Tuesday, December 05, 2006

ജീവിതയാത്രയിലൊരു വഴിത്തിരിവ്‌

ഇരുപത്തിയൊന്നു വര്‍ഷം മുമ്പുള്ള ഒരു ഡിസംബര്‍ സന്ധ്യ.അനിയത്തി ജനിച്ചിട്ട്‌ പതിമൂന്നു ദിവസം മാത്രം.ഞാനന്ന് ഏഴില്‍ പഠിക്കുന്നു.വാപ്പയും കുന്നകുളത്ത്‌ നിന്ന് വന്ന കൂട്ടുകാരന്‍ അബ്ദുള്ളക്കയും കൂടി തൃപ്രയാര്‍ ഏകാദശി കാണാനും കൊടുങ്ങല്ലൂരുള്ള മറ്റൊരു കൂട്ടുകാരനെ കാണാനും സ്കൂട്ടറില്‍ പോയി.
ഒമ്പതു മണിയോടടുത്ത്‌ ഒരു ഫോണ്‍ വന്നു.ഞാനാണ്‌ ഫോണ്‍ എടുത്തത്‌:"മോളേ,അബ്ദുള്ളക്കയാണ്‌ കൊച്ചാപ്പാടെ ഫോണ്‍ നംബര്‍ തരുമോ" .ഞാന്‍ വേഗം ഫോണ്‍ ഉമ്മാടെ കയ്യില്‍ കൊടുത്തു."സത്യം പറയ്‌ അബ്ദുള്ളാ"എന്ന് പരിഭ്രമത്തോടെ ഉമ്മ ചോദിക്കുന്നത് കേട്ടപ്പോള്‍ തന്നെ മനസ്സിലായി അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്ന്.അടുത്ത വീട്ടുകാരൊക്കെ വന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക്‌ ഫോണ്‍ ചെയ്തപ്പോഴാണ്‌ അറിഞ്ഞത്‌,വാപ്പയും അബ്ദുള്ളയ്ക്കയും സഞ്ചരിച്ചിരുന്ന സ്കുട്ടറിനു കുറുകെ ഒരു കള്ളുകുടിയന്‍ ചാടി സ്കൂട്ടര്‍ മറിഞ്ഞ്‌ രണ്ടു പേരും വീണെന്നും വാപ്പായെ മെഡിക്കല്‍ കോളെജില്‍ നിന്നും മെഡിക്കല്‍ ട്രസ്റ്റിലേക്ക്‌ കൊണ്ടു പോവുകയാണെന്നും.
പ്രാര്‍ത്ഥന മാത്രമായിരുന്നു മുന്നില്‍ തെളിഞ്ഞു വന്ന വഴി.മദ്രസ്സയിലെ ഉസ്താദിനേയും ഉമ്മയേയും പേടിച്ച് അതു വരെ നിസ്ക്കരിച്ചിരുന്ന ഞാന്‍ മനസ്സറിഞ്ഞ്‌ പ്രാര്‍ത്ഥിച്ചു.എന്നോ വായിച്ചു മറന്ന ഒരു സംഭവമോര്‍ത്ത്‌ വാപ്പയുടെ അസുഖം അതെനിക്കു തന്നൊളൂ എന്നു വരെ പ്രാര്‍ത്ഥിച്ചു.
രണ്ട്‌ ദിവസം കഴിഞ്ഞ്‌ ബോധം വീണ്ടു കിട്ടിയെങ്കിലും പഴയതൊന്നും വാപ്പയ്ക്ക്‌ ഓര്‍മ്മയുണ്ടായിരുന്നില്ല. ഓര്‍മ്മ അതിന്റെ സാന്നിദ്ധ്യം തിരിച്ചു പിടിക്കാന്‍ ശ്രമിച്ചിരുന്ന നിമിഷങ്ങളിലോരുന്നിലും ഉമ്മയേയും ഞങ്ങളേയും ചോദിച്ചിരുന്നു.മൂന്ന് നാല് ദിവസം കൂടി കഴിഞ്ഞ്‌ ഐ.സി.യു വില്‍ നിന്നും വാര്‍ഡിലേക്ക്‌ മാറ്റിയപ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ വാപ്പാനെ പോയി കാണാന്‍ പറ്റിയത്‌.
സ്കൂട്ടര്‍ മറിഞ്ഞപ്പോള്‍ ഒരു കല്ലില്‍ തലയിടിച്ച്‌ രക്തം കട്ട പിടിച്ചതാണെന്ന് ഡോക്ടര്‍ പറഞ്ഞത്‌,മരുന്നു കൊണ്ട്‌ അതു ശരിയാക്കമെന്നും.അരക്കൊല്ല പരീക്ഷ കഴിഞ്ഞ്‌ ഞങ്ങളും ഉമ്മയും ആശുപത്രിയിലേക്ക്‌ പോയി.വാപ്പ നിര്‍ബന്ധിച്ച്‌ ഞങ്ങളെ അവിടെ തന്നെ നിര്‍ത്തി.
അന്ന് ക്രിസ്തുമസ്സിന്റെ തലേ ദിവസമായിരുന്നു.സി ടി സ്കാന്‍ ചെയ്യാന്‍ വേണ്ടി കോലഞ്ചേരി മിഷന്‍ ഹോസ്പിറ്റലിലേക്ക്‌ കൊണ്ടു പോയി.മെഡിക്കല്‍ ട്രസ്റ്റിലെ തിക്കിലും തിരക്കില്‍ നിന്നും വ്യത്യസ്തമായി ശാന്തമായ അന്തരീക്ഷമായിരുന്നു അവിടെ ശരിയ്ക്കും ഒരു പള്ളിയിലും അമ്പലത്തിലുമൊക്കെ അനുഭവപ്പെടുന്നത്ര ശാന്തത.മരുന്നു കൊണ്ട്‌ മാറാന്‍ പ്രയാസമാണെന്നും ഓപ്പറേഷന്‍ നടത്തുകയാണ് നല്ലതെന്നും അവിടുത്തെ ഡോക്റ്റര്‍ പറഞ്ഞു.ആ രാത്രി തന്നെ ഓപ്പറേഷന്‍ ചെയ്തു.അതു രക്തം കട്ട പിടിച്ചത്‌ നീങ്ങാതിരിക്കാനുള്ള ഒരു മൈനര്‍ ശസ്ത്രക്രിയ മാത്രമായിരുന്നെന്ന് എനിക്കു മനസ്സിലായത്‌ രണ്ടു ദിവസത്തിനു ശേഷം പിന്നേയും ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക്‌ കൊണ്ടു പോയി അഞ്ചു മണിക്കൂറിനു ശേഷം 42 സ്റ്റിച്ചുമായി തിരികെ കൊണ്ട്‌ വന്നപ്പോഴായിരുന്നു.
ഓപ്പറേഷന്‍ കഴിഞ്ഞ് മൂന്നാഴ്ചയോളം ആശുപത്രിലായിരുന്നു. അവിടുത്തെ ഡോക്ടര്മാര്‍, നേഴ്സുമാര്‍, ചാപ്പലിലെ ഫാദര്‍ തുടങ്ങി ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോള്‍ വാപ്പാക്കിഷ്ടമുള്ളതെന്തും സ്പെഷ്യലായി ഉണ്ടാക്കി തരാന്‍ സന്നദ്ധത കാണിച്ച ഹോട്ടലുകാര്‍ വരെ ഇന്നും നന്ദിയോടെ സ്മരിക്കേണ്ട ഒരു പാടു പേര്.

സ്കൂളിനും വീടിനും അതിനിടയിലുള്ള കുസൃതികള്‍ക്കുമിടയില്‍ ജീവിതത്തിനു ചില വികൃതമുഖങ്ങളുണ്ടാകാമെന്നു പഠിപ്പിച്ചു തന്നു ഈ അനുഭവങ്ങളെല്ലാം.എത്ര ആഴത്തിലേക്കു തള്ളി വിട്ടാലും ഒരു സേഫ്റ്റി ബെല്റ്റു പോലെ ദൈവത്തിന്റെ കരങ്ങള്‍ നമ്മെ സംരക്ഷിക്കുന്നുണ്ടെന്നും.

Labels:

25 Comments:

Blogger വല്യമ്മായി said...

"ജീവിതയാത്രയിലൊരു വഴിത്തിരിവ്‌" -പുതിയ പോസ്റ്റ്

12/06/2006 9:35 pm  
Blogger സു | Su said...

ഞങ്ങള്‍ മൂന്നു തവണ അപകടത്തില്‍ ആയി. രണ്ടെണ്ണം അതേപടി ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട്. ദൈവം കൂടെയുണ്ട് എന്ന് കാണിക്കുന്നത് ഈ സന്ദര്‍ഭങ്ങളിലാണ്. പരീക്ഷിക്കുമെങ്കിലും. വല്യ അപകടങ്ങള്‍ ആയിട്ടും, മൂന്ന് പ്രാവശ്യവും, അല്ലറച്ചില്ലറ പരിക്കേ ഉണ്ടായിരുന്നുള്ളൂ എന്നതും ദൈവത്തിന്റെ അനുഗ്രഹം ആവും.

12/06/2006 10:15 pm  
Blogger വേണു venu said...

വല്യമ്മാവി,
ജീവിതത്തില്‍‍‍ വഴിത്തിരുവു് എന്നൊക്കെ നമ്മളു വെറുതേ മനസ്സിലാക്കുന്നതല്യോ.? നമ്മുടെ ജീവിതം നേരത്തേ കുറിക്കപ്പെട്ടതല്ലേ.എന്താണു് അഭിപ്രായം.സൂ പറഞ്ഞ അപകടവും അതു പോലെ പലതും ആലോചിച്ചാല്‍ തന്നെ ഇതൊക്കെ നേരത്തെ എഴുതിവയ്ക്കപ്പെട്ടതോ.???

12/06/2006 10:31 pm  
Blogger അനംഗാരി said...

എനിക്ക് അപകടം രണ്ടെണ്ണം കഴിഞ്ഞു.അവസാനത്തേത് ഇത്തിരി കടുപ്പമായിരുന്നു.
ആശുപത്രിയില്‍ എന്നെ കാണാന്‍ വന്ന എന്റെ സുഹൃത്തിനോട് ഞാന്‍ ചോദിച്ചു. എന്തിനാ ഉടയ തമ്പുരാന്‍ എന്നെ ഇങ്ങനെ ശിക്ഷിക്കുന്നതെന്ന്!അവന്‍ പറഞ്ഞത് ദൈവം നിന്നെ കാത്തു എന്ന് പറയൂ.ആ ഇടി കൃത്യം ഡോറിലായിരുന്നെങ്കില്‍ എന്താകുമായിരുന്ന് സ്ഥിതിയെന്ന്! പ്രാര്‍ത്ഥനകളും, ഭാഗ്യങ്ങളും, പിന്നെ ആ അദൃശ്യമായ കരവും...അത് തന്നെ...

12/07/2006 7:07 am  
Anonymous സാരംഗി said...

ഇങ്ങനെയുള്ള അവസരങ്ങളിലാണു നമ്മള്‍ സകല ഈഗോയും മറന്നു ദൈവത്തെ വിളിക്കുന്നതു അല്ലെ?

12/07/2006 7:37 am  
Anonymous Anonymous said...

ശരിക്കും അനുഭവങ്ങളാണ് നമ്മളെ ജീവിക്കാന്‍ പഠിപ്പിക്കുന്നത്..
പല്‍പ്പോഴും നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു നിമിഷത്തില്‍ തട്ടി തകര്‍ന്ന് മണ്ണടിയുന്നത് നിസ്സഹായനായി കണ്ടു നില്‍ക്കേണ്ടി വരുമ്പോഴും..{ഈശ്വരാ ഇതാ എന്റെ കൊഴപ്പം..സീരിയസ് ബ്ലോഗ് വായിച്ചാ അപ്പ തുടങ്ങും..കാര്‍ന്നോമ്മാരെപോലെ.. ഞാന്‍ ഓടി..)
വല്യമ്മായീ...നന്നായിരിക്കുന്നു...

12/07/2006 8:10 am  
Blogger Sul | സുല്‍ said...

വല്യമ്മായി,
സങ്കടങ്ങളും വേദനകളും നമ്മുക്കെന്നും പ്രതീക്ഷിക്കാം, ഒപ്പം അള്ളാഹുവിന്റെ കാരുണ്യവും. അവന്‍ റഹ്മാനും റഹീമുമാണല്ലോ?

-സുല്‍

12/07/2006 8:42 am  
Blogger :: niKk | നിക്ക് :: said...

ജീവിതം ഒരു സാഗരം. സന്തോഷം, ദുഃഖം എന്നിവയുടെ വേലിയേറ്റം എന്നും, എപ്പോഴും...

12/07/2006 8:56 am  
Blogger അഗ്രജന്‍ said...

പരീക്ഷണങ്ങള്‍ നല്‍കുന്നവനും പരിരക്ഷിക്കുന്നവനും അള്ളാഹു മാത്രം.

12/07/2006 9:41 am  
Blogger കുട്ടന്മേനൊന്‍::KM said...

അപകടങ്ങള്‍, അത് നമുക്കൊരു പാഠമാകട്ടെ. ഒരു തിരിഞ്ഞു നോട്ടത്തിനുള്ള സമയമാണ് അപകടങ്ങള്‍. പിന്നെ അച്ഛനമ്മമാരോടുള്ള ഈ സ്നേഹം, അതൊരു ഭാഗ്യം തന്നെയാണ്.

12/07/2006 10:05 am  
Anonymous Anonymous said...

..അപകടങ്ങള്‍ ജീവിതത്തിലെ ,ക്ഷണിയ്ക്കപ്പെടാത്ത അതിഥികളാണല്ലൊ...തരണം ചെയ്യുമ്പോഴുള്ള നിര്‍വൃതിയാണ്‌ യഥാര്‍ത്‌ഥത്തില്‍ ഏറ്റവും വലിയത്‌....ചില അപകടങ്ങള്‍ക്ക്‌ സാക്ഷിയാവേണ്ടി വന്നിട്ടുണ്ട്‌...

..അല്ലെങ്കിലും മനുഷ്യന്‍ ആത്‌മാര്‍ത്‌ഥമായി പ്രാര്‍ത്‌ഥിയ്ക്കുന്നത്‌ അമ്പലത്തില്‍ വെച്ചൊ പള്ളിയില്‍ വച്ചൊ ഒന്നുമല്ല,ആശുപത്രിയില്‍ വച്ചാണ്‌ !!!!

വാപ്പയുടെ അസുഖം ഏറ്റെടുക്കാന്‍ തോന്നിപ്പിച്ച വല്യമ്മായിയുടെ കുട്ടിക്കാലത്തെ ആ നല്ല മനസ്സ്‌...കാലവും അനുഭവങ്ങളും അതില്‍ പോറലേല്‍പ്പിച്ചിട്ടില്ലെന്നു വിശ്വസിയ്ക്കട്ടെ...

--കൊച്ചുഗുപ്തന്‍

12/07/2006 10:32 am  
Blogger ദേവന്‍ said...

ഇപ്പോള്‍ ബിഷപ്പ്‌ ആയി വര്‍ത്തിക്കുന്ന ഒരു അച്ചന്‍ പണ്ട്‌ അദ്ധ്യാപനകാലത്ത്‌ പറഞ്ഞ ഒരു കഥ.

ഒരുത്തന്‍ ഒരു സ്വപ്നം കണ്ടു. കടപ്പുറത്തെ മണലില്‍ രണ്ടു ജോഡി കാല്‍പ്പാദങ്ങള്‍ പതിഞ്ഞ പാടുകള്‍ ഒരു കയര്‍ പോലെ ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നു. കുറേ പോയി കഴിഞ്ഞപ്പോള്‍ അത്‌ ഒരു ജോഡി പാദങ്ങളായി. പിന്നേയും കുറേ കഴിഞ്ഞപ്പോള്‍ അത്‌ വീണ്ടും രണ്ടു സെറ്റ്‌ ആയി തുടര്‍ന്നു.

സ്വപ്നം കണ്ടവന്‍ അടുത്ത ദിവസം കൂട്ടുകാരനോട്‌ അതിന്റെയര്‍ത്ഥമെന്തായിരിക്കുമെന്ന് ചോദിച്ചു.

"നീ കണ്ടത്‌ നിന്റെ ജീവിതം തന്നെയാവണം. നീ ദൈവത്തിന്റെ കൂടെ സഞ്ചരിക്കുന്നതാണ്‌ രണ്ടുപേരുടെ കാല്‍പ്പാദങ്ങള്‍ ആയി കണ്ടത്‌."

"ഇപ്പോള്‍ മനസ്സിലായി, ദൈവം കൈവിട്ട കാലമാണ്‌ എന്റെ ആപത്തുകാലം, അതാണ്‌ എന്റെ ഒറ്റ കാല്‍പ്പാദമായി കണ്ടത്‌ അല്ലേ?"

"മണ്ടന്‍. ഒറ്റ ജോഡി പാദമുദ്ര കണ്ടത്‌ നിന്റെ ആപത്തു കാലം തന്നെ. പക്ഷേ അത്‌ നിന്റെയല്ല. ദൈവത്തിന്റേതാണ്‌. ആപത്തുകാലത്ത്‌ നിന്നെ ദൈവം കരങ്ങളിലെടുത്തു നടക്കുകയായിരുന്നു."

12/07/2006 10:53 am  
Blogger ഉമ്പാച്ചി said...

എളുപ്പത്തിനൊപ്പം
കടുപ്പവും
കടുപ്പത്തിനൊപ്പം
എളുപ്പവും
ഉണ്ടെന്ന്` വിശുദ്ധ വചനം

12/07/2006 11:04 am  
Blogger മഴത്തുള്ളി said...

ഇങ്ങനെ എന്തെല്ലാം അപകടങ്ങളുടെ നടുവിലാണ് നാം ജീവിക്കുന്നത്. എന്റെ ഒരു അയല്‍ക്കാരന്‍ സുഹൃത്ത് പലപ്പോഴും പകുതി തമാശയായി ഭാര്യയോട് പറയുന്നത് കേള്‍ക്കാം. ഞാന്‍ വന്നിട്ട് അത്താഴമിട്ടാല്‍ മതി എന്ന് :) കാരണം തിരക്കേറിയ വഴികളില്‍ അപകടം പതിയിരിക്കുന്നു. എപ്പോഴും എന്തും സംഭവിക്കാം. പക്ഷേ അതില്‍ നിന്നെല്ലാം ദൈവം നമ്മെ സംരക്ഷിക്കുന്നു.

12/07/2006 11:06 am  
Anonymous Anonymous said...

സുഖമൊരു ബിന്ദൂ... ദുഃഖമൊരു ബിന്ദൂ...
ബിന്ദുവില്‍ നിന്നും......

12/07/2006 11:28 am  
Anonymous Berly Thomas said...

ശൊ!! ബെര്ദെ മനുസനെ ടെന്സനടിപ്പിക്ക്ണ തന്നെയാ ബല്യമ്മായീടെ പണി !

12/07/2006 11:34 am  
Blogger P.R said...

വായിച്ചു.എനിയ്ക്കു തൊന്നാറുന്ട്,വിധി എന്നത് ചിലത് കാട്ടികൂട്ടുമ്പോള്‍ ,അതിനോട് അടിമപ്പെടാതെ അതീനെ ഒന്നു നോക്കികാണാന്‍ പറ്റിയാല്‍..പഠിയ്ക്കാന്‍ പറ്റിയാല്‍..‍അതിനുള്ള ശക്തി തരാന്‍ ഈശ്വരനോട് പ്രാര്‍ഥിയ്ക്കാന്‍ മാത്രമെ ചിലപ്പോള്‍ മനുഷ്യനു സാധിയ്ക്കുകയുള്ളു...അല്ലെ..

12/07/2006 3:25 pm  
Blogger ഫാര്‍സി said...

'jeevidam oru njaninmel kaliyanu.It is dynamic.'
malayalathil ezhuthan kazhiyanjathil ghethikkunnu...

12/07/2006 5:18 pm  
Anonymous Anonymous said...

ഇങ്ങനേയുള്ള സമയങ്ങളില്‍ അപരിചിതരായ ആല്‍ക്കാരില്‍ നിന്നും കിട്ടുന്ന സഹായങ്ങള്‍ മനുഷ്യപ്പറ്റു ഇനിയും നിലച്ചു പോയിട്ടില്ല എന്നതിനു തെളിവാണു...വല്ലാത്ത അനുഭവം തന്നേ ... എല്ലാര്‍ക്കും തന്നേ കാണും ഓര്‍മയില്‍ പേടി നിറക്കുന്നു ഇത്തരം സംഭവങ്ങള്‍...

12/08/2006 10:16 am  
Blogger മുല്ലപ്പൂ || Mullappoo said...

പ്രാര്‍ത്ഥനക്ക് ശക്തിയുണ്ടെന്ന് വെളിപ്പെടുന്ന ചില നിമിഷങ്ങള്‍ ...

12/08/2006 10:33 am  
Anonymous Anonymous said...

if you could remove align="justify" for each post's we can view and READ this blogs in firefox as well as...

12/08/2006 5:08 pm  
Blogger വല്യമ്മായി said...

സു ചേച്ചി,വേണു,അനംഗാരി,സാരംഗി,സുകുമാരപുത്രന്‍,സുല്‍,നിക്ക്,അഗ്രജന്‍,കുട്ടന്‍ മേനോന്‍,കൊച്ചുഗുപ്തന്‍,ദേവേട്ടന്‍,ഉമ്പാച്ചി,മഴത്തുള്ളി,ചേച്ചിയമ്മ,ബെര്‍ളി,പി.ആര്‍,ഫാര്‍സി,ഗുണാളന്‍,മുല്ലപ്പൂ നന്ദി സന്ദര്‍ശനത്തിനും വാക്കുകള്‍ക്കും

12/10/2006 7:17 pm  
Blogger മിന്നാമിനുങ്ങ്‌ said...

പരീക്ഷണങ്ങളുടെ മുമ്പില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി പകച്ചുനില്‍ക്കുമ്പോള്‍ ചുറ്റിലും ഒരുകൈത്താങ്ങ് പോലും കണ്ണില്‍പ്പെടാതാകുമ്പോള്‍ അദൃശ്യമായൊരു ശക്തി നമ്മുടെ രക്ഷക്കെത്തും.അതിനെ ദൈവമെന്നു വിളിക്കാനാണ് എനിക്കിഷ്ടം.പലപ്പോഴും നാം മറക്കാറുള്ള,എന്നാ‍ല്‍ നമ്മെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ആ ശക്തിയാണ് നമ്മെ മുന്നോട്ടുള്ള ജീവിതത്തില്‍ വഴിനടത്തുന്നത്.

നന്നായിരിക്കുന്നു,വല്ല്യമായി.
പ്രാര്‍ത്ഥനയുടെ ശക്തി വെളിപ്പെടുത്തുന്ന ഓര്‍മ്മപ്പൊട്ടുകള്‍

12/11/2006 2:47 pm  
Blogger Siju | സിജു said...

ദേവേട്ടന്‍ പറഞ്ഞ കഥയുടെ ഒരു IT വേര്‍ഷനുണ്ട്
ദൈവത്തിനു പകരം പ്രൊജക്റ്റ് മാനേജര്‍, സ്വപ്നം കണ്ടത് സാധാ ഡി വേലപ്പന്‍ aka ഡെവലപ്പര്‍
പക്ഷേ, പാദം ഒരു ജോഡിയാകാന്‍ കാരണം പ്രൊജെക്റ്റ് ഡെലിവറി സമയത്ത് മാനേജര്‍ ഡെവലപ്പറുടെ തോളില്‍ കയറിയിരിക്കുകയായിരുന്നു :-)

ഈ പോസ്റ്റില്‍ ഇങ്ങനെയൊരു കമന്റ് കൊണ്ടിട്ടതിനു സോറി, ഇടാനുള്ള ടെംറ്റേഷനെ പിടിച്ചു നിര്‍ത്താന്‍ പറ്റിയില്ല

12/13/2006 2:17 pm  
Blogger Siju | സിജു said...

ശ്ശൊ..
ഒരു ജന്മദിനാശംസകള്‍ കൂടി

12/13/2006 2:18 pm  

Post a Comment

Links to this post:

Create a Link

<< Home