Thursday, January 25, 2007

നെല്ലിക്കപ്പുളി മരം

ഉമ്മയുടെ തറവാടിന്റെ പടിഞ്ഞാപ്പുറത്തായിരുന്നു നെല്ലിക്കപ്പുളിമരം നിന്നിരുന്നത്‌.തട്ടിന്‍പുറത്തെ ജനലിലൂടെ തൊടാന്‍ പാകത്തിലായിരുന്നു ചില കൊമ്പുകള്‍.നെല്ലിക്കയുടെ അത്ര കയ്പ്പും അത്ര ദൃഢവുമല്ലാത്തതിനാലാകാം നെല്ലിക്കപ്പുളി തിന്ന് വെള്ളം കുടിച്ചാലും മധുരിക്കാതിരുന്നത്‌.

പച്ചകായ്കള്‍ക്ക്‌ ചവര്‍പ്പ്‌ കലര്‍ന്ന പുളി രസമായിരുന്നെങ്കില്‍ ഇത്തിരി പഴുത്ത്‌ നിലത്തു വീഴുന്ന കായ്കള്‍ക്ക്‌ പുളിയും മധുരവും കലര്‍ന്ന രുചിയായിരുന്നു.രാവിലേയും വൈകീട്ടും മുറ്റമടിച്ചാലും അതിന്റെ ഇലകളും കായ്കളും ചെറു കമ്പുകളും മുറ്റം നിറച്ചും കിടപ്പുണ്ടാകും.

എന്ത്‌ കുറുമ്പ്‌ കാട്ടിയാലും ഉമ്മാക്ക്‌ ആദ്യം കയ്യില്‍ കിട്ടുക ഈര്‍ക്കിലിയേക്കാള്‍ മെലിഞ്ഞ ഈ കമ്പുകളായിരുന്നു.ഒരിക്കല്‍ ചാഞ്ഞു നിന്നൊരു കമ്പിന്മേല്‍ ഊഞ്ഞാലുകെട്ടി ആദ്യത്തെ ആട്ടത്തില്‍ തന്നെ കൊമ്പും ഞാനും ഒന്നിച്ചാണ്‌ താഴെയെത്തിയത്‌.

ആ മരം ഇന്നവിടെയില്ല.അവിടുത്തെ വെല്ലിമ്മമാരുടെ സ്നേഹം പോലെ പടിഞ്ഞാപുറത്തെ നെല്ലിക്കപ്പുളി നിറയെ കായ്ക്കളുമായി എന്റെ ഓര്‍മ്മയില്‍ പൂത്തുലഞ്ഞ്‌ നില്‍ക്കുന്നു.

Labels:

43 Comments:

Blogger വല്യമ്മായി said...

നെല്ലിക്കപ്പുളി മരം-ഒരു ചെറിയ പോസ്റ്റ്.

മറവിയുടെ ചാരം മൂടികിടന്നിരുന്ന ഈ ഓര്‍മ്മയെ തിരികെ തന്നതിന് ജി.മാനുവിന് നന്ദി

1/26/2007 12:01 am  
Blogger ബിന്ദു said...

നെല്ലിക്കയുടെ കാര്യം പറഞ്ഞു കൊതിപ്പിച്ചു. :)പക്ഷേ എന്താ നെല്ലിക്കാപ്പുളി എന്നു പറയുന്നത്? നെല്ലിക്കയും പുളിയും വേറെ വേറെ അല്ലെ? ശീമനെല്ലി ഉണ്ടോ? ഒരു നെല്ലിക്ക കിട്ടാനിപ്പൊ എന്താ ഒരു വഴി...

1/26/2007 12:50 am  
Anonymous Anonymous said...

ഇ നേല്ലിക്ക+പുളി നെല്ലിക്കാപുളീയെന്താണന്ന് മനസ്സിലായില്ല.

1/26/2007 1:11 am  
Anonymous Anonymous said...

ഏ? അതെന്തുവാ അത്? ഈ ശീമനെല്ലിക്കേനെയാണൊ നെല്ലിക്കാപുളിയെന്ന് പറേണത്? ഈ തൃശൂര്‍ക്കാര്‍ക്ക് ഒന്നിനും നേരെ ചൊവ്വേ പേരിടാന്‍ അറിയത്തില്ല്യോ ;)

1/26/2007 1:36 am  
Anonymous Anonymous said...

നെല്ലിക്കാപ്പുളീന്ന് പറഞ്ഞാ നെല്ലിക്കയുമല്ല പുളിയുമല്ല. ഈ ബിന്ദൂനെന്തറിയാ...കുന്തമറിയാ... :)
എനിക്കറിയാം നെല്ലിക്കപ്പുളി.എന്നെ പണ്ട് റ്റ്യൂഷന്‍ പഠിപ്പിച്ചിരുന്ന ടീച്ചറുടെ വീട്ടിലുണ്ടായിരുന്നു.

1/26/2007 8:11 am  
Blogger ഫാര്‍സി said...

ഒരു പക്ഷേ ഓര്‍ക്കാപുളിയായിരിക്കാം.ഇനി ഓര്‍ക്കാപുളിയെന്താണെന്നോ?...ഹമ്മ്..ഞാന്‍ പിന്നെ വരാം.

1/26/2007 9:15 am  
Blogger sandoz said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

[വല്യമ്മായി ഒരു നൊസ്റ്റാള്‍ജിയ പോസ്റ്റ്‌ വച്ചപ്പോ,ഇവിടെ എല്ലാവരും കിടന്ന് നെല്ലിക്കേം പുളീം കളിക്കണാ]

1/26/2007 9:17 am  
Blogger ikkaas|ഇക്കാസ് said...

വെല്യമ്മായീടെ പോസ്റ്റ് വായിച്ചപ്പൊത്തന്നെ ഞാന്‍ വീടിന്റെ വടക്കു വശത്തെ മുറ്റത്തേക്കോടി.
അവിടെ സ്റ്റെയര്‍ കേസിന്റെ തൊട്ടരികിലായി നില്‍ക്കുന്നു എന്റെ പ്രിയപ്പെട്ട നെല്ലിപ്പുളി മരം.
ആരോരും ശ്രദ്ധിക്കാനില്ലാതെ, നിനക്കൊക്കെ ചെറുപ്പത്തില്‍ ഞാനെത്ര പുളി തന്നതാണെടാ എന്ന ഭാവത്തില്‍ അതവിടെ ഒന്നും മിണ്ടാതെ അങ്ങനെ നിന്നു. ഞാനതിനെ പതുക്കെയൊന്നു കുലുക്കി നോക്കി.
പുളി ഇല്ലാഞ്ഞിട്ടാവാം, മരം ഒന്നും പൊഴിച്ചു തന്നില്ല. ഞാന്‍ തിരികെ കമ്പ്യൂട്ടറിനു മുന്നിലെത്തി, പൊയ്പ്പോയ കുഞ്ഞുന്നാളുകളുടെ, നെല്ലിപ്പുളിയുടെ ചവര്‍പ്പും പുളിയും ഒത്തിരി സന്തോഷവും നിറഞ്ഞ ആ നാളുകളുടെ ഓര്‍മ്മകള്‍ അയവിറക്കുന്നു.
നന്ദി വെല്യമ്മായീ, ഈ പോസ്റ്റിലൂടെ ഉണര്‍ത്തിയ ആ ഓര്‍മ്മകള്‍ക്ക്..

1/26/2007 9:56 am  
Blogger kumar © said...

വല്യമ്മായിചേച്ചിയേയ്..
ആ മരച്ചേട്ടന്റെ ഒരു ചിത്രം കൂടി ആകാമായിരുന്നു. അല്ലെങ്കില്‍ ഇവരൊക്കെ അതിനെ അഴിച്ചുപെറുക്കി നെല്ലിയും കായയും പുളിയും ഒക്കെ ആക്കി പിന്നെ ഒത്ത്ചേര്‍ത്ത് ഒരു സങ്കരവര്‍ഗ്ഗമാക്കി “ഇത് തേങ്ങാപ്പുളിച്ചക്കയല്ലേ?” എന്നു പറയും.

അല്ല ശരിക്കും എന്താ ആ മരം? ഈ ഇലുമ്പന്‍ പുളി, ആനപ്പുളി, പുളിഞ്ചി, എന്നിങ്ങനെ വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന വല്ലതും ആണോ?

ആര്‍ക്കറിയാം!

1/26/2007 11:33 am  
Anonymous Anonymous said...

നെല്ലിക്കയുടെ ആക്രുതിയില്‍ ഇലുബന്‍ പുളി പോലെ നിറച്ചു കായ്ക്കുന്ന ഒരു പുളി എന്റെ വീട്ടില്‍ ഉണ്ടായിരുന്നു , അതിന്‍ന്റെ സ്വാദ്‌ നെല്ലിക്ക പോലെയല്ല .ഇലുമ്പന്‍ പുളിയും ലവലൊലിക്കയും ചേര്‍ന്ന സ്വാദ്‌.. ഇല ഇലുമ്പന്‍ പുളിയില പോലെ...നെല്ലി ഇല പോലെ തീരെ ചെറുതല്ല.

അഞ്ജനന്മെന്നതു ഞാനറിയും..എന്ന പോലെയയൊ ഇതു. ..ഓടട്ടെ..

1/26/2007 12:24 pm  
Blogger .::Anil അനില്‍::. said...

ആകപ്പാടെ കണ്‍ഫ്യൂഷന്‍ ആയല്ലോ.
പടം പ്ലീസ്. അല്ലെങ്കില്‍ ബൊ.നെയിം/ഇംഗ്ലീഷ് പ്യേര്.

1/26/2007 1:23 pm  
Blogger .::Anil അനില്‍::. said...

“Phyllanthus distichus“

പാവം ഈ ശീമനെല്ലിയെ ആണല്ലേ പാവം തൃശൂരുകാര് നെല്ല്ലിക്കപ്പുളിയെന്നു വിളിക്കുന്നത്?
ഇതിനെപ്പറ്റി ആരു പറഞ്ഞാലും കേള്‍ക്കാന്‍ നല്ല രുചിയുണ്ട്.

1/26/2007 1:48 pm  
Anonymous Anonymous said...

ithine zeema nellikkaannoa, saayippan naellikkaannoa parayuka?

1/26/2007 1:57 pm  
Blogger ചക്കര said...

:)

1/26/2007 5:15 pm  
Anonymous Anonymous said...

:)നെല്ലിക്കാപുളി അറിയാത്ത മലയാളികളൊ?

1/26/2007 5:19 pm  
Anonymous Anonymous said...

നെല്ലിക്ക.. നെല്ലിക്കപ്പുളി.. ആകെ കണ്‍ഫൂഷണ്‍ ആയി..
ഇതെന്താ സാധനം..സാധാരണ നെല്ലിക്കയോ,(ചിലയിടങ്ങളില്‍ നായ്‌നെല്ലിക്ക എന്നും പറയും) അരിനെല്ലിക്കയോ (പുളിയുള്ള ചെറുത്‌), ഇലുമ്പന്‍ പുളിയോ,, വാളന്‍പുളിയോ, കുടമ്പുളിയോ...ആ..
എനിക്കു തോന്നുന്നു 'അരിനെല്ലിക്ക" ആണ്‌ നെല്ലിക്കപ്പുളി..അല്ലേ വല്ല്യമ്മായി..
ഇതാ ഈ ലിങ്കില്‍ ഒരു ചിത്രം ഉണ്ട്‌..
www.flickr.com/photos/krish9/369958449
ഇതിനെ എന്താ പറയുന്നത്‌. പച്ചക്ക്‌ പുളിരസവും, പഴുത്തുകഴിഞ്ഞാല്‍ അല്‍പം മധുരം ചേര്‍ന്ന പുളിയും.

കൃഷ്‌ | krish

1/26/2007 8:51 pm  
Anonymous Anonymous said...

ഇത്‌ അതുതന്നെ .നമ്മുടെ നെല്ലിപ്പുളി.വടക്കേലെ അമ്മായി പുറത്തു ടാറ്റപോകുന്നതു നോക്കി നില്‍ക്കും , അവരുടെ വീട്ടിലെ നെല്ലിപ്പുളി മരത്തെ ഒന്നു കുലുക്കാന്‍.

1/27/2007 7:03 am  
Anonymous Anonymous said...

നെല്ലിപ്പുളി ചേട്ടായിയുടെ വീട്ടിലുണ്ട്‌.അതുകൊണ്ടുള്ള അച്ചാര്‍ എന്തു ടേയ്‌സ്റ്റാന്നോ?

1/27/2007 9:04 am  
Blogger അഗ്രജന്‍ said...

“ആ മരം ഇന്നവിടെയില്ല.അവിടുത്തെ വെല്ലിമ്മമാരുടെ സ്നേഹം പോലെ പടിഞ്ഞാപുറത്തെ നെല്ലിക്കപ്പുളി നിറയെ കായ്ക്കളുമായി എന്റെ ഓര്‍മ്മയില്‍ പൂത്തുലഞ്ഞ്‌ നില്‍ക്കുന്നു“

അതെ, ആ നഷ്ടങ്ങളെല്ലാം തന്നെ നമ്മുടെ മനസ്സിലൂടെ ഇന്നും ജീവിക്കുന്നു... മധുരിക്കുന്ന ഓര്‍മ്മകളായി.

നല്ല പോസ്റ്റ് വല്യമ്മായി..., ബാല്യസ്മരണകളിലൂടെ നടത്തിച്ചതിന് നന്ദി :)

ഇതിനെ (നെല്ലിക്കപ്പുളി) ഞങ്ങളുടെ നാട്ടില്‍ വിളിക്കുന്നത് ‘കൃഷ്’പറഞ്ഞ ‘അരിനെല്ലിക്ക’ എന്നാണ്. ഞങ്ങളുടെ ചുറ്റുവട്ടത്തൊന്നും ഈ ‘നെല്ലി’ ഉണ്ടായിരുന്നില്ല... എങ്കിലും എവിടുന്നെങ്കിലും ഇത് ഇടയ്ക്കിടെ കിട്ടാറുണ്ട്.

വിവാഹശേഷം സ്വന്തക്കാരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായി ഉപ്പാടെ ഒരമ്മായിയുടെ വീട്ടിലെത്തി, അടുക്കളയിലേക്കിടിച്ചു കയറിയപ്പോള്‍ ദാണ്ടെ... അവിടെയിരിക്കുന്നു ലദ്... നല്ല കാന്താരിമുളകൊക്കെയിട്ട് ഉപ്പിലിട്ടു വെച്ചിരിക്കുന്നു... കുറേ കാലത്തിനു ശേഷം അരിനെല്ലിക്ക അന്നാണ് കഴിച്ചത്... അതിനു ശേഷം അതു കാണുന്നതിപ്പോള്‍ അനിലേട്ടനിട്ട പടത്തിലാണ്.

1/27/2007 9:34 am  
Blogger അഗ്രജന്‍ said...

ചേച്ചിയമ്മ said...
നെല്ലിപ്പുളി ചേട്ടായിയുടെ വീട്ടിലുണ്ട്‌.അതുകൊണ്ടുള്ള അച്ചാര്‍ എന്തു ടേയ്‌സ്റ്റാന്നോ?


ശരിയാണ്, അതിനപാര ടേസ്റ്റുതന്നെ... എന്‍റെ നാവില്‍ അതിരാവിലെ തന്നെ വെള്ളമൂറുന്നു :)

നാവിനറിയുമോ നേരോം കാലോം :)

1/27/2007 9:36 am  
Blogger ശാലിനി said...

നെല്ലിപുളി ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. സ്നേഹം പകര്‍ന്ന ഒരു വല്യമ്മയും.

1/27/2007 9:44 am  
Blogger അരീക്കോടന്‍ said...

നെല്ലിക്കാപുളി തിന്ന് പുളുവടികുന്നോരെ....ചെറുനാരങ്ങാ മരത്തില്‍ ഉണ്ടാകുന്ന നെല്ലിക്കാ വലിപ്പത്തിലുള്ള പുളിയുള്ള തക്കാളിയാണിത്‌.....അവലംബം:മെന്‍ഡലിണ്റ്റെ മണ്ടന്‍ പരീക്ഷണങ്ങള്‍ എന്ന ജ്യോതിശാസ്ത്ര കൃതി.

1/27/2007 2:05 pm  
Anonymous Anonymous said...

വല്ല്യമ്മായീ,
നമ്മള്‌ അടുത്ത നാട്ടുകാരായിട്ടും നെല്ലിക്കാപ്പുളി എനിക്കുപിടികിട്ടീലാട്ടോ, അരിനെല്ലിക്കയാണെന്ന് പിന്നെയാണ്‌ മനസ്സിലായത്‌. പിന്നെ കമന്റുകള്‌ വായിച്ചപ്പോഴ്‌ കണ്ണുപൊട്ടന്‍ ആനയെ വിവരിച്ചതുപോലെ തോന്നി. മരങ്ങളൊക്കെപ്പോയ്‌ മരുഭൂമിയാകുന്ന മലയാളനാട്ടില്‍നിന്ന് മരത്തെക്കുറിച്ചൊരു നൊസ്റ്റാള്‍ജിക്ക്‌ പോസ്റ്റ്‌ വന്നിട്ട്‌ ബൂലോകവാസികള്‌ പുളിയോ, നെല്ലിയോ തിരുനെല്ലിയോ എന്നൊക്കെ സിനിമാപ്പേര്‌ പറഞ്ഞുകളിച്ചതുപോലെ.
പണം പണം പണമെന്ന് ചിന്തിച്ച്‌ 'മലയാളി' മലകളൊക്കെ നശിപ്പിച്ച്‌ വെറും 'യാളി' യായതും പൊടിച്ചമലയെ കുളങ്ങളിലും പാടങ്ങളിലുമൊക്കെ നിരത്തിയതും മരങ്ങള്‍ പിഴുത്‌ കോണ്‍ക്രീറ്റുകാട്‌ വച്ചുപിടിപ്പിച്ചതും മറ്റ്‌ സാംസ്കാരികാധിനിവേശങ്ങളുമൊക്കെ ചര്‍ച്ച ചെയ്താല്‍ ഭാവിയില്‍ നൊസ്റ്റാള്‍ജിക്കാകാനുള്ള അവസരം കുറഞ്ഞെങ്കിലോ? ക്ഷമിക്കുക ബൂലോകപുലികളേ.

1/27/2007 3:51 pm  
Blogger P.R said...

അഅരിനെല്ലിയ്ക്ക കൂട്ടുകാര്‍ കുറേപേര്‍ സ്കൂളില്‍ കൊണ്ടുവന്നിരുന്നു. അതിനും ഒരു പരാക്രമം ആയിരുന്നു അവരുടെ കയ്യില്‍ നിന്നും തട്ടിപ്പറിയ്ക്കാന്‍..
എതായാലും, വല്ല്യമായീ..
പോസ്റ്റ് നന്നായിരുന്നു..
ഞങളുടെ നാട്ടില്‍ എല്ലാവരിലും പ്രായം കൂടിയ ഒരു ആല്‍മര മുത്തച്ഛനെ ഈയിടെയാണ് വെട്ടിമാറ്റിയത്.
“വെട്ടിയിട്ട ആ വ്ര്‌ക്ഷത്തിന്റെ രൂപവും” മനസ്സില്‍ ഒരു നൊമ്പരമായി ഇപ്പോഴും കിടക്കുന്നുണ്ട്.

1/27/2007 4:07 pm  
Blogger വല്യമ്മായി said...

തെക്കന്‍ ജില്ലകളിലെ ശീമന്നെല്ലിക്കയാണ് തൃശ്ശൂര്‍ എറണാക്കുളംകാരുടെ നെല്ലിപ്പുളിയും പാലക്കാട് മലപ്പ്പൂറം ജില്ലക്കാരുടെ അരിനെല്ലിക്കയും.

ഈ മരം പത്ത് വര്‍ഷം മുമ്പ് തനിയെ ഉണങ്ങിപ്പോയതാണ്.

നെല്ലിപ്പുളി തിന്നാനെത്തിയ ബിന്ദു,സഞ്ചാരി, ഇഞ്ചി,ആര്‍പ്പി,ഫാര്‍സി(ഓര്‍ക്കപ്പുളിയല്ല, അതിനു ഞങ്ങള്‍ ഇരുമ്പന്‍ പുളി എന്നു പറയും ), സാന്‍ഡൊസ്, ഇക്കാസ്, കുമാറേട്ടന്‍, പ്രിയംവദ, അനിലേട്ടന്‍(ലിങ്കിനു പ്രത്യേകം നന്ദി) ,താഴ്വാരം ,ചക്കര ,ആമി,കൃഷ്(ലിങ്ക് ഇവിടെ ബ്ലോക് ആണ്) ,സിജി, ചേച്ചിയമ്മ, ശാലിനി, അരീക്കോടന്‍,കിനാവ് എല്ലാവര്‍ക്കും നന്ദി.

നെല്ലിപ്പുളിമരം ഒന്നു കൂടെ കുലുക്കട്ടെ വേഗം വന്നാം ഉപ്പുകൂട്ടി തിന്നാം.

1/27/2007 4:54 pm  
Blogger വിചാരം said...

വല്യമ്മായി ആദ്യം ആകെമൊത്തം കണ്‍ഫ്യൂഷന്‍സായി പോസ്റ്റ് വായിച്ചപ്പോള്‍ .. അവസാനം കമന്‍റുകള്‍ ഓരോന്ന് വായിച്ചപ്പോളെല്ലെ.. മനസ്സിലായത് അരിനെല്ലിക്കയെ കുറിച്ചാ അമ്മായി പറഞ്ഞതെന്ന്

ഒരുവട്ടം കൂടിയാ ഓര്‍മ്മകള്‍ മേയുന്ന തിരിമുറ്റത്തെത്തുവാന്‍ മോഹം..
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നാരാ
നെല്ലിമരമൊന്നുലുത്തുവാന്‍ മോഹം
.........
ഒ.എന്‍.വിയുടെ വരികള്‍ക്ക് ജീവന്‍ നല്‍കിയ വല്യമ്മായിക്ക് നന്ദി

1/27/2007 5:15 pm  
Anonymous Anonymous said...

gggrrrrrrrrr... നന്ദിപ്രകടനത്തില്‍ നിന്നും ഒഴിവാക്കിയതില്‍ അതിശക്തമായ പ്രതിഷേധം അറിയിക്കുന്നു :)
qw_er_ty

1/27/2007 5:34 pm  
Blogger കുട്ടന്മേനൊന്‍::KM said...

തൃശ്ശൂര്‍ക്കാര്‍ക്കും അരിനെല്ലിതന്നെ. എന്റെ അമ്മ വീട്ടിലും, അയ്യന്തോളില്‍ ഒരു അരിനെല്ലി ഉണ്ടായിരുന്നു. സ്കൂള് പൂട്ടുന്ന കാലത്ത് അതില് കയറി അരിനെല്ലിക്ക പറിക്കുന്നത് ഇന്നും ഓര്‍ക്കുന്നു. ഇന്നതില്ല.

1/27/2007 5:38 pm  
Blogger .::Anil അനില്‍::. said...

‘കിനാവുകണ്ട’ രോഷം അനുചിതമായോ എന്നൊരാശങ്ക. നീട്ടിപ്പരത്തിപ്പറഞ്ഞതിനിടെ മലയാളനാട്ടില്‍ ഒരേ വസ്തുവിനുതന്നെ മൂന്നോ അതിലധികമോ (പരസ്പരസാമ്യം വിദൂരമായിപ്പോലുമില്ലാത്ത) പേരുകളുണ്ടാവുക അപൂര്‍വമല്ല എന്ന വലിയ സത്യം കിനാവു വിട്ടു കളഞ്ഞു. ഈ പോസ്റ്റിലെ കമന്റുകളില്‍ നിന്നുതന്നെ ആ സത്യം കാണാം ശ്രമിക്കൂ.

1/27/2007 6:06 pm  
Anonymous Anonymous said...

p.r,വിചാ‍രം,കുട്ടന്‍ മേനോന്‍ നന്ദി

അഗ്രജോ മറന്നതാണ്,വല്യ ഒരു നന്ദി(വ്യാഴാഴ്ചയിലെ ബിരിയാണി പരീക്ഷണാത്തിലെ ഇരകളാകാന്‍ ഞങ്ങള്‍ വരാത്താതല്ലെ ഈ പ്രതികാരത്തിന്റെ കാരണം) :)

1/27/2007 8:56 pm  
Blogger Siju | സിജു said...

എന്റെ പ്രിയപ്പെട്ട നെല്ലിക്കാപ്പുളി
പണ്ട് മൂക്കുന്നതു വരെ കാത്തിരിക്കാന്‍ പറ്റാതെ ചവര്‍പ്പു രസമുള്ള കിളിന്തു പുളി പറിച്ചു തിന്നുമായിരുന്നു

നെല്ലിക്കയുടെ അത്ര കയ്പ്പും അത്ര ദൃഢവുമല്ലാത്തതിനാലാകാം നെല്ലിക്കപ്പുളി തിന്ന് വെള്ളം കുടിച്ചാലും മധുരിക്കാതിരുന്നത്‌.

ഇതു സൈന്റിഫിക്കായി പറഞ്ഞതാണോ അതോ സാഹിത്യമാണോ :D

1/28/2007 11:54 am  
Anonymous Anonymous said...

അനിലേട്ടാ
വല്ല്യമ്മായിയുടെ പോസ്റ്റിന്റെ പ്രാധാന്യം അതിന്റെ തലക്കെട്ട് കൊണ്ട്പോയെന്ന് ഉദ്ദേശിച്ച് പറഞ്ഞതാണ്. പിന്നെ രോഷം കുറച്ചു കൂടിപ്പോയെങ്കില്‍ ക്ഷമിക്കുക.

1/28/2007 12:16 pm  
Anonymous Anonymous said...

ഞങ്ങറോടെ ദിസ് ഈസ് ഉണ്ടമ്പുളി ഡോട്ട് കോം :)

1/28/2007 12:23 pm  
Blogger ഏറനാടന്‍ said...

വല്യമ്മായിയുടെ പുരയിടത്തിലെ നെല്ലിക്കാപുളിമരത്തിനെ അറിയാത്തവരുടെ ശ്രദ്ധയിലേക്ക്‌:
അവിടം ഞാന്‍ പോയിട്ടില്ലെങ്കിലും അരിനെല്ലിക്കയാണിതെന്ന് പിന്നീടുള്ള വിശദീകരണത്തില്‍ മനസ്സിലായി. പുളികള്‍ പുലികളെ പോലെതന്നെ പലവിധമുണ്ടത്രെ.
ഇരുമ്പന്‍ പുളി, വാളന്‍ പുളി, കൊടം പുളി, വിട്ട ഭാഗം ബാക്കിയുള്ളോര്‍ക്ക്‌ അറിയുമെങ്കില്‍ പൂരിപ്പിക്കുന്നതായിരിക്കും.

1/28/2007 12:28 pm  
Anonymous Anonymous said...

ഞങ്ങറോടെ ഇതിനെ അരിനെല്ലിക്ക എന്നാ പറയുന്നത്. എനിക്ക് ഫയങ്കര ഇഷ്ടമാണ് ഇത്. വായിലു കപ്പലോടിക്കാലോ ഇപ്പോള്‍ ദൈവമേ. എവിടുന്ന് കിട്ടും ഒരു കുല അരിനെല്ലിക്ക ഇപ്പോള്‍.

1/28/2007 12:38 pm  
Anonymous Anonymous said...

വല്യമ്മായി..
ഈ അരിനെല്ലിക്കയുടെ ഓര്‍മ്മകള്‍ എന്തെല്ലാം കണ്ഫൂഷനുകളാ ഉണ്ടാക്കിയത്‌..

ഇവിടെ സുലഭമായി കിട്ടുന്ന ഒരു പുളിയുടെ ചിത്രം ഫ്ളിക്കറില്‍ ഉണ്ട്..
www.flickr.com/photos/krish9/369958449

അതിന് മലയാളത്തില്‍ എന്താണ് പര്റയുന്നത്..
(sorry ലിങ്ക് ശരിയാകുന്നില്ല)

കൃഷ്‌ | krish

1/28/2007 12:57 pm  
Blogger വല്യമ്മായി said...

സിജു,സ്വാര്‍ത്ഥന്‍,ഏറനാടന്‍,കുറുമാന്‍ നന്ദി.

കൃഷ്,ഫ്ലികര്‍ ബ്ലോക് ആണ് ഇവിടെ,അനിലേട്ടന്‍ തന്ന ലിങ്ക് ശരിയാണ്.

ഇക്കാസ്,അയക്കമെന്നു പറഞ്ഞ ഫോടോ അയച്ചിരുന്നെങ്കില്‍ എനിക്ക് പോസ്റ്റില്‍ ചേര്‍ക്കാമായിരുന്നു

1/29/2007 6:40 pm  
Anonymous സതീശ് മാക്കോത്ത് | sathees makkoth said...

കൊതി വരുന്നു വല്യമ്മായി നെല്ലിക്കാപ്പുളിയെക്കുറിച്ച് (നെല്ലിപ്പുളി)ഓര്‍മ്മിപ്പിച്ചപ്പോള്‍!

1/29/2007 8:49 pm  
Anonymous Anonymous said...

വല്യമ്മായി,

ഈപോസ്റ്റ് ഞാന്‍ ആദ്യമേ വായിച്ചിരുന്നു ഒരു കൂട്ടുകാരന്റെ വീട്ടില്‍ വച്ച്. അവിടെ വച്ച് കമെന്റാന്‍ പറ്റിയില്ല. (മലയാളം ഇല്ല). നെല്ലിപ്പുളിയുടെ പടം കിട്ടാന്‍ കുറെ നോക്കി പിന്നെ അതും നടന്നില്ല.
ഏതായാലും പോസ്റ്റ് നന്നായിരിക്കുന്നു. ഇപ്പൊ ഫിലോസഫിക്കിടയില്‍ ഒരു നെല്ലിക്കപ്പുളി കഴിച്ച മധുരം.

-സുല്‍

1/31/2007 8:53 am  
Anonymous Anonymous said...

സതീശിനും സുല്ലിനും നന്ദി

1/31/2007 7:38 pm  
Blogger മഴത്തുള്ളി said...

വല്യമ്മായീ,

ഹൊ. ഒരു നെല്ലിക്കാപ്പുളി കിട്ടിയിരുന്നെങ്കില്‍ !

ഇതു ഞാന്‍ തിന്നിട്ടില്ല ഇതുവരെ, അതുകൊണ്ടാ..

2/03/2007 10:20 am  
Blogger കേരളഫാർമർ/keralafarmer said...

വല്യമ്മായി എന്റെ പക്കല്‍ നെല്ലിക്കപ്പുളിമരവും (അനില്‍ പടം ഇട്ടതുകൊണ്ട്‌) മീന്‍‌പുളി/പുളിഞ്ചിക്കാമരവും കൊടമ്പുളിമരവും വെറും പുളിമരവും ഉണ്ട്‌. നാട്ടില്‍ വരുമ്പോള്‍ കായ്‌ ഉണ്ടെങ്കില്‍ തരാം. പക്ഷെ തിരുവനന്തപുരത്ത്‌ വരണം എന്നാലെ കിട്ടൂ

2/03/2007 1:39 pm  
Blogger വല്യമ്മായി said...

മഴത്തുള്ളി,നന്ദി
ചന്ദ്രേട്ടാ,നന്ദി ഇരുമ്പന്‍ പുളിയാണോ പുളിഞ്ചിക്ക,വടക്കോട്ട് ഇതിനെ ഓര്‍ക്കാ പുളി എന്നും പറയും.

ഏതാണ്ട് ഇരുമ്പന്‍ പുളിയുടെ ആ‍കൃതിയില്‍ ഇത്തിരി വലുപ്പത്തില്‍ സോഡപുളി എന്ന വേറൊരു പുളി കൂടി ഉണ്ട്.കറിയ്ക്കൊന്നും എടുക്കാറില്ല.കൊടമ്പുളിയും പുളിയും എന്റെ വീട്ടിലുണ്ടായിരുന്നു . രണ്ടും ഉണങ്ങിപോയി:( .പുളി വാങ്ങാനല്ലെങ്കിലും അവിടെ വരും നാട്ടില്‍ വരുമ്പോള്‍

2/03/2007 9:02 pm  

Post a Comment

Links to this post:

Create a Link

<< Home