Friday, October 21, 2011

ആത്മാവിനാലൊരു തീര്ത്ഥയാത്ര

"ജീവിതം മരുഭൂമിയില്‍ ഒരു സമ്മാനമാണ്‌;ഒരു നിധിയാണ്;ഒരത്ഭുതമാണ്‌.
ജീവിതം അതിന്റെ മഹിമയില്‍:അപൂര്‍‍വ്വതയുടെ മഹിമ, എല്ലായ്പ്പോഴും അത്ഭുതകരം. ഇവിടെയാണ്‌ അറേബ്യയുടെ നാമരഹിതമായ എല്ലാ സുഗന്ധങ്ങളും കിടക്കുന്നത്. ഇതു പോലൊരു മണല്‍പ്പരപ്പില്‍, ഇതു പോലെ മാറി വരുന്ന മറ്റു ഭൂഭാഗങ്ങളിലും."
(മക്കയിലേക്കൊരു പാത)

ഓര്ക്കാപ്പുറത്ത് നേരിടേണ്ടി വന്ന ഒരു ആക്രമണത്തിന്റെ കഥ പറഞ്ഞ് കൊണ്ടാണ്‌ ശ്രീ.മുസഫര്‍ മരുഭൂമിയുടെ അത്ഭുതകാഴ്ചകളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്നത്.

മൌനമാണ്‌ ഏറ്റവും ശക്തമായ ഭാഷയെന്ന് ഏറ്റ് പറയുന്ന റജാലിലെ കല്ലുകള്‍ മുതല്‍ നിലാവ് കുടിച്ച കള്ളിമുള്‍ ചെടികളിലൂടെ, നീല പുടവ പുതച്ച് കിടക്കുന്ന അഖ്ബ  കടലിക്കിലൂടെ, മദായിന്‍ സാലിഹിലെ ശിലാഭവനങ്ങളിലൂടെ വാദി അല്‍ അമ്മാരിയയിലെ  ഭൂമിയുടെ അറ്റം വരെയുള്ള യാത്രയിലുടനീളം സൌദി അറേബ്യയുടെ ചരിത്രവും വര്‍ത്തമാനവും മാത്രമല്ല അനാവൃതമാകുന്നത്.ഓരോ കാഴ്ചയും ഉണര്ത്തിയ അനുഭൂതിയും കവിത തുളുമ്പും ഭാഷയിലൂടെ ഗ്രന്‌ഥ കര്ത്താവ് നമുക്ക് പകര്‍ന്ന് തരുന്നു.മറ്റ് യാത്രാ വിവരണങ്ങളില്‍ നിന്ന് ഈ പുസ്തകത്തെ വേറിട്ട് നിര്‍ത്തുന്നതും അത് തന്നെയാണ്.

 ഒരു മണല്‍ക്കാറ്റിനു ശേഷമെന്നോണം മനസ്സിലെ വരണ്ടയൊരു മരുഭൂ ചിത്രത്തെ പൂത്തുലഞ്ഞ് നില്ക്കുന്ന ഒരു മരുപ്പച്ചയായി മാറ്റുന്നുണ്ട് ഈ വായന.

മരുഭൂമിയുടെ ആത്മകഥ
വി.മുസഫര്‍ അഹമ്മദ്
കറന്റ് ബുക്സ്

(അനുബന്ധം :ജലയുദ്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ അദ്ധ്യായം വായിക്കുമ്പോള്‍ അമ്മയുടെ വയറ്റില്‍ നിന്നേ ചുറ്റുമുള്ള ജലപരപ്പിനെ അതിലെ വേലിയേറ്റ വേലിയിറക്കങ്ങളെ തൊട്ടറിഞ്ഞ ജെസീക്കയും ജലത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ രക്തസാക്ഷിയായി മാറിയ ആതിയിലെ ദിനകരനുമായിരുന്നു എന്റെ മനസ്സില്‍.വായിച്ചടയ്ക്കുന്ന പുസ്തകങ്ങളില്‍ നിന്നും പിന്നീടുള്ള ജീവിതത്തിലേക്ക് എന്നോടൊപ്പം ഇറങ്ങി വരുന്ന ഇത്തരം കഥാപാത്രങ്ങളാണ്‌ വായനയില്‍ നിന്നുള്ള ഏറ്റവും വലിയ സമ്പാദ്യവും.)

Labels: