Saturday, September 22, 2007

റംസാന്‍-ഓര്‍മ്മകളിലൂടെ

ജീവിതത്തിലെ ഒരോ അനുഭവങ്ങളും കടന്ന് വരുന്നത് തന്നെ സമാനനുഭവങ്ങളുടെ ഒരു ചങ്ങലയും കൊണ്ടാണ്,മണ്ണിലിട്ട കാന്തത്തിലേക്ക് ഓടിയടുക്കുന്ന ഇരുമ്പ് തരികളെപ്പോലെ.നോമ്പുകാലവും അതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല.

പുലര്‍ച്ച അത്താഴത്തിനായി ഉമ്മാക്ക് കൂട്ടിനെഴുന്നേറ്റിരുന്നതാണ് നോമ്പിനെ കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മ.പിന്നെ ഞങ്ങള്‍ കുട്ടികളെയെല്ലാം അടുത്ത് വിളിച്ചിരുത്തി കാരുണ്യത്തിനും പാപമോചനത്തിനും നരകമോചനത്തിനുമായി ആദ്യം അറബിയിലും പിന്നെ മലയാളത്തിലും ഉമ്മ ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകള്‍...

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഞാന്‍ ആദ്യമായി നോമ്പു നോറ്റത്,ഒരു ഇരുപത്തിയേഴാം രാവിന്.സെല്ലമ്മായിയുടെ വീട്ടില്‍ പോയപ്പോള്‍ അവര്‍ നീട്ടിയ മിഠായി അറിയാതെ വാങ്ങിയെങ്കിലും നോമ്പിന്റെ കാര്യം ഓര്‍മ്മ വന്നതിനാല്‍ കഴിച്ചില്ല.ഉച്ചയോട് കൂടി ഞാന്‍ ഉമ്മാക്കൊരു വലിയ ലിസ്റ്റ് തന്നെ നല്‍കി,നോമ്പ് തുറന്ന് കഴിഞ്ഞാല്‍ കഴിക്കാനുള്ള സാധനങ്ങളുടെ.നാലര അഞ്ച് മണിയായതോടെ ക്ഷീണത്താല്‍ ഞാന്‍ കട്ടിലില്‍ കയറി കിടപ്പായി.എത്ര ക്ഷീണം തോന്നിയാലും നോമ്പ് മുറിക്കരുതെന്നും അത് അള്ളാഹുവിന് വേണ്ടിയുള്ളതുമാണെന്ന ഉമ്മയുടെ വാക്കുകള്‍ക്ക് മുമ്പില്‍ പിടിച്ചു നിന്നു, എഴ് മണിയോടടുത്ത് നോമ്പ് തുറക്കുന്നത് വരെ.

നോമ്പെടുത്ത് ഉമ്മയുടെ വീട്ടില്‍ പോകുന്നതായിരുന്നു സന്തോഷമുള്ള മറ്റൊരു കാര്യം.നോമ്പുകാരി എന്ന പേരില്‍ വെല്ലിമ്മമാരുടെ പ്രത്യേക വാല്‍സല്യം.കുട്ടികളെല്ലാം കൂടി ഒന്നിച്ചുള്ള അത്താഴം.പക്ഷെ അവിടെ നിന്നും നോമ്പെടുത്താല്‍ ഒരു പ്രശ്നമുണ്ട്,പന്ത്രണ്ട് മണിയോടെ കുട്ടികള്‍ ഒരോരുത്തരായി സ്റ്റോര്‍ റൂമിലേക്ക് നടന്ന് തുടങ്ങും.ആ പ്രലോഭനങ്ങളായിരുന്നു എതിര്‍ത്തു നില്‍ക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്.

അങ്ങനെയെത്രയെത്ര മാമ്പഴക്കാലങ്ങള്‍...

പത്ത് വര്‍‌ഷം മുമ്പ് അറബി കുടുംബത്തോടൊപ്പമുള്ള നോമ്പ് കാലവും ഒരിക്കലും മറക്കാന്‍ കഴിയാത്തത് തന്നെ.ദുബായിലെ മറ്റ് റംസാന്‍ അനുഭവങ്ങളും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഓര്‍മ്മകള്‍ നല്‍കുന്നത് തന്നെ.പ്രത്യേകിച്ചും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാട്ടുകാര്‍ നടത്തുന്ന സമൂഹനോമ്പ് തുറ,കൂട്ടായ ഒരു പ്രാര്‍ത്ഥനാനുഭവത്തോടൊപ്പം ഒന്നാം ക്ലാസ്സു മുതല്‍ കൂടെ പഠിച്ച പലരേയും വീണ്ടും കണ്ട്മുട്ടാനുള്ള അവസരവും നല്‍കി.

ഇന്നലെയായിരുന്നു ആജുവിന്റെ ആദ്യത്തെ നോമ്പ്.അത്താഴമൊന്നും കഴിച്ചില്ലെങ്കിലും ഞാന്‍ പ്രതീക്ഷിച്ചത്ര ക്ഷിണമൊന്നും മൂപ്പര്‍ക്കുണ്ടായില്ല.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആദ്യത്തെ നോമ്പെടുത്തപ്പോള്‍ ശക്തിയായി കൂടെ നില്‍ക്കുമ്പോള്‍ ഉമ്മായുടെ മനസ്സില്‍ എന്തായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നു കൂടി മനസ്സിലായി ഇന്നലെ.

മാനസികവും ആത്മീയയുമായ ഒരു പാട് ഉയര്‍ച്ച പ്രതീക്ഷിച്ചാണ് എല്ലാവരും ഒരോ റംസാനേയും വരവേല്‍ക്കുന്നത്.ഈ ഒരു മാസം നമുക്ക് പകര്‍ന്ന് നല്‍‌കുന്ന ചൈതന്യവും സന്ദേശങ്ങളും ശിഷ്ടജീവിതത്തിലും കൂടെകൊണ്ട് നടക്കാന്‍ നമുക്കേവര്‍ക്കും കഴിയുമാറാകട്ടെ.

Labels:

Thursday, September 13, 2007

വര

വരയ്ക്കാനറിയില്ല.
എന്നിട്ടും വരച്ചു.
നേര്‍‌രേഖകള്‍ ചെരിഞ്ഞെങ്കിലും
വളഞ്ഞ വരകള്‍ വളഞ്ഞു തന്നെ ഇരുന്നു,
വലത്തോട്ടു വേണ്ടവ ഇടത്തോട്ടും
നേരെ തിരിച്ചും.



(സമര്‍പ്പണം:ഇത് കാട്ടി എന്നെ കൊതിപ്പിച്ച ആശയ്ക്ക്)

Labels:

Saturday, September 08, 2007

പ്രഷര്‍ കുക്കര്‍-ശരിയായ ഉപയോഗക്രമം

ഇതെന്തൊരു വിഷയം? നിങ്ങളെല്ലാവരും കരുതുന്നുണ്ടാകാം.എനിക്കറിയാവുന്ന അധികം സ്ത്രീകളും(വിദ്യാ സമ്പന്നരും അല്ലാത്തവരും) പ്രഷര്‍കുക്കറില്‍ പാകം ചെയ്യുന്നത്‌ അതില്‍ നിന്നും വരുന്ന ആവികളുടെ എണ്ണം കണക്കാക്കിയാണ്‌.എന്നാല്‍ അതിനു പകരം ആദ്യത്തെ ആവി വന്നു കഴിഞ്ഞതിനു ശേഷം തീ കുറച്ചിട്ട്‌ നിശ്ചിത സമയം(പാകം ചെയ്യുന്ന സാധനത്തിന്റെ വേവിനനുസരിച്ച്‌) അടുപ്പില്‍ വെക്കുകയാണ്‌ വേണ്ടത്‌.

പ്രഷര്‍ കുക്കര്‍ -പ്രവര്‍ത്തന തന്ത്രം

സാധാരണ രീതിയില്‍ 100 ഡിഗ്രി സെന്റിഗ്രേഡ്‌ ഊഷ്മാവില്‍ ആണ്‌ വെള്ളം തിളക്കുന്നത്‌.അതിനു ശേഷം എത്ര നേരം അടുപ്പില്‍ വെച്ചാലും ആവിയായി പോകുന്നതല്ലാതെ വെള്ളത്തിന്റെ ഊഷ്മാവ്‌ കൂടുന്നില്ല.എന്നാല്‍ കൂടിയ അന്തരീക്ഷ മര്‍ദ്ദത്തില്‍ വെള്ളം തിളക്കുന്ന ഊഷ്മാവ്‌ വര്‍ദ്ധിപ്പിക്കാന്‍ കഴിയും.ഈ അധിക ഊഷ്മാവ്‌ മൂലം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വേവാനുള്ള സമയം കുറവ്‌ മതി.

പ്രഷര്‍ കുക്കര്‍ -ഉപയോഗിക്കേണ്ട വിധം.

പാചകത്തിനാവശ്യമുള്ള സാധനങ്ങള്‍ ആവശ്യത്തിന്‌ കുക്കറില്‍ വെച്ച്‌ ആവശ്യത്തിന്‌ വെള്ളമൊഴിക്കുക.കുക്കറിന്റെ മൂന്നില്‍ രണ്ടു ഭാഗാത്തിനേക്കാള്‍ കവിയരുത്‌.പരിപ്പു പോലെ പതയുന്ന സാധനങ്ങളാണെങ്കില്‍ പകുതി വരെയേ നിറക്കാവൂ.മൂടിയില്‍ നിന്നും വെയിറ്റ്‌ മാറ്റിയ ശേഷം കുക്കര്‍ മൂടി അടുപ്പില്‍ വെക്കുക.ആവി പുറത്ത്‌ വന്ന് തുടങ്ങുമ്പോള്‍ വെയിറ്റിടുക.ആദ്യത്തെ ആവി വരുമ്പോള്‍ തീ കുറക്കുക.ആവശ്യത്തിനുള്ള മര്‍ദ്ദം കുക്കറിനുള്ളില്‍ രൂപപ്പെട്ടാലാണ്‌ ആവി പുറത്ത്‌ വരുന്നത്‌.ഇവിടം മുതലാണ്‌ പാചക സമയം കണക്ക്‌ കൂട്ടേണ്ടത്‌.നിശ്ചിത സമയം കഴിഞ്ഞാല്‍ അടുപ്പ്‌ നിറുത്തി കുക്കര്‍ തണുക്കാന്‍ അനുവദിക്കുക.പെട്ടെന്ന് തുറക്കണമെന്നുണ്ടെങ്കില്‍ സ്പൂണ്‍ ഉപയോഗിച്ച്‌ വെയിറ്റ്‌ പൊക്കി ആവി പുറത്ത്‌ കളഞ്ഞ്‌ തുറക്കാം.

പാചകത്തിനിടയില്‍ എപ്പോഴെങ്കിലും കുക്കറിനുള്ളില്‍ മര്‍ദ്ദം കൂടുകയാണെങ്കിലാണ്‌ പിന്നേയും ആവി പുറത്ത്‌ വരുന്നത്‌.എത്ര പ്രാവശ്യം ഇത്തരത്തില്‍ ആവി പുറത്ത്‌ വരും എന്നത്‌ കുക്കറിനുള്ളിലെ വെള്ളത്തേയും അടുപ്പിന്റെ ചൂടിനേയും ആശ്രയിച്ചിരിക്കും. അല്ലാതെ പാചകത്തിനുള്ള സമയം ആവിയുടെ എണ്ണം നോക്കി നിശ്ചയിക്കുന്നത്‌ ബുദ്ധിയല്ല.

സ്ഥിരമായി ഒരേ അളവില്‍ ഒരേ ചൂടില്‍ പാചകം ചെയ്യുമ്പോള്‍ അടുപ്പില്‍ തീ കൂട്ടി വെച്ച്‌ ആവികളുടെ എണ്ണം കൂട്ടാം.പക്ഷെ അതു കൊണ്ട്‌ കുക്കറിന്റെ മുഴുവന്‍ പ്രയോജനവും കിട്ടില്ല.





Labels:

Wednesday, September 05, 2007

അദ്ധ്യാപകദിനാശംസകള്‍

ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്ത്

മിക്കവാറും എല്ലാ അവധിക്കും ഞാന്‍ പഠിച്ച തൃശ്ശൂര്‍ ഗവ. എന്‍‌ജിനീയറിംഗ് കോളേജ് സന്ദര്‍ശിക്കാറുണ്ടെങ്കിലും സ്റ്റാഫ് റൂമിലുള്ള അദ്ധ്യാപകരേയും കണ്ട് ജോസേട്ടന്റെ കാന്റീനിലെ ചായയും കുടിച്ച് തിരിച്ച് പോരാറാണ് പതിവ്.

ഇക്കൊല്ലം ആഗസ്റ്റ് 15 ന് കോളേജിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൂര്‍‌വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. പുതിയ കുറേ കെട്ടിടങ്ങള്‍ വന്നു എന്നതൊഴിച്ചാല്‍ കോളേജിപ്പോഴും പഴയ പ്രതാപത്തിലും പ്രൗഢിയിലും തലയെടുപ്പോടെ നില്‍ക്കുന്നു. മഴക്കാലത്തെ പച്ച പുതച്ച കാമ്പസിനും അതേ ഭംഗി. ലാബിനു പിറകില്‍ 'പ്രമദ വന"മെന്ന് കുട്ടികള്‍ വിളിച്ചിരുന്ന മരങ്ങള്‍ക്കിടയിലൂടേയുള്ള നടപ്പാതയും സ്റ്റേഡിയത്തിനു ചുറ്റുമുള്ള പടികളും കാട് പിടിച്ച് കിടക്കുന്നതും കാന്റീനിന്റെ സ്ഥലം മാറ്റവുമാണ് ശ്രദ്ധയില്‍ പെട്ട മറ്റു വ്യത്യാസങ്ങള്‍.

ക്ലാസ്സില്‍ പഠിച്ച ഭൂരിഭാഗം പേരുമായും പല പൂര്‍‌വ്വ വിദ്യാര്‍ത്ഥികളുമായും ഗ്രൂപ്പ് മെയില്‍ വഴിയും നേരിട്ടും ഇപ്പോഴും പരിചയം പുതുക്കുന്നതിനാല്‍ അദ്ധ്യാപകരെ കാണാമല്ലോ എന്നതായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനുള്ള ഒരു പ്രധാന കാരണം. പന്ത്രണ്ട് വര്‍‌ഷങ്ങള്‍ക്ക് ശേഷം കാണുമ്പോഴുള്ള അമ്പരപ്പ് നിമിഷങ്ങള്‍ക്കകം പഴയ സ്നേഹവാല്‍സല്യങ്ങളിലേക്ക് വഴി മാറിയത് കാണാന്‍ കഴിഞ്ഞു. ഉമ്മയുടെ മരണം,വിവാഹം,പച്ചാനയുടെ ജനനം തുടങ്ങി സന്തോഷ സന്താപങ്ങളിലെല്ലാം അവരുടെയെല്ലാം പിന്തുണയും പ്രോത്സാഹനവും കുറച്ചൊന്നുമല്ല ഗുണം ചെയ്തിട്ടുള്ളത്.

അദ്ധ്യാപകദിനാശംസകള്‍

ഇവര്‍ക്കും അന്ന് കാണാന്‍ കഴിയാതിരുന്ന സന്തോഷ് മാത്യു സാര്‍,ഹമീദ് സാര്‍ തുടങ്ങി മറ്റദ്ധ്യാപകര്‍ക്കും ആയുരാരോഗ്യസൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതിനോടോപ്പം ഒന്നാം ക്ലാസ്സു മുതല്‍ പഠിപ്പിച്ച അദ്ധ്യാപകര്‍ക്കും ബൂലോഗത്തെ വിഷ്ണുമാഷ്, ഭാര്യ, പി.പി.രാമചന്ദ്രന്‍ മാഷ്, കരിപ്പാറ സുനില്‍ മാഷ്, രെജി മാഷ്, രാമനുണ്ണീ മാഷ്, ആദര്‍ശ് തുടങ്ങി എല്ലാവര്‍ക്കും അദ്ധ്യാപക ദിനാശംസകള്‍.

അദ്ധ്യാപനത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് പ്രീഡിഗ്രിക്കാലത്തെഴുതിയ കുറച്ച് വരികള്‍ ഇവിടെ.

Labels: ,