടാറില്ല.

എങ്കിലും കൊണ്ടുവരുമ്പോള്‍ ചിലപ്പോഴൊക്കെ‍ വാങ്ങാറുമുണ്ട്.

പക്ഷെ, എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ കഴിയില്ലല്ലോ. അത്രയധികം ആളുകളാണു വില്പനച്ചരക്കുകളുമായി എന്നും വരിക.

ഒരു ദിവസം രാവിലെ ചായ കുടിച്ചുകൊണ്ട് ഉമ്മറത്തി
രിക്കുകയായിരുന്നു. ഗേറ്റില്‍ മുട്ടുകേട്ട് നോക്കിയപ്പോള്‍ ത്രീപീസ് സൂട്ട് ധരിച്ച ഒരു ചെറുപ്പക്കാരന്‍. കയ്യില്‍ ഒരു ബാഗുമുണ്ട്.

“വരൂ”

അയാള്‍ ഗേറ്റു കടന്നു വന്നു.

“ഞാന്‍ മിസ്റ്റര്‍....”

“...കറിപ്പൌഡറിന്റെ റെപ്രസന്റേറ്റീവാണു. പലതരം കറിപ്പൌഡറുകളുണ്ട്. എടുക്കട്ടെ സര്‍?”

അന്നു തന്നെ വേറെ രണ്ടു മൂന്നു കറിപ്പൌഡറുകാര്‍ വന്നതും അവരെപ്പറഞ്ഞയച്ചതുമാണു.

“വേണ്ട”

അയാള്‍ ബാഗുമെടുത്തു പുറത്തിറങ്ങി. നല്ലൊരു കച്ചവടം അയാള്‍ പ്രതീക്ഷിച്ചിരുന്നു.

ഗേറ്റിനപ്പുറമെത്തിയപ്പോള്‍ ആ ചെറുപ്പക്കാരന്‍ തിരിഞ്ഞു നോക്കി.

അയാളുടെ മുഖത്ത് തങ്ങിനിന്ന നിരാശ ഇന്നും എന്നെ വേട്ടയാടുന്നുണ്ട്.

3/09/2007 7:16 am  
Blogger വല്യമ്മായി said...

വനിതാ ദിനത്തില്‍ പൊരിക്കാരിയെ പരിചയപ്പെടാനെത്തിയ മഴത്തുള്ളി, സുല്‍, സൂര്യോദയം,ശിശു,അപ്പു, പാര്‍വതി, സുഹാസ്, ഇട്ടിമാളു, സിജു,ഏറനാടന്‍,വിഷ്ണു മാഷ്,സഞ്ചാരി,ആവനാഴി നന്ദി.

3/10/2007 11:11 am  
Blogger സുശീലന്‍ said...

ഓര്‍മ്മകള്‍ നന്നായി. ജീവിതത്തില്‍ ഇടയ്ക്കിടെ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളിലൊന്നാണ് ഈ പൊരിക്കാരിയും.

3/10/2007 11:17 am  
Blogger വല്യമ്മായി said...

പൊരിക്കാരിയെ പരിചയപ്പെടാനെത്തിയ ഷാജു നന്ദി.

3/11/2007 9:39 am  
Blogger മുസ്തഫ|musthapha said...

പൊരിക്കാരി - അദ്ധ്വാനം ശരിക്കും ആസ്വദിച്ചിരുന്ന നമ്മുടെ മുന്‍തലമുറയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ ഇടയാക്കി.

നല്ല പോസ്റ്റ് വല്യമ്മായി

3/11/2007 10:13 am  
Blogger വല്യമ്മായി said...

പൊരിക്കാരിയെ പരിചയപ്പെടാനെത്തിയ അഗ്രജന്‍ നന്ദി.

3/12/2007 8:31 am  
Blogger Rasheed Chalil said...

വല്ല്യമ്മായി നല്ല കഥ. പിന്നെ ഓര്‍മ്മകള്‍ ചിതലരിക്കാതിരിക്കുക എന്നത് തന്നെ ഇന്നിന്റെ ഭാഗ്യം.

3/12/2007 8:54 am  
Blogger ധ്വനി | Dhwani said...

ഒരുപാടു മുഖങ്ങള്‍ കടന്നുവരും മറഞ്ഞുപോകും ജീവിതത്തില്‍! ചിലമുഖങ്ങള്‍ തിരിച്ചു വരാറുണ്ട്..ഓര്‍മകളില്‍ !! അന്നേരത്തെ വികാരങ്ങള്‍ വാക്കുകളിലാക്കന്‍ അധികമാരും മിനക്കെടാറില്ല!. പൊരിക്കാരിയെപ്പറ്റിയെഴുതിയതു നന്നായിരിക്കുന്നു.

3/16/2007 11:12 am  
Blogger വല്യമ്മായി said...

പൊരിക്കാരിയെ പരിചയപ്പെടാനെത്തിയ ഇത്തിരിവെട്ടം,ധ്വനി നന്ദി.

3/17/2007 9:51 am  

Post a Comment

<< Home