Sunday, June 29, 2008

ഞാന്‍, എന്റെ വിശ്വാസം

ഒരു യാത്രക്കിടെ ഒരു അമ്പലത്തില്‍ നിസ്ക്കരിക്കുന്നതായാണ് ഒരിക്കല്‍ സ്വപ്നം കണ്ടത്.നിസ്ക്കാരം കഴിഞ്ഞ് എഴുന്നേല്‍‍ക്കുമ്പോല്‍ മനസ്സില്‍ വന്ന ചോദ്യം അമ്പലത്തില്‍ നിസ്കരിക്കുന്നത് കണ്ടാല്‍ ഒരു മുസ്ലീമായ ഞാന്‍ അമ്പലത്തില്‍ കയറിയതിന് ഹിന്ദുക്കളും വിഗ്രഹാരാധനയ്ക്കായി അമ്പലത്തില്‍ വന്നെന്ന് പറഞ്ഞ് മുസ്ലീങ്ങളും എന്റെ നേരെ തിരിയുമോ എന്നുള്ളതായിരുന്നു, പക്ഷെ അതിന്റെ ഉത്തരവും ഉള്ളില്‍ നിന്ന് തന്നെ ഉടനെ കിട്ടി ഞാന്‍ എന്തിനാണ് അവിടെ കയറിയതെന്നും എന്താണ് അനുഷ്ടിച്ചതെന്നും എനിക്കും ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിനും അറിയാം.അപ്പോള്‍ മറ്റുള്ളവരുടെ അരോപണങ്ങള്‍ക്ക് പ്രസക്തിയില്ല.

വിശ്വാസത്തിന്റെ അടിത്തറയും പ്രധാന‌മാണ്.ആരാലും അടിച്ചേല്‍‌പ്പിക്കപ്പെടാതെ സ്വന്തം ബുദ്ധിയിലൂടെ ആര്‍ജ്ജിച്ച വിശ്വാസത്തെ വേറൊരു ശക്തിക്കും തകര്‍ക്കാനും കഴിയില്ല.

Labels: ,

Friday, June 27, 2008

മഹാശ്വേതാദേവി

പ്രമുഖ എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ മഹാശ്വേതാദേവി, കവിയും നോവലിസ്റ്റുമായിരുന്ന മനീഷ് ഘട്ടക്കിന്റേയും എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായിരുന്ന ധരിത്രിദേവിയുടേയും മകളായി,1926ല്‍ കിഴക്കന്‍ ബംഗാളിലെ(ഇപ്പോഴത്തെ ബംഗ്ലാദേശ്) ധാക്കയില്‍ ജനിച്ചു. തിരക്കഥാകൃത്തും നടനുമായ ബിജോണ്‍ ഭട്ടാചാര്യയാണ് ഭര്‍ത്താവ്.മകന്‍ നവരന്‍ ഭട്ടാചാര്യയും എഴുത്തുകാരനാണ്.

വിഭജനാന്തരം പശ്ചിമബംഗാളില്‍ താമസം തുടങ്ങി.ശാന്തിനികേതനിലെ വിശ്വഭാരതി സര്‍‌വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് ബിരുദവും കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോളേജ് അദ്ധ്യാപികയും ജേര്‍ണലിസ്റ്റ് ആയും ജോലി നോക്കി.

ഝാന്‍സി റാണി എന്ന ആദ്യപുസ്തകം 1956ല്‍ പുറത്തിറങ്ങി.

അവശതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി എന്നും ഭരണകര്‍ത്താക്കളോട് ശബ്ദമുയര്‍ത്തിയിട്ടുള്ള ഇവര്‍ എഴുതാനുള്ള പ്രചോദനത്തെ കുറിച്ച് പറയുന്നതിങ്ങനെ:
"ചരിത്രം രൂപപ്പെടുന്നത് സാധാരണക്കാരിലൂടെയാണെന്നാണ് എന്റെ വിശ്വാസം.എന്റെ രചനകളുടെ മൂലകാരണവും പ്രചോദനവും ചൂഷണങ്ങള്‍ക്ക് മുമ്പില്‍ തോറ്റു കൊടുക്കാത്ത ഇവരാണ്.എന്നെ സം‌ബന്ധിച്ചിടത്തോളം എഴുതാനുള്ള അനന്തമായ വിഭവങ്ങളാണ് അമൂല്യരായ ഇവരിലുള്ളത്."
ഹാജര്‍ ചുരാശിര്‍ മാ,അരണ്യെര്‍ അധികാര്‍,അഗ്നിഗര്‍ഭ മുതലായവാണ് പ്രമുഖ കൃതികള്‍. 2006ല്‍ പത്മ വിഭൂഷണ്‍ ,1997ല്‍ മാഗ്‌സസെ അവാര്‍ഡ്,1996ല്‍ ജ്ഞാനപീഠം എന്നീ പ്രമുഖ പുരസ്കാരങ്ങള്‍ക്കും ഇവര്‍ അര്‍ഹയായി.

ഈ പ്രായത്തിലും ചൂഷണത്തിനിരയാകുന്ന ജനങ്ങള്‍ക്ക് വേണ്ടി ഇവരുടെ ഇടപെടലുകള്‍ അനുകരണീയമാണ്.വല്ലാര്‍പാടം മൂലമ്പിള്ളിയിലെ കുടിയൊഴിക്കലിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയായി അവിടെ എത്തിയ മഹാശ്വേതദേവി സാമൂഹ്യപ്രശ്നങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞ് നില്‍ക്കുന്ന മലയാള സാഹിത്യപ്രവര്‍‌ത്തകരെ വിമര്‍ശിക്കുകയും ചെയ്തു.

1084ന്റെ അമ്മ എന്ന നോവല്‍ കെ.അരവിന്ദാക്ഷനും കവി ബന്ദ്യ ഘടിഗായിയുടെ ജീവിതവും മരണവും എന്ന നോവല്‍ ആനന്ദും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

അവലംബം:http://en.wikipedia.org/wiki/Mahasweta_Devi

Labels: ,