Wednesday, December 02, 2009

അമ്മ

പങ്ക് വെപ്പിന് ശേഷം
തരിപോലും
ബാക്കിയാകാത്ത അപ്പം

Thursday, November 19, 2009

ഒരു നവംബര്‍ 19ന്റെ ഓര്‍മ്മയ്ക്ക്‌

ഇരുപത്തിയൊന്ന് വര്‍ഷം മുന്‍പ്‌ 1985 നവംബര്‍ 19.

അന്നൊരു ചൊവ്വാഴ്ചയായിരുന്നു.വീട്ടിലെ പശു പ്രസവിച്ച ദിവസം.വീടുപണി നടക്കുന്നതിനാല്‍ ആശാരിമാരും മറ്റു പണിക്കാരുമായി ആകെ ബഹളമയം.

പുറത്ത്‌ പെണ്ണാണെങ്കില്‍ അകത്ത്‌ ആണായിരിക്കും എന്നു പറഞ്ഞ്‌ സന്തോഷിച്ചിരിക്കുന്ന വെല്ലിമ്മ.എനിയ്ക്കും അനിയത്തിയ്ക്കും ശേഷം അനിയന്‍ പിറന്നപ്പോഴും ഏറ്റവും സന്തോഷിച്ചത്‌ വെല്ലിമ്മ തന്നെ ആയിരുന്നല്ലോ.ഞങ്ങള്‍ അങ്ങനെയൊരു നാലാമനെ പ്രതീക്ഷിച്ചിരിക്കുന്ന സമയം.

സ്കൂള്‍ വിട്ട്‌ വന്ന് ആദ്യം പോയത്‌ പശുവിന്റെ അടുത്തേക്ക്‌,കുട്ടിയ്ക്ക്‌ ഇന്ദു എന്ന് പേര്‌ വിളിച്ചു.

ഞാനും അനിയനും കൂടി പാല്‍ വാങ്ങാനായി ബാലകൃഷ്ണന്‍ മാഷിന്റെ വീട്ടിലേക്ക്‌ പോയി.നേരെ തെക്കേതാണെങ്കിലും വലിയ ഒരു പറമ്പിനു നടുക്കാണ്‌ ആ വീട്‌.അതിനാല്‍ റോഡിലൂടെ ചുറ്റി വളഞ്ഞ്‌ വേണം പോകാന്‍.ചുറ്റും നോക്കി ഞാനിത്തിരി പതുക്കെയാണ്‌ നടന്നിരുന്നത്‌.അനിയന്‍ മുമ്പില്‍ ഓടിപ്പോയി.

ഒരു കയ്യാല പോലെ അവരുടേ വീടിനു പുറകിലുള്ള മുറികളുടെ ഇടയിലൂടെ വേണം വടക്കു പുറത്തേയ്ക്ക്‌ കടക്കാന്‍,ഞാന്‍ ഇറയത്തേയ്ക്ക്‌ കയറിയതും വടക്കു വശത്ത്‌ നിന്ന് നായയുടെ കുരയും അനിയന്റെ കരച്ചിലും കേട്ടു.എന്റെ തടി രക്ഷിക്കട്ടെ എന്നു കരുതി ഞാന്‍ അടുത്തു കണ്ട മുറിയിലേക്ക്‌ ഓടിക്കയറി.

അവിടെ ചാരനിരത്തിലുള്ള മുയല്‍ക്കുട്ടികള്‍.അവയെ കണ്ട്‌ കണ്ണെടുക്കും മുമ്പേ നായ അവിടെയെത്തി.എന്റെ മേലെ ചാടിക്കയറാന്‍ തുടങ്ങി.ഞാനുടനെ അവിടെ കണ്ട ജനലില്‍ പിടിച്ചു കയറി.എന്നിട്ടും നായ വിടാന്‍ ഭാവമില്ല.എന്റെ കാലെല്ലാം മാന്തി പറിച്ചു. കരച്ചില്‍ കേട്ട്‌ അവിടുത്തെ ചേച്ചിയും അനിയനും ഓടി വന്നു.(കരയാന്‍ ഞാന്‍ പണ്ടേ മിടുക്കിയാ,ഒരു മുള്ളു കയറിയാല്‍ പോലും ആ പ്രദേശം മുഴുവന്‍ അതു വിളിച്ചറിയിക്കാറുണ്ടായിരുന്നു).അങ്ങനെ അവിടെ നിന്നും രക്ഷപ്പെട്ടു വീട്ടിലെത്തി.

അവിടെ കണ്ടത്‌ നായക്കുട്ടികളാണെന്നും പെറ്റു കിടക്കുന്ന നായയ്ക്ക്‌ അരിശം കൂടുമെന്നുമൊക്കെ വീട്ടില്‍ വന്നപ്പൊഴാണ്‌ അറിഞ്ഞത്‌.വാപ്പ ഉടനെ വന്‍പയര്‍ കടിച്ചു ചവച്ച്‌ മുറിവില്‍ വെച്ചു കെട്ടി.പിറ്റേ ദിവസം ടെറ്റനസ്സിനുള്ള ഇഞ്ചക്ഷനെടുത്തു.അതു കഴിഞ്ഞുള്ള ഒരു മാസം കോഴിയിറച്ചി,കുമ്പളങ്ങ തുടങ്ങി ഒന്നും തിന്നാനും പറ്റിയില്ല.

Saturday, October 24, 2009

ധാന്യവാഹകരായ ഉറുമ്പുകള്‍

(റൂമിയുടെ മസ്‌നവി എന്ന കാവ്യത്തിലെ കുറച്ച് വരികളുടെ പരിഭാഷ. വരികള്‍ ഇംഗ്ലീഷില്‍ ഇവിടെ.)

ആത്മാവ് ഉറുമ്പാണെങ്കില്‍
‍അത് ചുമക്കുന്ന ധാന്യം മാത്രമാണ് ശരീരം.
ചുമക്കുന്നവനറിയാം ചുമട് നശ്വരമാണെന്ന്.

ബാര്‍ലി ചുമക്കുന്ന ഉറുമ്പ്
ഗോതമ്പ് ചുമക്കുന്ന ഉറുമ്പിനെ പിന്തുടരുമ്പോള്‍
ഉറുമ്പ് മറ്റൊരു ഉറുമ്പിനടുത്തേക്കാണ് നടന്നടുക്കുന്നത്.
ധാന്യങ്ങളുടെ ചലനം അതിന്റെ പരിണിത ഫലം മാത്രം.
ചുമടിനെയല്ല,ചുമക്കുന്നവനെയാണ് ശ്രദ്ധിക്കേണ്ടത്.
കറുത്ത ഉറുമ്പ് കറുത്ത പ്രതലത്തിലൂടെ നീങ്ങുമ്പോള്‍
ചലിക്കുന്ന ധാന്യത്തെ മാത്രം കാണുന്നത് പോലെ.

പക്ഷെ നാമറിയണം,
വാഹകനില്ലാതെ ധാന്യത്തിന് ചലിക്കാനാകില്ലയെന്ന്.

Saturday, September 12, 2009

എലികള്‍

കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വയലുകള്‍ക്ക് സമീപമായിരുന്നു ആ ധാന്യപ്പുര സ്ഥിതി ചെയ്തിരുന്നത്.കൊയ്ത്തു കഴിഞ്ഞ് ധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന സമയം.ധാന്യപ്പുരയില്‍ ഒരുപാട് എലികളും ഉണ്ടായിരുന്നു.അവ ധാന്യങ്ങളൊക്കെ കഴിച്ച് സന്തോഷത്തോടെ കഴിഞ്ഞു പോന്നു.

ഒരു ദിവസം കൂട്ടത്തില്‍ ഒരെലി ധാന്യപ്പുരയിലെ വാതിലുകള്‍ക്കിടയിലൂടെ വരുന്ന പ്രകാശം കണ്ടു.അവന്‍ ഓടിപ്പോയി അതിലുടെ നോക്കിയപ്പോള്‍ ഭംഗിയുള്ള ആകാശവും വിസ്തൃതമായ വയലും കണ്ടു. ആ മനോഹരമായ കാഴ്ച കാണിച്ചു കൊടുക്കാന്‍ അവന്‍ കൂട്ടുകാരെ ക്ഷണിച്ചെങ്കിലും തീറ്റയുടെ തിരക്കില്‍ മിക്കവരും അവന്റെ വാക്കുകള്‍ കേട്ടില്ല.

ദിവസങ്ങള്‍ കടന്നു പോയി.പ്രകാശം കണ്ട എലികള്‍ വിശപ്പടക്കിയ ശേഷം അധിക സമയം വാതിലിനരികില്‍ തന്നെ ചെലവഴിക്കാന്‍ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം കുറെപ്പേര്‍ വന്ന് ധാന്യപ്പുരയുടെ വാതില്‍ തുറന്നു.പുറത്തെ കാഴ്ചകള്‍ കാണാന്‍ കൊതിച്ചിരുന്നവര്‍ വേഗം പുറത്ത് കടന്നു.പുറംലോകത്തെ പരിചയമില്ലാത്ത ഭൂരിഭാഗം എലികളും പെട്ടെന്നുണ്ടായ വെളിച്ചം താങ്ങാനാകാതെ കണ്ണുപൊത്തി അവയുടെ മാളങ്ങളിലൊളിച്ചു. ധാന്യശേഖരമെല്ലാം പുറത്തെടുത്ത ശേഷം വാതിലടച്ച് വന്നവര്‍ മടങ്ങി.

Wednesday, September 02, 2009

കറക്കം

മലര്‍ന്ന് കിടന്ന് കളിക്കുന്ന കാലത്ത്
വീട്ടിലെ ക്ലോക്കായിരുന്നു ഉണ്ണീടെ കൂട്ടുകാരന്‍.
ഒരിടത്തും പോകാതെ തനിക്കു വേണ്ടിയെന്നോണം
വ്യത്യസ്ത വേഗത്തില്‍ താളം പിടിച്ച് നടന്ന മൂന്ന് കൂട്ടുകാരോട്
ഉണ്ണീടെ ഭാഷയില്‍ കൊഞ്ചി,
കൈകാലുകള്‍ നിട്ടി അവരുടെ അടുത്തേക്കാഞ്ഞു.

നിലത്തുവെച്ചുരസിയാല്‍ വേഗത്തിലോടുന്ന
കളിവണ്ടിയാണിപ്പോ ഉണ്ണിടെ കളിപ്പാട്ടം.
വണ്ടി എത്ര വേഗം പോകുമെന്ന് നോക്കാതെ
കുമ്പിട്ട് കിടന്ന് അതിന്റെ ചക്രങ്ങള്‍ തിരിയുന്നത്
കാണാനാണവനിഷ്ടം!

തളര്‍ന്ന് വീഴും വരെ കറങ്ങിയാലെ
ജീവിതം മുന്നോട്ട് നീങ്ങൂ എന്ന് അവനിപ്പോഴേ
തിരിച്ചറിയുന്നുണ്ടാകുമോ?