ഇരുപത്തിയൊന്നു വര്‍ഷം മുമ്പുള്ള ഒരു ഡിസംബര്‍ സന്ധ്യ.അനിയത്തി ജനിച്ചിട്ട് പതിമൂന്നു ദിവസം മാത്രം.ഞാനന്ന് ഏഴില്‍ പഠിക്കുന്നു.വാപ്പയും കുന്നകുളത്ത് നിന്ന് വന്ന കൂട്ടുകാരന്‍ അബ്ദുള്ളക്കയും കൂടി തൃപ്രയാര്‍ ഏകാദശി കാണാനും കൊടുങ്ങല്ലൂരുള്ള മറ്റൊരു കൂട്ടുകാരനെ കാണാനും സ്കൂട്ടറില്‍ പോയി.
ഒമ്പതു മണിയോടടുത്ത് ഒരു ഫോണ്‍ വന്നു.ഞാനാണ് ഫോണ്‍ എടുത്തത്:"മോളേ,അബ്ദുള്ളക്കയാണ് കൊച്ചാപ്പാടെ ഫോണ്‍ നംബര്‍ തരുമോ" .ഞാന്‍ വേഗം ഫോണ്‍ ഉമ്മാടെ കയ്യില്‍ കൊടുത്തു."സത്യം പറയ് അബ്ദുള്ളാ"എന്ന് പരിഭ്രമത്തോടെ ഉമ്മ ചോദിക്കുന്നത് കേട്ടപ്പോള്‍ തന്നെ മനസ്സിലായി അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്ന്.അടുത്ത വീട്ടുകാരൊക്കെ വന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് ഫോണ്‍ ചെയ്തപ്പോഴാണ് അറിഞ്ഞത്,വാപ്പയും അബ്ദുള്ളയ്ക്കയും സഞ്ചരിച്ചിരുന്ന സ്കുട്ടറിനു കുറുകെ ഒരു കള്ളുകുടിയന്‍ ചാടി സ്കൂട്ടര്‍ മറിഞ്ഞ് രണ്ടു പേരും വീണെന്നും വാപ്പായെ മെഡിക്കല്‍ കോളെജില്‍ നിന്നും മെഡിക്കല്‍ ട്രസ്റ്റിലേക്ക് കൊണ്ടു പോവുകയാണെന്നും.
പ്രാര്‍ത്ഥന മാത്രമായിരുന്നു മുന്നില്‍ തെളിഞ്ഞു വന്ന വഴി.മദ്രസ്സയിലെ ഉസ്താദിനേയും ഉമ്മയേയും പേടിച്ച് അതു വരെ നിസ്ക്കരിച്ചിരുന്ന ഞാന്‍ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചു.എന്നോ വായിച്ചു മറന്ന ഒരു സംഭവമോര്‍ത്ത് വാപ്പയുടെ അസുഖം അതെനിക്കു തന്നൊളൂ എന്നു വരെ പ്രാര്‍ത്ഥിച്ചു.
രണ്ട് ദിവസം കഴിഞ്ഞ് ബോധം വീണ്ടു കിട്ടിയെങ്കിലും പഴയതൊന്നും വാപ്പയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. ഓര്‍മ്മ അതിന്റെ സാന്നിദ്ധ്യം തിരിച്ചു പിടിക്കാന്‍ ശ്രമിച്ചിരുന്ന നിമിഷങ്ങളിലോരുന്നിലും ഉമ്മയേയും ഞങ്ങളേയും ചോദിച്ചിരുന്നു.മൂന്ന് നാല് ദിവസം കൂടി കഴിഞ്ഞ് ഐ.സി.യു വില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് ഞങ്ങള്‍ക്ക് വാപ്പാനെ പോയി കാണാന്‍ പറ്റിയത്.
സ്കൂട്ടര്‍ മറിഞ്ഞപ്പോള്‍ ഒരു കല്ലില്‍ തലയിടിച്ച് രക്തം കട്ട പിടിച്ചതാണെന്ന് ഡോക്ടര്‍ പറഞ്ഞത്,മരുന്നു കൊണ്ട് അതു ശരിയാക്കമെന്നും.അരക്കൊല്ല പരീക്ഷ കഴിഞ്ഞ് ഞങ്ങളും ഉമ്മയും ആശുപത്രിയിലേക്ക് പോയി.വാപ്പ നിര്‍ബന്ധിച്ച് ഞങ്ങളെ അവിടെ തന്നെ നിര്‍ത്തി.
അന്ന് ക്രിസ്തുമസ്സിന്റെ തലേ ദിവസമായിരുന്നു.സി ടി സ്കാന്‍ ചെയ്യാന്‍ വേണ്ടി കോലഞ്ചേരി മിഷന്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി.മെഡിക്കല്‍ ട്രസ്റ്റിലെ തിക്കിലും തിരക്കില്‍ നിന്നും വ്യത്യസ്തമായി ശാന്തമായ അന്തരീക്ഷമായിരുന്നു അവിടെ ശരിയ്ക്കും ഒരു പള്ളിയിലും അമ്പലത്തിലുമൊക്കെ അനുഭവപ്പെടുന്നത്ര ശാന്തത.മരുന്നു കൊണ്ട് മാറാന്‍ പ്രയാസമാണെന്നും ഓപ്പറേഷന്‍ നടത്തുകയാണ് നല്ലതെന്നും അവിടുത്തെ ഡോക്റ്റര്‍ പറഞ്ഞു.ആ രാത്രി തന്നെ ഓപ്പറേഷന്‍ ചെയ്തു.അതു രക്തം കട്ട പിടിച്ചത് നീങ്ങാതിരിക്കാനുള്ള ഒരു മൈനര്‍ ശസ്ത്രക്രിയ മാത്രമായിരുന്നെന്ന് എനിക്കു മനസ്സിലായത് രണ്ടു ദിവസത്തിനു ശേഷം പിന്നേയും ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക് കൊണ്ടു പോയി അഞ്ചു മണിക്കൂറിനു ശേഷം 42 സ്റ്റിച്ചുമായി തിരികെ കൊണ്ട് വന്നപ്പോഴായിരുന്നു.
ഓപ്പറേഷന്‍ കഴിഞ്ഞ് മൂന്നാഴ്ചയോളം ആശുപത്രിലായിരുന്നു. അവിടുത്തെ ഡോക്ടര്മാര്‍, നേഴ്സുമാര്‍, ചാപ്പലിലെ ഫാദര്‍ തുടങ്ങി ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോള്‍ വാപ്പാക്കിഷ്ടമുള്ളതെന്തും സ്പെഷ്യലായി ഉണ്ടാക്കി തരാന്‍ സന്നദ്ധത കാണിച്ച ഹോട്ടലുകാര്‍ വരെ ഇന്നും നന്ദിയോടെ സ്മരിക്കേണ്ട ഒരു പാടു പേര്.
സ്കൂളിനും വീടിനും അതിനിടയിലുള്ള കുസൃതികള്‍ക്കുമിടയില്‍ ജീവിതത്തിനു ചില വികൃതമുഖങ്ങളുണ്ടാകാമെന്നു പഠിപ്പിച്ചു തന്നു ഈ അനുഭവങ്ങളെല്ലാം.എത്ര ആഴത്തിലേക്കു തള്ളി വിട്ടാലും ഒരു സേഫ്റ്റി ബെല്റ്റു പോലെ ദൈവത്തിന്റെ കരങ്ങള്‍ നമ്മെ സംരക്ഷിക്കുന്നുണ്ടെന്നും.
Labels: ഓര്‍മ്മക്കുറിപ്പ്