Tuesday, January 01, 2008

റൂമി കവിതകളിലെ ജീവിത ദര്‍ശനം

തൈരില്‍ വെണ്ണയെന്ന പോലെ നമ്മിലൊളിഞ്ഞിരിക്കുന്ന ദൈവികമായ ആത്മാവ് കണ്ടെത്താനുള്ള ആഹ്വാനമാണ് റൂമി കവിതകള്‍.

മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും മറിച്ച് മുളപൊട്ടി അന്തരീക്ഷത്തിലേക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വിത്തിനുള്ളിലെ ചെടി പോലെ നശ്വരമായ ശരീരത്തില്‍ നിന്നും ആത്മാവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്നുള്ള സത്യം വെളിവാക്കുന്ന വരികള്‍.

പക്ഷെ നല്ല രീതിയില്‍ പരിപാലിക്കപ്പെടാത്ത വിത്തില്‍ നിന്നും നല്ല ചെടി ഉണ്ടാകാത്ത പോലെ ശരിയായ രീതിയില്‍ കടയാത്ത തൈരില്‍ നിന്നും മുഴുവന്‍ വെണ്ണയും ലഭിക്കാത്ത പോലെ ലൗകിക ജീവിതത്തിന്റെ ശരിയായ പാകപ്പെടുത്തലിലൂടെ മാത്രമേ ആത്മാവിന് ദൈവത്തിന്റെ മഹാസ്നേഹത്താല്‍ വിളയാടാന്‍ കഴിയൂ.

"മാനത്തു നിന്നടരുന്ന മഴ മുഴുവന്‍ കടലില്‍ പതിച്ചെന്നിരിക്കാം,അതിലൊരു കണിക പോലും മുത്തായി മാറുകയില്ല,പ്രണയമില്ലെങ്കില്‍".

റൂമി കവിതകളിലുടനീളം പ്രണയം സാര്‍‌വ്വലൗകികവും കാലാതീതവുമായ ദൈവസ്നേഹത്തേയാണ് സൂചിപ്പിക്കുന്നത്.

ലോക ജീവിതത്തിലൂടെ സത്യാന്വേഷണത്തിന് ആത്മാവിനെ പാകപ്പെടുത്തേണ്ടത് എങ്ങനെയെന്നും റൂമി തന്റെ കവിതകളിലൂടെ വിവരിക്കുന്നുണ്ട്.

"ജല‍ം നിറഞ്ഞിരുന്നിട്ടും ചുണ്ടു വരളുന്ന ഭരണിയാകാതിരിക്കുവിന്‍" നമ്മുടെ ആത്മാവില്‍ വസിക്കുന്ന ദൈവത്തെ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.

"ഞാനെന്നും എന്റേതെന്നും എപ്പോഴുമുരിയാടുന്നവര്‍ ഞാനെന്തെന്നോ എന്റേതെന്നോ അറിയുന്നില്ല". ആ തിരിച്ചറിവാണ് ഈ അന്വേഷണത്തില്‍ ഏറ്റവും മുഖ്യം.

സന്തോഷവും സങ്കടവും മറ്റ് വിചാരങ്ങളും മനുഷ്യാവസ്ഥയിലെ താത്ക്കാലിക അതിഥികള്‍ മാത്രമാണെന്ന് പറയുന്നതിലൂടെ ജീവിതാവസ്ഥയിലെ നൈമിഷികത വരച്ചുകാട്ടിയിരിക്കുന്നു. അധമ വികാരങ്ങളുടെ പൊടിപടലത്താല്‍ മൂടപ്പെട്ടിരിക്കുന്നത് കൊണ്ടാണ് മനസ്സെന്ന കണ്ണാടിയില്‍ ദൈവത്തിന്റെ പ്രതിഫലനം തെളിഞ്ഞുകാണാത്തത്.

സ്വന്തം പ്രതിബിംബം കണ്ട് കിണറ്റിലേക്കെടുത്ത് ചാടിയ സിംഹത്തെ കുറിച്ചുള്ള പഴങ്കഥയിലൂടെ പുറത്തേക്ക് നോക്കുന്നതിനു മുമ്പ് സ്വന്തം ഉള്ളിലേക്ക് നോക്കി അവിടം ശുദ്ധമാകേണ്ടതിന്റെ ആവശ്യകത നമുക്ക് മനസ്സിലാക്കി തരുന്നു.

ഇങ്ങനെ "ബുദ്ധിമാന്‍‌മാര്‍ക്ക് ഈ പ്രപഞ്ചത്തില്‍ അനേകം ദൃഷ്ടാന്തങ്ങള്‍ കാണാന്‍ കഴിയും" എന്ന ദിവ്യവചനങ്ങളെ അന്വര്‍ത്ഥമാക്കും വിധം പ്രപഞ്ചത്തിലെ ഒരോ കണികകളിലും ഒളിഞ്ഞിരിക്കുന്ന നമ്മെ തന്നെ കാണിച്ചു തരികയാണ് കവി.ഒരു പാട് തിരശീലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന സത്യം പോലെ ഓരോ വായനയിലും വ്യത്യസ്ത മുഖങ്ങളാണ് വെളിവാക്കപ്പെടുന്നതും.

"ദൈവ പ്രണയത്തിന്റെ തീവ്രതയും സൗന്ദര്യവും വിളംബരം ചെയ്യുന്ന റൂമിയുടെ വരികള്‍,വിദ്വേഷത്തിന്റേയും ഹിംസയുടേയും ഭീകരതയുടേയും കറുത്ത പുകചുരുളുകളുയരുന്ന ലോകത്തിന് പ്രിയങ്കരമായതില്‍ അതിശയമില്ല.ഇരുട്ട് മൂടുമ്പോള്‍ വെളിച്ചവും ദാഹിക്കുമ്പോള്‍ ജലവും കൊതിച്ച് പോവുകയെന്നത് സ്വാഭാവികം" കെ.ജയകുമാര്‍ ആമുഖത്തില്‍ പറയുന്ന ഈ വരികള്‍ പതിമൂന്നാം നൂറ്റാണ്ടിലെഴുതപ്പെട്ട ഈ കവിതകളുടെ കാലിക പ്രസക്തി വിളിച്ചോതുന്നു.


ഈ പുതുവര്‍ഷപുലരിയില്‍ ദൈവികാനുഭൂതിയൂടെ ചാരുത തേടുന്ന ഏതൊരാത്മാവിനും ഈ കവിതകള്‍ നല്ലൊരു വിരുന്നാവുമെന്നതില്‍ സംശയമില്ല.

റൂമിയുടെ 100 കവിതകള്‍
‍വിവ:കെ.ജയകുമാര്‍‌
വില:90 രൂപ.
പ്രസാ:ഡി.സി.ബുക്ക്‌സ്

Labels:

22 Comments:

Blogger വല്യമ്മായി said...

സ്നേഹത്തിന്റെ ശാന്തിയുടെ സന്തോഷത്തിന്റെ ഒരു പുതിയ ലോകം ആശംസിച്ചു കൊണ്ട്

1/01/2008 9:06 am  
Blogger ദിവാസ്വപ്നം said...

നല്ല കവിതകള്‍
നല്ല ആശയങ്ങള്‍
നല്ല വിചിന്തനങ്ങള്‍

ഇത് ചൂണ്ടിക്കാട്ടിയത് നന്നായി, വല്യമ്മായീ

1/01/2008 9:49 am  
Blogger Shaf said...

വായനാനുവം പങ്ക്‌വെച്ചതിനു നന്ദി,
സ്നേഹത്തിന്റെ ശാന്തിയുടെ സന്തോഷത്തിന്റെ ഒരു പുതിയ ലോകം ഞാനും ആശംസിച്ചോട്ടെ..

1/01/2008 11:06 am  
Blogger CHANTHU said...

റൂമി എന്ന പേരു കേള്‍ക്കുമ്പോഴേക്കും വല്ലാതെ ആകര്‍ഷിക്കപ്പെട്ടുപോവുന്നു.

1/01/2008 12:10 pm  
Blogger Sanal Kumar Sasidharan said...

നന്നായി

1/01/2008 12:52 pm  
Blogger മന്‍സുര്‍ said...

വല്യമ്മായി...

നന്നായിരിക്കുന്നു

പുതുവല്‍സരാശംസകള്‍

നന്‍മകള്‍ നേരുന്നു

1/01/2008 2:02 pm  
Blogger മുസ്തഫ|musthapha said...

"മൃത്യുവിനൊരു സ്വാഗതഗീതം" എന്ന കവിതയില്‍ റൂമി ഇങ്ങനെയെഴുതി...

'... ആസക്തിയും ആഗ്രഹവും
ഒടുങ്ങാത്തവരെ
മൃത്യു ഭയപ്പെടുത്തും.
അവ വര്‍ജിച്ചവര്‍ക്കോ
മൃത്യു, നാഥനെ കണ്ടെത്താനുള്ള
അവസരമാകുന്നു... '

എത്രമാത്രം അര്‍ത്ഥവത്തായ വരികള്‍...!

വല്യമ്മായി... വളരെ നന്നായി ഈ പുസ്തകത്തെ കുറിച്ച്‌ പരിചയപ്പെടുത്തിയത്‌...

പുതുവല്‍സരാശംസകള്‍ നേരുന്നു...

1/01/2008 2:43 pm  
Blogger Seena said...

വളരെ നല്ല പോസ്റ്റ്.
പുതു വല്‍സരാശംസകള്‍!

1/02/2008 7:58 am  
Blogger ചീര I Cheera said...

വല്യമ്മായീ..
പുസ്തക പരിചയം നന്നായി..
ജീവിതത്ത്തിലെ നൈമീഷികത എന്നതിന് എത്ര ആ‍ാഴവും, എത്ര അര്‍ത്ഥവത്തും ആണെന്നത് പിന്നേയും പിന്നേയും മനസ്സിലാകുന്ന്നു..

1/02/2008 9:53 am  
Blogger വല്യമ്മായി said...

എന്റെയീ വായനാനുഭവം പങ്കിടാനെത്തിയ ദിവാ,ഷഫ്,ചന്തു,സനാതനന്‍,മന്‍സൂര്‍,അഗ്രജന്‍(വായിച്ചു തുടങ്ങിയപ്പോഴേക്കും കവിത കാണാപ്പാഠമാക്കിയോ),സീന,പി.ആര്‍ നന്ദി.

നൈമിഷികതയോടൊപ്പം അതിനെ കൂടുതല്‍ സ്നേഹിക്കുന്നതിലെ നിരര്‍ത്ഥകതയും ഇവിടെ പ്രതിപാദിച്ചിരിക്കുന്നു.സ്വര്‍ണ്ണഖനി നേടാനുള്ളപ്പോള്‍ സ്വര്‍ണ്ണത്തരിയെ കെട്ടിപ്പിടിച്ചിരിക്കുന്നതെന്തിന് എന്നാണ്
ഒരു കവിതയില്‍ ഇതേ പറ്റേ റൂമി ചോദിച്ചിരിക്കുന്നത്.

1/02/2008 1:05 pm  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിരിക്കുന്നൂ ചേച്ചി..
ലോകസമാധാനം പോലും നിലനില്‍ക്കുന്നത് സ്നേഹത്തിന്റെ ഒരൊറ്റബലത്തിലല്ലെ..?
ആ സ്നേഹം മുന്നിര്‍ത്തി നാം തമ്മില്‍ പടുത്തുയര്‍ത്തിയ ആ ബന്ധത്തിന്റെ പേരില്‍ ഞാന്‍ നന്നി പറയുന്നു എല്ലാ സുഹൃത്തുക്കള്‍ക്കും.കൂടെ പുതുവല്‍സരാശംസകള്‍

1/02/2008 1:59 pm  
Blogger ഹരിശ്രീ said...

വല്യമ്മായി,

ഇത് അറിയിച്ചതിന് നന്ദി.

പുതുവത്സരാശംസകള്‍

1/02/2008 4:37 pm  
Blogger ഏ.ആര്‍. നജീം said...

ഒരു നല്ല വായനാനുഭവം ഇവിടെ പങ്കുവച്ചതിനും ഈ നല്ല കവിതകളെ പരിചയപ്പെടുത്തിയതിനും വളരെ നന്ദി..

1/02/2008 11:34 pm  
Blogger നിലാവര്‍ നിസ said...

മിസ്റ്റിസിസം എന്ന അവസ്ഥയുടെ എല്ലാ സൌന്ദര്യവും ഗാംഭീര്യവും ഉള്‍ക്കൊള്ളുന്ന കവിതകളാ‍ണു റൂമിയുടേത്.. അദ്ദേഹത്തിന്റെ കവിതകള്‍ക്ക് അവസരോചിതമായ ഒരു പരിചയപ്പെടുത്തലായി ഈ കുറിപ്പ്.

1/04/2008 10:58 am  
Blogger aneeshans said...

നല്ല പരിചയപ്പെടുത്തലായി ഇത്. :)

1/05/2008 9:50 am  
Blogger ഗിരീഷ്‌ എ എസ്‌ said...

വല്ല്യമ്മായി...
റൂമി കവിതകളെ കുറിച്ച്‌
പരിചയപ്പെടുത്തിയതിന്‌ നന്ദി..

വാക്കുകളുടെ
തീരാത്ത തീഷ്ണത തന്നെയാണ്‌ റൂമി കവിതകളുടെ സവിശേഷത...


ആശംസകള്‍ ഭാവുകങ്ങള്‍..

1/05/2008 4:46 pm  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

റൂമികവിതകളെക്കുറിച്ചുള്ള വിവരണം നന്നായി.

ആശംസകള്‍

1/06/2008 8:26 am  
Blogger ഗീത said...

റൂമികവിതകളുടെ ആശയങ്ങള്‍ പങ്കുവച്ചതിന് നന്ദി.
ഈ ആശയങ്ങള്‍ എല്ലാവരും മനസ്സിലേക്കാവാഹിച്ചെങ്കില്‍.....

1/06/2008 4:42 pm  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

arivinte puthu naampine nandi..

1/30/2008 9:53 pm  
Blogger ബഷീർ said...

മിസ്റ്റിസിസം എന്ന ഇംഗ്ഗീഷ്‌ വാക്ക്‌.. സൂഫിസം എന്ന മഹത്തായ വഴിക്ക്‌ പകരമാവുന്നില്ല. . സൂഫിസം മായ യല്ല... റൂമിയുടെ ചിന്തകളും വരികളും ഒരു മഹത്തായ ജീവിത വഴിയെ പ്രതിനിധാനം ചെയ്യുന്നു..

2/02/2008 12:38 pm  
Blogger ഫറു... said...

ഒരു വലിയ പ്രതിഭയെ ഇവിടെ പരിചയപ്പെടുതിയതിൽ വളരെ .....

6/04/2008 8:40 pm  
Blogger Manoraj said...

ഈ പരിചയം നന്നായി. പുസ്തകത്തിന്റെ ഒരു ചിത്രം കൂടെ ഉള്‍പ്പെടുത്താമായിരുന്നു. പുസ്തകവിചാരത്തിലേക്ക് പരിഗണിച്ചോട്ടെ ?

5/20/2011 8:57 am  

Post a Comment

<< Home