Monday, April 30, 2007

ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം

സ്കൂള്‍ ഉള്ള സമയത്ത് ഏഴു മണി മുതല്‍ ഒമ്പതു മണി വരെയും അവധിക്ക് എട്ടര മുതല്‍ പതിനൊന്നര വരെയുമായിരുന്നു മദ്രസ്സയിലെ പഠന സമയം.പക്ഷെ എഴുന്നേറ്റ് ഒരുങ്ങലും വിശദമായ പ്രാതലും പിന്നെ ഒന്നരകിലോമീറ്ററോളമുള്ള വായനോട്ടവും കഴിഞ്ഞ് മദ്രസ്സയിലെത്തുമ്പോഴേക്കും ഏതാണ്ട് ഏഴര.(നേരം വൈകാതിരിക്കാനായി പല്ലുതേപ്പും കുളിയും വേഷം മാറലുമൊക്കെ കഴിഞ്ഞ് കിടന്നുറങ്ങിയാലോ എന്നു വരെ ചിന്തിച്ചിരുന്നു!).

ഏഴ് പത്തിന് കാലിച്ചായ എന്ന ഓമനപേരില്‍ ഉസ്താദ് തുടങ്ങുന്ന അടി ഒരോരുത്തരും വരുന്ന മുറയ്ക്ക് എണ്ണവും പേരിന്റെ നിലവാരവും കൂടി ഞാനെത്തുമ്പോഴേക്കും മിനിമം പൊറോട്ട ബീഫ് ഫ്രൈ ആയിട്ടുണ്ടാകും.അടിയുടെ ക്ഷീണം മാറി ബുക്കൊക്കെ തുറന്ന് പിന്നെ മദ്രസ്സയുടെ പിറകിലുണ്ടായിന്ന കാവിലെ കാഴ്ചയെല്ലാം നോക്കിയിരിക്കുമ്പോഴേക്കും ഒമ്പത് മണിയാകും.പിന്നെ മദ്രസ്സയുടെ തൊട്ടടുത്തുള്ള അമ്മായിയുടെ വീട്ടില്‍ നിന്ന് രണ്ടാം പ്രാതലും കഴിഞ്ഞ് സ്കൂളിലേക്ക്.

സ്കൂളടച്ചാലാണ് മദ്രസ്സാ പഠനം(?) അതിന്റെ പാരമ്യത്തിലെത്തുക.പതിവുപോലെ പിന്നിലെ കാവിലെ ചെടികളുടെ ജീവികളുടെ കണക്കെടുപ്പ്,റോഡിലൂടെ പോകുന്ന ബസ്സുകളുടെ പേര് നമ്പര്‍ തുടങ്ങിയവ ബെറ്റ്വെക്കല്‍(കൂട്ടുകാരി റം‌ലത്ത് ആയിരുന്നു മിക്കവാറും ഈ കളിയില്‍ ജയിച്ചിരുന്നത്),പുതിയ സിനിമാ പൈങ്കിളി നോവല്‍ കഥകള്‍ കൈമാറല്‍ ഇതിനിടയില്‍ ഉസ്താദിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഓത്തും.

ഉസ്താദന്മാരെ പ്രീതിപ്പെടുത്താനായി ആരോ തുടങ്ങി വെച്ചതാണ് അടുത്തുള്ള ചായപ്പീടികയില്‍ നിന്നും ചായയും കടിയും വാങ്ങി കൊടുക്കല്‍.കുറച്ചു പേരൊക്കെ ചെയ്തപ്പോള്‍ എനിക്കും ഒരു പൂതി.വീട്ടില്‍ ചോദിച്ചാല്‍ പൈസ കിട്ടുമെങ്കിലും പീടികയില്‍ പോയി ചായ വാങ്ങാനൊന്നും സമ്മതിക്കില്ല.കൊച്ചാപ്പ വന്നു പോയപ്പോള്‍ മേശ വലിപ്പിട്ടു പോയ ചില്ലറയെടുത്ത് അതിനും പരിഹാരം കണ്ടെത്തി.ചായയും പപ്പടവടയും വാങ്ങലും കൊടുക്കലുമൊക്കെ ഉഷാറായി നടന്നു.തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വലിയൊരു പുളിക്കൊമ്പുമായി മുറ്റത്ത് തന്നെ ഉമ്മ.ചായപ്പീടികകാരന്റെ ഭാര്യയും അമ്മായിയും തമ്മില്‍ ഇങ്ങനെയൊരു ഹോട്ട്‌ലൈന്‍ ഉള്ള കാര്യം ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍..........


ഇഖ്‌റ‌അ്‌(നീ വായിക്കുക) എന്ന വചനത്തില്‍ ഖുര്‍‌ആന്‍ അവതരണം തുടങ്ങിയതില്‍ നിന്നു തന്നെ വിജ്ഞാന സമ്പാദനത്തിന് മതം കൊടുത്തിട്ടുള്ള പ്രാധാന്യം വ്യക്തമാണല്ലോ.അതു കൊണ്ടു തന്നെയാകണം മദ്രസ്സ വിദ്യാര്‍ത്ഥികളെയും അവരുടെ അദ്ധ്യാപകരേയും പരമാവധി സഹായിക്കാന്‍ സാധാരണ ജനങ്ങള്‍ പോലും താത്പര്യം കാട്ടിയിരുന്നത്.ചീരണി എന്ന ഓമനപേരില്‍ വിതരണം നടത്തിയിരുന്ന ചക്കരചോറ്,പായസം തുടങ്ങിയ മധുര വിതരണമായിരുന്നു അതിലൊന്ന്.

കഞ്ഞീത്ത്(പഴയ കാല കഞ്ഞി വീത്ത് ലോപിച്ച്) എന്നറിയപ്പെട്ടിരുന്ന അന്നദാനമായിരുന്നു മറ്റൊന്ന്.പോകുമ്പോള്‍ വരിവരിയായും തിരിച്ച് വരുമ്പോള്‍ തോന്നിയ പോലേയും നാട്ടുഭം‌ഗിയും ആസ്വദിച്ചുള്ള ആ യാത്രകള്‍ തന്നെ രസമായിരുന്നു.

പണക്കാരനോ പാവപ്പെട്ടവനോ ചെറിയ വീടോ വലിയ വീടോ എന്ന ഭേദമില്ലാതെ എവിടെ ചെന്നാലും നല്ല സ്വീകരണം.ചെന്ന ഉടന്‍ പഞ്ചസാര വെള്ളമോ സര്‍ബത്തോ.പിന്നെ ചോറും പോത്തിറച്ചി കറിയും പരിപ്പും പപ്പടവും.ചോറു കഴിഞ്ഞാല്‍ പഴമോ പായസമോ.ഒന്നുകില്‍ ഒരു നീളെയിട്ട വാഴയിലയില്‍ രണ്ടു വശത്തും കുട്ടികള്‍;അല്ലെങ്കില്‍ ഒരില രണ്ട് പേര് പങ്കിട്ട്,ഇന്നിപ്പോള്‍ എവിടെ പോയി ബുഫെ ലഞ്ച് കഴിച്ചാലാണ് ആ സ്വാദൊക്കെ ഒന്ന് തിരികെ കിട്ടുക.

Labels:

26 Comments:

Blogger വല്യമ്മായി said...

ഓത്തുപള്ളിയിലന്നു നമ്മള്‍ പോയിരുന്ന കാലം
-മതപഠനവും അതിലേറെ കുസൃതികളുമായി നടന്നിരുന്ന കാലത്തേക്ക് മനസ്സു കൊണ്ടൊരു തിരിച്ചു പോക്ക്.
(ഈ പാട്ടിന്റെ പൂര്‍ണ്ണരൂപം അറിയാവുന്നവര്‍ കമന്റായോ മെയിലായോ അയച്ചാല്‍ ഉപകാരം)

4/30/2007 3:26 pm  
Blogger മുസ്തഫ|musthapha said...

"...പോകുമ്പോള്‍ വരിവരിയായും തിരിച്ച് വരുമ്പോള്‍ തോന്നിയ പോലേയും നാട്ടുഭം‌ഗിയും ആസ്വദിച്ചുള്ള ആ യാത്രകള്‍ തന്നെ രസമായിരുന്നു..."

ശരിക്കും ആ കാലത്തേക്ക് വരിവരിയായ് കൊണ്ടു പോയി ഈ പോസ്റ്റ് - നന്നായിട്ടുണ്ട് വല്യമ്മായി :)

ഒ.ടോ:
ഇപ്പഴല്ലേ കാര്യം പിടികിട്ടിയത്... കട്ടപ്പരിപ്പിനെ കുറിച്ചൊക്കെ പറഞ്ഞ് അന്ന് നാവില്‍ വെള്ളമൂറിപ്പിച്ചതിന്‍റെ രഹസ്യം :)

4/30/2007 3:30 pm  
Blogger അപ്പു ആദ്യാക്ഷരി said...

“ചായപ്പീടികകാരന്റെ ഭാര്യയും അമ്മായിയും തമ്മില്‍ ഇങ്ങനെയൊരു ഹോട്ട്‌ലൈന്‍ ഉള്ള കാര്യം ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍..........“
ഹ..ഹ..ഹാ..

നല്ല പോസ്റ്റ് വല്യമ്മായീ.. കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിച്ചു.

4/30/2007 3:41 pm  
Blogger ബീരാന്‍ കുട്ടി said...

വല്യമ്മായി, കലക്കിട്ടോ. ഇജി അള്‌ കൊളളലോ. ഇപ്പളും ഒത്ത്‌പ്പ്പ്പള്ളി ഒര്‍മ്മിച്ച്‌ ജിവികാണലെ. ന്നാലും മനസ്സിന്ന് മുഴുവന്‍ എഴുതാതെ ബാക്കി വെച്ചത്‌ ശരിയയില്ല.

4/30/2007 3:50 pm  
Blogger Rasheed Chalil said...

പോകുമ്പോള്‍ വരിവരിയായും തിരിച്ച് വരുമ്പോള്‍ തോന്നിയ പോലേയും നാട്ടുഭം‌ഗിയും ആസ്വദിച്ചുള്ള ആ യാത്രകള്‍ തന്നെ രസമായിരുന്നു...

വല്ല്യമായി നന്ദി... ആ പഴയക്കാലത്തിലേക്ക് നടത്തിയതിന്.

4/30/2007 4:09 pm  
Blogger നിമിഷ::Nimisha said...

വല്യമ്മായിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ശരിയ്ക്കും വല്യമ്മായിയും കൂട്ടുകാരും ഓത്ത്‌പള്ളിയിലേയ്ക്ക് നടന്ന് പോകുന്നത് കണ്ട പ്രതീതി :) നല്ല വിവരണം.
“തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വലിയൊരു പുളിക്കൊമ്പുമായി മുറ്റത്ത് തന്നെ ഉമ്മ.“
ഈ ഉമ്മമാര്‍ക്കെല്ലാം ഈ കാര്യത്തില്‍ ഒരേ മനസ്സാണല്ലൊ ദൈവമേ ഈ ഞാനടക്കം :)

4/30/2007 4:43 pm  
Anonymous Anonymous said...

അതെ, ഇതാണെഴുത്ത്! ഒന്നും വിട്ടുപോകാതെ; ഒന്നും കൂട്ടിച്ചേര്‍ക്കാതെയും.

keep it up

4/30/2007 5:50 pm  
Blogger ഗുപ്തന്‍ said...

ഈണവും താളവും തെറ്റാതെ വര്‍ണ്ണങ്ങള്‍ മാഞ്ഞുപോകാതെ ഓര്‍മ്മകള്‍ വാക്കുകളിലെത്തുന്നു. വളരെ നന്നായി എഴുത്ത്.

നമ്മുടെ നാടിന്റെ മാറ്റം എന്നെ ഭയപ്പെടുത്തുകയാണ്. ഈ പോസ്റ്റെഴുതിയ ആള്‍ 30 കളിലേക്ക് കടക്കുന്നു. കമന്റെഴുതുന്ന ആള്‍ ആ പടികടന്നിട്ട് അധികനാളായില്ല. പക്ഷേ കൂട്ടമായുള്ള സ്കൂളില്‍ പോക്കും കുസൃതികളും ഒക്കെ നമ്മുടെ നാട്ടുവഴികള്‍ പോലും മറന്നുതുടങ്ങി. സ്കൂള്‍ ബസ് എത്താത്തിടത്ത് കുട്ടികളെ സ്കൂളില്‍ വിടാന്‍ ഓട്ടോ റിക്ഷാകള്‍ ഉണ്ട്...

മുപ്പത്തിമൂന്നാം വയസ്സില്‍ ഞാന്‍ ഒരു പുരാവസ്തുവായോ ഈശ്വരാ..

4/30/2007 6:05 pm  
Blogger ശെഫി said...

അവതരണത്തിലെ ഒതുക്കം വളരെയധികം ഇഷ്ടമായി.

എല്ലാ നാട്ടിലേം മദ്രസകള്‍ക്കൊക്കെ ഒരേ ശേലാണല്ലെ

4/30/2007 6:55 pm  
Blogger Pramod.KM said...

ഉം.ശരിയാണ്‍ വല്യമ്മായി.
നാട്ടിന്റെ രുചി ഒന്നു വേറേ തന്ന്യാണ്‍.;)

4/30/2007 8:23 pm  
Blogger പരാജിതന്‍ said...

വല്ല്യമ്മായി,
തലക്കെട്ട്‌ കണ്ട്‌ വന്നതാ.
നന്നായിരിക്കുന്നു, ഈ കുറിപ്പ്‌.

പാട്ട്‌ കിട്ടിയോ?
ഇല്ലെങ്കില്‍ ഇതാ:

"ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‌ക്കയാണ്‌ നീലമേഘം
കോന്തലയ്ക്കല്‍ നീയെനിക്കായ്‌ കെട്ടിയ നെല്ലിക്ക
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മുല്ലാക്ക.

പാഠപുസ്തകത്തില്‍ മയില്‍പ്പീലി വച്ച്‌ കൊണ്ട്‌
പീലി പെറ്റുകൂട്ടുമെന്ന് നീ പറഞ്ഞ്‌ പണ്ട്‌
ഉപ്പു കൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്!
ഇപ്പഴാ കഥകളെ നീ അപ്പടി മറന്ന്!

(ഓത്തുപള്ളീലന്ന്... )

കാട്ടിലെ കോളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ച്‌
കാറ്റ്‌ കേറും കാട്ടിലെല്ലാം നമ്മളും കുതിച്ച്‌
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ച്‌
കാത്തിരിപ്പും മോഹവുമിന്നെങ്ങനെ പൊലിഞ്ഞ്‌!

(ഓത്തുപള്ളീലന്ന്... )

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ തന്നിടയ്ക്ക്‌
വേലി കെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌?
എന്റെ കണ്ണുനീര്‌ തീര്‍ത്ത കായലിലിഴഞ്ഞ്‌
നിന്റെ കളിത്തോണിയിന്ന് എങ്ങു പോയ്‌ മറഞ്ഞ്‌?

(ഓത്തുപള്ളീലന്ന് നമ്മള്‍...) "

qw_er_ty

4/30/2007 8:30 pm  
Blogger വേണു venu said...

ഓടി വന്നു. ഓര്‍‍മ്മയുള്ള വരികള്‍ കുറിക്കാമെന്നു കരുതി .‍ ഹരി എഴുതി കഴിഞ്ഞു. അമ്മാവി ഓര്‍‍മ്മകള്‍‍ നന്നായി.:)

4/30/2007 8:43 pm  
Blogger കരിപ്പാറ സുനില്‍ said...

ഇത്രയൊക്കെ പറഞ്ഞ സ്ഥിതിയ്ക്ക് ഓത്തുപള്ളീയിലെ പഠനവിഷയത്തെക്കുറിച്ചും അത് ജീവിതത്തില്‍ നല്‍കിയ ധാര്‍മ്മികതയും വ്യക്തിവികാസവുമൊക്കെ ചെറുതായൊന്ന് സ്പര്‍ശിയ്ക്കാമായിരുന്നു അല്ലേ.
ആശംസകളോടെ
കരിപ്പാറ സുനില്‍

4/30/2007 9:10 pm  
Blogger വല്യമ്മായി said...

എന്നോടൊപ്പം സ്മരണകളയവിറക്കി കഞ്ഞീത്തിന് പോകാന്‍ കൂടിയ
അഗ്രജന്‍,

അപ്പു(കുട്ടിക്കാല കുസൃതികള്‍ പണ്ടും പോസ്റ്റിയിട്ടുണ്ട്),

ബീരാന്‍ കുട്ടി(അങ്ങനെ മുഴുമ്മനും എഴുതാന്‍ പറ്റോ :)),

ഇത്തിരി,

നിമിഷ(അതൊക്കെ സ്നെഹം കൊണ്ടയിരുന്നെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്, വൈകിയാണെങ്കിലും),

അരുണ,

മനു(വളരെ ശരി),

ശെഫി(നാട്ടിലെ പോയിട്ട് ദുബായിലെ മദ്രസ്സകള്‍ പോലെം ഇതേ ശേലിലാ),

പ്രമോദ്,

പരാജിതന്‍( തലെക്കെട്ട് ആകര്‍ഷകമാക്കണമെന്ന് ഇരിങ്ങല്‍ പറയുന്നത് ഇതു കൊണ്ടാണല്ലേ :), പാട്ടിന്റെ വരികള്‍ക്ക് പ്രത്യേക നന്ദി),

വേണു,

കരിപ്പാറ സുനില്‍(അവധിക്കാലരസങ്ങള്‍ പങ്കു വെക്കാനുള്ള ഒരു പോസ്റ്റിന്റെ മുന്നോടിയായി എഴുതിയതാണ് ഈ പോസ്റ്റ്,എന്നാലും ചോദിച്ചത് കൊണ്ട് പറയുന്നു,ഖുര്‍‌ആനിനു പുറമേ ഇസ്ലാമിക നിയമങ്ങളും ജീവിതചര്യയും ചരിത്രവുമാണ് മദ്രസ്സകളിലെ പാഠ്യവിഷയം. പക്ഷെ അതൊരിക്കലും മറ്റു മതങ്ങളെ നിന്ദിക്കാനോ അവരോട് ശണ്ഠ കൂടാനോ പഠിപ്പിക്കുന്നില്ല. കാഫിര്‍ എന്ന വാക്കിന്റെ അര്‍ത്ഥം പറഞ്ഞു തന്നപ്പോള്‍ ഉസ്താദ് പറഞ്ഞു തന്ന വാചകം ഓര്‍മ്മയില്‍ നിന്നും ഇവിടെ കുറിക്കട്ടെ: കാഫിര്‍ എന്നാല്‍ അമുസ്ലീം അല്ല ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ എന്നാണെന്ന്,എന്റെ മദ്രസ്സയുറ്റെ അടുത്തുണ്ടായിരുന്ന കാവും ശ്രീകൃഷ്ണ ക്ഷേത്രവും നമ്മുടെ നാടിന്റെ സഹിഷ്ണുതയ്ക്ക് ഉദാഹരണമല്ലേ)

ഒരായിരം നന്ദി

5/01/2007 1:16 pm  
Blogger ഏറനാടന്‍ said...

വല്യമ്മായി,

ഇതിപ്പഴാ വായിച്ചത്‌. ഓത്തുപള്ളീലെ കാലത്തില്‍ തിരിച്ചെത്തിയ പ്രതീതി. ഇതില്‍ പറഞ്ഞിട്ടുള്ളതെല്ലാം അപ്പടി എന്റെ മദ്രസ്സയിലും ഉണ്ടായിട്ടുണ്ട്‌. ചേക്കുകാക്കാന്റെ മക്കാനീന്നുള്ള പുട്ടും ചായയും വാങ്ങികൊടുത്ത്‌ മൊയില്യാരുടെ അടി ഒഴിവാക്കലും അറബിമലയാളം തപ്പിപിടിച്ച്‌ വായിക്കുമ്പം മനോരമ-ബാലരമ-പൂമ്പാറ്റ ബുക്ക്‌ പിന്നാം ബെഞ്ചിലിരുന്ന്‌ ഒളിഞ്ഞുവായിക്കലുമെല്ലാം.. ഉണ്ടായിരുന്നെന്ന്‌ മാത്രം. അതൊരു പോസ്‌റ്റിനുള്ള വഹയുണ്ട്‌. നോക്കാം, ഇന്‍ഷാ അള്ളാഹ്‌..

5/01/2007 1:36 pm  
Blogger ശിശു said...

വല്യമ്മായി)കുറിപ്പ്‌ കുട്ടിക്കാലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ഞങ്ങളും കളിച്ചിരുന്നു സൈക്കിളിന്റെ mud guard ലേയും മെഷീന്‍ കവറിലെയും അക്ഷരങ്ങള്‍ പറഞ്ഞ്‌ വാതുവെച്ചുള്ള കളി. എഴുത്തുകുത്ത്‌ കളിയെന്നാണ്‌ ഞങ്ങള്‍ ഇതിനെ വിളിച്ചിരുന്നത്‌. അങ്ങനെ എത്രയെത്ര കളികള്‍. കൂട്ടം കൂടിയുള്ള സ്കൂളില്‍ പോക്ക്‌. അതൊക്കെ ഇന്നത്തെ കുട്ടികള്‍ക്ക്‌ നഷ്ടമായില്ലെ.
ഇന്നത്തെ കുട്ടികളുടെ കാര്യമോര്‍ക്കുമ്പോള്‍ വിഷമംതോന്നുന്നു. വീടിന്റെ ഉമ്മറത്ത്‌ വന്നുനില്‍ക്കുന്ന ബസ്‌. അതില്‍ മാടുകളെ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നതുപോലുള്ള സ്കൂള്‍ യാത്രകള്‍, പാഠപുസ്തകങ്ങളുടെ ഭാരത്താല്‍ കുനിഞ്ഞ മുതുക്‌. കുട്ടിക്കാലത്തേ കുട്ടിക്കാലം മടുപ്പുളവാക്കുന്ന രീതികള്‍.
പരാജിതന്‍ മാഷ്‌ കുറിച്ചിട്ട പാട്ട്‌ മുമ്പ്‌ കേട്ടിട്ടില്ലായിരുന്നു. എന്താ വരികള്‍. അന്നത്തെ കുട്ടിക്കാലം മുഴുവന്‍ അതിലുണ്ട്‌. ആരായിരിക്കും ഇതെഴുതിയത്‌?

5/01/2007 1:37 pm  
Blogger സുല്‍ |Sul said...

“ഏഴ് പത്തിന് കാലിച്ചായ എന്ന ഓമനപേരില്‍ ഉസ്താദ് തുടങ്ങുന്ന അടി ഒരോരുത്തരും വരുന്ന മുറയ്ക്ക് എണ്ണവും പേരിന്റെ നിലവാരവും കൂടി ഞാനെത്തുമ്പോഴേക്കും മിനിമം പൊറോട്ട ബീഫ് ഫ്രൈ ആയിട്ടുണ്ടാകും.“
അമ്മായി നന്നായ് എഴുതി. പഴയ ഓര്‍മ്മകള്‍ തിരിച്ചു തന്ന പോസ്റ്റ്. wordveri - ladukwl

5/01/2007 1:46 pm  
Blogger thoufi | തൗഫി said...

ഓത്തുപള്ളിയിലെ കുട്ടിക്കാലം എന്നും
മധുവൂറുന്ന ഓര്‍മ്മകളാവേണ്ടതാണ്.
കാലത്തിന്റെ കറക്കത്തോടൊപ്പം
വിസ്മരിക്കാന്‍ നിര്‍ബന്ധിതമായ ഓര്‍മ്മകളാണതിന്ന്.
ആ നല്ലനാളുകളിലേക്ക് തിരിച്ചുനടത്തിയതിന്
ഒത്തിരി നന്ദി.

ഓത്തുപള്ളീലന്ന് നമ്മള്..എന്റെ എന്നത്തേയും ഇഷ്ടഗാനങ്ങളിലൊന്നാണീത്.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ ഇടക്കൊക്കെ കേള്‍ക്കാറുള്ള പാട്ട്.

ശിശൂ..ഈ പാട്ടെഴുതിയത് :പീ.ടി.അബ്ദുറഹ്മാന്‍
(കഴിഞ്ഞ വര്‍ഷം നിര്യാതനായി)
പാടിയത് : ബീ.ടി.മുരളി
ചിത്രം : തേന്‍ നിലാവ്

5/01/2007 8:42 pm  
Blogger Shiju said...

വല്യമ്മായി Said

ശിശൂ..ഈ പാട്ടെഴുതിയത് :പീ.ടി.അബ്ദുറഹ്മാന്‍
(കഴിഞ്ഞ വര്‍ഷം നിര്യാതനായി)
പാടിയത് : ബീ.ടി.മുരളി
ചിത്രം : തേന്‍ നിലാവ്


വല്യമ്മായി പടത്തിന്റെ പേരു തേന്‍ തുള്ളി എന്നാണ് എന്റെ അറിവ്.

5/01/2007 9:04 pm  
Blogger thoufi | തൗഫി said...

ഷിജു പറഞ്ഞതാ ശരി.തെറ്റിയത് എനിക്കാണ്.
തേന്‍ എന്നാണ് തുടക്കം എന്നറിയാം.
തേന്‍ നിലാവ് എന്നായിരുന്നു
ഞാനും ഇതുവരെ കരുതിയിരുന്നത്.
തിരുത്തിയതിന് നന്ദി.

5/01/2007 9:42 pm  
Blogger വല്യമ്മായി said...

ഓത്തുപള്ളിയിലെ ഓര്‍മ്മകള്‍ പങ്ക് വെക്കാനെത്തിയ ഏറനാടന്‍,ശിശു,മിന്നാമിനുങ്ങ്,ഷിജൂ(ആ പറഞ്ഞത് ഞാനല്ലട്ടോ :)) വളരെ നന്ദി.വായിക്കാന്‍ സമയം കണ്ടെത്തിയവര്‍ക്കും നന്ദി.

5/02/2007 12:43 pm  
Blogger അഞ്ചല്‍ക്കാരന്‍ said...

ഓത്തുപള്ളീം ഉസ്താതും ചക്കരകഞ്ഞീം കഞ്ഞീത്തും എല്ലാം കൊണ്ട് വല്യമ്മായി വര്‍ഷം പത്തിരുപത്തിയഞ്ച് പിറകിലേക്ക് നയിച്ചു. കാലവര്‍ഷകാലത്താണ് എന്റെ മദ്രസാ കാലഘട്ടത്തിലെ ബാറാത്ത്. മഴയത്ത് വയലും തൊടിയും കുന്നും മലയും താഴ്വാരവും കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകുന്ന തോടും ഒക്കെ കടന്ന് “ഹസ്ബീ റബ്ബീ സെല്ലള്ളാ...മാഫീ ഖല്‍ബീ ഹയറുള്ളാ...നൂറ് മുഹമ്മദ് സെല്ലള്ളാ...ലാ ഇലാഹ ഇല്ലള്ളാ..” പാടി അമ്മായി പറഞ്ഞ പോലെ അങ്ങോട്ടു വരിവരിയായും ഇങ്ങോട്ടു തോന്നിയ വരിയായും അങ്ങോട്ടു ഫുള്‍ സൂട്ടില്‍ (ബറാത്തിനു പോകുന്നതിനാല്‍ സ്പെഷ്യലായി ഉമ്മ ഇസ്തിരിയിട്ട് തരുന്ന നിക്കറും നല്ല വെള്ളയുടുപ്പും പിന്നെ തലയില്‍ ഒരു കര്‍ച്ചീഫും.) തിരിച്ചുവരുമ്പോള്‍ കര്‍ച്ചീഫ് ലെസ് ഉടുപ്പ് ലെസ് നിക്കര്‍ മാത്രം. കര്‍ച്ചീഫ് തോട്ടിലെ വെള്ളം കൊണ്ടു പോയിട്ടുണ്ടാകും. ഉടുപ്പ് പിഴിഞ്ഞ് കയ്യിലും പിടിച്ചിട്ടുണ്ടാകും. പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ ഓത്ത് പള്ളീലെ ഇരുപത്തിയെട്ട് വര്‍ഷം പഴക്കമുള്ള ഓര്‍മ്മകള്‍ പള്ളിക്കാട്ടിലെ കാട്ടുപൂക്കളുടെ ഗന്ധമായി നാസാരന്ധ്രങ്ങളിലേക്ക് അടിച്ചു കയറുന്നത് പോലെ.
ഓത്തു പള്ളീലെ ഓര്‍മമകള്‍ പോസ്റ്റാക്കാനൊക്കും എന്ന് കാട്ടി തന്നതിന് നന്ദി.
പോസ്റ്റ് വളരെ നന്നായിട്ടുണ്ട്.
വീണ്ടും എഴുതുക.

5/04/2007 2:09 pm  
Blogger ചീര I Cheera said...

നല്ല ഓര്‍മ്മകള്‍..

5/04/2007 5:22 pm  
Blogger വല്യമ്മായി said...

ഓത്തു പള്ളി വിശേഷങ്ങള്‍ വായിക്കാനെത്തിയതിനും മധുരമുള്ള ഓര്‍മ്മകള്‍ പങ്ക് വെച്ചതിനും അഞ്ചല്‍കാരനും പി.ആറിനും നന്ദി.

5/05/2007 4:25 pm  
Blogger rafeeq said...

when i read the heading, it took me long back...to the madrassa in which I have studied. that was near to the engg.college hostel of thrissur.
I rememeber those days...
without no feelings...
without no responsibilities...
without no duties....
without any burdens...
oru appoppanthadi pole...
my God.....
vallyammayi...
karayippikkathe.

12/02/2007 3:31 pm  
Blogger riyaas said...

ശരിയ്ക്കും ഇത് അന്നത്തെ കാലത്തേക്ക് കൊണ്ടു പോയി...മദ്രസയിലെ ഉസ്താദിന്റെ അടിയും...ഓത്ത് ചോറും...മദ്രസേടെ മുറ്റത്ത് വട്ടത്തിൽ നിർത്തിയുള്ള ഖുർ ആൻ ഓത്തും...നബിദിനാഘോഷ പരിപാടികളും..എല്ലാം ...

1/28/2012 11:09 am  

Post a Comment

<< Home