Friday, June 26, 2009

"അഞ്ചേ, തെക്കു പടിഞ്ഞാറ് നാലേ"

"അഞ്ചേ, തെക്കു പടിഞ്ഞാറ് നാലേ"

രണ്ടാം തവണയും തെങ്ങിന്റെ മുകളില്‍ നിന്ന് കോരഞ്ചേരിയുടെ ശബ്ദം കേട്ടപ്പോള്‍ വേലിയിലെ തൂക്കു ചെമ്പരത്തിയില്‍ തലകീഴായി സര്‍ക്കസ് കളിക്കുന്ന തുമ്പിയില്‍ നിന്ന് നോട്ടമെടുക്കാതെ തന്നെ ഞാന്‍ "ഓ" എന്ന് തിരിച്ചു കൂവി,എന്നിട്ട് കയ്യിലിരുന്ന വീതി കുറഞ്ഞ് നീളത്തിലുള്ള പുസ്തകത്തിലെ പേന അടയാളം വെച്ച പേജ് തുറന്ന് 16 എന്ന നമ്പറിനു നേരെ ഒരോ കോളങ്ങളിലായി എഴുതാന്‍ തുടങ്ങി, 5 തെ പ 4. നമ്പറുകളൊക്കെ തലേന്നെ ഉമ്മ ഇട്ടു തന്നതാണ്.പേജിനു മുകളിലായി അന്നത്തെ തിയ്യതിയും വാകേക്കാരുടെ പറമ്പ് എന്ന് എഴുതിയതും ഉമ്മ തന്നെ.തെങ്ങ് കയറി കഴിയുമ്പോഴേക്കും ഉമ്മയുടെ വൃത്തിയുള്ള എഴുത്ത് എന്റെ കാക്ക തൂറിയത് പോലുള്ള അക്കങ്ങളില്‍ മുങ്ങിപോയിട്ടുമുണ്ടാകും.


പുരയിടത്തിനു പുറമേ മൂന്ന് തെങ്ങിന്‍ പറമ്പുകളായിരുന്നു വാപ്പാക്ക്.കരുവന്നൂര്‍ പുഴയുടെ തീരത്ത് കോലോത്തും കടവില്‍,ഇഞ്ചമുടി കോള്‍പാടങ്ങള്‍ക്ക് അരികെ മാടുമ്മല്‍,പിന്നെ മെയിന്‍ റോഡില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്കുള്ള വാകേക്കാരുടെ പറമ്പും.വാകയില്‍ എന്ന വീട്ടുകാരില്‍ നിന്ന് വാങ്ങിയതിനാലാണ് ആ സ്ഥലത്തിനാ പേരു വന്നത്.


മാസത്തിലൊരിക്കലുള്ള തെങ്ങുകയറ്റം ശനിയും ഞായറും നീണ്ടു നില്‍ക്കുന്ന ആഘോഷം തന്നെയായിരുന്നു. കോലോത്തുകടവും വാകേക്കാരും ശനിയാഴ്ചയും മാടും വീട്ടു പറമ്പും ഞായറാഴ്ചയും. ഇതില്‍ വാകേക്കാരുടെ പറമ്പും വീട്ട് പറമ്പും എനിക്ക്. കോലോത്തും കടവില്‍ ഉമ്മാക്കും മാട് അനിയത്തിക്കും.

ദൂരേയുള്ള പറമ്പുകളൊക്കെ ഞാന്‍ മനഃപ്പൂര്‍‌വ്വം ഒഴിവാക്കിയതാണ്,അതിരാവിലെ എഴുന്നേറ്റ് നടന്നു പോകേണ്ട മടിക്ക്.അടുത്തുള്ള സ്ഥലങ്ങളാകുമ്പോള്‍ അവധി ദിവസത്തെ ഉറക്കം ,വിസ്തരിച്ചുള്ള പത്രം വായന ഇതൊന്നും മുടങ്ങുകയുമില്ല.


കോരഞ്ചേരിയും ചന്ദ്രേട്ടനുമായിരുന്നു തെങ്ങ്‌കയറ്റക്കാര്‍,വേലായുധനും പെണ്ണുങ്ങളിലാരെങ്കിലും പെറുക്കികൂട്ടാനും കാണുമെങ്കിലും കണക്കെഴുതുന്നതിനിടെ പൊന്തയിലേക്കും തോട്ടിലേക്കും പാടത്തേക്കും വീഴുന്ന നാളികേരങ്ങളെ ശ്രദ്ധിക്കലും പെറുക്കുന്നവരുടെ സൗകര്യത്തിനായി നാളികേരങ്ങള്‍ ചെറു കൂട്ടങ്ങളാക്കുന്നതും ഞങ്ങള്‍ കുട്ടികളുടെ ഡ്യൂട്ടി തന്നെ.

കോരഞ്ചേരിയും ചന്ദ്രേട്ടനും വാത്സല്യത്തോടെ ഇട്ടു തരുന്ന കരിക്ക് മാത്രമല്ല,തെങ്ങ് കയറ്റം പകുതിയാകുമ്പോഴേക്കും വീട്ടില്‍ നിന്ന് കൊണ്ടു വരുന്ന ചായയും കടിയും പണികളെല്ലാം ഉഷാറാക്കിയിരുന്നു.

ഓല വെട്ടുന്ന മാസങ്ങളാങ്കില്‍ പണികൂടും.തെങ്ങ് കയറി കഴിഞ്ഞ് കയറ്റക്കാര്‍ അവരുടേ കൂലിയായ തേങ്ങകളുമായി പോയി കഴിയുമ്പോഴേക്കും പൊളിക്കുന്നവരെത്തും.പിന്നെ ഓലയും മടലും ചകിരിയും വാങ്ങാനെത്തുന്നവരും.കൊതുമ്പും കോഞാട്ടയുമെല്ലാം വീട്ടിലേക്കും.

തെങ്ങും തേങ്ങയുമായുള്ള അഭേദ്യബന്ധം കാരണമായിരിക്കണം ഞങ്ങളുടെ നാട്ടില്‍ ചകിരിക്കുട്ടി,കോഞ്ചുട്ടി തുടങ്ങിയ പേരുകള്‍ക്ക് ക്ഷാമമില്ലാതായത്.

ഉമ്മ പോയി,പിന്നാലെ വേലായുധനും ചന്ദ്രേട്ടനും.ഞാനും അനിയത്തിയും കല്യാണം കഴിഞ്ഞ് പോന്നു.മണ്ഡരി വന്നു,കോരഞ്ചേരി കിടപ്പിലായി,തെങ്ങുകയറ്റം കൊല്ലത്തിലൊന്നൊ രണ്ടോ തവണ.ഇത്തവണ വടക്കാഞ്ചേരീന്ന് ആളെകൊണ്ടു വന്നിട്ടാണ് തെങ്ങു കയറിയതെന്ന് വാപ്പ.

ഉപ്പയുടെ മരണശേഷം ആരും ശ്രദ്ധിക്കാനില്ലാതെ പോയ പറമ്പ് നമുക്കെടുക്കാമെന്ന് തറവാടി പറഞ്ഞപ്പോ സമ്മതം മൂളാന്‍ ആലോചിക്കേണ്ടി വന്നില്ല,എന്നെങ്കിലും പഴയകാലങ്ങള്‍ എന്റെ മക്കള്‍ക്ക് തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞാലോ?

Labels:

30 Comments:

Blogger വല്യമ്മായി said...

"അഞ്ചേ, തെക്കു പടിഞ്ഞാറ് നാലേ"-പുതിയ പോസ്റ്റ്

5/18/2008 7:51 pm  
Blogger Shooting star - ഷിഹാബ് said...

ആദ്യത്തേത് ഞാന്‍ തന്നെ പറയാം. വായിച്ചു, മുഖം ചുളിക്കുന്നില്ല.

5/19/2008 1:41 am  
Blogger Sharu (Ansha Muneer) said...

ആദ്യം വായിച്ചപ്പോള്‍ ഒരു ഒന്നുമില്ലായ്ക തോന്നിയെങ്കിലും പിന്നീട് ഇത് പുതുതലമുറയുടെ നഷ്ടങ്ങളില്‍ ഒന്നാണെന്ന് തോന്നി. :)

5/19/2008 11:18 am  
Blogger Areekkodan | അരീക്കോടന്‍ said...

എന്താ ചില വാക്കുകള്‍ വിട്ടുപോയ പോലെ...അതോ എന്റെ സിസ്റ്റത്തിന്റെ പ്രശ്നമോ?

5/19/2008 2:18 pm  
Blogger നന്ദു said...

ശരിക്കും ബാല്യത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി..
ശരിയാണ് ഇപ്പോഴത്തെ തലമുറയില്പെട്ട കുട്ടികൾക്ക് ഇതിനെക്കുറിച്ചറിയില്ലല്ലോ?. സൂപ്പർമാർക്കറ്റിൽ നിന്നും കിട്ടുന്ന പൊതിച്ച തേങ്ങ (എളുപ്പത്തിനായി പലപ്പോഴും ചുരണ്ടി വാങ്ങിക്കൊണ്ടു വരുന്ന തേങ്ങ)യല്ലെ കണ്ടിട്ടുള്ളു.. കുലയടർത്തി താഴെയിടുമ്പോൾ തെറിച്ചു പോണ തേങ്ങയുടെ പുറകേ ഓടിപ്പിടിക്കുന്ന കുട്ടിക്കാലം അവർക്കന്യം തന്നെയല്ലെ?

നല്ല ലേഖനം.

5/19/2008 2:35 pm  
Blogger yousufpa said...

നല്ല തീരുമാനം വല്യമ്മായി,
മക്കള്‍ക്ക് പൈത്റ്കം പകര്‍ന്ന് നല്‍കുക സാധാരണ അവരുടെ വല്ലിമ്മ,വല്ലിപ്പമാരാണല്ലൊ.അതിപ്പം സാധ്യമല്ലാത്തതുകൊണ്ട് ഇതു തന്നെയാണു നല്ലത്.

5/19/2008 4:13 pm  
Blogger ഭൂമിപുത്രി said...

വല്ല്യമ്മായീ,എനിയ്ക്കപരിചിതമായ രീതികളും,വിശേഷങ്ങളും.രസമായി വായിച്ചു..പ്രീയപ്പെട്ട ഓറ്മ്മകളുറങ്ങുന്ന ഇടം തിരിച്ചെടുക്കാന്‍ പറ്റിയല്ലോ.ഭാഗ്യവതി!

5/29/2008 8:02 pm  
Blogger വല്യമ്മായി said...

ഷിഹാബ്,നന്ദി,ചുളിക്കേണ്ടിടത്ത് ധൈര്യമായി ചുളിക്കാം.

ഷാരു,നന്ദി

അരീക്കോടന്‍ മാഷേ,നന്ദി,ചിലതെല്ലാം ഞാന്‍ പൂരിപ്പിക്കാതെ വിട്ടു എന്നത് ശരി തന്നെ,ചോദിക്കുന്നവര്‍ക്ക് വിശദീകരിച്ച് കൊടുക്കാമെന്ന് കരുതി.
നന്ദു,അത്കന്‍ നന്ദി

ഭൂമി പുത്രി ചേച്ചി നന്ദി.അനുഭവങ്ങളാല്‍ സമ്പന്നമായിരുന്നു ബാല്യം,തിരിച്ചെടുത്തത് ഭര്‍‌ത്താവിന്റെ സ്ഥലമാണ് :)

6/01/2008 5:14 pm  
Blogger Sureshkumar Punjhayil said...

Good... Best Wishes...!

6/12/2008 6:56 pm  
Blogger Minnu said...

nice..:)

6/26/2009 2:31 pm  
Blogger വീകെ said...

ഇനി അങ്ങനെ ഒരു കാലം ഒരിക്കലും വരികയില്ല.
കുട്ടികൾക്ക് പാഠപുസ്തകത്തിൽ വായിച്ചു പഠിക്കാൻ ഒരുപക്ഷെ ഉപകരിച്ചേക്കും

6/26/2009 3:53 pm  
Blogger കരീം മാഷ്‌ said...

വായനക്കാരനു സങ്കല്‍പ്പിച്ചു ഫില്ലു ചെയ്യാന്‍ ക്ഴുച്ന്‍ിലതൊക്കെ വിട്ടു മുഴുവന്‍ പറയാതെ പോകുന്ന ഓര്‍മ്മക്കുറിപ്പുകളാണെനിക്കിഷ്ടം (ഇതാ ഇതു പോലെ)
വായിക്കുമ്പോള്‍ വായനക്കാരന്റെ ചില ഓര്‍മ്മകളുടെ പേജുകളും അറിയാതെ തുറക്കണം. വായനക്കാരനെക്കൂടി നായകനാക്കണം.
അപ്പോള്‍ എഴുത്തു പൊതുവാകുന്നു. വായന മൂല്യമുള്ളതാവുന്നു. അല്ലെങ്കില്‍ ഒരു ഡയറി വായിക്കുന്ന പോലെയേ തോന്നൂ.( ഒരു ഒളിഞ്ഞു നോട്ടത്തിന്റെ അപകര്‍ഷത തോന്നും)
ഇതൊക്കെ എന്റെ മാത്രം തോന്നലുകളാവാം.
പിന്നെ തേങ്ങയും തെങ്ങും എന്റെ ബാല്യത്തിലേയും ഭാരമായിരുന്നു.
ചോയിയുടേയും സുബ്രുവിന്റെയും പിന്നാലെ പിണച്ച തേങ്ങയും തൂക്കി കൈ കടഞ്ഞു കുറേ നടന്നിട്ടുണ്ട്.

6/26/2009 5:25 pm  
Blogger കുട്ടി said...

"അഞ്ചേ, തെക്കു പടിഞ്ഞാറ് നാലേ" ....... എന്താ ഇതിന്റെ അര്‍ത്ഥം?

"കൊതുമ്പും കോഞാട്ടയുമെല്ലാം വീട്ടിലേക്കും.".....കോഞാട്ട എന്നു പറഞ്ഞാല്‍?

6/26/2009 6:23 pm  
Blogger ആത്മ/പിയ said...

ഒരു കവിത വായിക്കുമ്പോലത്തെ അനുഭൂതി തോന്നി കഥ വായിച്ചപ്പോള്‍. അതെങ്ങിനെ തോന്നി എന്നെഴുതാനറിയില്ല.
പിന്നെ, തറവാടിജിയുടെ എഴുത്തിന്റെ ശൈലിപോലെയും തോന്നി.
രണ്ടും എന്റെമാത്രം അനുഭവങ്ങളാണേ വലിയമ്മായി.
എന്തായാലും വളരെ പുതുമയുള്ള (പ്രത്യേകതയുള്ള)എഴുത്ത്! ധൃതിയില്‍ എഴുതി തീര്‍ത്തപോലെയും തോന്നി.
വലിയമ്മായിക്ക് സുഖം തന്നെ എന്നു വിശ്വസിക്കുന്നു.
“ഹാപ്പി വീക്കെന്റ്” വലിയമ്മായി..
സന്തോഷമായിട്ടിരിക്കൂ..:)

6/26/2009 7:49 pm  
Blogger ശ്രീനാഥന്‍ said...

interesting, you have a good simple style of writing. also thank you for visiting my blog, after a long gap only I saw it.

6/27/2009 3:40 am  
Blogger വയനാടന്‍ said...

ഓർമ്മ്മി(പ്പി)ക്കുക ഭൂതകാലത്തെ വല്ലപ്പൊ‍ാഴും,
നന്ദി

6/28/2009 12:09 am  
Blogger പാവപ്പെട്ടവൻ said...

കൃഷിയും കൃഷികാലങ്ങളും പോയിമറഞ്ഞ കാലത്തില്‍ നിന്നൊരു ഓര്‍മ്മ മനോഹരം

6/28/2009 3:14 am  
Blogger Appu Adyakshari said...

പഴയകാല ചിന്തകൾ നന്നായി കോറിയിട്ടു വല്യമ്മായി. പക്ഷേ ഇക്കാലത്ത് ഇനി തെങ്ങൂകേറാനൊക്കെ കേരളക്കരയിൽ ആരെങ്കിലും ബാക്കിയുണ്ടോ? തെങ്ങുകയറാൻ പോയിട്ട് പറമ്പിൽ കൂലിപ്പണിക്കുപോലും ആളെകിട്ടാനില്ല. എല്ലാവരും ഡോക്റ്റർമാരാകുന്ന നാട്ടിൽ രോഗികളെവിടെ ഉണ്ടാവാനാ, അല്ലേ !!

6/28/2009 6:50 am  
Blogger കുഞ്ഞന്‍ said...

വല്യാമ്മായി..

ഇത്തരത്തില്‍ അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് നല്ലൊരു ഫീല്‍ കിട്ടി...

ന്നാലും നിങ്ങൊളൊരു ബൂര്‍ഷ്വാണല്ലെ...എത്ര പറമ്പാ..

6/28/2009 8:58 am  
Blogger കാട്ടിപ്പരുത്തി said...

തായ്‌ലന്റിലോ അതോ ഫിലിപൈന്‍സിലോ തെങ്ങു കയറാന്‍ കുരങ്ങന്മാരാണെന്നു കേട്ടിട്ടുണ്ട്.

ഇപ്പറഞ്ഞതെല്ലാം എന്റെയും അനുഭവം, പക്ഷെ ഏറ്റവും കുറഞ്ഞത് 10 ഇളനീര് മത്സരിച്ച് ഞാനും അമ്മാവന്റെ മകനും കുടിച്ച് തീര്‍ത്തിരിക്കും.

6/28/2009 11:03 am  
Blogger shams said...

'തെങ്ങുകയറ്റ സീസണ്‍' ഒരു ഉത്സവമാക്കിയിരുന്ന ബാല്യം ഓര്‍മ്മയിലെത്തി.

6/28/2009 1:32 pm  
Blogger കണ്ണനുണ്ണി said...

nalloru anubhava kadha mashe.

6/28/2009 3:51 pm  
Blogger വല്യമ്മായി said...

സുരേഷ്,സ്നോവൈറ്റ്,വീ.കെ,ശ്രീനാഥന്‍,വയനാടന്‍,പാവപ്പെട്ടവന്‍,ഷംസ്,കണ്ണനുണ്ണി നന്ദി.
കരീം മാഷ്,വിലയിരുത്തലിനു നന്ദി.
കുട്ടീ,അഞ്ച് എന്നാല്‍ അപ്പോള്‍ ഇട്ട തേങ്ങ തെക്ക് പടിഞ്ഞാറുള്ള കുലയില്‍ നാല്‍ തേങ്ങ അടുത്ത മാസത്തേക്ക്ക്ക് വിളവാകും എന്നാണ് ആ വിളിച്ച് പറയിലിനര്‍ത്ഥം.കൊഞ്ഞാട്ട എന്നാല്‍ നെറ്റ് പോലെ തെങ്ങിന്റെ ഓലയേയും തെങ്ങും ബന്ധിപ്പിക്കുന്നതാണ്.

ആത്മേച്ചി,അനുഭവം മാത്രം.തറവാടിയും മോനും നാട്ടിലാ,അപ്പോ വീക്കെണ്ടൊന്നും ആഘോഷിച്ചില്ല.
അപ്പു,അതെ,ഇപ്പോള്‍ തെങ്ങുമില്ല,തേങ്ങയുമില്ല.
കുഞ്ഞന്‍,പറമ്പുകളില്‍ രണ്ടെണ്ണം മാത്രമേ ഇപ്പോ നിലവിലുള്ളൂ :)
കാട്ടിപ്പരുത്തി,ഉമ്മ കണ്ണുരുട്ടുമെങ്കിലും അതായിരുന്നു എന്റേയും ഹോബി.

6/28/2009 4:37 pm  
Blogger Junaiths said...

ormmakal........

6/28/2009 7:10 pm  
Blogger Mahesh Cheruthana/മഹി said...

ഓര്‍മ്മകൾ നന്നായി !താമസിയാതെ തമിഴുനാടു തന്നിലെങ്കില്‍ തേങ്ങ ഒരു സ്വപ്നമാകുo!

6/28/2009 9:29 pm  
Blogger Patchikutty said...

നല്ല എഴുത്ത്‌. തിരക്കിനിടയില്‍ വല്യമ്മായി ഓര്‍ത്തു വാക്കുകളില്‍ കൊരുത്തതു എന്‍റെ ബാല്യത്തിലെ മറവിയുടെ മാറാല മൂടിയ ചിലത് പുറത്തെടുത്തു. കൊഞ്ഞട്ടയും, കൊതുമ്പും, നീറും, നിറിന്റെ മണവും കടിയും ഒക്കെ. ഏതായാലും സ്ഥലം എടുത്ത്‌ നന്നായി. നല്ല കുട്ടി "ഓര്‍" ഭാര്യ... അല്ലതിന്നത്തെ പെംബില്ലരെ പോലെ നോക്കാന്‍ അളില്ലന്നു പറഞ്ഞു വിട്ടു കളയിചില്ലല്ലോ.ദൈവം അനുഗ്രഹിക്കട്ടെ.

6/29/2009 12:37 pm  
Blogger paarppidam said...

നന്നായിരിക്കുന്നു.ഗൃഹാതുരത്വം ഉണർത്തുന്നു.

ഒരുവേള മനസ്സ്‌ നാട്ടിലേക്ക്‌ പോയി.ദുബായീന്ന് നാട്ടിലേക്ക്‌ പോകാൻ മനസ്സിനു പന്നിപ്പനിപേടിക്കേണ്ടല്ലോ?

8/10/2009 2:34 pm  
Blogger Seena said...

Njan vicharikkukayayirunnu Tcril evideyaayirikkum ningalennu.. oru kodungallur touch pole.. tharavadiye munpente blogil kandittundu..
pinne , njanum oru thrissurkariyane.. :)

9/11/2009 10:08 pm  
Blogger റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കരുവന്നൂര്‍ പുഴയുടെ തീരത്ത് കോലോത്തും കടവില്‍,ഇഞ്ചമുടി കോള്‍പാടങ്ങള്‍ക്ക് അരികെ മാടുമ്മല്‍,പിന്നെ മെയിന്‍ റോഡില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്കുള്ള വാകേക്കാരുടെ പറമ്പും.

പരിചയമുള്ള സ്ഥലങ്ങളായത് കൊണ്ട്
എല്ലാം നേരില്‍ കാണുന്നത് പോലെ തോന്നി...

5/10/2011 5:16 pm  
Blogger പുലരി said...

പരുക്കന്റെ എണ്ണം പറയുകയാണ്‌. അല്ലെ?
കുറെ കേട്ടതാനീ വയ്ക്കുകള്‍
ഒപ്പം അതിന്റെ കൊയിഞ്ചില്‍ പരിശോധനയും കൂടെ ഉണ്ടാകും...

2/06/2012 4:02 pm  

Post a Comment

<< Home