Thursday, May 01, 2008

ചന്ദ്രന്‍ അഥവാ ...

"മാങ്ങാ അച്ചാര്‍(തെക്കെപ്പുറത്തെ മൂവാണ്ടന്‍ മാവിന്റെ)"
"ചക്ക വറുത്തത്(തൊഴുത്തിന്റെയടുത്തുള്ള പ്ലാവിലുണ്ടായതാ)"
"ചക്ക വരട്ടിയത് ഇത് ചന്ദ്രികേച്ചിയുടെ പ്ലാവ്‌മ്മേ ഉണ്ടായതാ"

നാട്ടില്‍ നിന്നു കൊണ്ടു വന്ന സാധങ്ങളൊക്കെ ബാഗില്‍ നിന്നെടുത്ത് മേശപ്പുറത്ത് നിരത്തുകയാണ് നാത്തൂന്‍. കരൂപ്പാടത്തെ പറമ്പുകളില്‍ വിളഞ്ഞത് പോരാഞ്ഞ് മുളക്പൊടി,മല്ലിപ്പൊടി തുടങ്ങി ചിറക്കലങ്ങാടി മുഴുവനും ഒരു ബാഗിലാക്കി കൊടുത്തയച്ചിട്ടുണ്ട് വാപ്പ.പക്ഷെ സാധനങ്ങളെല്ലാം എടുത്ത് വെച്ച് ബാഗ് കാലിയായപ്പോഴും എന്തോ ഇനിയും ബാക്കിയുണ്ടല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്.നാലു മാസം മുമ്പ് വാപ്പ വന്നപ്പോഴും ആഗസ്റ്റില്‍ ഞങ്ങള്‍ നാട്ടില്‍ നിന്ന് വന്നപ്പോഴും കൊണ്ടു വന്ന സാധങ്ങളുടെ ഇടയില്‍ ഇതേ മിസ്സിങ്ങ് അനുഭവപ്പെട്ടിരുന്നു.

അത് വേറൊന്നുമായിരുന്നില്ല ,മുപ്പത് വര്‍ഷം മുമ്പ് അവിടെ താമസമാക്കിയതു മുതല്‍ ഞങ്ങളുടെ സ്ഥിര വിഭവവും പലരുടെ കൂടെ കടല്‍ കടന്നതുമായ പപ്പടം, പപ്പട ചന്ദ്രന്‍ കൊണ്ടു വന്നിരുന്ന പപ്പടം.

വീട്ടിലുണ്ടാക്കിയ പപ്പടം കൊണ്ടു നടന്ന് വിറ്റിരുന്നത് കൊണ്ടാകാം ചന്ദ്രന്‍ ,പപ്പട ചന്ദ്രന്‍ എന്നറിയപ്പെട്ടിരുന്നത്. ഇരു നിറത്തില്‍ മെലിഞ്ഞ് തോളത്ത് സഞ്ചിയും തൂക്കി ദൂരെ നിന്നേ ബീഡിക്കറ പുരണ്ട ചിരിയുമായാണ് വൈകുന്നേരങ്ങളില്‍ മൂപ്പരുടെ വരവ്. അഞ്ചാറു കിലോ തൂക്കമുള്ള പപ്പട സഞ്ചിയുടെ ഭാരത്താല്‍ ഒരു വശത്തേക്ക് ചെരിഞ്ഞായിരുന്നു നടപ്പ്.

സഞ്ചിയില്‍ നിന്ന് പപ്പടമെടുക്കുന്നതിനിടെ ചെറിയൊരു വിക്കലോടെ വീട്ടു വിശേഷങ്ങളൊക്കെ ഉമ്മയോട് പറയും.വിക്കുന്ന കേട്ട് വീട്ടിലെ ജോലിക്കാരെങ്കിലും ചിരിക്കുന്നുവെന്ന് തോന്നിയാല്‍ പിന്നെ ഇത്തിരി ഗൗരവം കലര്‍ത്തിയാകും വിശേഷം പറച്ചില്‍. ഗള്‍ഫിലേക്കാരെങ്കിലും പോകുന്നുവെന്നറിഞ്ഞാല്‍ സ്പെഷ്യല്‍ പപ്പടവുമായിട്ടാണ് വരിക.

വേലായുധനും പൊരിക്കാരിക്കും പിറകെ പരിചയപ്പെടുത്താനിരുന്നതായിരുന്നു പപ്പട ചന്ദ്രനെ,നാട്ടില്‍ പോകുമ്പോള്‍ ഒരു ഫോട്ടോയെടുത്ത് അതിനോടൊപ്പം പോസ്റ്റ് ചെയ്യാമെന്ന അതിമോഹം നടന്നില്ല,ചന്ദ്രന്‍ വരാറില്ലേ എന്ന അന്വേഷണത്തിന് വയ്യാതെ കിടപ്പിലാണ് എന്നാണ് മറുപടി കിട്ടിയത്.പിന്നെ ഇക്കഴിഞ്ഞ ഡിസംബറില്‍ ഒരു ദിവസം നാട്ടിലേക്ക് വിളിച്ചപ്പോ അതും കേട്ടു,ഒരു ഗ്രാമത്തിന്റെ മുഴുവന്‍ നാവിന്‍‌ തുമ്പില്‍ കണ്ണീരുപ്പ് ബാക്കിയാക്കി ചന്ദ്രന്‍ പോയെന്ന്.

Labels:

16 Comments:

Blogger വല്യമ്മായി said...

ചന്ദ്രന്‍-ഓര്‍മ്മയായി തീര്‍ന്ന മറ്റൊരു മുഖം.പുതിയ പോസ്റ്റ്.

5/01/2008 12:20 pm  
Blogger ജ്യോനവന്‍ said...

പപ്പടവും ചന്ദ്രനും രണ്ടും ഒരേ വൃത്തത്തില്‍
പൊള്ളിയെന്നും പൊള്ളിയതു പോലെയെന്നും.
ഓര്‍മ്മയുടെ അടയാളങ്ങള്‍.

5/01/2008 2:43 pm  
Blogger കരീം മാഷ്‌ said...

ഒര്‍മ്മകള്‍!
കണ്ണീരുപ്പുമായി....!!
വട്ടത്തില്‍...
പരന്നു പരന്നു...
കുഴഞ്ഞു കുഴഞ്ഞു..!

പക്ഷെ ആരെങ്കിലും ഓര്‍മ്മയെ തിളച്ച എണ്ണയിലിട്ടാല്‍
“ശ്രീ“ എന്നു ചീറി,
ശെടാ! എന്നു നിവര്‍ന്നു
ഞെരി ഞെരിയായി
സ്വാദോടെ!

നന്നായിരിക്കുന്നു.

5/01/2008 2:56 pm  
Blogger ബൈജു സുല്‍ത്താന്‍ said...

ഇതുപോലുള്ള എത്രയോ ചന്ദ്രന്മാര്‍ നമുക്കു നഷ്ടപ്പെടുന്നു..നാടുവിട്ടുള്ള ഈ ജീവിതത്തിനിടയില്‍ പലപ്പോഴും ഫോണിലൂടെയാണിതുപോലെയുള്ള ദുരന്ത വാര്‍ത്തകള്‍ അറിയുക പതിവ്.

5/01/2008 2:57 pm  
Blogger നജൂസ്‌ said...

"ന്റെ മോന്‍ പേര്‍ശ്യയിലൊക്കെ പോയി വല്ല്യ ആളായി വരണം"
പൂമുഖതിണ്ണയിലെ കുടത്തിലിടാനായി ഒരു ഓട്ടകാലണയും
ഇരു കവിളിലും തണുത്ത മുത്തങ്ങളും തന്ന്‌ വല്ല്യുമ്മ യാത്രയാക്കുമ്പോള്‍
ഞാനറിഞ്ഞിരുന്നില്ല യാത്രക്കൊരിങ്ങിയിക്കുന്നത്‌ വല്ല്യുമ്മയാണന്ന്‌.
തിരിച്ചു പോവേണ്ടത്‌ നനവു മാറാത്ത കബര്‍ കാണാനെന്ന്‌.

അടര്‍ത്തിമാറ്റാനാവില്ല ഒന്നും
അടര്‍ന്ന്‌ പോവില്ലൊന്നും.

വല്ല്യമ്മായി ഇങ്ങള്‌ കരയിച്ചു.


വരാം

5/01/2008 3:43 pm  
Blogger Jayasree Lakshmy Kumar said...

ഓരോ നാടിനുമുണ്ടല്ലേ ഇങ്ങിനെ ഓരോ പപ്പടക്കാര്‍. ഞങ്ങളുടെ നാട്ടിലെ പപ്പടക്കാരന്‍ ഒരു ബ്രാഹ്മണനാണ്. ഒരുപാടു പ്രായമൊന്നുമില്ല. വരവ് സൈക്കിളില്‍. വന്നാല്‍ ഒരുപാടു നേരം വര്‍ത്തമാനം പറയും. ചിലപ്പോള്‍ അയാളുടെ എട്ടുപത്തു വയസ്സു വരുന്ന മോനും കാണും സൈക്കിളിന്റെ മുന്നില്‍. വലിയ കണ്ണുകളുള്ള നല്ല ചുറുചുറുക്കുള്ള ഒരു കുട്ടി. പക്ഷെ എപ്പോഴും ചിരിക്കുന്ന ഞങ്ങളുടെ പപ്പടക്കാരന്റെ മുഖത്ത്, നശിച്ചു കൊണ്ടിരിക്കുന്ന ഒരു ബ്രഹ്മണകുടുംബത്തിന്റെ ദൈന്യത നിഴലിച്ച് കാണുന്നത് എന്റെ തോന്നല്‍ മാത്രമാണോ എന്തോ

ഈ പോസ്റ്റ് നാട്ടിലെ പപ്പടക്കാരനെ മാത്രമല്ല, മീന്‍‌കാര്‍, പത്രക്കാരന്‍, പാല്‍ക്കാരന്‍ തുടങ്ങി നാമറിയാതെ നമ്മുടെ ജീവിതത്തില്‍ എവിടെയൊക്കെയോ സ്ഥാനം പിടിക്കുന്ന ഒരുപാടു പേരേ ഓര്‍മ്മിപ്പിച്ചു

5/01/2008 4:39 pm  
Blogger നന്ദു said...

പാവം ചന്ദ്രന്‍ !!
അടുപ്പമുള്ളവരുടെ നഷ്ടപ്പെടല്‍ നീറുന്ന വേദനയാവും പലപ്പോഴും. നല്ല രചന

5/01/2008 6:13 pm  
Blogger Areekkodan | അരീക്കോടന്‍ said...

വല്ല്യമ്മായി കരയിച്ചു.

5/01/2008 8:43 pm  
Blogger Unknown said...

പപ്പടം ചന്ദ്രനെ പോലുള്ള ഒരുപ്പാട് പേര്‍
(ഉണക്ക മീന്‍ വിലക്കുന്ന ആള്‍,തുണി കച്ചവടക്കാരന്‍,പാത്രം വില്പന കാരന്‍ )നമ്മുടെ ഗ്രാമങ്ങളുടെ ഓര്‍മ്മക്കളില്‍ ജീവിക്കുന്നു

5/02/2008 12:12 am  
Blogger ആഗ്നേയ said...

This comment has been removed by the author.

5/02/2008 7:40 pm  
Blogger ആഗ്നേയ said...

പ്രവാസം സങ്കടങ്ങളുടേയും,നഷ്ടപ്പെടലുകളുടേയും മഹാസാഗരമാണെന്ന് പറയാറുണ്ട്.
വന്ന്വന്നിപ്പോള്‍ എല്ലാം നിസ്സംഗതയോടെ കാണാന്‍ ശ്രമിക്കുന്നു(പലപ്പോഴും നടക്കാറില്ലെങ്കിലും)

5/02/2008 9:47 pm  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

നഷ്ടങ്ങള്‍ പകുത്തെടുക്കാന്‍ മനുഷ്യജന്മം മാത്രം ബാക്കി,

5/02/2008 10:28 pm  
Blogger നിലാവര്‍ നിസ said...

ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു പപ്പട ചന്ദ്രനെ പോലൊരാള്‍.. വെളുത്തു ചെറുങ്ങനെ, നന്നായിയ് ചിരിക്കുന്ന ഒരമ്മൂമ്മ.. പപ്പടത്തിന്റെ രുചിക്കൊപ്പം എന്നും മനസ്സില്‍ വരിക ആ ക്ഷീണിച്ച, ലാളിത്യമുള്ള മുഖമാണ്.. ഈ ദൂരത്തിലും...

വല്യമ്മായീ, ഗൃഹാതുരത്വമുണ്ടാക്കുന്ന ഓര്‍മകള്‍..
നന്നായി കുറിപ്പ്.

5/03/2008 11:30 am  
Blogger drawingboy said...

So nostalgic. Thanks for the posting which evoked me about memories of my own village...

FIROS

5/14/2008 6:21 pm  
Blogger പിരിക്കുട്ടി said...

paavam chandrettan

oru photo njaan pratheekshichu.....

vayichu kazhinjappol.........
hmmmmmmmm
pinne aa back ground black matttumo?
kannil kutthunnu

5/30/2008 11:50 am  
Blogger ninav said...

പ്രദീപ്ച്ചോന്‍:
കുട്ടിക്കാലത്ത് ചന്ദ്രന്‍ച്ചേട്ടനെ ഞങ്ങള്‍ക്ക് വളരെ ഇഷ്ട്മായിരുന്നു.ഇതുപോലേ ഒരു സാധു ആ പരിസരത്ത് ഇല്ലായിരിന്നു. ദീനമായ ആ മുഖം വല്ലാതെ ഒര്‍മ്മവരുന്നു.കാക്കിനിറത്തിലുള്ള സഞ്ചിയും തൂക്കി ഇനിയെതു ജന്‍മ്മത്തില്‍ നിന്നാകും ആള്‍ വരിക

9/30/2008 1:01 am  

Post a Comment

<< Home