Saturday, September 08, 2007

പ്രഷര്‍ കുക്കര്‍-ശരിയായ ഉപയോഗക്രമം

ഇതെന്തൊരു വിഷയം? നിങ്ങളെല്ലാവരും കരുതുന്നുണ്ടാകാം.എനിക്കറിയാവുന്ന അധികം സ്ത്രീകളും(വിദ്യാ സമ്പന്നരും അല്ലാത്തവരും) പ്രഷര്‍കുക്കറില്‍ പാകം ചെയ്യുന്നത്‌ അതില്‍ നിന്നും വരുന്ന ആവികളുടെ എണ്ണം കണക്കാക്കിയാണ്‌.എന്നാല്‍ അതിനു പകരം ആദ്യത്തെ ആവി വന്നു കഴിഞ്ഞതിനു ശേഷം തീ കുറച്ചിട്ട്‌ നിശ്ചിത സമയം(പാകം ചെയ്യുന്ന സാധനത്തിന്റെ വേവിനനുസരിച്ച്‌) അടുപ്പില്‍ വെക്കുകയാണ്‌ വേണ്ടത്‌.

പ്രഷര്‍ കുക്കര്‍ -പ്രവര്‍ത്തന തന്ത്രം

സാധാരണ രീതിയില്‍ 100 ഡിഗ്രി സെന്റിഗ്രേഡ്‌ ഊഷ്മാവില്‍ ആണ്‌ വെള്ളം തിളക്കുന്നത്‌.അതിനു ശേഷം എത്ര നേരം അടുപ്പില്‍ വെച്ചാലും ആവിയായി പോകുന്നതല്ലാതെ വെള്ളത്തിന്റെ ഊഷ്മാവ്‌ കൂടുന്നില്ല.എന്നാല്‍ കൂടിയ അന്തരീക്ഷ മര്‍ദ്ദത്തില്‍ വെള്ളം തിളക്കുന്ന ഊഷ്മാവ്‌ വര്‍ദ്ധിപ്പിക്കാന്‍ കഴിയും.ഈ അധിക ഊഷ്മാവ്‌ മൂലം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വേവാനുള്ള സമയം കുറവ്‌ മതി.

പ്രഷര്‍ കുക്കര്‍ -ഉപയോഗിക്കേണ്ട വിധം.

പാചകത്തിനാവശ്യമുള്ള സാധനങ്ങള്‍ ആവശ്യത്തിന്‌ കുക്കറില്‍ വെച്ച്‌ ആവശ്യത്തിന്‌ വെള്ളമൊഴിക്കുക.കുക്കറിന്റെ മൂന്നില്‍ രണ്ടു ഭാഗാത്തിനേക്കാള്‍ കവിയരുത്‌.പരിപ്പു പോലെ പതയുന്ന സാധനങ്ങളാണെങ്കില്‍ പകുതി വരെയേ നിറക്കാവൂ.മൂടിയില്‍ നിന്നും വെയിറ്റ്‌ മാറ്റിയ ശേഷം കുക്കര്‍ മൂടി അടുപ്പില്‍ വെക്കുക.ആവി പുറത്ത്‌ വന്ന് തുടങ്ങുമ്പോള്‍ വെയിറ്റിടുക.ആദ്യത്തെ ആവി വരുമ്പോള്‍ തീ കുറക്കുക.ആവശ്യത്തിനുള്ള മര്‍ദ്ദം കുക്കറിനുള്ളില്‍ രൂപപ്പെട്ടാലാണ്‌ ആവി പുറത്ത്‌ വരുന്നത്‌.ഇവിടം മുതലാണ്‌ പാചക സമയം കണക്ക്‌ കൂട്ടേണ്ടത്‌.നിശ്ചിത സമയം കഴിഞ്ഞാല്‍ അടുപ്പ്‌ നിറുത്തി കുക്കര്‍ തണുക്കാന്‍ അനുവദിക്കുക.പെട്ടെന്ന് തുറക്കണമെന്നുണ്ടെങ്കില്‍ സ്പൂണ്‍ ഉപയോഗിച്ച്‌ വെയിറ്റ്‌ പൊക്കി ആവി പുറത്ത്‌ കളഞ്ഞ്‌ തുറക്കാം.

പാചകത്തിനിടയില്‍ എപ്പോഴെങ്കിലും കുക്കറിനുള്ളില്‍ മര്‍ദ്ദം കൂടുകയാണെങ്കിലാണ്‌ പിന്നേയും ആവി പുറത്ത്‌ വരുന്നത്‌.എത്ര പ്രാവശ്യം ഇത്തരത്തില്‍ ആവി പുറത്ത്‌ വരും എന്നത്‌ കുക്കറിനുള്ളിലെ വെള്ളത്തേയും അടുപ്പിന്റെ ചൂടിനേയും ആശ്രയിച്ചിരിക്കും. അല്ലാതെ പാചകത്തിനുള്ള സമയം ആവിയുടെ എണ്ണം നോക്കി നിശ്ചയിക്കുന്നത്‌ ബുദ്ധിയല്ല.

സ്ഥിരമായി ഒരേ അളവില്‍ ഒരേ ചൂടില്‍ പാചകം ചെയ്യുമ്പോള്‍ അടുപ്പില്‍ തീ കൂട്ടി വെച്ച്‌ ആവികളുടെ എണ്ണം കൂട്ടാം.പക്ഷെ അതു കൊണ്ട്‌ കുക്കറിന്റെ മുഴുവന്‍ പ്രയോജനവും കിട്ടില്ല.





Labels: