Wednesday, December 17, 2008

കളിത്തോഴന്‍

നാട്ടിലും ഇവിടേയുമൊക്കെ ക്രിസ്തുമസ് അവധിക്ക് സ്കൂളടക്കാറായി.

സാധാരണ പോലെ നാലാം ക്ലാസിലെ ക്രിസ്തുമസ് അവധി ദിവസങ്ങളെയും ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാന്‍ കാത്തിരുന്നത്.നടുവിലെ കിണറിനരികിലെ മാവിന്റെ ഉയര്‍ന്ന കൊമ്പില്‍ തന്നെ ഊഞ്ഞാല്‍ കെട്ടണം. ഉറപ്പോടെ ഉണ്ണിപ്പെര കെട്ടണം.അതു വരെ വെറക്പുര പൊളിച്ച് കെട്ടുമ്പോഴുള്ള പഴയ ഓലകളും ചെറിയ കമ്പുകളുമുപയോഗിച്ചുള്ള തട്ടിക്കൂട്ട് കെട്ടലായിരുന്നതിനാല്‍ കെട്ടി തീരുമ്പോഴേക്കും ഏതെങ്കിലും ഒരു വശം തകര്‍ന്ന് വീഴുമായിരുന്നു.അത്തവണ മാലതിയുടെ കുടെ ഓല മെടയാന്‍ ഞാനും കൂടി,ഞാന്‍ മെടഞ്ഞതില്‍ അകലങ്ങള്‍ കൂടുതലാണെന്ന് പറഞ്ഞ് വാങ്ങാന്‍ വന്ന പന്തലുപണിക്കാര്‍ മാറ്റിയിട്ടപ്പോ ഉറപ്പുള്ള ഒരു ഉണ്ണിപ്പെരയായിരുന്നു എന്റെ മനസ്സില്‍.വേലായുധനെ സോപ്പിട്ട് നല്ല കവുങ്ങ് വാരികളും സം‌ഘടിപ്പിച്ച് വെച്ചു.

സ്കൂള്‍ അടച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പണി തുടങ്ങാന്‍ കഴിഞ്ഞില്ല.ഉണ്ണിപ്പെരയുടെ മുഖ്യപണിയാളായ കിഷോറേട്ടന്‍ ഇതു വരെ വന്നില്ല.പരീക്ഷ തുടങ്ങണേന്റെ തലേന്നായിരുന്നു,ശര്‍ദ്ദി കൂടീട്ട് കിഷോറേട്ടനെ ആശുപത്രിയിലാക്കിയത്.തൃശൂര്ന്ന് മടക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയീന്ന് വേലായുധന്‍ ഉമ്മായോട് പറയുന്ന കേട്ടിരുന്നു ഇടയ്ക്കെപ്പോഴോ.

കിഷോറേട്ടന്‍,അഞ്ചാറ് വയസ്സ് വ്യത്യാസമുണ്ടെങ്കിലും സ്കൂളില്‍ കൂടെ പോകാനും അത് കഴിഞ്ഞ് പലതരം കളികള്‍ക്കും എന്റേയും അനിയത്തിയുടേയും സന്തത സഹചാരി.മുകളിലെഴുതിയ പോലെ ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത സാഹസങ്ങള്‍ക്കൊക്കെ സഹായവും.

ഒന്ന് രണ്ട് ദിവസം കഴിഞ്ഞ് നേരമിരുട്ടിയ നേരത്ത് നിസ്ക്കാരമൊക്കെ കഴിഞ്ഞ് ഉമ്മ ധൃതി കൂട്ടി,കിഷോറിനെ കൊണ്ടു വന്നിട്ടുണ്ട്,അവരുടെ വീട്ടില്‍ പോകാമെന്ന്.ഞങ്ങളുടെ പറമ്പും കഴിഞ്ഞ് വേറൊരു പറമ്പും കഴിഞ്ഞ് വേണം അവരുടെ വീടെത്താന്‍.ഇഴ ജന്തുക്കളെ പേടിച്ച് രാത്രി ആ വഴി ആരും പോകാത്തതുമാണ്.പിന്നെന്തിനാ ഇപ്പോ പോകുന്നത്,എന്നിങ്ങനെ ചോദ്യങ്ങളൊക്കെ മനസ്സില്‍ വന്നതാണെങ്കിലും ഉമ്മയുടെ ധൃതി കണ്ടപ്പോള്‍ ഒന്നും ചോദിക്കാതെ പിന്നാലെ നടന്നു.

അവരുടെ വീടാകെ പെട്രോമാക്സിന്റെ പ്രകാശത്തില്‍ കുളിച്ച് നില്‍ക്കുന്നതും ആളുകളുടെ കുശുകുശുപ്പും ദൂരെ നിന്നേ അറിഞ്ഞെങ്കിലും അവീടെയെത്തി വെള്ളത്തുണിയില്‍ പൊതിഞ്ഞ് കിഷോറേട്ടന്‍ കിടക്കുന്നത് കണ്ടിട്ടും അവിടത്തെ അമ്മാമ(കിഷോറേട്ടന്റെ അമ്മ) എന്നേയും അനിയത്തിയേയും കെട്ടിപ്പിടിച്ച് നമ്മുടെ കിഷോറു പോയി മക്കളെ എന്ന് കരയുന്ന വരെ എനിക്കൊന്നും മനസ്സിലായില്ല.

എന്താണ് സംഭവിക്കുന്നതെന്ന് മുഴുവനായി മനസ്സിലാകാതെ തിരിച്ച് പോരുമ്പോള്‍ കണ്ടു,തെക്കെപ്പുറത്തുള്ള അവരുടെ പൂന്തോട്ടത്തില്‍ കിഷോറേട്ടന്റെ അരുമകളായ റോസപ്പൂചെടികള്‍ക്കരികെ ഒരു കുഴി ഒരുങ്ങുന്നത്.

മരിച്ച് പോയവരൊക്കെ പ്രേതങ്ങളായി നമ്മെ കാണാന്‍ വരുമെന്ന് സ്കൂളിലെ കൂട്ടികാരികള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.അങ്ങനെയെങ്കില്‍ കിഷോറേട്ടന് ആ ഉറക്കത്തില്‍ എണീറ്റ് വന്നെങ്കിലോ എന്നോര്‍ത്ത് അന്നും അതിനു ശേഷമുള്ള കുറെ രാത്രികളും ഞാന്‍ ഉറങ്ങാതിരുന്നു.ജനലിനപ്പുറത്തെ കട്ടപിടിച്ച ഇരുട്ടും ആ തണുപ്പും ഇതെഴുതുമ്പോഴും അനുഭവപ്പെടും പോലെ.

എല്ലാം കഴിഞ്ഞ് ഇരുപത്താറ് വര്‍ഷങ്ങളോളമായി.മരണം പേടിക്കേണ്ട ഒന്നല്ലന്നും ജീവിതത്തില്‍ എല്ലാവരും കടന്ന് പോകേണ്ട ഒരു വാതിലാണെന്നുമുള്ള വല്യ വല്യ കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലാകാനും തുടങ്ങി.പക്ഷെ പിന്നീടൊരിക്കലും ആ വീട്ടില്‍ ഞാന്‍ പോയിട്ടേ ഇല്ല.തോട്ടത്തിലെ റോസാ ചെടികളെ പരിചരിച്ചോ വീടിനു മുന്നിലെ പാടത്തിന്‍ കരയിലെ തോട്ടില്‍ നിന്ന് മീന്‍ പിടിച്ചോ അതോ മാവിന്‍‌ മുകളിലോ ആ പുഞ്ചിരി കളിക്കാന്‍ ചെല്ലുന്ന ഞങ്ങളെ കാത്തുണ്ടെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ.

Labels:

28 Comments:

Blogger ചിത്ര വിശേഷം said...

ഓര്‍മ്മകളിലെ ഒരു ''കറുത്ത'' ദിനം..
കിഷോര്‍ ഇന്നും ജീവിച്ചിരിക്കുന്നു മായാത്ത പുന്ജിരിയുമായ്... ഓര്‍മ്മയിലെങ്ങിലും ..

12/18/2008 6:39 am  
Blogger വികടശിരോമണി said...

ഇത്തരം അനുഭവങ്ങൾ എഴുതി കരയിക്കാനാണു ഭാവം,ല്ലേ?
ഓർമ്മകൾ ഉണ്ടായിരിക്കുക.ഓർമ്മകളും ഒരു ജീവിതമാണ്.

12/18/2008 8:38 am  
Blogger മുസാഫിര്‍ said...

നല്ല ഓര്‍മ്മക്കുറിപ്പ്.

12/18/2008 12:02 pm  
Blogger ബഷീർ said...

നല്ല ഓര്‍മ്മക്കുറിപ്പ്‌. മനസ്സില്‍ വിങ്ങലുണ്ടാക്കി

12/18/2008 12:35 pm  
Blogger smitha adharsh said...

മനസ്സില്‍ തൊട്ടു..നല്ല പോസ്റ്റ്.

12/20/2008 11:24 pm  
Blogger പകല്‍കിനാവന്‍ | daYdreaMer said...

തോട്ടത്തിലെ റോസാ ചെടികളെ പരിചരിച്ചോ വീടിനു മുന്നിലെ പാടത്തിന്‍ കരയിലെ തോട്ടില്‍ നിന്ന് മീന്‍ പിടിച്ചോ അതോ മാവിന്‍‌ മുകളിലോ ആ പുഞ്ചിരി കളിക്കാന്‍ ചെല്ലുന്ന ഞങ്ങളെ കാത്തുണ്ടെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ.

കണ്ണ് നനയിച്ചല്ലോ അമ്മായീ ...
ഈ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു പിടി കണ്ണീര്‍ പൂക്കള്‍...

12/21/2008 4:52 pm  
Blogger NALLA KOOTTUKARAN said...

VALLIYYAMMAI NANNAYIRIKKUNNU

ORMAKAL UNDAYIRIKKUNNATHU KONDANU NAMMAL IPPOZHUM MANUSHARANENNU NAMMAL ORKUNNATHU..KISHORINTE ORMAKKU MUNNIL ORUPIDI KANNER POOKKAL

12/26/2008 11:54 am  
Blogger പാറുക്കുട്ടി said...

നന്നായിരിക്കുന്നു.

ഇനിയും പോരട്ടെ ഇത്തരം ഓർമ്മക്കുറിപ്പുകൾ.

12/27/2008 2:49 pm  
Blogger വല്യമ്മായി said...

ഇഗസല്‍,വികടശിരോമണി,മുസാഫിര്‍,ബഷീര്‍,സ്മിത,പകല്‍ക്കിനാവന്‍,നല്ല കൂട്ടുകാരന്‍,പാറുക്കുട്ടി നന്ദി,അവധിക്കാലത്ത് ഈ ഉണ്ണിപ്പെരയില്‍ വെച്ചു വിളമ്പിയ ഓര്‍മപ്പായസം പങ്കിടാനെത്തിയതിന്.

12/28/2008 3:23 pm  
Blogger ദൃശ്യ- INTIMATE STRANGER said...

This comment has been removed by the author.

12/28/2008 5:42 pm  
Anonymous Anonymous said...

nice one........

12/28/2008 5:45 pm  
Blogger Rose Bastin said...

വിഷാദമുണർത്തുന്ന ഓർമക്കുറിപ്പ്!നന്നായിരിക്കുന്നു!!

12/29/2008 4:59 pm  
Blogger മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു നൊംബരമുണറ്ത്തുന്ന ഓറ്മ്മ.വല്ല്യമ്മായിക്കും കുടുംബത്തിനും എന്റെ പുതു വത്സരാശംസകള്‍.

12/30/2008 9:40 am  
Blogger പകല്‍കിനാവന്‍ | daYdreaMer said...

പുതുവത്സരാശംസകള്‍....!!

12/31/2008 2:24 pm  
Blogger Neena Sabarish said...

എല്ലാര്‍ക്കും കടന്നുപോകാനുള്ള വാതില്‍.....എന്റെ ആസ്വാദനം തൊട്ടുഴിഞ്ഞത് ആവാതിലുകളെയാണ്....ആശംസകള്‍.

1/03/2009 3:34 pm  
Blogger ഗിരീഷ്‌ എ എസ്‌ said...

മനസിനെ സ്‌പര്‍ശിച്ച എഴുത്ത്‌...
ഓര്‍മ്മകളില്‍ നിന്നും
ചികഞ്ഞെടുക്കാന്‍ പോലുമാവാത്ത വിധം
നൊമ്പരപ്പെടുത്തുന്ന
ചില അനുഭവങ്ങള്‍ എന്നിലുമുണ്ട്‌...
പക്ഷേ മറവിയുടെ
ആത്മാവ്‌ കണ്ടെടുക്കാന്‍
ഇനിയുമാവാത്തത്‌ കൊണ്ട്‌
അതങ്ങനെ തന്നെ വീണുകിടക്കുന്നു...

പുതുവത്സരാശംസകള്‍......

1/03/2009 4:25 pm  
Blogger Lathika subhash said...

“വെള്ളത്തുണിയില്‍ പൊതിഞ്ഞ് കിഷോറേട്ടന്‍ കിടക്കുന്നത് കണ്ടിട്ടും അവിടത്തെ അമ്മാമ(കിഷോറേട്ടന്റെ അമ്മ) എന്നേയും അനിയത്തിയേയും കെട്ടിപ്പിടിച്ച് നമ്മുടെ കിഷോറു പോയി മക്കളെ എന്ന് കരയുന്ന വരെ എനിക്കൊന്നും മനസ്സിലായില്ല.”

വയലാറിന്റെ ‘ ആത്മാവില്‍ ഒരു ചിത’ ഓര്‍ത്തു പോയി.
“ഇത്തിരിച്ചാണകം തേച്ച വെറും നില-
ത്തച്ഛനുറങ്ങാന്‍കിടന്നതെന്തിങ്ങനെ?”

നിഷ്കളങ്കമായ ഓര്‍മ്മകള്‍.

ആശംസകള്‍.

1/04/2009 2:01 pm  
Blogger ജ്വാല said...

nostalgic...
ഇന്നത്തെ കുട്ടികള്‍ക്കു ഉണ്ണിപ്പുരയും കളിയൂഞാലും ഇല്ലാത്ത ബാല്യം...
ബാല്യത്തിന്റെ നൊമ്പരങള്‍ ഒരിക്കലും മറക്കില്ല

1/04/2009 3:14 pm  
Blogger സെറീന said...

ഇന്നാണ് ഈ കുറിപ്പ് വായിച്ചത്...
ഏറ്റവും നിസ്വാര്‍ഥമായ വേദനകള്‍ കുട്ടികാലത്തിന്റെതാണ്‌...
നിഷ്ക്കളങ്കമായ ഈ നോവിനു മറുകുറിപ്പ് എഴുതാന്‍ മാത്രം ശുദ്ധിയില്ല എന്‍റെ വാക്കുകള്‍ക്ക്,
അതുകൊണ്ട് ഉമ്മ. ഇനിയും എഴുതൂ.

1/05/2009 7:26 am  
Blogger jayanEvoor said...

ഹൃദയസ്പര്‍ശിയായ കുറിപ്പ്.

മനുഷ്യശരീരങ്ങളില്‍ ഹൃദയം അവശേഷിക്കാത്ത കാലമാണിതെന്ന് ആരു പറഞ്ഞു!!?

(“യോഗ“യ്ക്കു ശേഷം ഞാനൂം ചില്‍ കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. സമയം പോലെ ഒന്നു വായിക്കണേ!)

1/05/2009 9:34 am  
Blogger എം.എച്ച്.സഹീര്‍ said...

നമുക്ക് പ്രിയപ്പെട്ട പലതും നമുക്ക് നഷ്ടം വരുമ്പോള്‍ നമ്മുടെ മനസ്സ് പീടക്കാറില്ലെ...പിന്നെ അറിയും അതും ജീവിതത്തിന്റെ ചക്രതിരിച്ചിലില്‍ അനിവാര്യമെന്ന്..

pls visit. mhsaheer.blogspot.com

1/05/2009 11:21 am  
Blogger kariannur said...

ഞാന്‍ സാമാന്യം ശുദ്ധോം അയിത്തോം ഒക്കെ ഉള്ള കൂട്ടത്തിലാണ്. അതോണ്ട് നിങ്ങളുടെ ബ്ലോഗ് വായിക്കാന്‍ നിയ്ക്ക് പേടീം ആണ്. എന്താച്ചാ ഹൃദയം തൊട്ട് ശുദ്ധം മാറ്റ്യാ പിന്നെ എന്താ വേണ്ടത് ന്ന്ന്‍ നിയ്ക്ക് നിശ്ചല്യ.

1/05/2009 11:52 pm  
Blogger Unknown said...

നല്ല കുറിപ്പ്.

1/06/2009 12:57 am  
Blogger Sapna Anu B.George said...

വല്യമ്മായി...പുതുവത്സരാശംസകള്‍ എന്നും നല്ലതു വരുത്തട്ടെ ഈശ്വരന്‍. എന്റെ മനസ്സിലും മറന്നു കിടന്ന ചില ചെടികളും,മണവും, ആള്‍ക്കാരെയും തൊട്ടുണര്‍ത്തി ഈ കുഞ്ഞു കഥ...

1/07/2009 8:23 am  
Blogger ഗൗരി നന്ദന said...

വല്യമ്മായീ....ഇങ്ങനെ ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്നിരുന്ന ഒരു ജടക്കാഴ്ച എന്‍റെ ഉള്ളിലും നിറയുന്നുണ്ട്.....

1/13/2009 2:44 pm  
Blogger സായന്തനം said...

വല്യമ്മായി..
ജീവിതം, മരണം വല്ലാത്ത സോഗതികൾ തന്നെ..ആരാണോ ആയുസ്സിന്റെ കണക്കുപുസ്തകം എഴുതുന്നതു..ആർക്കറിയാം...ഒരു ത്രിശൂർക്കാരൻ..

1/24/2009 7:25 am  
Blogger ജെ പി വെട്ടിയാട്ടില്‍ said...

വായിക്കാന്‍ രസമുള്ള വരികള്‍........

greetings from thrissvaperoor

3/01/2009 5:22 pm  
Blogger റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നൊമ്പരം

5/10/2011 5:31 pm  

Post a Comment

<< Home