Saturday, December 01, 2007

കോന്തലയില്‍ സൂക്ഷിച്ച ഓര്‍മ്മകള്‍

തികച്ചും സ്വകാര്യാനുഭവങ്ങളെ വായനക്കാരുമായി പങ്ക് വെക്കുന്നതിന്റെ സാംഗത്യത്തെ കുറിച്ച് ബ്ലോഗില്‍ പല ചര്‍‌ച്ചകളും നടന്നതാണ്.

ശ്രീ കല്‍‌പ്പറ്റ നാരായണന്‍ "കോന്തല" എന്ന സ്മരണകളുടെ ആമുഖത്തില്‍ തന്നെ ഇതിനൊരുത്തരം തരുന്നു:

"അത്ര തിടുക്കത്തില്‍ എണീറ്റ് പോരാന്‍ ചില ഇടങ്ങളില്‍ വീണ്ടും ചെന്നിരിക്കുകയാണ് ഞാന്‍.അത്ര വേഗത്തില്‍ തട്ടിക്കളയാന്‍ പാടില്ലായിരുന്ന ചില കൈകളെ മടിയില്‍ വെച്ചിരികുകയാണ് ഞാന്‍.മറന്ന ചിലതെടുക്കാന്‍ മടങ്ങി വന്നിരിക്കയാണ് ഞാന്‍ വീട് കളയില്‍ മൂടി പോയിരിക്കുന്നു,എങ്കിലും."


ഇത്തരമൊരു തിരിച്ചുപോക്ക് നമ്മളും ആഗ്രഹിക്കുന്നത് കൊണ്ടാകാം ആത്മപ്രകാശനത്തിനു കിട്ടുന്ന അവസരങ്ങളില്‍ ഏറിയ പങ്കും നമ്മളും ഓര്‍മ്മകള്‍ക്കായി നീക്കിവെക്കുന്നത്.

ജീവിതത്തില്‍ പിന്നീട് സഞ്ചരിക്കുന്നിടങ്ങളിലെല്ലാം തന്റെ നാടു തന്നെ കാണുന്നതിലൂടെ നാടും വീടും കവിയെ എന്ത് മാത്രം സ്വാധീനീച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം.വയനാട്ടില്‍ കുടിയേറിയ തന്റെ കുടുംബത്തിന്റെ കഥ പറയുന്നതിലൂടെ വയനാട്ടിലെ ഒരു കുടിയേറ്റ ഗ്രാമത്തിന്റെ നേര്‍ക്കാഴ്ചയാണ് നമുക്ക് കിട്ടുന്നത്.

അച്ഛന്‍,അമ്മ,ഏട്ടന്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം പരിചയപ്പെടുത്തുന്ന പൊട്ടന്‍ മാണി,രോഹിണി,കൊഞ്ഞന്‍ കുഞ്ഞിരാമന്‍,പി.കെ,അലക്കു കാരി മാതു,ചായപ്പിടികക്കാരന്‍ നമ്പ്യാര്‍,താമി മാഷ് തുടങ്ങിയവരൊക്കെ വയനാട്ടില്‍ മാത്രമല്ല കേരളത്തിലെ ഏതൊരു ഗ്രാമത്തിലും നമ്മള്‍ കണ്ടു മറന്ന കഥാപാത്രങ്ങള്‍ തന്നെ.ഇതെല്ലം എന്റെ കൂടി ഓര്‍മ്മകളാണല്ലൊ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഒരോ സംഭവങ്ങളുടേയും ആഖ്യാനം.

ലളിതമായ സംഭവങ്ങളിലൂടെ തുടങ്ങി ബന്ധങ്ങളേയും മരണത്തേയും കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളും വായനക്കാരുമായി പങ്ക് വെച്ചിരിക്കുന്നു.

എത്ര വായിച്ചാലും മടുപ്പു കൂടാതെ ഇടക്കിടെ വായിക്കുന്ന എന്റെ പ്രിയപ്പെട്ട പുസ്തകളിലേക്ക് ഒന്നു കൂടെ.

കോന്തല
(സ്മരണകള്‍)
കല്‍‌പ്പറ്റ നാരായണന്‍‌
കറന്റ് ബുക്സ്.

Labels: