ജീവനോടെ കുഴിച്ചുമൂടപ്പെട്ട ചിലരെ കുറിച്ച്
മൂന്നരവയസ്സില്‍ നാട്ടില്‍ താമസം തുടങ്ങിയപ്പോള്‍ ചുറ്റും അത്ഭുതങ്ങളായിരുന്നു.അതില്‍ പ്രധാനിയായിരുന്നു കിഴക്കെമുറ്റത്തിനിരകിലായി ഉണ്ടായിരുന്ന ഈ കുളം. മഴക്കാലത്ത് മുറ്റം നിറഞ്ഞ് വികൃതി കാണിച്ചിരുന്നതൊഴിച്ചാല്‍ പുഴയെയോ തോടിനേയോ പോലെ നാടുകാണാന്‍ നടക്കാതെ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്നതാണ്. കുഞ്ഞിപ്പാലു അപ്പാപ്പന്റെ അദ്ധ്വാനം പൂത്തും കായ്ച്ചും നിന്നിരുന്ന പറമ്പ് മുഴുവന്‍ ഒരു നടക്ക് നനക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ചുറ്റില്‍ നിന്ന് ചുരന്ന് ഉറവകള്‍ എത്രപ്പെട്ടെന്നാണെന്നോ കുളം വീണ്ടും നിറഞ്ഞിരുന്നത്.പത്ത് നൂറ് ലോറി മണ്ണിട്ട് മൂടിയപ്പോള്‍ നിറയെ താമരയും ആമ്പലും വിടര്‍ന്ന് നിന്നിരുന്ന എന്റെയൊരു സ്വപ്നത്തിന്റേയും കൂടി മരണമായിരുന്നു അത്.
തളിക്കുളത്തെ തറവാട്ട് കുളത്തിനു ചുറ്റും കൈതക്കാടായിരുന്നു.വെല്ലിമ്മയുടെ അദ്ധ്വാനശീലവും ആ കുളവും ചേര്‍ന്നാണ് ആ പറമ്പ് മുഴുവന്‍ ചക്ക വലിപ്പമുള്ള നാളികേരവും ഭീമാകൃതിയിലുള്ള കൊള്ളിക്കിഴങ്ങുകളും വിളയിച്ചിരുന്നതും.
നാട്ടികയിലെ കുളത്തിന്റെ അങ്ങേക്കര മുഴുവന്‍ പേരമരങ്ങളായിരുന്നു.നീന്തലറിയാത്തതിനാല്‍ അങ്ങേക്കര വരെ എത്തണമെന്നത് ഒരു മോഹമായി നിന്നു.വെള്ളം കുറഞ്ഞ ഒരു വേനലവധിക്ക് കുളം കിളച്ചതിന്റെ പിറ്റേന്ന് ഞാനും അനിയത്തിയും മാത്രമാണ് കുളിക്കാന്‍ പോയത്. തെളിനീരിനിടയിലുടെ അടിഭാഗമൊക്കെ നന്നായി കാണാം. അപ്പുറത്തെത്താനായി നടന്നു തുടങ്ങി ഏതാണ്ട് നടുവിലെത്തിയപ്പോള്‍ അന്തരീക്ഷത്തിനൊക്കെ ആകെയൊരു മാറ്റം,മുകളിലും താഴേയും വെള്ളം,ശ്വാസം മുട്ടല്‍. എത്ര ശ്രമിച്ചിട്ടും കൈ മാത്രമേ വെള്ളത്തിനു മുകളിലേക്ക് പൊങ്ങുന്നുള്ളൂ.അനിയത്തിയുടെ കര്‍ച്ചില്‍ കേട്ട് ആരൊക്കെയോ കുളത്തിലേക്കെടുത്ത് ചാടിയതോടെ ആ മല്‍പിടുത്തമവസാനിച്ചു. അമ്മാവന്മാരിലൊരാള്‍ക്ക് വീട് വെക്കാന്‍ വേണ്ടി ആ കുളവും വഴിമാറിക്കൊടുത്തു.
മേലഴിയത്തെ തറവാട്ടു പറമ്പിലുമുണ്ടൊരു കുളം.അതിന്റെ ജീവനെങ്കിലും എനിക്ക് കാക്കണം.
Labels: ഓര്‍മ്മക്കുറിപ്പ്