Friday, February 26, 2010

ദൈവത്തിന്റെ റസൂല്‍

(എന്റെ അമ്മാവന്‍ ഡോ.പി.എ.അബ്ദുള്‍ റഹ്മാന്‍ രചിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണീ കവിത.നാലു മക്കളേയും ഉമ്മ പാടിയുറക്കിയിരുന്ന താരാട്ട് പാട്ടും.)


ദൈവത്തിന്റെ റസൂലാണേ
ആമിന തന്‍പൊന്‍‌മകനാണേ
ഇരുളുലുലകിലടഞ്ഞപ്പോള്‍
പൊന്നാഭ വീശിയ നബിയാണേ

സ്നേഹം നിറഞ്ഞൊരു ഹൃത്താണേ
അന്‍സാരികള്‍ക്ക് മതിയാണേ
ക്ഷമയുടെ പുന്നെല്‍കതിരാണേ
കാരുണ്യവാനാം നബിയാണേ

നബിയുടെയുള്ളം കല്ലല്ല
ധാര്‍മ്മികബോധം കുറവല്ല
അറബികള്‍ മുഷ്ടിചുരുട്ടുന്നു
ധിക്കാരിയെന്നവര്‍ ചൊല്ലുന്നു

ഒടുവില്‍ വിജയം കിട്ടീലെ
ഇസ്ലാമതങ്ങ് പുലര്‍ന്നില്ലേ
ബഹുദൈവങ്ങ ള്‍ മലച്ചില്ലേ
അന്നേരമറബി വിറച്ചില്ലേ

മൂഢര്‍ക്കിലാഹേകിയ ദീപം
പൊന്നിന്‍പ്രഭ തൂകിയ ദീപം
ഗുണവഴി കാട്ടും നല്‍ദീപം
എന്നും പൊലിയാത്തൊരു ദീപം.

Monday, February 01, 2010

പി.വത്സലയുടെ പേമ്പിയിലൂടെ വായിച്ചെടുത്തത്

മാതൃഭൂമി പുറത്തിറക്കിയ 'പി.വത്സലയുടെ കഥകള്‍' എന്ന കഥാസമാഹാരത്തിലെ മുപ്പത്തൊമ്പത് കഥകളില്‍ ഒന്നാണ് പേമ്പി.

"പെണ്ണിന്റെ പരിമിതികളില്‍ നിന്ന് പുറത്ത് കടക്കാനാണ് ഞാന്‍ എഴുതി തുടങ്ങിയത്.അതിന് എന്നെ സഹായിച്ചത് നിരന്തരമായ വായനയും എന്റെ ലോകം എത്ര ഇടുങ്ങിയതാണെന്ന അറിവുമാണ്" തന്റെ സാഹിത്യ സപര്യയെ കുറിച്ച് ശ്രീമതി വത്സലയുടെ തന്നെ വാക്കുകളാണിവ.ഇടുങ്ങിയതാണെങ്കിലും ആ ലോകത്തില്‍ അവളനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ വൈവിധ്യവും സങ്കീര്‍ണ്ണതയുമാണ് കഥകളില്‍ വരച്ചു കാട്ടിയിട്ടുള്ളത്.



ആമുഖമെഴുതിയ ഇ.പി.രാജഗോപാലന്റെ വാക്കുകളില്‍ "സ്ത്രൈണപാഠങ്ങളുടെ വ്യത്യസ്‌തങ്ങളായ ഉന്നതികളാണ് ഈ കഥകളില്‍ ഉയരുന്നത്".



വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ വത്സല കഥകളുടെ ഭൂമികയില്‍ നിന്ന് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് പേമ്പി.



പേമ്പി,ജീവിതമാര്‍‌ഗം തേടി കുടിയേറിയ ഗോപാലന്‍‌നായരുടെ കൂടെ കഴിയുന്നവള്‍.അയാള്‍ അവിടെ സ്ഥിരമാക്കാന്‍ ആഗ്രഹിക്കുന്നില്ല.അതു കൊണ്ടു തന്നെ പേമ്പിയടക്കം അവിടത്തെ വസ്തുക്കളെല്ലാം അയാളുടെ സ്വന്തവുമല്ല.തന്റെ "സ്വന്തമെന്ന" തോന്നല്‍ "ബുദ്ധിയില്ലാത്ത"പേമ്പിയില്‍ ഇല്ലാതിരിക്കാന്‍ പരമാവധി അവളെ അകറ്റുക എന്ന അതിബുദ്ധിയാണ് ഗോപാലന്‍ നായര്‍ പ്രയോഗിക്കുന്നത്.



പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാം വിറ്റുപെറുക്കി നാട്ടിലേക്ക് തിരിക്കാന്‍ തുടങ്ങുന്ന ഗോപാലന് പേമ്പി മറ്റൊരാളുടെ കൂടെ ജീവിക്കുന്നതില്‍ അമര്‍‌‍ഷമുണ്ട്.മാത്രമല്ല തിരിച്ചു ചെല്ലുമ്പോള്‍ ഭാര്യയും മകനും തന്നെ എങ്ങനെയാണ് സ്വീകരിക്കുകയെന്നുള്ള ആശങ്കയും.പക്ഷെ യാത്ര പറയാനായി ഒരുങ്ങുന്ന ഗോപാലനെ അമ്പരിപ്പിച്ച് കൊണ്ട് അയാള്‍ കൊടുത്ത താലിയടക്കം എല്ലാം ഉപേക്ഷിച്ച് പേമ്പി അപ്രത്യക്‌ഷയാകുന്നു.


പേമ്പി പോയത് ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്ന് കഥ മൗനം പാലിക്കുമ്പോഴും തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കേണ്ടത് മറ്റൊരാളെല്ലന്നും സ്വന്തം ഇച്ഛയാണെന്നു തീരുമാനിക്കുന്ന ബുദ്ധിമതിയായ അഭിമാനിയായ പേമ്പിയെയാണ് കാണിച്ചു തരുന്നത്.

ഇവിടെ വിഡ്ഢിയാക്കപ്പെടുന്നത്, പെണ്ണ് ബുദ്ധിയോ മാനസിക വ്യാപാരങ്ങളോ ഇല്ലാത്ത തന്റെ ആവശ്യങ്ങള്‍ക്കുള്ള ഒരു ശരീരം മാത്രമാണെന്നും അവളുടെ ചിന്ത പോലും നിയന്ത്രിക്കേണ്ടത് താനാണെന്നുമുള്ള ആണിന്റെ മിഥ്യാധാരണയാണ്.

പെണ്ണെന്നാല്‍ തനതായ വ്യക്തിത്വമാണെന്നും ആണിന്റെ സാമീപ്യമല്ല അവളുടെ മോക്ഷമെന്നും വിശ്വസിക്കുന്ന വത്സലയുടെ കഥാപാത്രങ്ങളില്‍ ശക്തയാണ് പേമ്പി.

വായനയുടെ ആഴങ്ങളില്‍

ഈ കഥയിലെ ഗോപാലന്‍‌ നായരേയും പേമ്പിയേയും കുറച്ച് കൂടി ശ്രദ്ധിച്ച് നോക്കുമ്പോള്‍ ആണിനും പെണ്ണിനുപരി ഞാനുള്‍പ്പെടുന്ന പ്രവാസി സമൂഹത്തേയും നാം വേരുറപ്പിക്കാതെ താമസിക്കുന്ന ഈ നാടുമാണ് വായിച്ചെടുക്കാനാകുക.ജീവിക്കാനുള്ള വക സമ്പാദിച്ച് എങ്ങനേയും നാട് പിടിക്കുക എന്ന ലക്‌ഷ്യത്തില്‍ മാത്രം ശ്രദ്ധചെലുത്തുമ്പോള്‍ ഇവിടെയുള്ള ഒന്നിനേയും നാം സ്നേഹിക്കുന്നില്ല,എല്ലാത്തിനോടും ഒരു അന്യതാ ഭാവം.പക്ഷെ നമ്മളറിയാതെ തന്നെ വേരുകള്‍ ഇവിടെ പടരുന്നില്ലേ?പ്രകടമാക്കാത്ത വേദനയോടെ നാം പിരിഞ്ഞു പോകും മുമ്പ് നമ്മളെ പറിച്ചെറിയില്ലേ ഈ നാട് ? വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച് പോന്ന കാഴ്ചകള്‍ കാത്തിരിക്കുമോ നമ്മുടെ തിരിച്ചു വരവിനെ?

Labels: ,