Saturday, October 14, 2006

മരിക്കാത്ത ഓര്‍മ്മകള്‍

ഒരു പെരുന്നാള്‍ കൂടി അടുത്തു വരുന്നു.എന്റെ കുട്ടിക്കാലത്തായിരുന്നെങ്കില്‍ പെരുന്നാളിന്‌ രണ്ടു ദിവസം മുമ്പ്‌ തുടങ്ങും വീട്ടിലെ പലഹാര പണികള്‍.ആറേഴ്‌ ഹിന്ദു കൃസ്ത്യ‍ന്‍ വീടുകള്ക്കിടയില്‍ ഞങ്ങള്‍ മാത്രമായിരുന്നു മുസ്ലീം കുടുംബം.പലഹാരം ഉണ്ടാക്കാന്‍ വടക്കേതിലെ സെല്ലമ്മായിയും അശോകേട്ടന്റെ അവിടുത്തെ ചന്ദ്രികേച്ചിയും വരും സഹായത്തിനായി.അതു പോലെ കൃസ്തുമസിനും പള്ളിപെരുന്നാളിനും ഓണത്തിനും വിഷുവിനുമെല്ലാം ഉമ്മയും പോകും അവരുടെ വീട്ടില്‍ സഹായത്തിന്‌.
അടുത്ത ആഴ്ച പെരുന്നാളിനു മുമ്പ്‌ പുതിയ പോസ്റ്റിലിടാനായി മനസ്സില്‍ കുറിച്ചിട്ടിരുന്ന വാചകങ്ങളാണ്‌ മുകളിലെഴുതിയത്‌.
ഇന്നലെ പതിവു പൊലെ ഓഫീസ്സിലെ തിരക്കുകള്‍‌ക്കിടയില്‍ വാപ്പായുടെ ഫോണ്‍:"വടക്കേലെ റപ്പായി ചേട്ടന്‌ കുറച്ചു ദിവസമായി നല്ല സുഖമുണ്ടായിരുന്നില്ല,ഇന്നു രാവിലെ അസുഖം കൂടി ആശുപത്രിയില്‍ കൊണ്ടു പോയി,അവിടെയെത്തി ആളെ പരിശോധിക്കുന്നതിനിടയില്‍ ബോധക്ഷയമുണ്ടായ സെല്ലമ്മായി മരണപ്പെട്ടു."
വടക്കേലെ തെക്കേലെ എന്നെല്ലാം പറയുമെങ്കിലും പണ്ടുണ്ടായിരുന്ന വേലിയും ഇന്നുള്ള മതിലും ഞങ്ങളുടെ മനസ്സില്‍ ഒരിക്കലും ഒരു അതിരിട്ടിരുന്നില്ല.
സെല്ലമ്മായി, ഇഞ്ചമുടിക്കാരന്‍ റപ്പായിയുടെ ഭാര്യ സെലീന,ഞാനെന്ന മൂന്നു വയസ്സുകാരിയാണ്‌ സെലീന അമ്മായിയെ സെല്ലമ്മായി എന്ന്‌ സൗകര്യപൂര്‍വ്വം വിളിച്ചു തുടങ്ങിയത്‌.കാലക്രമേണ ഞങ്ങളുടെ വീട്ടിലും ബന്ധുക്കളുടെ ഇടയിലും സെല്ലമ്മായി ആയി തിര്‍ന്നു.
റപ്പായി ചേട്ടന്‍ കെ.എസ്‌.ഇ.ബി യില്‍ എക്സിക്യൂട്ടീവ്‌ എഞ്ചിനീയറായി ഇടുക്കിയില്‍ ജോലി ചെയ്തിരുന്ന സമയത്ത്‌ അവരും ഇളയമകള്‍ ഫ്ലോറി ചേച്ചിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.ഞാനും അനിയത്തിയും പകല്‍ മിക്കവാറും അവരുടെ വീട്ടിലായിരുന്നു.സ്കൈലാബ്‌ വീഴുക തുടങ്ങിയ ഭീകര പ്രവചനങ്ങളുടെ അവസരങ്ങളില്‍ ഞങ്ങളും ഉമ്മയും അവിടെയായിരുന്നു കിടപ്പു പോലും.വാപ്പ വീട്ടിലില്ലാത്തപ്പോള്‍ രാത്രി എന്റെ വീട്ടിലാരെങ്കിലും വന്നാല്‍ ഞങ്ങള്‍ അറിയുന്നതിനു മുമ്പ്‌ തന്നെ വടക്കെകാരും പടിഞ്ഞാറെക്കാരും അറിഞ്ഞിരിക്കും.
പെരുന്നാളിനും വിശേഷ അവസരങ്ങളിലുമുള്ള സഹായത്തിനു പുറമേ അപ്രതീക്ഷമായി വിരുന്നുകാരുള്ള ദിവസങ്ങളില്‍ സെല്ലമ്മായിയുടെ പലഹാരടിന്നുകള്‍ ഞങ്ങള്‍ പോലും അറിയാതെയാണ്‌ അടുക്കളയിലെത്തിയിരുന്നത്‌.
കൃസ്തുമസ്സിനും പള്ളിപെരുന്നളിനും അവരുടെ വീട്ടിലെ കല്യാണങ്ങള്‍ക്കും എന്തിന്‌ ദുഃഖ വെള്ളിയാഴ്ചയിലെ കയ്പനീരു കുടിയ്ക്കാനും ഞങ്ങളായിരുന്നു അവരുടെ വീട്ടില്‍ മുന്നില്‍.
അങ്ങനെ കണക്കറിയാത്ത കൊടുക്കള്‍ വാങ്ങലുകളുടേയും പരസ്പര സഹായത്തിന്റേയും ഒരു പാട്‌ കഥകള്‍.
ഇന്നലെ ഫോണ്‍ വെക്കുമ്പോള്‍ വാപ്പ അവസാനം വിതുമ്പി കൊണ്ട്‌ പറഞ്ഞു:"ഉമ്മ മരിച്ചപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സെല്ലമ്മായിയും റപ്പായി ചേട്ടനും ഉണ്ടായിരുന്നു;ഇനിയിപ്പോ".
അതെ, ഇതു പോലുള്ള ബന്ധങ്ങള്‍ മതത്തിന്റേയും ഭാഷയുടേയും ദേശത്തിന്റെയും പോരടിക്കുന്ന ഇനിയുള്ള തലമുറകളില്‍ ഉണ്ടാകുമോ.
അതെ പലതും മറയുകയാണ് കാലയവനികക്കുള്ളില്‍. മറയാത്തതൊന്നു മാത്രം മരിയ്ക്കാത്ത ഓര്‍മ്മകള്‍.

Labels:

31 Comments:

Blogger വല്യമ്മായി said...

മരിക്കാത്ത ഓര്‍മ്മകള്‍-പുതിയ പോസ്റ്റ്

സെല്ലമ്മായിയുടെ ഓര്‍മ്മക്കു മുമ്പില്‍ രണ്ടു തുള്ളി കണ്ണുനീര്‍.

എഴുതാനുണ്ട് ഇനിയുമൊരുപാട് ,ദുഃഖം ഘനീഭവിച്ച ഈ നേരത്ത് എനിക്കിനി വാക്കുകളില്ല

10/14/2006 1:24 pm  
Blogger Rasheed Chalil said...

മരണം രംഗബോധമില്ലാത്ത കോമാളി എന്ന് പറയാറില്ലേ... അത് പോലെ.

ജീവിതത്തിനിടയിലെവിടെയോ വെച്ച് കൈപിടിച്ചവര്‍ ഒരു ദിവസം ആ കൈ പിന്‍‌വലിച്ച് ഓടിപോവും പോലെ...

എപ്പോഴും കൂടെയുള്ള ഏറ്റവും അടുത്ത ചങ്ങാതിയാണെങ്കിലും മരണം അങ്ങനെ വലിയ ദുഃഖമാവുന്നു. വേര്‍പാടിന്റെ ദുഃഖം. തീര്‍ക്കാനാവാത്ത കടപാടുകളുടെ ദുഃഖം. ബാക്കി വെച്ചുപോയ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ദുഃഖം...

ആരോടും പറയാതെ ആരും അറിയതെ വന്ന് കൂട്ടികൊണ്ട് പോവുന്ന മരണമെന്ന പ്രതിഭാസം...

വല്ല്യമ്മായി താങ്കളുടെ ദുഃഖത്തില്‍ ഞാനും പങ്ക് ചേരുന്നു.

മതങ്ങള്‍ക്കും ജാതിക്കും അപ്പുറമുള്ള സ്നേഹവും ബന്ധങ്ങളും കഴിഞ്ഞ തലമുറയിലാര്‍ക്കും പറഞ്ഞ് കൊടുക്കേണ്ടി വരും എന്ന് തോന്നുന്നില്ല. എന്നാല്‍ ഇനി വരുന്ന തലമുറയെ സൂക്ഷിക്കണം. കാരണം അവര്‍ ചെറുപ്പത്തിലേ അയല്‍‌വാസിയെപ്പോലും സംശയത്തോടെ കാണാന്‍ ശീലിക്കുന്നു.

10/14/2006 1:41 pm  
Blogger മുസ്തഫ|musthapha said...

വല്ല്യമ്മായി താങ്കളുടെ ദുഃഖത്തില്‍ ഞാനും പങ്ക് ചേരുന്നു.



വരും തലമുറയെ എല്ലാകാര്യത്തിലും എല്ലാവരും സംശയദൃഷ്ടിയോടെ കാണുന്നു...!
അത്രയ്ക്കൊക്കെ നമ്മള്‍ ആകുലപ്പെടേണ്ടതുണ്ടോ?
നമ്മുക്ക് മുന്‍പ് പോയ തലമുറയും ഇതേപോലെ നമ്മേപ്പറ്റി ചിന്തിച്ചിരുന്നോ... ആവോ?

10/14/2006 1:49 pm  
Blogger ഏറനാടന്‍ said...

"സമയാമാം രഥത്തിങ്കല്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നൂ
നിന്‍ സ്വദേശം കാണുവാനായ്‌
ഞാന്‍ തനിയേ പോവുന്നൂ.."
- താങ്കളുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നൂ..

10/14/2006 1:56 pm  
Blogger ശാലിനി said...

:"ഉമ്മ മരിച്ചപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സെല്ലമ്മായിയും റപ്പായി ചേട്ടനും ഉണ്ടായിരുന്നു;ഇനിയിപ്പോ".

നാട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന അമ്മയെ ഓര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്നു. ഇതുകൂടി വായിച്ചപ്പോള്‍ കരഞ്ഞു പോയി. ഞങ്ങള്‍കും ഉണ്ടായിരുന്നു ഇതുപോലെ ഒരു അയല്‍ വക്കം, അവൈടുത്തെ അമ്മമാരേയും, അമ്മ എന്നു തന്നെയാണ് വിളിച്ചിരുന്നത്. ഇനി നാട്ടില്‍ പോകുമ്പോള്‍ എല്ലാവരേയും പോയികാണണം എന്നു ആഗ്രഹിക്കുന്നു. ആരൊക്കെ കാണുമോ ആവോ?

10/14/2006 1:57 pm  
Blogger ദേവന്‍ said...

വല്യമായി, ഞാനും സങ്കടം പങ്കുകൊള്ളുന്നു.

എനിക്കും ഇതുപോലെ വേലിക്കപുറവും ഇടവഴിക്കു മറുപുറവുമൊക്കെ ബന്ധുക്കള്‍ ധാരാളമുണ്ടായിരുന്നു. മിക്കവരും പോയി. നാട്ടിലെത്തി വണ്ടി സൈഡ്‌ റോഡില്‍ കയറി ഓരോ വീട്ടിന്റെ മുന്നിലൂടെ പോകുമ്പോഴും ഞാന്‍ ആ വീട്ടുകാരുടെ കാര്യം ചോദിക്കുമായിരുന്നു. ഈയിടെയായി ഇങ്ങനെയൊക്കെയാണ്‌ മറുപടി.
"ഉണ്ണൂണ്ണിച്ചായന്‍ സുഖമായിരിക്കുന്നോ?"
"ഓ അങ്ങേരു വയ്യാണ്ടു കിടപ്പാ"

ആ കടേലെ ഉപ്പാപ്പ?
"പോയി. ഷുഗറില്ലായിരുന്നോ, കാലൊക്കെ മുറിച്ച്‌ ആകെ നരകമായിരുന്നു. പോയത്‌ രക്ഷപ്പെട്ടതാ."

ഉത്തമന്‍?
"ബൈക്കില്‍ ലോറിയിടിച്ചു മരിച്ചു"

"വരദനാശാന്‍ ഇപ്പോഴുമുണ്ടോ?"
"എന്നേ മരിച്ചു. എന്നാ കുടിയായിരുന്നു എന്നും"

ഇപ്പോ ചോദിക്കാറില്ല ഞാന്‍. ഓര്‍മ്മകളില്‍ അവര്‍ ജീവിച്ചിരിക്കട്ടെ. ഏറ്റവും വലിയ ബന്ധുക്കള്‍ അവരായിരുന്നു. ഈ കടയിലെ ഉപ്പാപ്പയാണ്‌ ബസുകാര്‍ ഞങ്ങള്‍ സ്കൂള്‍ കുട്ടികളെ ബസില്‍ കയറ്റാതിരുന്നപ്പോല്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവനെ തല്ലിയത്‌. സുഖമില്ലാതിരുന്ന അമ്മാവനെ ആശുപത്രിയിലെത്തിക്കാന്‍ കുണ്ടറ വരെ സൈക്കിളില്‍ പോയി ടാക്സി പിടിച്ചുകൊണ്ടു വന്നത്‌ ഉണ്ണൂണ്ണിച്ചായനാണ്‌. കിണറ്റില്‍ വീണ മാല മുങ്ങിയെടുത്തു തന്നത്‌ വരദനാശാനെന്ന വൃദ്ധനാണ്‌. അവരെല്ലാം എന്നും ജീവിക്കട്ടെ. ഇനിയെനിക്ക്‌ അയല്വക്കത്തെ അമ്മാവന്മാരും അപ്പൂപ്പന്മാരും അനിയന്മാരും ഉണ്ടാവില്ല. എന്റെ എതിരേയുള്ള
ഫ്ലാറ്റില്‍ ആരാണു താമസിക്കുന്നതെന്നുപോലും എനിക്കറിയില്ല.

10/14/2006 2:24 pm  
Blogger Unknown said...

വല്ല്യമ്മായി,
അയല്പക്കത്തെ ഒരു പാട് മുഖങ്ങളെ ഓര്‍മ്മിപ്പിച്ചതിന് നന്ദി. അമ്മയോടൊപ്പം അതേ വെമ്പലോടെ എന്നെക്കാത്തിരിക്കുന്ന ഒരു പാട് അമ്മമാരേയും, അനിയന്മാരേയും, ചേട്ടന്മാരേയും എല്ലാം എല്ലാം..... നന്നായി എഴുതിയിരിക്കുന്നു.

10/14/2006 2:39 pm  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മതസൗഹാര്‍ദ്ദത്തിന്റെ ഓര്‍മ്മക്കുറിപ്പ്‌.
മതങ്ങള്‍ക്കതീതമായുള്ള സൗഹൃദം നമ്മുടെയൊക്കെ മാതാപിതാക്കളുടെ തലമുറയില്‍ കുറെക്കൂടി തീഷ്ണമായിരുന്നുവെന്നുള്ളത്‌ സത്യം.
(എപ്പോഴാണ്‌ നമ്മള്‍ സൗഹൃദത്തിന്‌ വരമ്പുകള്‍ വരച്ച്‌ തുടങ്ങിയത്‌...)

വല്ല്യമ്മായിയുടെ ദുഖത്തില്‍ പങ്കുചേരുന്നു.

10/14/2006 5:26 pm  
Anonymous Anonymous said...

എങ്ങിനെ ഇവിടെ എത്തിചേര്‍ന്നു എന്നറിയില്ല.കുറച്ചു വായിച്ചപ്പോള്‍ ആണു മനസ്സിലായത്, ഇതു നമ്മളുടെ ഖാലീദുക്കയുടെ മോളാണല്ലോ എന്നു. തനിക്കെന്നെ അറിയുമോ എന്നറിയില്ല. എന്തായാലും എഴുത്തു കൊള്ളാം. മറ്റൊരു ഇഞ്ചമുടി ബ്ലോഗറെ കണ്ടതില്‍ ഒരു പാടു സന്തോഷം.

നജീബ്.
http://www.indigolog.com

10/14/2006 6:28 pm  
Blogger അനംഗാരി said...

കൈത്താങ്ങിന് പോലും ആരുമില്ലാതെ ഒരു ബാപ്പയും, ഉമ്മയും മാത്രം തനിച്ച്..നാട്ടില്‍...പ്രായം ചെന്ന രണ്ടാത്മാക്കള്‍..
അവരെകുറിച്ചുള്ള ഓര്‍മ്മകള്‍....
അവര്‍ക്ക് സമീപം ഒരു സെല്ലമ്മായി ഇല്ലല്ലോ എന്നത് എന്നെ വേദനിപ്പിക്കുന്നു.

10/15/2006 8:36 am  
Blogger അത്തിക്കുര്‍ശി said...

വേര്‍പാടുകല്‍ എപ്പോഴും വേദനകളാണല്ലോ !

വല്യമ്മായിയുടെ സെല്ലമ്മായിയെക്കുറിച്ചുള്ള കുറിപ്പ്‌....

അന്യമായിക്കൊണ്ടിരിക്കുന്ന അയല്‍ ബന്ധങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും പങ്കുവെക്കലുകള്‍ക്കും നേരെയുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നു.

ദു:ഖത്തില്‍ പങ്കുചേരുന്നു. അയല്‍ക്കാരെയും പഴയ കാര്യങ്ങളെയും ഒര്‍മ്മിപ്പിച്ചു!

10/15/2006 9:05 am  
Blogger സുല്‍ |Sul said...

ഞങ്ങളുടെ ബാപ്പ ഞങ്ങളെ വിട്ടുപോയിട്ട് 3 മാസമേ ആയിട്ടുള്ളു.

ഇപ്പോള്‍ നാട്ടില്‍ ഉമ്മ മാത്രം. കൂട്ടിന് അയല്‍‌പക്കത്തെ കൊചു എന്ന കൊച്ചമ്മുവും.

വല്യമ്മായി, ദു:ഖം എല്ലാവര്‍ക്കും സ്വന്തക്കാരനാണ്. സ്വന്തം സ്വന്തക്കാരന്‍.

10/15/2006 9:51 am  
Blogger Kalesh Kumar said...

വല്യാന്റീ, :(

(ടച്ചിംഗ് പോസ്റ്റ്)

10/15/2006 10:22 am  
Anonymous Anonymous said...

വല്യമ്മായിയുടെ ദു:ഖം എല്ലാവരുടെയും ദു:ഖമായി.
ഇന്ന് ഫ്ലാറ്റുകളില്‍ ജീവിതം തളച്ചിടുന്ന നമ്മളില്‍ , നമ്മുടെ കുട്ടികളില്‍ ‘അയല്‍പക്കം’ എന്ന വാക്കു തന്നെ നഷ്ടപ്പെട്ടു പോകുന്നു വെന്ന് ഞാന്‍ പേടിക്കുന്നു. അതിനിടയില്‍ സ്നേഹവും.
മരണം എന്ന വാക്ക് ഇന്നും എനിക്ക് ഉള്‍ക്കൊള്ളാവനാത്ത ഒന്നാണ്. ആരു മരിച്ചെന്നു പറഞ്ഞാലും അവരുടെ ഒരു തേങ്ങല്‍ അത് എവിടെയൊക്കെയോ ഉള്ളതായി തോന്നും.
ഈ ലോകത്തിലെ കാറ്റും, പച്ചപ്പും, വെളിച്ചവും കാണാനാവതെ..
വല്യമ്മയീ ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു.
സ്നേഹത്തോടെ
രാജു.

10/15/2006 11:04 am  
Blogger Mubarak Merchant said...

എന്താ എഴുതുകാന്നറിയില്ല...
മനസ്സിന് ആകെ ഒരു മരവിപ്പ് ബാധിച്ച പോലെ!
ആര്‍ക്കും ആരുടെയും ഒന്നുമാകാന്‍ കഴിയാതിരുന്നെങ്കില്‍....

10/15/2006 11:13 am  
Blogger Physel said...

ഇന്നാകെ ദു:ഖമയമാണല്ലോ..അതുല്യയുടെ ബ്ലോഗില്‍ കയറിയപ്പോള്‍ അവിടെ ഒരപകട വാര്‍ത്ത..ദേ ഇവിടെ വന്നപ്പോ ഇവിടെ ഒരു മരണ വാര്‍ത്ത. വിധി ഹിതങ്ങള്‍ ആര്‍ക്കു തടുക്കാനാകും?

(ഓ.ടോ അതുല്യയുടെ ബ്ലോഗില്‍ വല്യമ്മയി ഖത്തറിനെ കുറിച്ച് ഏഴുതിയത് കണ്ടു! ഖത്തറില്‍ വന്നിട്ടുണ്ടോ?)

10/15/2006 11:25 am  
Blogger ഇടിവാള്‍ said...

ഹോ..കഷ്ടായീല്ലോ ?


ഓ.ടോ:: ഈ ബ്ലോഗിലെ ടെക്സ്റ്റ് size വളരേ വലുതും, ബാക്ഗ്രൌണ്ട് കറുപ്പും ആയതിനാല്‍ വായന, കണ്ണിനു കുളിമയേകുന്നതല്ലെന്നും അരോചകമാണെന്നും ( കണ്ടെന്റ് അല്ല കേട്ടോ) ഞാന്‍ പറഞ്ഞു കൊള്ളട്ടെ !

10/15/2006 11:59 am  
Blogger Kiranz..!! said...

പ്രിയപ്പെട്ടവരുടെ മരണം ഒരു ദുഖ സത്യം തന്നെ..! പക്ഷെ അനിവാര്യമായത് പ്രതീക്ഷിരുന്നെ പറ്റൂ..!

10/15/2006 12:19 pm  
Blogger mydailypassiveincome said...

വല്യമ്മായി,

ഈ പോസ്റ്റ് കണ്ടപ്പോള്‍ പല പഴയകാല സംഭവങ്ങളും ഓര്‍മ്മയിലെത്തി. അപ്പച്ചന്റെ മരണം ആയിരുന്നു ഒന്ന്. എന്റെ മോന്റെ ഒന്നാം പിറന്നാളിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വച്ച് നൂറോളം ആള്‍ക്കാരെയും ക്ഷണിച്ചിരുന്നു. എന്നാല്‍ രാത്രി 11.50 ന് നാട്ടില്‍ നിന്നും ഫോണ്‍..

ഇനി എന്തെഴുതാന്‍.. ഇത്തിരിവെട്ടം എഴുതിയത് പോലെ മരണം രംഗബോധമില്ലാത്ത കോമാളിയാണല്ലോ.

10/16/2006 11:32 am  
Blogger ലിഡിയ said...

ഓര്‍മ്മകള്‍ നല്ലതോ ചീത്തയോ ജീവിച്ചിരുന്നു എന്നതിന്റെ തെളിവായി അവ മാത്രം നമ്മുടെ കൂടെ..സ്നേഹത്തിന്റെ ഈ ഓര്‍മ്മ പങ്കു വച്ചതിന്റെ ഒത്തിരി നന്ദി വല്യമ്മായീ.

-പാര്‍വതി.

10/16/2006 1:02 pm  
Blogger കുറുമാന്‍ said...

അങ്ങനെ നല്ല നല്ല ഒരുപാടോര്‍മ്മകള്‍ അറിയുന്നവരുടേ മനസ്സില്‍ ബാക്കിയാക്കികൊണ്ട്, റപ്പായി ചേട്ടനെ ഒറ്റക്കാക്കി സെല്ലമ്മായി യാത്രയായി......

ദേവേട്ടന്‍ പറഞ്ഞതുപോലെ, ഒന്നും ചോദിക്കാതെയും, അറിയാതേയും ഇരിക്കുന്നതാണ് അഭിലഷണീയം....അറിയുന്നവര്‍, സ്നേഹിച്ചിരുന്നവര്‍, എന്നും ചിരഞ്ജീവികളായി തന്നെ മനസ്സിന്റെ ഉള്ളിലെങ്കിലും ഇരിക്കട്ടെ

10/16/2006 8:25 pm  
Blogger വല്യമ്മായി said...

സെല്ലമ്മായിയുടെ വേര്‍പാടില്‍ എന്‍റെ ദുഃഖം പങ്കിടാനെത്തിയ എല്ലാവര്‍ക്കും നന്ദി.

10/17/2006 12:16 pm  
Blogger ചില നേരത്ത്.. said...

സെല്ലമ്മായിയുടെ മരണത്തില്‍ ദു:ഖം അറിയിക്കുന്നു.
അയല്‍ക്കാരന്റെ മരണവും ആ വീട്ടുകാരുടെ കരച്ചിലും ദൂരെയെവിടെയോ നിന്നുള്ള കുറുക്കന്മാരുടെ
ഓരിയിടലാണെന്ന് ധരിച്ച് കിടന്നുറങ്ങിയതിന്റെ വേദന തികട്ടി വന്നു , ഈ അയല്പക്ക സൌഹൃദം വായിച്ചപ്പോള്‍.

10/17/2006 12:36 pm  
Blogger വല്യമ്മായി said...

ചില നേരത്ത്,നന്ദി.

10/19/2006 8:52 am  
Blogger വേണു venu said...

സെല്ലമ്മായിയുടെ മരണത്തില്‍ ദു:ഖം അറിയിക്കുന്നു.
വല്യമ്മായി ഹൃദയ സ്പര്‍ശിയായി എഴുതിയിരിക്കുന്നു.

10/19/2006 9:25 am  
Blogger Aravishiva said...

നല്ല മനുഷ്യരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മന്‍സ്സിലെ ആര്‍ദ്രമായ മനുഷ്യത്വം വീണ്ടുമുണര്‍ത്തും...നല്ല പോസ്റ്റ്...

10/19/2006 6:31 pm  
Blogger വല്യമ്മായി said...

വേണു,അരവിശിവ,നന്ദി.

10/19/2006 9:25 pm  
Blogger ബഷീർ said...

മരിക്കാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഇത്തരം
നല്ല അയല്‍ ബന്ധങ്ങള്‍ ഒരു മുതല്‍കൂട്ടാണെന്നും

11/08/2008 10:36 am  
Blogger OpenThoughts said...

ബന്ധങ്ങളുടെ തീവ്രത ഉള്‍ക്കൊള്ളുന്നു ...
ഇത് എല്ലാവരുടെയും അയല്പക്കങ്ങളില്‍ സംഭവിക്കാം ,,

സസ്നേഹം
ഓപണ്‍ തോട്സ്

10/14/2010 3:49 pm  
Blogger OpenThoughts said...

This comment has been removed by the author.

10/14/2010 3:50 pm  
Blogger കാലചക്രം said...

ഇതുപോലെ മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരുപാട് നൊമ്പരങ്ങളുണ്ട് നമുക്കോരോരുത്തര്‍ക്കും. രഹനത്താക്ക് സല്ലമ്മായിയെങ്കില്‍ എനിക്ക് മമ്മി, റോയ്ച്ചായന്‍, വത്സലചേച്ചി അങ്ങനെ പലരും. കൊഴിഞ്ഞുപോയ കുട്ടിക്കാലത്തിന് കൂട്ടായിരുന്നവര്‍. ഒന്നുകാണാനാവാതെ അകലങ്ങളിലേക്ക് പിരിഞ്ഞുപോയവര്‍.. ആ ബന്ധങ്ങള്‍ എപ്പോഴും അങ്ങനെയാണ്... മരണത്തിനും ആ സുഗന്ധം നശിപ്പിക്കാനാവില്ല...
ആ ദുഖം എന്റേതുകൂടിയാണ്....

10/14/2012 9:34 am  

Post a Comment

<< Home